
കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിസ്തൃതിയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ വേളയിൽ, ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി ഇന്ന് കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾപോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്ന ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണ്. 2021 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യ നിർമ്മാർജനം. അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളിൽത്തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 1,032 തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. ആ കുടുംബങ്ങളെയും ആ വ്യക്തികളെയുമാണ് ഇപ്പോൾ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കുന്നത്. ഈ ഓരോ കുടുംബത്തിനും അവരുടെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് മൈക്രോപ്ലാനുകൾ തയ്യാറാക്കി. അവർക്കെല്ലാം ഭക്ഷണം, ആരോഗ്യ പരിരക്ഷ, സുരക്ഷിത ഭവനം എന്നിവയ്ക്കുപുറമെ സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള ഉപജീവന മാർഗങ്ങളും മൈക്രോപ്ലാനുകളിൽ ഉൾപ്പെടുത്തി.
A model of humanity to be proud of
കേവലം സാമ്പത്തികസഹായം നൽകുന്ന ഒരു ക്ഷേമപദ്ധതിയല്ല അതിദാരിദ്ര്യ നിർമ്മാർജന ദൗത്യം. മറിച്ച്, ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും നിർവചിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത ഒരു സമഗ്ര ജനകീയ മുന്നേറ്റമാണിത്. സാമൂഹ്യസുരക്ഷാ സംവിധാനങ്ങളിൽ പോലും ഉൾപ്പെടാതെ പോയ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ ചേർത്തുനിർത്തിക്കൊണ്ടുള്ള ഈ സർക്കാർ നടപടി, നവകേരളം മുന്നോട്ടുവയ്ക്കുന്ന മാനുഷികവും സമഗ്രവുമായ വികസന കാഴ്ചപ്പാടിന്റെ അടിത്തറയാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ ജനകീയ ഇടപെടലാണ് ചരിത്രപരമായ ഈ നേട്ടത്തിനു പിന്നിൽ. എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിലൂടെ വെളിവാകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം നടപ്പാക്കിവരുന്ന നവകേരള നിർമ്മാണ പ്രക്രിയയുടെ സ്വാഭാവിക തുടർച്ചയാണ് അതിദാരിദ്ര്യ നിർമ്മാർജന നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണ് കേരളം സാമൂഹികവികസനത്തിൽ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. ആർദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ശക്തിപ്പെടുത്തി സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കി. ഹരിതകേരളം പദ്ധതിയിലൂടെ നാടിന്റെ ഹരിതാഭയാകെ തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിച്ചു.
ലൈഫ് മിഷൻ വഴി അഞ്ച് ലക്ഷത്തോളം വീടുകൾ നൽകി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ക്ഷേമകാര്യങ്ങളിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് സർക്കാർ നടപ്പാക്കിവരുന്നത്. 62 ലക്ഷം പേർക്കാണ് പ്രതിമാസം 1,600 രൂപാ വീതം മുടങ്ങാതെ ക്ഷേമ പെൻഷനുകൾ നൽകിവരുന്നത്. ഇന്നു മുതൽ അത് 2,000 രൂപയായി വർധിപ്പിക്കുകയാണ്. ഇത്രയും ഉയർന്ന തുക ക്ഷേമ പെൻഷനായി നൽകുന്ന ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷ പദ്ധതിയുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി ഇന്നു കേരളം മാറി.
നിലവിലുള്ള ക്ഷേമ പദ്ധതികൾക്കുപുറമെ ചില പുതിയ പദ്ധതികൾക്ക് സർക്കാർ തുടക്കമിടുകയാണ്. ഇതിലേറ്റവും പ്രധാനമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിക്കുന്ന, പ്രതിമാസം 1,000 രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി. 31.34 ലക്ഷം സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപ്പന്റ് അഥവാ സാമ്പത്തിക സഹായം നൽകുന്നതിനായി കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിൽ 18 മുതൽ 30 വയസ് വരെയുള്ള യുവതീയുവാക്കൾക്ക് പ്രതിമാസം 1,000 രൂപാ വീതം നൽകുന്ന ഒരു പദ്ധതിയും ആരംഭിക്കുകയാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ഫലമായി എട്ട് സർവകലാശാലകൾക്കും 359 കോളജുകൾക്കും നാക് അക്രഡിറ്റേഷൻ ലഭിച്ചു. മികച്ച കോളജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളജുകളുണ്ട്. അവയിൽ നാലെണ്ണം സർക്കാർ കോളജുകളാണ്.
അഭൂതപൂർവ നേട്ടങ്ങളാണ് വ്യവസായ മേഖലയിൽ കൈവരിച്ചത്. 2016ൽ കേരളത്തിന്റെ വ്യാവസായിക വളർച്ച 12% ആയിരുന്നത് ഇന്ന് 17% ആയി. മാനുഫാക്ചറിങ് സെക്റ്ററിന്റെ സംഭാവന 2016ൽ 9.8% ആയിരുന്നത് ഇപ്പോൾ 14% ആണ്. ദേശീയതലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 3,56,016 സംരംഭങ്ങൾ ആരംഭിച്ചു. 22,900 കോടിയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇതിൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകളാണെന്നത് പദ്ധതിയുടെ മാറ്റുകൂട്ടുന്നു. സംരംഭങ്ങളുടെ എണ്ണം നാലു ലക്ഷത്തിലേക്ക് എത്തുകയാണ്.
ഒൻപതര വർഷത്തിനുള്ളിൽ 7,200 ലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവരികയും വലിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്തു. പരമ്പരാഗത മേഖലയ്ക്കുള്ള ഇൻകം സപ്പോർട്ട് സ്കീമിന് 2011–16 കാലത്ത് 210 കോടി രൂപ മാത്രമായിരുന്നു വകയിരുത്തിയതെങ്കിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലത്ത് 700 കോടിയോളം രൂപ ചെലവഴിച്ചു. കാർഷിക മേഖലയും വലിയ വളർച്ച രേഖപ്പെടുത്തി. 2016ൽ 2% ആയിരുന്ന കാർഷിക വളർച്ചാ നിരക്ക് ഇന്ന് 4.64% ആണ്. 2016 ൽ 1.7 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്കും നെല്ല് ഉല്പാദനക്ഷമത ഹെക്ടറിന് 4.56 ടൺ ആയും വർധിച്ചു. പച്ചക്കറി ഉല്പാദനം ഏഴ് ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 16 ലക്ഷം മെട്രിക് ടണ്ണായി. കാർഷിക മൂല്യവർധനവ് ലക്ഷ്യംവച്ചുള്ള വിവിധ പാർക്കുകൾക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില ഏർപ്പെടുത്തുന്ന സംസ്ഥാനമായും നമ്മൾ മാറി. ഒമ്പതര വർഷംകൊണ്ട് 15,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി ചെലവഴിച്ചിട്ടുണ്ട്.
നാല് വർഷത്തെ കണക്കുകളെടുത്തു നോക്കിയാൽ തനതു നികുതി വരുമാനം 47,000 കോടിയിൽ നിന്ന് 81,000 കോടി രൂപയായും ആകെ തനതു വരുമാനമാകട്ടെ 55,000 കോടിയിൽ നിന്ന് 1,04,000 കോടി രൂപയായും വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വർഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം വഹിക്കേണ്ടിവരും എന്നാണ് കരുതുന്നത്.
പിഎസ്‌സിയിലൂടെ ഒമ്പത് വർഷംകൊണ്ട് മൂന്ന് ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 40,000ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ 4% സംവരണം ഉറപ്പാക്കി. സർക്കാർ ഓഫിസുകളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഫയൽ നീക്കവും അപേക്ഷാ നടപടികളുമെല്ലാം ഓൺലൈൻ ആക്കിമാറ്റി.
ഇതിനുപുറമെ, അടിസ്ഥാന സൗകര്യ മേഖലയെ പാടെ മാറ്റിമറിച്ചുകൊണ്ട് കിഫ്ബി മുന്നേറ്റം തുടരുകയാണ്. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമാക്കുന്നതിൽ കിഫ്ബി വലിയ പങ്കുവഹിച്ചു. 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രം ഉണ്ടായി. തീരദേശ, മലയോര ഹൈവേകൾ ഉൾപ്പെടെയുള്ള വൻകിട ഗതാഗത പദ്ധതികൾ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത ഭൂപടംതന്നെ മാറ്റിവരയ്ക്കുകയാണ്.
സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നിരവധി മറ്റ് വൻകിട പദ്ധതികളും ഇക്കാലയളവിൽ യാഥാർത്ഥ്യമായി. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കി. ദേശീയപാതാ വികസനം നാല്, ആറ് വരികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, എല്ലാവർക്കും കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ-ഫോൺ പദ്ധതി എന്നിവയും യാഥാർത്ഥ്യമാക്കി.
നവകേരളം എന്ന നമ്മുടെ ലക്ഷ്യം നിയമപരമായി ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ നിയമസഭ പാസാക്കിയ അഞ്ച് സുപ്രധാന ബില്ലുകൾ ജനജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബിൽ, 2025 വഴി പൗരന്മാർക്ക് സമയബന്ധിതമായി സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നു. കാലതാമസമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതിലൂടെ ഇത് ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാവുന്നു. സാമ്പത്തിക പ്രതിസന്ധികളിൽ സാധാരണക്കാർക്ക് ആശ്വാസം നൽകാനും അന്തസോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. ഡിജിറ്റൽ സർവേയിൽ കണ്ടെത്തുന്നതും എന്നാൽ രേഖകളിൽ ഉൾപ്പെടാത്തതുമായ ചെറിയ അളവിലുള്ള അധിക ഭൂമി കൈവശമുള്ളവർക്ക് ഉടമസ്ഥാവകാശം ക്രമവല്‍ക്കരിച്ച് നൽകി പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവല്‍ക്കരണ) ബിൽ. മലയാളഭാഷാ ബിൽ നമ്മുടെ മാതൃഭാഷാ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരനു കൂടുതൽ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബിൽ. ജനപക്ഷ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നവയാണ് ഈ നിയമനിർമ്മാണങ്ങൾ എല്ലാം.
സാമൂഹിക പുരോഗതിയുടെയും വികസനത്തിന്റെയും സൂചികകളിൽ കേരളം എപ്പോഴും ഇന്ത്യക്ക് മാതൃകയായി നിലകൊള്ളുന്നു. മികച്ച ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെല്ലാം കേരളം മുന്‍പന്തിയിലാണ്. അതിദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുക എന്ന ചരിത്രപരമായ പ്രഖ്യാപനത്തോടെ, നാം ലോകത്തിന് മുന്നിൽ ഒരു പുതിയ മാതൃക കൂടി സ്ഥാപിച്ചിരിക്കുകയാണ്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളിൽ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തിൽ, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.