14 July 2025, Monday
KSFE Galaxy Chits Banner 2

കര്‍ഷകത്തൊഴിലാളി ക്ഷേമത്തിന് സമഗ്രമായ കേന്ദ്ര നിയമം വേണം

ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
June 7, 2025 4:40 am

ർഷകത്തൊഴിലാളികൾക്ക് സമഗ്രമായ ദേ­ശീയ നിയമം കൊണ്ടുവരിക, സ്വകാര്യമേഖലയിൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, പൊതു സെൻസസിനോടൊപ്പം ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആയും കൂലി 700 രൂപയായും വർധിപ്പിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 6,000 രൂപയാക്കുക, ‌ഭൂമിയുടെ ന്യായമായ വിതരണം ഉറപ്പുവരുത്തുക, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക, ഭവന പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപ അനുവദിക്കുക, എസ്‌സി — എസ്‌ടി അതിക്രമം തടയൽ നിയമം കർശനമായി നടപ്പിലാക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബികെഎംയു ദേശവ്യാപകമായ പ്രക്ഷോഭം നടത്തുകയാണ്. കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും സമഗ്രമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് ബികെഎംയു പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതാണ്. തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കുന്നതിനും ക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും സഹായകരമാകുന്ന വിധത്തിലാകണം നിയമം. 1974ൽ കേരളത്തിൽ അച്യുതമേനോൻ സർക്കാർ പാസാക്കിയ പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1980ൽ കർഷകത്തൊഴിലാളി പെൻഷനും 1990ൽ ക്ഷേമനിധിയും നടപ്പിലാക്കിയത്. സമഗ്രമായ നിയമമില്ലാത്തതുകൊണ്ട് പല സംസ്ഥാനങ്ങളിലും ന്യായമായ കൂലി ലഭിക്കുന്നില്ല. തൊഴിലെടുപ്പിക്കുന്ന സമയത്തിന്റെ കാര്യത്തിലും വ്യവസ്ഥകളൊന്നും പാലിക്കുന്നില്ല. ഈ നിലയിൽ തൊഴിലാളികൾ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി സമഗ്രമായ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ക്ഷേമ ബോർഡുകൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകണം. ‘മാന്യമായ തൊഴിൽ എന്ന സങ്കല്പത്തിനനുസരിച്ച് തുടർച്ചയായ ജോലിയും തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണം. 

കർഷകത്തൊഴിലാളികളുടെ ഏറ്റവും വലിയ പ്രശ്നം ഭൂമിയുടേതാണ്. അത് ലഭിച്ചാൽ സ്വന്തം മണ്ണിൽ ഉറച്ചുനിന്ന് അവശതകൾക്കും അനീതികൾക്കും എതിരായി പോരാടാൻ അവർക്ക് കഴിയും. രാജ്യം സ്വതന്ത്രമായിട്ട് 77 വർഷം പിന്നിട്ടിട്ടും കേന്ദ്ര സർക്കാരുകൾ ന്യായമായ ഭൂമി വിതരണം ഉറപ്പുവരുത്തുവാൻ നടപടികൾ എടുത്തിട്ടില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പിലാക്കയതുപോലെയുള്ള സമഗ്രമായ ഭൂപരിഷ്കരണ നിയമം രാജ്യത്ത് മറ്റൊരിടത്തും നടപ്പിലാക്കിയിട്ടില്ല. 1970 ജനുവരി ഒന്നിന് സി അച്യുതമേനോൻ സർക്കാർ കേരളത്തിൽ ജന്മിത്തം നിയമംമൂലം അവസാനിപ്പിച്ചു. കേരളത്തിലെ 40 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. രാജ്യത്ത് കൈവശം വയ്ക്കാവുന്ന ഭൂപരിധി നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കിയിട്ടില്ല. അത്തരം നിയമങ്ങളിലൂടെ പരിധിക്ക് പുറത്തുള്ള ഭൂമി പിടിച്ചെടുത്ത് കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന ധാരണ പരാജയപ്പെട്ടിരിക്കുകയാണ്. ഭൂവുടമ വ്യവസ്ഥയിൽ മൗലികമായ മാറ്റം ഉണ്ടാക്കാതെ ഈ ദുഃസ്ഥിതിക്ക് ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കണം. വിവിധ ഭവന പദ്ധതികളുടെ അർഹരായവർക്ക് വിതരണം ചെയ്യുന്ന സംഖ്യ യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപയായി ഉയർത്തണം. നമ്മുടെ സമൂഹത്തിലെ ഏതൊരാളുടെയും സ്വപ്നമാണ് ഭൂമിയും വീടുമെന്നത്. പകലന്തിയോളം പണിയെടുത്താലും നിത്യനിദാന ചെലവിന് പോലും വക കണ്ടെത്താൻ കഴിയാത്ത പാവങ്ങൾക്ക് സ്വന്തമായി വീടുണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. സുരക്ഷിതമായ ഭവനം സ്വപ്നം കാണുന്ന പാവങ്ങൾക്ക് അത് നിർമ്മിക്കാനുള്ള ഫണ്ട് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സ്വാതന്ത്രാനന്തരം രാജ്യം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ നയങ്ങൾക്ക് ബദലുമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഭൂരഹിതരില്ലാത്ത, ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യം മുൻനിർത്തി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ഒമ്പതുവർഷം കൊണ്ട് സംസ്ഥാന സർക്കാർ നാല് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം നൽകി. ലൈഫ് ഭവന പദ്ധതിയിലൂടെ 5,38,588 വീടുകൾ അനുവദിച്ചു. 4,28,800 വീടുകൾ പൂർത്തീകരിച്ചു. പൊതുസെൻസിനൊപ്പം ദേശീയതലത്തിൽ ജാതി സെൻസസും നടപ്പിലാക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം മനസിലാക്കാൻ ജാതിസെൻസസ് അനിവാര്യമാണെന്നാണ് ബികെഎംയു നിലപാട്. സാമൂഹ്യശ്രേണി, ജാതി വിവേചനങ്ങൾ, വിവിധ ജാതികളുടെയും സമുദായങ്ങളുടെയും പ്രാതിനിധ്യ കുറവ് എന്നിവ പരിഹരിക്കുന്നതിനുള്ള നയരൂപീകരണത്തിന് ജാതി സെൻസസ് അത്യാവശ്യമാണ്. 

പലഘട്ടങ്ങളിലും ജാതി സെൻസസിനെ എതിർത്തിരുന്ന ബിജെപി ഇപ്പോൾ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് തോന്നുന്ന ഘട്ടങ്ങളിൽ നിലപാട് മാറ്റുന്നതിന് ഒരു നാണക്കേടും തോന്നാത്ത പാർട്ടിയാണ് ബിജെപി. ബിഹാറിൽ ജാതി സെൻസസ് നടത്തുന്ന വേളയിൽ അത് സമൂഹത്തെ വിഭജിക്കുമെന്ന് 2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടതാണ്. 2021 സെപ്റ്റംബറിൽ സെൻസിലെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നയപരമായി ഉപേക്ഷിച്ചിരുന്നെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ജാതി സെൻസസ് സംബന്ധിച്ച ബിജെപി നിലപാട് എന്തായിരുന്നുവെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്. ജാതി അടിസ്ഥാനത്തിലുള്ള വിശദമായ കണക്കെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനമായ ബിഹാറിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രഖ്യാപിച്ച ജാതി സെൻസസ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വനിതാ ബില്ലെന്നതുപോലെ കബളിപ്പിക്കലായിരിക്കുമെന്നതിൽ സംശയമില്ല.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും ബികെഎംയു ആവശ്യപ്പെടുന്നു. 2004ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ ഇടപെടലിലൂടെ ഉൾപ്പെടുത്തുകയും 2005ൽ നിയമം വഴി നടപ്പിലാക്കുകയും ചെയ്ത തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നയമമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. പദ്ധതിയിൽ നിന്ന് തൊഴിലാളികൾ സ്വയം പിരിഞ്ഞുപോകേണ്ട സാഹചര്യം സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി തന്നെ ക്രമേണ ഇല്ലാതാകണമെന്ന തന്ത്രമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. 2022 — 24 വർഷങ്ങളിൽ എട്ട് കോടിയോളം തൊഴിലാളികൾ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.
കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വർഷാവർഷം കുറച്ചുകൊണ്ടുവരികയാണ്. 2020–21 വർഷത്തിൽ 1.11 ലക്ഷം കോടി രൂപ ചെലവഴിച്ചിരുന്നു. 2023–24 വർഷം 60,000 കോടിയായി ബജറ്റ് വിഹിതം കുറഞ്ഞു. കഴിഞ്ഞ രണ്ട് ബജറ്റുകളിൽ 86,000 കോടി മാത്രമാണ് ഉൾപ്പെടുത്തിയത്. അനുവദിച്ച ഫണ്ടിന്റെ നാലിലൊന്നിൽ കൂടുതൽ മുൻവർഷങ്ങളിലെ കുടിശിക തീർക്കാൻ ഉപയോഗിക്കേണ്ടി വരുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തെ യഥാർത്ഥ തുക വീണ്ടും കുറയുന്ന സ്ഥിതിയാണുള്ളത്. കൂടുതൽ തൊഴിൽദിനങ്ങൾ അനുവദിക്കുന്നതിന് പകരം തൊഴിൽദിനങ്ങൾ കുറയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 

സ്വകാര്യമേഖലയിൽ സംവരണം നിയമപരമായി നിർബന്ധമാക്കുകയും സർക്കാർമേഖലയിലെ ഒഴിവുകൾ നികത്തുകയും പ്രമോഷനുള്ള സംവരണം പുനഃസ്ഥാപിക്കുകയും ചെയ്യണം. പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന സ്വകാര്യവൽക്കരണ നയം സംവരണതത്വം പൂർണമായും ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്വകാര്യമേഖലയിൽ നിയമപരമായി തന്നെ സംവരണം ഉറപ്പുവരുത്താൻ നടപടി വേണം. രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 1,89,000 കേസുകൾ രജിസ്റ്റർ ചെയ്തതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 54 ശതമാനം കേസുകളും ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്. ഇരുണ്ട കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന അതിക്രമങ്ങളാണ് ആധുനിക ഇന്ത്യയിൽ പാവപ്പെട്ടവർക്കെതിരെ നടക്കുന്നത്.
എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് കേന്ദ്ര ബജറ്റിൽ അനുവദിച്ചിരിക്കുന്ന ഫണ്ട് വഴിമാറ്റി ചെലവഴിക്കാതെ പൂർണമായും വിനിയോഗിക്കണം. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന ഫണ്ട് പോലും വിനിയോഗിക്കാതിരിക്കുന്നത് നീതി നിഷേധമാണ്. കേരള മോഡലിലുള്ള സാർവത്രിക ആരോഗ്യ സംരക്ഷണ സംവിധാനം രാജ്യത്ത് നടപ്പിലാക്കുക, ഗുണമേന്മയുള്ള സൗജന്യ വിദ്യാഭ്യാസം പ്രീപ്രൈമറി തലം മുതൽ ബിരുദാനന്തര ബിരുദം വരെ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ദേശീയ പ്രക്ഷോഭത്തിലുടെ ബികെഎംയു ഉന്നയിക്കുന്നു.
കർഷക തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബികെ­എം­യുവിന്റെ നേതൃത്വത്തിൽ ജൂൺ 10ന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മണ്ഡലം തലത്തില്‍ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.