16 November 2025, Sunday

കയറിഴ നെയ്തെടുത്ത സമര നായകൻ

ടി കെ അനില്‍കുമാര്‍
October 21, 2025 4:40 am

കൊരുത്തെടുത്ത കയറിഴ പോലെ ദൃഢതയാർന്ന നിലപാടുകളുടെയും ഇച്ഛാശക്തിയുടെയും ആൾരൂപമായിരുന്നു സഖാവ് ടി വി തോമസ്. ആറടിപ്പൊക്കം. അതിനൊത്ത ശരീരം. സമര നിരയ്ക്കു മുന്നിൽ ടിവി എത്തിയാൽ സർ സിപി യുടെ പട്ടാളം പോലും ഒരു നിമിഷം ഭയന്നു പിന്മാറുമായിരുന്നു. പുന്നപ്ര വയലാറിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ” സമരത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാനേറ്റെടുക്കുന്നു” എന്ന് പട്ടാളത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ച് പറഞ്ഞ സഖാവ് ടിവി യുടെ ചിത്രമാണ് ആദ്യം തെളിയുക. ഐതിഹാസികമായ പോരാട്ടത്തിന്റെ 79-ാം വാർഷിക വാരാചരണം നടക്കുമ്പോൾ തൂവെള്ള ജൂബയിൽ അലിഞ്ഞുചേർന്ന നിഴൽ പോലെ സമരനായകൻ ഇന്നും മായാത്ത സ്മരണയാണ്. ലോകം അടയാളപ്പെടുത്തിയ പുന്നപ്ര — വയലാർ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളികളും അന്നത്തെ കയർത്തൊഴിലാളികളായിരുന്നു. ഈ ചരിത്രത്തെ സ്മരിച്ചുകൊണ്ട് വയലാർ പിന്നീട് ഇങ്ങനെ എഴുതി. “കയറു പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്വല സമരകഥ”. രാഷ്ട്രീയ കേരളത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തിയവരായിരുന്നു ആലപ്പുഴയിലെ കയർത്തൊഴിലാളികൾ. ആദ്യമായി തൊഴിലാളി സംഘടന രജിസ്റ്റർ ചെയ്ത ആലപ്പുഴയെ ചുവപ്പിൽ മുക്കിയ സമരങ്ങളും നിരവധി. അങ്ങനെ വർഗ സമരങ്ങളിലൂടെ അവർ ഇതിഹാസങ്ങൾ രചിച്ചു. കയർത്തൊഴിലാളികളെ അടിമകളെപ്പോലെ കണ്ടകാലം. ടി വി തോമസിന്റെ സാന്നിധ്യമാണ് അവരുടെ മനസിലേക്ക് വിപ്ലവ ജ്വാല പടർത്തിയത്. ക്രാന്ത ദർശിയായ അദ്ദേഹത്തിന്റെ ജീവിതം അത്രയേറെ കയറുമായി ഇഴചേർന്നതായിരുന്നു. 1859ൽ ആദ്യത്തെ കയർ ഫാക്ടറി ബ്രിട്ടീഷുകാരനായ ജെയിംസ് ഡാറ സ്ഥാപിച്ചതിന്റെ ചുവടുപിടിച്ച് ഒട്ടേറെ കമ്പനികൾ ആലപ്പുഴയിൽ രൂപംകൊണ്ടു. രാപ്പകൽ ഭേദമന്യേ തൊഴിൽശാലയിലേക്ക് ഘോഷയാത്ര പോലെ ഇഴഞ്ഞുനീങ്ങുന്ന തൊഴിലാളികൾ ആലപ്പുഴയിലെ പതിവ് കാഴ്ചയായിരുന്നു. ഒരു ദിവസം 14 മണിക്കൂറിലേറെ ആയിരുന്നു ജോലി. കൂലി പണമായി നൽകില്ല. ഉറക്കെ ചിരിച്ചാൽ, മിണ്ടിയാൽ, ഒരു മൂളിപ്പാട്ട് പാടിയാൽ പോലും തൊഴിലാളികൾ പിഴയടയ്ക്കേണ്ട കാലം.

തിരുവിതാംകൂറിന്റെ സാമൂഹ്യാവസ്ഥ ബോധ്യമായ പി കൃഷ്ണപിള്ളയാണ് ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ ടി വി തോമസിനെ ചുമതലപ്പെടുത്തിയത്. തൊഴിലാളികളെ അടുത്തറിഞ്ഞ കൃഷ്ണപിള്ളയ്ക്ക് അത്രയേറെ ഉത്തമ ബോധ്യമുണ്ടായിരുന്നു അവരുടെ മനസിൽ ടി വി തോമസിനുണ്ടായിരുന്ന സ്വാധീനം. നാൽപ്പതിനായിരത്തിന് മുകളിൽ അംഗങ്ങളുള്ള തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു അന്ന് ടിവി. കയർ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ കുരുക്കഴിക്കുന്നതിലുള്ള വൈദഗ്ധ്യവും ടിവിയുടെ സവിശേഷതയായിരുന്നു. അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന കാലത്ത് ടിവിയുടെ കർമ്മകുശലതയിൽ പ്രാവർത്തികമായ പല ആശയങ്ങളും തൊഴിലാളികൾക്ക് മുതൽക്കൂട്ടായത് ചരിത്രം. 1946ൽ ചേർന്ന സംഘടനയുടെ വാർഷിക സമ്മേളനം, ഒരു വ്യവസായ സ്ഥാപനത്തിന് ലാഭമായാലും നഷ്ടമായാലും വാർഷിക വരുമാനത്തിന്റെ നാല് ശതമാനം തൊഴിലാളികൾക്ക് ബോണസായി നൽകണമെന്ന് ആവശ്യപ്പെട്ടു. ടിവിയുടെ മുൻകയ്യിലായിരുന്നു ഈ നിർദേശം വന്നത്.
തൊഴിൽ, വ്യവസായ മന്ത്രിയായിരുന്ന ടിവി നടപ്പാക്കിയ പല പദ്ധതികളും കയർത്തൊഴിലാളികളുടെ കണ്ണീരൊപ്പുന്നതായി. കയർ വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി കൊണ്ടുവന്ന 50 കോടി രൂപയുടെ നിക്ഷേപമുള്ള ബൃഹദ് പദ്ധതി ആ മേഖലയിൽ സൃഷ്ടിച്ച മാറ്റങ്ങൾ ചെറുതല്ല. പിന്നീട് ടിവി പദ്ധതി എന്ന പേരിൽ അത് അറിയപ്പെട്ടു. കേരളപ്പിറവിക്ക് മുമ്പ് കയർത്തൊഴിലാളികളെ ആലപ്പുഴയിൽ കുടിയിറക്കിയപ്പോൾ ടിവിയുടെ നേതൃത്വത്തിൽ നടന്ന സമരവും ചരിത്രത്തിലിടം നേടി. 1957ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കുടിയൊഴിപ്പിക്കൽ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത് ഈ സംഭവത്തിന്റെ കൂടി തുടർച്ചയായിട്ടായിരുന്നു.

1968ൽ കയർ മേഖലയിൽ സംഘർഷം പതിവായി. ഇത് പരിഹരിക്കാൻ സർക്കാർ ഒരു കയർ വികസന പദ്ധതിക്ക് രൂപം നൽകി. വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസായിരുന്നു അതിന്റെ മുഖ്യ ശില്പി. പിന്നീട് കയർ പുനഃസംഘടന പദ്ധതിയെ ടി വി തോമസിന്റെ പേരിൽ കാലം അടയാളപ്പെടുത്തി. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. കയർ വിപണനവും തൊഴിലാളികളുടെ ക്ഷേമവും കയറുപിരിയും തൊണ്ട് സംഭരണവുമെല്ലാം പദ്ധതിയുടെ ഭാഗമായി. 600 ഓളം വരുന്ന കയർ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഊർജം നൽകാനുള്ള നിരവധി നിർദേശങ്ങൾ അത് വിഭാവനം ചെയ്തു.
സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന കയർ നേരിട്ട് സംഭരിക്കുന്നതിനായി കയർഫെഡ് എന്ന പൊതുമേഖലാ സ്ഥാപനം സ്ഥാപിച്ചതും പുനഃസംഘടന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഉല്പാദന ചെലവിനനുസരിച്ച് വില നൽകി കയറുല്പന്നങ്ങൾ തൊഴിലാളികളിൽ നിന്നും സംഭരിക്കുവാനായി ടിവി മുൻകയ്യെടുത്ത് കയർ കോർപറേഷനും പിന്നീട് ഫോംമാറ്റിങ്സും സ്ഥാപിച്ചു. കയർ ഗവേഷണത്തിനായി സ്ഥാപിച്ച എൻസിആർഎംഐയും ഈ രംഗത്തുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. കയർ വ്യവസായത്തിന്റെ പരിഷ്കരണത്തിനും വളർച്ചയ്ക്കുമൊക്കെ വഴിയൊരുക്കിയ ആ സ്ഥാപനങ്ങൾ ഇന്നും ടിവിയുടെ നിത്യസ്മാരകമായി നിലകൊള്ളുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.