മാവിലന്‍ ഗോത്രസമൂഹവും ദേശീയ പ്രസ്ഥാനവും

Web Desk
Posted on January 18, 2018, 10:40 pm


എം നാരായണന്‍ 

കാസര്‍ഗോഡ് ജില്ലയില്‍ മടിക്കൈ, കിനാവൂര്‍ — കരിന്തളം, കയ്യൂര്‍ — ചീമേനി, പിലിക്കോട്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, ബേഡഡുക്ക, പുല്ലൂര്‍ — പെരിയ, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി, പള്ളിക്കര, കോടോം — ബേളൂരിലും കണ്ണൂര്‍ ജില്ലയില്‍ ആലപ്പടമ്പ്, ചെറുപുഴ, ആലക്കോട്, നടുവില്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, ഇരിട്ടി, ഉദയഗിരി പഞ്ചായത്തുകളിലും അധിവസിക്കുന്ന ഒരു ഗോത്രവിഭാഗമാണ് മാവിലന്മാര്‍.
മലയാളത്തോട് സാമ്യമുള്ള തുളുവാണ് സംസാര ഭാഷ. മുന്‍ഗാമികളായ മാവിലന്മാര്‍ എഴുത്തും വായനയും അറിയാത്ത തികച്ചും നിരക്ഷരരായിരുന്നു. ആധികാരികമായി മാവിലന്മാരുടെ ചരിത്രത്തെക്കുറിച്ച് വേണ്ട പഠനം നടത്തുകയോ രേഖപ്പെടുത്തുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
എന്നാല്‍ അടുത്തകാലത്തായി മാധവന്‍ മാവുവിളപ്പില്‍ എഴുതിയ ‘വെളിച്ചം പകരൂ’ കുഞ്ഞമ്പു മാവുവളപ്പിലിന്റെ ‘നിക്കറുണപെതറെച്ചെ’ എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയും ജന്മിത്ത നാടുവാഴിത്തിനുമെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ കൃഷിക്കാരുടെ ചെറുത്തുനില്‍പ്പ് ശക്തമായതോടെ സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളമായ പൊലീസുകാര്‍ കൃഷിക്കാരുടെ കൃഷി നശിപ്പിക്കുകയും ചെറ്റക്കുടിലുകള്‍ തീയിട്ടുനശിപ്പിക്കുകയും ചെയ്യുന്നത് പതിവായി. ഇത്തരം അതിക്രമങ്ങള്‍ നടത്തുകയും സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ജന്മിനാടുവാഴിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാട്ടാള നടപടിക്കെതിരായി നാട്ടിലുടനീളം ശക്തമായ പ്രതിഷേധവും പ്രകടനങ്ങളും നടക്കുന്ന കാലം. അത്തരം പ്രതിഷേധപ്രകടനം കണ്ട് ഭയന്നോടിയ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ (തേജസ്വിനി കാര്യംങ്കോട്) പുഴയില്‍ ചാടി മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് നാട്ടിലുടനീളം വ്യാപകമായി പട്ടാളത്തിന്റെ നേതൃത്വത്തില്‍ ഭീകരവാഴ്ച നാട്ടില്‍ അരങ്ങേറി. അതിനെ തുടര്‍ന്ന് നാട്ടിലെമ്പാടും പട്ടാളവും ജനങ്ങളും ഏറ്റുമുട്ടുകയും കര്‍ഷകസംഘം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ജയിലിലടയ്ക്കപ്പെട്ട കയ്യൂരിലെ ധീരരായ നാല് ചെറുപ്പക്കാര്‍ — മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബുബക്കര്‍, പൊടോര കുഞ്ഞമ്പുനായര്‍ എന്നിവരെ 1943 മാര്‍ച്ച് 29 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റുകയും കേസിലെ മറ്റൊരു പ്രതിയായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ഒഴിവാക്കപ്പെടുകയും ചെയ്തു.
സംഭവത്തെതുടര്‍ന്ന് നാട്ടിലുടനീളം വ്യാപകമായ പ്രതിഷേധം തുടരുകയും ജന്മിത്വത്തിന്റെ ചോറ്റ് പട്ടാളത്തിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ ഇ കെ നായനാര്‍, കെ മാധവന്‍, മടിക്കൈ കുഞ്ഞിക്കണ്ണന്‍, പി അച്ചുനായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, മനിയേരി ചാത്തുനായര്‍, പനയംതട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറുവാടന്‍ കൃഷ്ണന്‍ നായര്‍, പെരിയാരത്തു കൃഷ്ണന്‍ നായര്‍, പള്ളിയത്ത് രാമന്‍നായര്‍ തുടങ്ങിയ നേതാക്കളെല്ലാം എളേരിയിലും പരിസരപ്രദേശങ്ങളിലും ഒളിവില്‍ കഴിയുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന നേതാക്കള്‍ക്ക് രഹസ്യസന്ദേശങ്ങള്‍ കൈമാറുകയും മുളന്തൊണ്ടില്‍ കട്ടന്‍ചായയും ഭക്ഷണവും എത്തിക്കുകയും ചെയ്യുന്നതിന് എളേരിയിലെ മാവിലന്മാരായ തൊട്ടിയില്‍ വലിയചന്തന്‍, മാവുവളപ്പില്‍ ചന്തന്‍, മുടിക്കാരന്‍ രാമന്‍, അസൂര്‍ രാമന്‍, കതാട്ടിയില്‍ ചെറിയ ചന്തന്‍, മൂലക്കെപാല, മയിലുവള്ളി രാമന്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. അങ്ങനെ രഹസ്യസന്ദേശം കൈമാറുന്നതിനിടയില്‍ മാവുവളപ്പില്‍ ചന്തന്‍ പൊലീസ് പിടിയിലാവുകയും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയനാവുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.
രസകരമായ മറ്റൊരു സംഭവം കൂടി എന്റെ കുട്ടിക്കാലത്ത് അച്ഛനായ മാവുവളപ്പില്‍ ചന്തന്‍ എന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന നേതാക്കളെ പൊലീസ് പിടികൂടി മംഗലപുരം സെന്‍ട്രല്‍ ജയിലിലടച്ചു. വിചാരണ സമയത്ത് നീലേശ്വരം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അച്ഛനെ പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയില്‍ വയ്ക്കുകയും കള്ളസാക്ഷി പറയണമെന്ന് നിര്‍ബന്ധിക്കുകയും പറഞ്ഞാല്‍ അന്നത്തെ 25 അണ പ്രതിഫലമായി നല്‍കാമെന്നും വാഗ്ദാനം നല്‍കുകയും ചെയ്തു. അതനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാക്കളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നേതാക്കളെ നോക്കി മജിസ്‌ട്രേട്ട് സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന മാവുവളപ്പില്‍ ചന്തനോട് ഇവര്‍ ആരൊക്കെയാണെന്ന് അറിയാമോ എന്ന ചോദ്യം ചോദിക്കുന്നു. അറിയാമെന്ന മറുപടി. വീണ്ടും മജിസ്‌ട്രേട്ടിന്റെ ചോദ്യം. ഇവര്‍ കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല എന്ന മറുപടിക്കുശേഷം തടവില്‍ കഴിയുന്ന പ്രതികളായ മുഴുവന്‍ നേതാക്കളേയും നിരുപാധികം വിട്ടയച്ചു. സംഭവം ഉണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്. തുടര്‍ന്ന് അരിശംപൂണ്ട സബ് ഇന്‍സ്‌പെക്ടര്‍ നേതാക്കളോടൊപ്പം പുറത്തിറങ്ങിയ മാവുവളപ്പില്‍ ചന്തന്‍ എന്നാളോട് തട്ടിക്കയറി ആക്രോശിക്കുകയും നിന്നെ കാണിച്ചുതരാം, നിന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പാഠംപഠിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായതായും പറഞ്ഞുകേട്ടിട്ടുണ്ട്.
മനുഷ്യപാട്ടം
നീലേശ്വരം തെക്കേ കോവിലകത്തിനുകീഴിലുള്ള എളേരി കൂലോത്തില്‍ പെടുന്ന കീഴിലെ അടിയാളന്മാരായ മാവിലന്‍ന്മാരെ ജന്മിമാരുടെ ശിങ്കിടികള്‍ക്ക് മാസത്തില്‍ ഒരു പറനെല്ലിന് ഒരു വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കുന്ന പ്രാകൃതനിയമം നിലവിലുണ്ടായിരുന്നു. ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ അടങ്ങുന്ന കുടുംബത്തേയാണ് പാട്ടത്തിനെടുക്കുന്നത്. നെല്ല് കൊയ്തു, കറ്റമെതിച്ചു ജന്മിയുടെ പത്തായത്തില്‍ നെല്ല് സംഭരിച്ചാല്‍ പാട്ടക്കാലാവധി അവസാനിപ്പിക്കും. അടുത്തവര്‍ഷം മറ്റൊരു ജന്മിയായിരിക്കും പാട്ടത്തിനെടുക്കുക. മാത്രവുമല്ല മഴയായാലും വെയിലായാലും ഏത് പ്രതികൂല കാലാവസ്ഥയിലും രാവിലെ 6 മണി മുതല്‍ രാത്രി വൈകുവോളം വിശ്രമമില്ലാതെ പണിയെടുക്കണം. അല്‍പം വിശ്രമിച്ചാല്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. രോഗം വന്നാല്‍ പോലും കുടിലുകളില്‍ കിടന്നു വിശ്രമിക്കുവാന്‍പോലും ജന്മിയുടെ കാര്യസ്ഥന്മാര്‍ സമ്മതിക്കുമായിരുന്നില്ല. അത്തരം ആളുകളെ കാര്യസ്ഥന്മാര്‍ പിടിച്ചുകൊണ്ടുപോയി തമ്പുരാന്റെ കളത്തില്‍ കാളകളെ ഉപയോഗിച്ച് കറ്റമെതിക്കുന്ന കുണ്ടത്തിന് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കൂടാതെ മാവിലന്‍ സമുദായത്തിലെ യുവതിയോ, യുവാവോ കല്യാണം കഴിക്കണമെങ്കില്‍ ജന്മിയുടെ അനുവാദം വാങ്ങണം. കല്യാണം കഴിഞ്ഞ് കുടിലിലേയ്ക്ക് പോകാന്‍ കഴിയില്ല. ആദ്യം തമ്പുരാന് വെച്ച് കാണനടത്തി മാത്രമേ കുടിലില്‍ പോകാന്‍ കഴിയൂ. കൂടാതെ വാരം — പാട്ടം, പത്തില്‍ രണ്ട്, വാശി, പതം, കാണിക്ക എന്നീ പ്രാകൃത പിരിവുകളും നിലവിലുണ്ടായിരുന്നു. ഇത്തരം കാടന്‍ കാട്ടുനിയമത്തിനെതിരെ നീലേശ്വരം തെക്കേ കോവിലകത്തേയ്ക്ക് കര്‍ഷകസംഘം നേതാക്കളായ പൊടോര കുഞ്ഞിരാമന്‍ നായര്‍, മനിശേരി ചാത്തുനായര്‍, പെരിയാരത്ത് കൃഷ്ണന്‍ നായര്‍, കുറുവാന്‍ കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നു. പ്രസ്തുത മാര്‍ച്ചില്‍ മാവിലന്മാരായ തൊട്ടില്‍ വലിയചന്തന്‍, മാവുവളപ്പില്‍ ചന്തന്‍, മുടിക്കാരന്‍ രാമന്‍, അസൂര്‍ രാമന്‍, തൊട്ടിയില്‍ ചെറിയ ചന്തന്‍, മുടിക്കാരന്‍ പാല, അസൂര്‍ രാമന്‍, മൂലക്കെപാല, മയിലുവള്ളിരാമന്‍, നരിപിടിയന്‍ ചന്തന്‍, കൊടക്കല്‍ കണ്ണന്‍, കുറത്തിമടപാല, മയിലുവള്ളി പാട്ടി, മുടിക്കാരന്‍ തച്ചായി, മൂലക്കെ കല്യാണി എന്നിവരും പങ്കെടുത്തിരുന്നു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മംഗലാപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
നെല്ലെടുപ്പ് സമരം
നാടാകെ രൂക്ഷമായ പട്ടിണിയിലാണ്. എന്നാല്‍ തമ്പുരാന്റെ പത്തായപ്പുരയില്‍ നെല്ല് കെട്ടിക്കിടക്കുന്നു. പത്തായപുരയില്‍ കെട്ടിക്കിടക്കുന്ന നെല്ല് ബലമായി പിടിച്ചെടുത്ത് കൊടുംപട്ടിണിയിലായ മാവിലന്മാര്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്തതിന്റെ പേരില്‍ കര്‍ഷകസംഘം നേതാക്കളോടൊപ്പം തൊട്ടിയില്‍ വലിയചന്തന്‍. അസൂര്‍ രാമന്‍, മാവുവളപ്പില്‍ ചന്തന്‍, തൊട്ടിയില്‍ ചെറിയചന്തന്‍, മുടിക്കാരന്‍ രാമന്‍, മൂലക്കെ പാല, മുടിക്കാരന്‍ പാല, അസൂര്‍മുന്തന്‍, മയിലുവള്ളി പാട്ടി, മുടിക്കാരന്‍ തമ്പായി, മൂലക്കെ കല്യാണി എന്നിവര്‍ ഉള്‍പ്പെടെ 70‑ല്‍പ്പരം മാവിലന്മാരെ പൊലീസ് അറസ്റ്റ് ചെയ്ത് മംഗലാപുരം സെന്‍ട്രല്‍ ജയിലിലടച്ച സംഭവവും ഉണ്ടായി. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടവരില്‍ ചരിത്രസാക്ഷിയായി മുടിക്കാരന്‍ തമ്പായി. മൂലക്കെ കല്യാണി എന്നിവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. മയിലുവള്ളി പാട്ടി അമ്മ മൂന്ന് വര്‍ഷം മുമ്പ് 102-ാം വയസില്‍ മരണപ്പെട്ടു.
ഇതേതുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ജന്മിമാരുടെ പത്തായപ്പുരയില്‍ കെട്ടിക്കിടക്കുന്ന കിനാവൂര്‍ കോവിലകത്തെ നെല്ലെടുത്ത് വിതരണം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
മടിക്കൈ പഞ്ചായത്തിലെ കീക്കാംങ്കോട്ടു വാഴുന്നവരുടെ പാടത്ത് വിളഞ്ഞുനില്‍ക്കുന്ന വിളകൊയ്തു സമരവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്. വിളകൊയ്തുസമരത്തിന് നേതൃത്വം നല്‍കിയ കെ മാധവന്‍ മടിക്കൈ കുഞ്ഞിക്കണ്ണന്‍ എന്നിവരോടൊപ്പം കേരളം രൂപംകൊണ്ട് ആദ്യത്തെ തെരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ മത്സരിച്ച കല്ലളന്‍ വൈദ്യരും അറസ്റ്റ് വരിച്ചു ജയിലിലടച്ചിട്ടുണ്ട്. കല്ലളന്‍ വൈദ്യരും മാവിലന്‍ സമുദായാംഗമായിരുന്നു.
പാഠശാല
എഴുത്തും വായനയും അറിയാത്ത മാവിലന്മാരെ പഠിപ്പിക്കുന്നതിന് തൊട്ടിയില്‍ കെട്ടിയുണ്ടാക്കിയ ഷെഡ് ജന്മിമാരുടെ കിങ്കരന്മാര്‍ പരസ്യമായി തീയിട്ടുനശിപ്പിച്ച സംഭവം ഉണ്ടായി. അതിനെതിരായി ശക്തമായ പ്രക്ഷോഭം നടന്നിട്ടുണ്ട്. തുടര്‍ന്നാണ് പൊടോര കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ എളേരിത്തട്ടില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചത്.
എളേരിയിലെ മുഴുവന്‍ കര്‍ഷകസമരങ്ങളിലും മാവിലന്മാര്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. എളേരിയിലെ മുഴുവന്‍ സംഭവങ്ങള്‍ക്കും നേര്‍സാക്ഷിയായി ഇന്നും തലയെടുപ്പോടെ നിലനില്‍ക്കുന്ന വന്‍ കാഞ്ഞിരമരമുണ്ട്. പ്രസ്തുത മരത്തില്‍ കര്‍ഷക സംഘത്തിന്റെ ചെങ്കൊടി ഉയര്‍ത്തി സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തകരട്ടെ, കൃഷിഭൂമി കൃഷിക്കാരന് എന്ന് തൊണ്ടപൊട്ടുമാര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചത് മാവിലനായ മുടിക്കാരന്‍ രാമനായിരുന്നു. ഈ സംഭവത്തിന് ചരിത്ര സാക്ഷിയായ കാഞ്ഞിരമരം ഇന്നും നിലനില്‍ക്കുന്നു.
എവിടേയും എഴുതപ്പെടാത്ത ചരിത്രമാണ് ഇവയൊക്കെ. എന്റെ കുട്ടിക്കാലത്ത് മുന്‍ഗാമികളായ മാവിലന്മാര്‍ പറഞ്ഞതും അവര്‍ അനുഭവിക്കേണ്ടിവന്ന തീക്ഷ്ണമായ അനുഭവവും കേട്ടറിഞ്ഞാണ് എന്റെ തലമുറ വളര്‍ന്നുവന്നത്. ക്രൂരമായ മര്‍ദ്ദനവും സമൂഹത്തില്‍ നിലനിന്നിരുന്ന അയിത്തം അനീതി, അധര്‍മ്മം ഇവയ്‌ക്കെതിരെ പോരാട്ടം നടത്തി ജീവിച്ചുമരിച്ച മുന്‍ഗാമികളായ മാവിലന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സി പി ഐ നല്‍കിയ അംഗീകാരമായാണ് എളേരിയില്‍ നിന്നും മാവിലന്‍ സമുദായത്തിലെ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ കേരള നിയമസഭയില്‍ ഹോസ്ദുര്‍ഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
കയ്യൂര്‍ സമരം സ്വാതന്ത്ര്യസമരമായി ഭാരത് സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കയ്യൂര്‍ സമരവും തുടര്‍ന്ന് നടന്ന പ്രക്ഷോഭസമരങ്ങളിലും പങ്കെടുത്ത മാവിലന്മാര്‍ ചരിത്രത്തില്‍ എവിടേയും പേരുവിവരം രേഖപ്പെടുത്താത്തതുകൊണ്ട് സ്വാതന്ത്ര്യസമര സേനാനികളാകാതെ പോയി എന്ന ദൗര്‍ഭാഗ്യകരമായ അനുഭവവുമുണ്ട്. എങ്കിലും ഇന്നത്തെ തലമുറയിലെ മാവിലന്മാര്‍ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടം നെഞ്ചോട് ചേര്‍ത്ത് എന്നും സ്മരിക്കും — തീര്‍ച്ച.