ലോകചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പ്രവർത്തക ശൃംഖലയിൽ പ്രമുഖ സ്ഥാനത്താണ് ഇന്ത്യൻ റെയിൽവേ. ലോകത്ത് എട്ടാം സ്ഥാനം ഇന്ത്യൻ റെയിൽവേക്കും ഒമ്പതാം സ്ഥാനം സൈന്യത്തിനുമാണ്. 1951ലാണ് ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ടത്. അക്കാലത്ത് ആവി എൻജിൻ വണ്ടികളാണ് ഓടിക്കൊണ്ടിരുന്നത്. 1995ൽ ആവി എൻജിൻ നിര്‍ത്തലാക്കുകയും പകരം ഡീസൽ എൻജിൻ, ഇലക്ട്രിക് വണ്ടികള്‍ കൂടുതലായി ഓടിത്തുടങ്ങുകയും ചെയ്തു. മെട്രോ തീവണ്ടികളും, വന്ദേഭാരത് പോലുള്ള അതിവേഗ തീവണ്ടികളുമെല്ലാം ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള മനുഷ്യരെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ കഴിയുന്ന മഹാശൃംഖലയാണ് നമ്മുടെ റെയിൽവേ. ഒരു വർഷം 70 കോടി ടൺ ചരക്കും 5,000 കോടി യാത്രക്കാരും റെയിൽവേയിലൂടെ നീങ്ങുന്നതായാണ് ഏകദേശ കണക്ക്. അടിക്കടിയുള്ള അപകടങ്ങള്‍ സമയനിഷ്ഠയില്ലായ്മ, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാമുണ്ടെങ്കിലും ജനങ്ങൾ വൻതോതിൽ റെയിൽവേയെ ആശ്രയിക്കുന്നു. പൊതുയാത്രാ സംവിധാനമെന്ന നിലയിൽ റെയിൽവേ നേടിയ അംഗീകാരം ഇല്ലാതാക്കുകയാണ് മോഡി സർക്കാർ. റെയിൽവേയുടെ മൊത്തം ചെലവിൽ 25 ശതമാനവും ഇന്ധനത്തിനാണ്. 12,000 ത്തിലേറെ വണ്ടികളും 13 ലക്ഷം തൊഴിലാളികളുമായി ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി വിശേഷിക്കപ്പെടാറുള്ള ഇന്ത്യൻ റെയിൽവേ ഇന്ന് സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണ്. വില്പനയ്ക്ക് വച്ചിരിക്കുന്ന റെയിൽവേ മേഖലയിലേക്ക് കടന്നുകയറാൻ വിദേശ കമ്പനികൾ അടക്കം 20ലേറെ വൻകിട കോർപറേറ്റുകൾ എത്തിക്കഴിഞ്ഞിരിക്കുന്നു.
100 പാതയിലായി 150 ട്രെയിനാണ് ആദ്യഘട്ടത്തിൽ സ്വകാര്യവൽക്കരിക്കുന്നത്. ഇതിനോടൊപ്പം 100 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവൽക്കരിക്കും. ടാറ്റാ, അഡാനി ഉൾപ്പെടെ 11 കമ്പനികളാണ് രംഗത്തുള്ളത് എന്നാണ് റിപ്പോർട്ട്. റെയിൽവേക്ക് ലാഭവഹിതം എത്ര നൽകുമെന്നതിനെ ആശ്രയിച്ചായിരിക്കും കമ്പനികളെ തെരഞ്ഞെടുക്കുക. മൂന്ന് മാസത്തിനുള്ളിൽ ലേലം ഉറപ്പിച്ചേക്കുമെന്നാണ് വാർത്ത. അടുത്ത സാമ്പത്തിക വർഷം തന്നെ സ്വകാര്യ ട്രെയിനുകള്‍ ട്രാക്കിലിറക്കും. ആദ്യഘട്ടം വിജയകരമായാൽ 350 പാതകള്‍ കൂടി സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. സ്വകാര്യ കമ്പനികളെ ക്ഷണിക്കുക വഴി ആദ്യഘട്ടത്തിൽ 22,500 കോടി നിക്ഷേപമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ലേലപ്രക്രിയയിലൂടെ റൂട്ടുകൾ പഠിക്കുന്ന സ്വകാര്യ കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടാകും. വരുമാനത്തിന്റെ ഒരു പങ്ക് റെയിൽവേക്ക് നൽകണമെന്നുമാത്രം. രാഷ്ട്രത്തിന്റെ ആസ്തികളായ ശതകോടികളുടെ സമ്പത്ത് വൻകിട കോർപറേറ്റുകൾക്ക് കൈമാറുന്ന പദ്ധതിയാണ് “നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ”. ഈ പദ്ധതിയനുസരിച്ചാണ് റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ ലൈനുകൾ, ട്രെയിനുകൾ എന്നിവയ്ക്ക് പുറമേ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയും സ്വകാര്യവൽക്കരിക്കപ്പെടുന്നത്. സ്വകാര്യവൽക്കരണം അതിവേഗമാക്കാന്‍ റെയിൽവേയെ കേന്ദ്രസർക്കാർ ഉടമയിലുള്ള പ്രത്യേക കമ്പനികളാക്കും. രണ്ട് ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക് മാറ്റും.
13.68 ലക്ഷം തസ്തികകളുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോൾ ജീവനക്കാർ 10 ലക്ഷത്തിൽ താഴെയാണ്. ഇത് വീണ്ടും കുറച്ച് എട്ട് ലക്ഷത്തിൽ താഴെയാക്കാനാണ് നീക്കം. പുറംകരാറും, താൽക്കാലിക നിയമനവും വ്യാപകമാക്കും. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ. പരിഷ്കാരങ്ങൾ അതിവേഗം നടപ്പാക്കാൻ റെയിൽവേ മന്ത്രാലയത്തോട് കാബിനറ്റ് സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുളളതായാണ് റിപ്പോർട്ടിൽ പറയുന്നത്. ചെന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല, റായ്ബറേലി കോച്ച് ഫാക്ടറികള്‍ എന്നിവയ്ക്ക് പുറമേ വാരാണസി, പാട്യാല, ബംഗാളിലെ ചിത്തരഞ്ജൻ എന്നിവിടങ്ങളിലെ എൻജിൻ നിർമ്മാണ യൂണിറ്റുകളും, യലഹങ്ക (ബംഗളൂരു), ബേല (ബിഹാർ) വീൽ നിർമ്മാണ യൂണിറ്റുകളും ഒറ്റക്കമ്പനിക്ക് കീഴിലാക്കാനാണ് നിർദേശം. സർക്കാർ സ്ഥാപനങ്ങളെ കമ്പനിയാക്കി മാറ്റുന്നതിന്റെ ലക്ഷ്യം ഓഹരി വില്പനയ്ക്കും സ്വകാര്യവൽക്കരണത്തിനു വേണ്ടിയുള്ള വഴിയൊരുക്കലാണ്. 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കാനും സ്കൂളുകളും ആശുപത്രികളും കൈമാറാനുള്ള നീക്കവും നടക്കുന്നതായാണ് വാർത്ത. രാജ്യമെമ്പാടുമുള്ള 94 റെയിൽവേ സ്കൂളുകൾ കേന്ദ്രീയ വിദ്യാലയ സംഘടനയ്ക്ക് കൈമാറണം. അതിനു കഴിയാത്ത സ്ഥലങ്ങളിൽ സംസ്ഥാന സർക്കാരിനോ സ്വകാര്യ പങ്കാളികള്‍ക്കോ നല്‍കാനുള്ള പ്രവർത്തനങ്ങളിലാണ്. 125 ആശുപത്രികളുടെയും, 586 ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിനും സ്വകാര്യ പങ്കാളിത്തം കണ്ടെത്തണം. 17 സോണുകളിലായി 280 പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 130 ആക്കി കുറച്ചിരിക്കുകയാണ്. റെയിൽപ്പാതകളുടെ വൈദ്യുതീകരണ ചുമതലയുള്ള സ്ഥാപനവും, വർക്ക് ഷോപ്പുകളുടെ നവീകരണത്തിനുള്ള സെൻട്രൽ ഓർഗനൈസേഷന്റെ പ്രവർത്തനവും അവസാനിപ്പിക്കാനാണ് തീരുമാനം.
രാജ്യത്ത് ദിവസവും ഒന്നേകാൽ കോടിയിലധികം ജനങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന റെയിൽവേയിൽ അപകടങ്ങൾ കൂടിവരികയാണ്. കഴിഞ്ഞ വർഷം ഒഡിഷയിലെ ബാലാസോറിൽ മൂന്ന് തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുറോളം പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈയിലുള്ള മൈസൂരു — ദർഭംഗ ഏക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്കുവണ്ടിയിലിടിച്ച് യാത്രാ വണ്ടിയുടെ 12 കോച്ചുകൾ പാളംതെറ്റി മറിഞ്ഞു. 2024ൽ 126 ദിവസങ്ങള്‍ക്കുള്ളില്‍ 55 ട്രെയിനപകടങ്ങൾ നടന്നു. 2014 — 23ൽ 638 ട്രെയിൻ അപകടങ്ങളുണ്ടായി. 1995ന് ശേഷം ഉണ്ടായ ഏഴ് വൻദുരന്തങ്ങളിൽ അഞ്ചെണ്ണത്തിലെ മരണസംഖ്യ 200ൽ കൂടുതലായിരുന്നു. അപകടങ്ങളെത്തുടർന്ന് ട്രെയിൻ റദ്ദാക്കൽ, വഴിതിരിച്ചുവിടൽ എന്നിവ വഴി ഉണ്ടാകുന്ന ദുരിതങ്ങളും നഷ്ടങ്ങളും ഇതിനു പുറമേയാണ്. കഴിഞ്ഞ 15 വർഷം കേന്ദ്രത്തിന്റെയും റെയിൽവേ ബോർഡിന്റെയും മുൻഗണനകളിൽ വന്ന മാറ്റമാണ് ട്രെയിൻ യാത്ര പേടിസ്വപ്നമാക്കി മാറ്റിയത്. പുതിയ പാളങ്ങൾ പണിയാനോ ട്രെയിനുകളുടെ വേഗം കൂട്ടാനോ, സുരക്ഷ വർധിപ്പിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. സ്വകാര്യവൽക്കരണവും ചെലവ് കുറയ്ക്കലും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യം വച്ചുകൊണ്ടാണ് റെയിൽവേ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഇന്ത്യൻ റെയിൽവേയുടെ 17 സോണുകളിലും 67 ഡിവിഷനുകളിലുമായി 3.5 ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. പല റെയിൽവേ ക്രോസുകളിലും ആളില്ലാത്തതിനാൽ അപകടം പതിവാകുന്നു. ബാലാസോർ ട്രെയിൻ അപകടത്തിന്റെ കാരണം സിഗ്നൽ സംവിധാനത്തിന്റെ പരാജയമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്വകാര്യ ഏജൻസിക്കാണ് സിഗ്നൽ സംവിധാനത്തിന്റെ ചുമതല.
ലോക്കോ പൈലറ്റുമാരുടെ 21 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ എണ്ണം പകുതിയാക്കി. ഓരോ വർഷവും നിരവധി പേർ സർവീസിൽ നിന്നും വിരമിക്കുന്നു. വന്ദേഭാരത് ഉൾപ്പെടെയുള്ള പുതിയ സർവീസുകൾ ആരംഭിച്ചെങ്കിലും ആനുപാതികമായി ലോക്കോ പൈലറ്റുമാരുടെ തസ്തികകൾ അനുവദിച്ചിട്ടില്ല. ലോക്കോ പൈലറ്റ്, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിമയിക്കാതിരിക്കുന്നതാണ് അപകടങ്ങൾ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. രണ്ടു വർഷ കരാറിൽ വിവിധ സോണുകളിൽ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് തസ്തികകളിൽ നിന്നും പിരിഞ്ഞുപോയവരെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവസാനം ലഭിച്ച ശമ്പളത്തിൽ നിന്നും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന പെൻഷൻ തുക കുറച്ചായിരിക്കും ശമ്പളം നൽകുക. രാജ്യത്ത് വൻതോതിൽ അപകടം സംഭവിച്ചിട്ടും ജീവനക്കാരുടെ കുറവ് നികത്തുന്നില്ല. ദക്ഷിണ റെയിൽവേയിൽ 13,977 തസ്തികകള്‍ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യത്തെ 17 സോണുകളിലും 70 ഡിവിഷനുകളിലുമായി മൂന്നര ലക്ഷം തസ്തികകൾ നികത്താനുണ്ട്. തീവണ്ടികളുടെ കൂട്ടിമുട്ടൽ മുൻകൂട്ടി മനസിലാക്കി അതുവഴി അപകടം ഒഴിവാക്കാൻ വേണ്ടി ഇന്ത്യൻ റെയിൽവേയുടെ ആർഡിഎസ്ഒ വികസിപ്പിച്ച സാങ്കേതികവിദ്യയായ ‘കവച്’ കയ്യിലുണ്ടായിട്ടും നടപ്പാക്കാത്തതിനാല്‍ ബാലാസോറിൽ 296 പേരുടെ മരണത്തിനിടയാക്കിയ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. 2019 മുതൽ 24 വരെയുണ്ടായ ട്രെയിനപകടങ്ങളിൽ 70 ശതമാനവും സുരക്ഷാ സംവിധാനങ്ങളുടെ കുറവ് കാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.