മരം മറഞ്ഞ് കാട് കാണാതിരിക്കുന്നവർ

സി എൻ ചന്ദ്രൻ
Posted on May 10, 2020, 5:50 am

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലി പൈസയും കേരളത്തിലെ കോൺഗ്രസുകാർ നൽകുകയില്ല എന്ന് വീറോടെ പ്രഖ്യാപിക്കുന്ന കെ മുരളീധരന്റെ ദൃശ്യം അസാധാരണമായ ഞെട്ടലാണ് ഉളവാക്കിയത്. മുരളീധരൻ ഒരു സാധാരണ കോൺഗ്രസ് നേതാവല്ല. അദ്ദേഹം കെപിസിസിയുടെ പ്രസിഡന്റായിരുന്നു. ചെറിയ കാലത്തേക്കെങ്കിലും കേരളത്തിന്റെ മന്ത്രിയുമായിരുന്നു. എംഎൽഎയായിരുന്നു. ഇപ്പോൾ പാർലമെന്റ് അംഗമാണ്. അതിലെല്ലാമുപരി ജനിച്ച കാലം മുതൽ ഇതുവരെ സർക്കാരിന്റെ ചെലവിൽ മാത്രം ജീവിക്കുന്ന ആളുകൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന പിതാവിന്റെ സർക്കാർ വിലാസം ഉപയോഗപ്പെടുത്തിയാണ് കെ മുരളീധരൻ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ജീവിതം നയിച്ചിരുന്നത്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ ആരാണ് ഞെട്ടാതിരിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കുന്നതെങ്ങനെ, അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെ എന്നെല്ലാം നന്നായി അറിയാവുന്ന ആളാണ് മുരളീധരൻ. എന്നിട്ടും ഇത്തരമൊരു പ്രസ്താവന നടത്താൻ അദ്ദേഹം തയ്യാറായത് അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന അധമമായ രാഷ്ട്രീയ തിമിരമൊന്നുകൊണ്ട് മാത്രമാണ്. യഥാർത്ഥത്തിൽ അത് മുരളീധരന്റെ മാത്രം അഭിപ്രായമല്ല. മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമാണ് മുരളീധരൻ തീവ്രമായി അവതരിപ്പിച്ചത്.

കോൺഗ്രസിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും അപമാനകരമായ നിലയിലേക്ക് തരംതാഴുന്നത് എന്തുകൊണ്ടായിരിക്കും? ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലും നിലപാടുകളിലും അവർക്കുതന്നെ വിശ്വാസം നഷ്ടപ്പെടുകയും കൂടെനിൽക്കുന്ന അണികൾ ഉൾപ്പെടെ ആരും തങ്ങളിൽ വിശ്വാസം അർപ്പിക്കുന്നില്ല എന്ന തിരിച്ചറിവും കേരളത്തിൽ തങ്ങൾ അപ്രസക്തരാണ് എന്ന ബോധ്യം സൃഷ്ടിക്കുന്ന സ്ഥലജല വിഭ്രാന്തിയുമാണ് യഥാർത്ഥത്തിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ രോഗം. കേരള രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവിൽ നിന്ന് എന്തെങ്കിലുമൊക്കെ ചെയ്ത് സാന്നിധ്യമറിയിക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ് നേതൃത്വം. അതിനവർ തെരഞ്ഞെടുക്കുന്ന വഴികളാകട്ടെ അവരെ പൊതുജന മധ്യത്തിൽ കൂടുതൽ കൂടുതൽ അപമാനിതരാക്കുകയാണ്.

മാനവരാശിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. വളർച്ചയുടെയും പുരോഗതിയുടെയും മായികമായ കെട്ടുകാഴ്ചകൾ ഓരോന്നായി ലോകത്ത് തകർന്നുവീഴുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. മുതലാളിത്തത്തിന്റെ ഭ്രമിപ്പിക്കുന്ന ദന്തഗോപുരങ്ങളെല്ലാം പൊള്ളയാണെന്ന് ഈ കൊറോണാ അനുഭവങ്ങൾ തെളിയിച്ചു. അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങൾ മനുഷ്യന്റെ ശവപ്പറമ്പായി മാറുകയാണ്. കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അമേരിക്ക അടക്കം പരാജയപ്പെട്ടുവെന്ന യാഥാർത്ഥ്യം ലോകം അംഗീകരിച്ചിരിക്കുന്നു. മനുഷ്യൻ മരിച്ചുവീഴുമ്പോഴും ലാഭാർത്തിയോടെ അടഞ്ഞുകിടക്കുന്ന കമ്പോളങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന മുതലാളിത്തത്തിന്റെ കാഴ്ചകളാണ് നാം കാണുന്നത്. ലോകം വിറങ്ങലിച്ചു നിൽക്കുമ്പോഴും കൊറോണ വൈറസിനെ നേരിടാൻ ഇച്ഛാശക്തിയോടെ, ഉറച്ച കാൽവയ്പുകളോടെ മുന്നോട്ടു നടന്ന കേരളത്തെ അത്ഭുതാദരവുകളോടെയാണ് ലോകം ഇന്ന് നോക്കിക്കാണുന്നത്.

ഇന്ത്യയിൽ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ജനുവരി 30നായിരുന്നു അത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിൽ നിന്നാണ് ആദ്യമായി കേരളം ആ രോഗം നേരിട്ടത്. തുടർന്നിങ്ങോട്ട് നാലു മാസങ്ങൾ പിന്നിടുമ്പോൾ കൊറോണയ്ക്കെതിരായ സമാനതകളില്ലാത്ത ഒരു യുദ്ധമാണ് കൊച്ചുകേരളം നടത്തിയത്. കൊറോണ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ലക്ഷങ്ങൾ മുതലാളിത്ത രാഷ്ട്രങ്ങളിൽ ചിലവുവരുന്നുണ്ട്. ആ പണം നൽകാനില്ലാത്തതിന്റെ പേരിൽ പരിശോധന പോലും നടത്താൻ കഴിയാത്ത ആയിരങ്ങൾ ആ രാജ്യങ്ങളിൽ മരണത്തിന് കീഴടങ്ങുന്നു. കേരളത്തിൽ രോഗ നിർണ്ണയം മുതൽ ചികിത്സവരെ എല്ലാം സമ്പൂർണ സൗജന്യത്തിലാണ്. 502 പേരാണ് ഇതുവരെ കേരളത്തിൽ രോഗബാധിതരായത്. ഇവരുടെ പരിശോധനയും ചികിത്സയും എല്ലാം സർക്കാർതന്നെ നിർവഹിച്ചു. അതിന് വേണ്ടിവന്ന ചെലവിനെക്കുറിച്ച് സർക്കാർ ഉത്ക്കണ്ഠപ്പെട്ടില്ല. സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ രോഗനിരീക്ഷണത്തിനായി പാർപ്പിക്കപ്പെട്ട ആയിരങ്ങളുടെ ഉത്തരവാദിത്തവും നിർവഹിച്ചത് സംസ്ഥാന സർക്കാരാണ്.

ഈ ഘട്ടത്തിലാണ് രോഗവ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ രാജ്യത്ത് പ്രഖ്യാപിച്ചത്. അടച്ചിടലിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടാകാനിടയുണ്ടായിരുന്ന സാമൂഹികമായ ദുരന്തങ്ങളെ കേരളം കൈകാര്യം ചെയ്തത് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അത് വെറുമൊരു പ്രഖ്യാപനം മാത്രമായിരുന്നില്ലെന്ന് അനുഭവങ്ങളിൽ നിന്ന് നമ്മുടെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അടച്ചിടൽ കാലത്ത് ഒരാളും കേരളത്തിൽ പട്ടിണികിടക്കുന്നില്ല എന്നുറപ്പാക്കാൻ സംസ്ഥാന സർക്കാരിനായി. അതിനായി ആയിരക്കണക്കിന് സാമൂഹിക അടുക്കളകൾ കേരളത്തിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് മനുഷ്യരുടെ കൈകളിലേയ്ക്ക് സാമൂഹിക ക്ഷേമ പെൻഷൻ വഴി ആയിരക്കണക്കിന് രൂപ ഈ കാലയളവിൽ എത്തിച്ചു. സൗജന്യ റേഷൻ ജനങ്ങൾക്കായി ഉറപ്പുവരുത്തി. കേരളത്തിലെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി സൗജന്യ കിറ്റ് വിതരണം ചെയ്തുവരുന്നു. ആയിരം രൂപ വിലയുള്ള സാധനങ്ങളാണ് 87.28 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യമായി വിതരണം ചെയ്തത്. അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യർക്ക് വിവിധ ക്ഷേമനിധികളിലൂടെയും അല്ലാതെയും സാമ്പത്തിക സഹായം ഉറപ്പാക്കാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരളത്തിൽ വന്ന് തൊഴിലെടുക്കുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിളിക്കുക മാത്രമല്ല, അവരെ ചേർത്തുപിടിക്കാനും സംരക്ഷിക്കാനും സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചതാണ്. അതിഥി തൊഴിലാളികളെ പ്രത്യേകമായി താമസിപ്പിക്കാനും ഭക്ഷണവും മരുന്നും ഉൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും ഉറപ്പുവരുത്താനും സർക്കാർതന്നെ നടപടി സ്വീകരിച്ചു. നാട്ടിലേയ്ക്ക് പോകാൻ തീരുമാനിക്കുമ്പോൾ യാത്രയ്ക്കിടെ ആവശ്യമായ കുടിവെള്ളവും ഭക്ഷണവും മരുന്നും ഉൾപ്പെടെ നൽകി തികഞ്ഞ കരുതലോടെ അവരെ യാത്രയാക്കാൻ സർക്കാരിന്റെ ഇടപെടലുണ്ടായിരുന്നു. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, അടച്ചുപൂട്ടൽ കാലത്ത് ദുരിതമനുഭവിച്ച എല്ലാ ജീവജാലങ്ങളുടെയും കാര്യത്തിൽ ഈ കരുതൽ സർക്കാരിനുണ്ടായിരുന്നു. കോവിഡ് 19 ബാധ എറ്റവും തീവ്രമായ കാസർകോട് ജില്ലയിൽ യുദ്ധകാലാടിസ്ഥാനത്ത് ഒരു മെഡിക്കൽ കോളജുതന്നെ സർക്കാർ സജ്ജമാക്കി. പരിശോധനയ്ക്ക് 14 ലാബുകൾ ആരംഭിച്ചു. അവിടത്തേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും അതിവേഗതയിൽ നടന്നു. കേരളത്തിൽ വാർഡുകളും വീടുകളും കേന്ദ്രീകരിച്ച് ശക്തമായ വികേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങൾ രൂപപ്പെട്ടു. കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഈ യുദ്ധത്തിന്റെ പ്രാദേശികമായ നിയന്ത്രണ കേന്ദ്രങ്ങളായി മാറി.

ലോകത്തെ അമ്പരപ്പിക്കുന്ന പുരോഗതി കോവിഡിനെതിരായ യുദ്ധത്തിൽ കേരളം കൈവരിച്ചതിങ്ങനെയാണ്. ഇതിനൊപ്പം കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ പഴുതടച്ച് സജ്ജീകരണങ്ങൾ തയ്യാറാക്കി. അടച്ചുപൂട്ടലിനെ തുടർന്ന് സമ്പൂർണമായി തകർന്നുപോയ ഒരു സമ്പദ്ഘടനയാണ് നമ്മുടേതെന്നോർക്കണം. സർക്കാരിന്റെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ജിഎസ്‌ടി കുടിശികയിനത്തിലടക്കം സംസ്ഥാന സർക്കാരിന് നൽകേണ്ടുന്ന കേന്ദ്ര വിഹിതം അവർ നൽകിയതുമില്ല. സംസ്ഥാനങ്ങളെ സഹായിക്കുന്ന സമീപനമായിരുന്നില്ല കേന്ദ്രസർക്കാർ സ്വീകരിച്ചത്. സംസ്ഥാനങ്ങൾക്ക് അനുവദിച്ച വായ്പയ്ക്കുപോലും ഉയർന്ന പലിശയാണ് ഈടാക്കിയത്. ഈ പ്രതികൂലമായ സാഹചര്യത്തിലാണ് ഇത്രയും മികവുറ്റ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നേതൃത്വം നൽകിയത്. ഇതിനായി സർക്കാർ സ്വീകരിച്ച നടപടികളെ എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കും എന്ന കടുത്ത വാശിയിലായിരുന്നു കോൺഗ്രസ്. സംസ്ഥാന സർക്കാർ ജീവനക്കാരോട് സാലറി ചലഞ്ചിന് സർക്കാർ ആഹ്വാനം ചെയ്തു. എന്നാൽ പ്രളയകാലത്തെന്നപോലെ അതിനെതിരെ യുഡിഎഫ് നേതൃത്വം രംഗത്തുവരികയാണുണ്ടായത്. സാലറി ചലഞ്ചിനോട് സഹകരിക്കില്ല എന്ന നിലപാട് അവർ എടുത്തു. അതിനെ തുടർന്നാണ് ആറ് ദിവസത്തെ ശമ്പളം കടമായി നൽകാൻ ജീവനക്കാരോട് സർക്കാർ അഭ്യർത്ഥിച്ചത്. ഇതിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് രംഗത്തുവന്നു. ആ ഉത്തരവിനെ അവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് നിയമാനുസൃതം നടപടി സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

അങ്ങനെയാണ് ശമ്പളം മാറ്റിവയ്ക്കൽ ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്. ഈ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സംഘടനകൾ ഗവർണറെ കണ്ടു. ആ എതിർപ്പുകൾ ഗവർണർ അംഗീകരിച്ചില്ല. തുടർന്ന് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇവരുടെ വാദങ്ങൾ തള്ളി. ഗവൺമെന്റിനോട് ശമ്പളം മാറ്റിവയ്ക്കൽ നിയമവുമായി മുന്നോട്ടുപോകാൻ നിർദ്ദേശിക്കുകയാണുണ്ടായത്. ഈ ദ്രോഹങ്ങൾക്കെല്ലാം പുറമെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മനുഷ്യർ നിറഞ്ഞ മനസോടെ സംഭാവന ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായിട്ടുള്ള പ്രചാരണവുമായി യുഡിഎഫ് നേതൃത്വം രംഗത്തുവന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പാടില്ലായെന്ന ആഹ്വാനമാണ് യുഡിഎഫ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടി ബോധപൂർവമായ അപവാദപ്രചരണങ്ങളുമായി യുഡിഎഫും ബിജെപിയും നിരന്തരം രംഗത്തുവരുന്നു. എന്നാൽ കേന്ദ്ര നയങ്ങൾക്കെതിരായി കോൺഗ്രസ് മൗനം പാലിക്കുകയും ചെയ്യുന്നു. നീചമായ രാഷ്ട്രീയ താൽപര്യങ്ങളും കാൽച്ചുവട്ടിലെ മണ്ണ് കുത്തിയൊലിച്ചുപോകുന്നതിന്റെ അസ്വസ്തതയും രാഷ്ട്രീയമായി പ്രസക്തിയില്ലാ എന്ന തിരിച്ചറിവ് ഇതെല്ലാം കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെ മേൽ വല്ലാത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടാകാം. രാഷ്ട്രീയ തിമിരത്താൽ കാഴ്ച നഷ്ടപ്പെട്ടവർ സാധാരണ മനുഷ്യന്റെ ജീവിത ദുരിതങ്ങളെയും നാടിന്റെ പൊതുവായ താൽപര്യങ്ങളെയും കാണാതെപോവുകയാണ്. വിഷലിപ്തമായ രാഷ്ട്രീയ മനസാകുന്ന മരംകൊണ്ട് കാഴ്ച മറയുകയും നാടിനെയും ജനങ്ങളെയും കാണാതെ പോവുകയും ചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന് ശിക്ഷ വിധിക്കാൻ കേരളത്തിന് അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല.