ഫ്രീസറിലായ ലോക്  പാല്‍ നിയമനം

Web Desk
Posted on January 17, 2018, 10:32 pm

പ്രത്യേക ലേഖിക

ഏഴുവര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 5 ന് രാജ്യം ഒരു വ്യത്യസ്തമായ സമരത്തിന് സാക്ഷിയായി. അഴിമതിക്കെതിരെ അണ്ണാഹസാരയുടെ നേതൃത്വത്തില്‍ നടന്ന സമരമായിരുന്നു അത്. തലസ്ഥാന നഗരിയിലെ ജന്തര്‍മന്ദറില്‍ വലിയൊരു സ്റ്റേജ് കെട്ടി അതില്‍ അണ്ണാഹസാരെ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം ആരംഭിച്ചത് അന്നാണ്. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സത്യഗ്രഹം ആരംഭിച്ചത്. ഇന്ന് ബിജെപിയുടെ സന്തതസഹചാരികളായ രാംദേവ്, കിരണ്‍ബേഡി തുടങ്ങിയവര്‍ അന്ന് സമരത്തിന് പിന്തുണയുമായി അണിചേര്‍ന്നു. ലോക്പാല്‍ ബില്ലിന്റെ ചര്‍ച്ചയില്‍ തുടക്കംമുതല്‍ പങ്കെടുത്ത ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, സന്തോഷ് ഹെഗ്‌ഡെ, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും ഹസാരയ്‌ക്കൊപ്പം ചേര്‍ന്നു. സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുക്കണമെന്നാണ് ഇക്കൂട്ടര്‍ അന്നാവശ്യപ്പെട്ടത്. ഗാന്ധിജി നടത്തിയ നിരാഹാരസമരത്തോട് തുലനം ചെയ്താണ് രാജ്യത്തെ മാധ്യമങ്ങള്‍ സമരത്തിന് വാര്‍ത്താപ്രാധാന്യം നല്‍കിയത്. പതിനായിരക്കണക്കിന് ജനങ്ങളെ സത്യഗ്രഹ പന്തലിലേയ്ക്ക് ആനയിക്കാന്‍ ആ മുദ്രാവാക്യത്തിന് കഴിഞ്ഞു. യുപിഎയുടെ അഴിമതിയില്‍ അസ്വസ്ഥരായ ജനങ്ങള്‍ സമരത്തിനോട് സ്വാഭാവികമായും അനുഭാവം രേഖപ്പെടുത്തി. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്പാല്‍ നിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി സമരത്തിന് പിന്തുണ നല്‍കി. പിന്നീട് യുപിഎ ഭരണകൂടം പലതട്ടില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 2013ല്‍ ലോകായുക്ത നിയമം പാസാക്കി. ഇതനുസരിച്ച് കേന്ദ്രത്തിലും എല്ലാ സംസ്ഥാനങ്ങളിലും ലോകായുക്ത നിയമനം നടക്കേണ്ടതുണ്ട്. അതിതുവരെ സംഭവിച്ചിട്ടില്ല. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടുകളിലേയ്ക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോഡിയും ബിജെപിയും മൂന്നുവര്‍ഷത്തെ ഭരണകാലത്ത് ഇക്കാര്യത്തില്‍ ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. രാജ്യത്തെ വിവരാവകാശ പ്രവര്‍ത്തകര്‍ അടുത്തിടെ ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. ലോക്പാലിലേയ്ക്ക് നയിച്ച ചര്‍ച്ചകള്‍മ യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് വിവരാവകാശ നിയമം രൂപീകരിക്കുമ്പോഴാണ്. പൗരന് അറിയേണ്ട ഏത് വിവരവും നല്‍കാന്‍ ഭരണകൂടത്തെ ബാധ്യസ്ഥരാക്കുന്ന അവകാശാധിഷ്ഠിത നിയമമാണ് വിവരാവകാശ നിയമം. ഈ നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് സ്വയം വെളിപ്പെടുത്തേണ്ട നിരവധി വിവരങ്ങളുണ്ട്. ഇതനുസരിച്ച് പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും കണക്കറിയാന്‍ പൗരന് അവകാശമുണ്ട്. ഭരണം സുതാര്യമാക്കി ഉത്തരവാദിത്തമുള്ളതാക്കുക എന്നതാണ് ഈ വകുപ്പുകൊണ്ട് ലക്ഷ്യമിടുന്നത്. അവകാശാധിഷ്ഠിതമായ ഈ നിയമത്തിന് കരുത്തും വിപുലതയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്പാല്‍ നിയമം കൊണ്ടുവരുന്നത്. ഭരണനിര്‍വഹണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥതലത്തിലും നടക്കുന്ന അഴിമതി അവസാനിപ്പിക്കുക എന്നതാണ് ലോക്പാല്‍ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. വിവരാവകാശ നിയമം 2005 ല്‍ നടപ്പില്‍ വന്നതോടെ അടുത്തഘട്ടമെന്ന നിലയിലാണ് ലോക്പാല്‍ പരിഗണിക്കപ്പെട്ടത്. വിവരാവകാശ നിയമത്തിന് രൂപംനല്‍കിയതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് ലോക്പാല്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. നാഷണല്‍ ക്യാമ്പയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്റെ (എന്‍സിപിആര്‍ഐ) പ്രവര്‍ത്തകരായ നിഖില്‍ ദെ, അഞ്ജലി ഭരദ്വാജ്, വെങ്കടേഷ് നായക്, രാകേഷ് റെഡ്ഡി ദുബ്ദു, ഡോ. ഷെയ്ക്ക് ഗുലാംറസൂല്‍, പങ്ക്തി ജോഗ്, പ്രദീപ് പ്രധാന്‍, അമൃത ജോഹ്‌രി, കാത്യായിനി ചാമരാജ് തുടങ്ങിയവര്‍ ഇതില്‍പ്പെടും.
അഴിമതി അന്വേഷിക്കാനുള്ള സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ഇതില്‍ നിയമിതരാകുന്ന അംഗങ്ങളില്‍ ഭരണരാഷ്ട്രീയ പ്രതിനിധികളുടെ ആധിപത്യം ഉണ്ടാകാന്‍ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന മറ്റൊരു ജസ്റ്റിസ്, ലോക്പാല്‍ നിയമത്തിലെ നാലാം വകുപ്പ് 1 അനുസരിച്ച് തിരഞ്ഞെടുക്കുന്ന ഒരു പ്രമുഖ നിയമജ്ഞന്‍ എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ലോക്പാല്‍ നിയമനം നടത്തേണ്ടത്. എന്നാല്‍ നിലവില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിജെപി ലോക്പാല്‍ നിയമനം വൈകിക്കുന്നത്. ലോകായുക്ത സംബന്ധിച്ച് 2016ല്‍ ബിജെപി കൊണ്ടുവന്ന ഭേദഗതിയില്‍ സെ ലക്ഷന്‍ കമ്മിറ്റി പരിഷ്‌കരിക്കാനുള്ള വകുപ്പില്ല എന്നതുകൊണ്ടും നിയമനം സാധ്യമല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.
അതേസമയം ഭേദഗതി കൊണ്ടുവന്ന ബിജെപി ഇക്കാര്യത്തില്‍ ഒരു പരിഹാരം നിര്‍ദ്ദേശിക്കാതിരുന്നത് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവില്ലെങ്കില്‍ സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന ഭേദഗതി വരുത്താവുന്നതായിരുന്നു. പാര്‍ലമെന്റില്‍ 2016ല്‍ ലോക്പാല്‍ സംബന്ധിച്ച ഭേദഗതികള്‍ കൊണ്ടുവന്നതുതന്നെ നിയമം വേഗം നടപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു എന്നതാണ് അതിലേറെ വിചിത്രം. യഥാര്‍ത്ഥ ലോക്പാല്‍ നിയമത്തില്‍ ബിജെപി വരുത്തിയ ചില ഭേദഗതികളാകട്ടെ ആ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതുകൂടിയാണ്. 2013ലെ ലോക്പാല്‍ നിയമമനുസരിച്ച് ഉദ്യോഗസ്ഥരുടെ ഒപ്പംതന്നെ അവരുടെ ഭാര്യമാരുടെയും ആശ്രിതരായ മക്കളുടേയും ആസ്തി പരസ്യമായി പ്രഖ്യാപിക്കണമെന്ന വകുപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഭാര്യമാരെയും ആശ്രിതരേയും ബിജെപി ഭേദഗതിയിലൂടെ ഒഴിവാക്കി.
ലോക്പാല്‍ നിയമനം വൈകുന്നതിനെതിരെ എന്‍സിപിആര്‍ഐ സുപ്രിംകോടതിയെ 2017 ഏപ്രിലില്‍ സമീപിച്ചപ്പോള്‍ അവിടെ അറ്റോണി ജനറല്‍ നല്‍കിയ വിശദീകരണം, സെലക്ഷന്‍ കമ്മിറ്റിയുടെ ഘടന മാറ്റുന്നത് സംബന്ധിച്ച് ഒരു ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി കാത്തുകിടക്കുകയാണെന്നാണ്. എന്നാല്‍ ലോക്പാല്‍ നിയമത്തിലെ നാലാം വകുപ്പ് 2 അനുസരിച്ച് ഒരംഗമില്ലെങ്കിലും ലോക്പാല്‍ നിയമനം നടത്താമെന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. അതായത് പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ നിയമനം നടത്താമെന്നര്‍ഥം. ഇത്തരമൊരു കോടതിവിധി വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആ വിധിയെ മാനിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് രാജ്യത്തെ വിവരാവകാശ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന് ഏറെ ഫലപ്രദമായ ഒരു സംവിധാനം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാതിരിക്കുന്നു എന്നത് അഴിമതിക്കെതിരെ ശക്തമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നല്‍കി അധികാരത്തില്‍ വന്ന ബിജെപിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഒന്നായി ഇന്ന് മാറിയിട്ടുണ്ട്. ഒന്നുകില്‍ പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ ലോക്പാല്‍ നിയമം അനുശാസിക്കുന്നതുപോലെ സെലക്ഷന്‍ കമ്മിറ്റി എന്ന കോടതിവിധി മാനിക്കുക, അല്ലെങ്കില്‍ അടിയന്തരമായി സെലക്ഷന്‍ കമ്മിറ്റി ഘടനയില്‍ ഭേദഗതി വരുത്തുക. ഈ ആവശ്യമാണ് കത്തിലൂടെ പ്രധാനമന്ത്രിയോട് വിവരാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത്. കോടതി തിരിഞ്ഞുനില്‍ക്കുന്ന അവസരത്തില്‍ കോര്‍ട്ടലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ട സാധ്യതയാണ് പൊതുവെ കാണുന്നത്.