March 26, 2023 Sunday

താളംതെറ്റുന്ന ജീവിതം, തകരുന്ന സമ്പദ്ഘടന

സി ആർ ജോസ് പ്രകാശ്
March 27, 2020 5:20 am

ചരിത്രം രണ്ടായി വിഭജിക്കപ്പെടുകയാണ്. കൊറോണ കാലത്തിനു മുമ്പുള്ള ജീവിതവും അതിനുശേഷമുള്ള ജീവിതവും. ലോകം എല്ലാ അര്‍ത്ഥത്തിലും ഇനി മറ്റൊന്നായിരിക്കും. ഈ വൈറസ് കൊണ്ടുവരുന്ന ദുരന്തത്തിന്റെ ആഴവും പരപ്പും ആര്‍ക്കും പ്രവചിക്കാനാകില്ല. ഒന്നുറപ്പിക്കാം. രണ്ടാം ലോകയുദ്ധം സൃഷ്ടിച്ചതിനേക്കാള്‍ കടലോളം ആഴമുള്ളതായിരിക്കും കൊറോണ സൃഷ്ടിക്കുന്ന ദുരന്തം. ഏപ്രില്‍ 14 വരെ 21 ദിവസം രാജ്യത്ത് ലോക്ക് ഡൗണ്‍ ആണ്. ജീവിതം നിശ്ചലമാകുന്ന അവസ്ഥതന്നെ. അതിനുശേഷമോ? അതാര്‍ക്കും പ്രവചിക്കാനാകില്ല. നഷ്ടപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ തന്നെ, എല്ലാ വഴികളിലൂടെയും സാമ്പത്തിക തകര്‍ച്ച ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും അതിവേഗം കടന്നുവരികയാണ്. ലോകം ഇങ്ങനെയൊരവസ്ഥ ഈ രൂപത്തില്‍ അനുഭവിച്ചറിഞ്ഞിട്ടില്ല.

വില്ലേജ്, ജില്ല, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം എന്നീ അതിര്‍വരമ്പുകള്‍ ഇല്ലാതെ, ജാതി, മതം, ഭാഷ, നിറം എന്നീ ഭേദങ്ങളില്ലാതെ, അവികസിത രാജ്യം, വികസ്വരരാജ്യം, വികസിതരാജ്യം എന്നീ വ്യത്യാസങ്ങള്‍ ഇല്ലാതെയാണ്, കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്നത്. ദൈവങ്ങളും വിശ്വാസങ്ങളും എല്ലാം ഇവിടെ അപ്രസക്തമാകുന്ന കാഴ്ച. 2008 ലെ സാമ്പത്തിക മാന്ദ്യത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, കഴിഞ്ഞവര്‍ഷം തന്നെ സാമ്പത്തിക മാന്ദ്യം ശക്തിപ്പെടുകയായിരുന്നു. ഇന്ത്യയില്‍ ജിഡിപി കുറഞ്ഞു. പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത, ചികിത്സ കിട്ടാത്ത അവസ്ഥ, പോഷകാഹാരക്കുറവ്, ജനങ്ങളുടെ കയ്യില്‍ പണം എത്തുന്നതില്‍ വന്ന കുറവ്, പണപ്പെരുപ്പം, വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച അങ്ങനെ സകല വഴികളിലൂടെയും രാജ്യം താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം, ശുദ്ധജലം, സാക്ഷരത, ചികിത്സ, തൊഴില്‍, ആളോഹരി വരുമാനം, സാമൂഹ്യ സുരക്ഷ, സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്, ക്രമസമാധാനം, പൗരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ക്രമസമാധാനം, ആയുര്‍ദൈര്‍ഘ്യം എന്നിവ മാനദണ്ഡമാക്കിയാണ്, ലോകത്ത് ജീവിതസുഖം അനുഭവിക്കുന്ന സമൂഹങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥിതി ശോചനീയമാണ്.

2017 ല്‍ നമ്മുടെ സ്ഥാനം 122 ആയിരുന്നത് 2018 ല്‍ 132 ആയും 2019 ല്‍ 140 ആയും താഴേക്ക് വന്നു. മോഡി ഭരണത്തിന്റെ ബാക്കിപത്രം എങ്ങനെയെന്ന് ഈയൊരൊറ്റ കാര്യത്തിലൂടെ തന്നെ വ്യക്തമാകും. എല്ലാ അര്‍ത്ഥത്തിലും ദയനീയമായ ഈ സ്ഥിതിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് കോവിഡ്-19 ന്റെ ആര്‍ത്തലച്ചുള്ള വരവ്. ഇതിലൂടെ വ്യാപാരമേഖല വന്‍ പ്രതിസന്ധിയിലായി. യാത്ര സംവിധാനം നിശ്ചലമായി. വിദ്യാഭ്യാസ മേഖല ചലനമറ്റു. ടൂറിസം മേഖല സമീപകാലത്തൊന്നും മടങ്ങിവരാനാകാത്തവിധം താറുമാറായി. കയറ്റുമതി നിന്നു. മത്സ്യമേഖലയും ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയിലായി. മനുഷ്യര്‍ക്ക് പുറത്തിറങ്ങാനാകാതെ വന്നപ്പോള്‍ ജോലിയും കൂലിയും ഇല്ലാതായി. പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറക്കലും വ്യാപകമായി. ‘ഇന്‍ഡിഗോ’ അവരുടെ തൊഴിലാളികളുടെ ശമ്പളത്തില്‍ 25 ശതമാനം വെട്ടിക്കുറവു വരുത്തി. ജിഎസ്‌ടിയും മറ്റ് നികുതി വരുമാനങ്ങളും കുത്തനെ കുറഞ്ഞു തുടങ്ങി. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 4.7 ശതമാനം ആയി കുറഞ്ഞിരുന്നു.

പുതിയ സാഹചര്യത്തില്‍ ഇത് നാല് ശതമാനത്തിന് താഴേക്ക് പോകാനാണ് സാധ്യത. കൊറോണ ദുരന്തം സൃഷ്ടിക്കുന്ന മുറിവ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കൂടുതലായിരിക്കും. ഉയര്‍ന്ന ജനസാന്ദ്രത മാത്രമല്ല അതിനു കാരണം. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 194 രാജ്യങ്ങളിലും മലയാളി സമൂഹം ഉണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങിവരാതിരിക്കാനാകില്ല. ഈ ലക്ഷങ്ങളില്‍ ചുരുക്കം പേര്‍ക്കെങ്കിലും കൊറോണ വൈറസ് സാധ്യത തള്ളിക്കളയാനാകില്ല. രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളോടുമൊപ്പം കേരളം നേരിടുന്ന പ്രത്യേക പ്രശ്നങ്ങളും നിരവധിയാണ്. സാമ്പത്തിക രംഗത്താണ് അത് ഏറ്റവും പ്രകടമായി വരുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തിലെല്ലാം വില്പന നികുതിയിലും അതിനുശേഷം വാറ്റിലും പ്രതിവര്‍ഷം 18–20 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായ വിധത്തില്‍ ജിഎസ്‌ടി നടപ്പിലാക്കിയതോടുകൂടി എല്ലാം താളം തെറ്റി. ഇപ്പോള്‍ 14 ശതമാനം പോലും വര്‍ദ്ധനവില്ലാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട നഷ്ടപരിഹാര തുകയ്ക്കു വേണ്ടി കാത്തിരിക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തി. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി, വാഹനനികുതി, രജിസ്ട്രേഷന്‍ ഫീസ്, ലോട്ടറി വരുമാനം എല്ലാം കുത്തനെ താഴേക്കുപോയി.

ടൂറിസം മേഖല നിശ്ചലമായത് സമ്പദ്ഘടനയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കേരളത്തിന്റെ ജിഡിപിയുടെ 25–30 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരവാണ്. അതില്‍ ഉണ്ടാകാന്‍ പോകുന്ന കുറവ് മാരകമായിരിക്കും. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള എന്തെങ്കിലും ആനുകൂല്യം കേരളത്തിന് കിട്ടുമെന്ന് പറയാനാകില്ല. അനുഭവം അതാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 2.77 ശതമാനം ജീവിക്കുന്ന കേരളത്തിന് ജനസംഖ്യാനുപാതികമായി 22,212 കോടി രൂപ ബജറ്റിലൂടെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ചത് 15,236 കോടി രൂപ മാത്രം. 6,976 കോടി രൂപയുടെ കുറവ്. കേരളത്തിന് എടുക്കാവുന്ന വായ്പ തുകയില്‍ 5,325 കോടി രൂപയുടെ കുറവു വരുത്തി. 2019 ല്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ ദുരന്തനിവാരണത്തിന് നല്കിയപ്പോള്‍, വന്‍ ദുരന്തം നേരിട്ട കേരളത്തിന് ഒരു രൂപപോലും നല്കിയില്ല എന്നു മാത്രമല്ല, ദുരന്തസമയത്ത് നല്കിയ അരിയുടെ വിലയായി 208 കോടി രൂപ ഉടന്‍ നല്കുണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹാരമായി കിട്ടേണ്ട 3,198 കോടി രൂപ പിടിച്ചുവച്ചിരിക്കുന്നു. തൊഴിലുറപ്പു പദ്ധതി വിഹിതത്തില്‍ 13 ശതമാനം വെട്ടിക്കുറവു വരുത്തി. അങ്ങനെ കേരളം വലിയ വീര്‍പ്പുമുട്ടലിലാണ്. 1.42 ലക്ഷം കോടി രൂപ വരുമാനമുള്ള കേരളത്തിന് 2.92 ലക്ഷം കോടി രൂപയാണ് കടം. വരുമാനത്തിന്റെ 18 ശതമാനം പലിശയായി നല്കണം.

പുതിയ സാഹചര്യത്തില്‍, ഉള്ള വരുമാനം പോലും കുറയുമ്പോള്‍ വന്‍ അധിക ബാധ്യതകളാണ് ഏറ്റെടുക്കേണ്ടിവരുന്നത്. കൊറോണ കാലത്ത് എല്ലാവരും വീടിനുള്ളില്‍ കഴിയേണ്ടത് ആവശ്യം തന്നെ. സാഹചര്യത്തിന്റെ ഗൗരവം അതാവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, വീട്ടിനുള്ളില്‍ കഴിയുന്നവരില്‍ വരുമാനം നിലച്ചവരും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരും വീടില്ലാതെ തെരുവില്‍ കഴിയുന്നവരും എങ്ങനെ ജീവിക്കും എന്ന് ആഴത്തില്‍ പരിശോധിക്കാനും അതിന് പരിഹാരം കണ്ടെത്താനും ജനകീയ സര്‍ക്കാരുകള്‍‍ക്ക് ഉത്തരവാദിത്തമുണ്ട്. കോറോണ കാലത്തെ ഈ ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടാണ് ലോകത്തെ മിക്ക രാജ്യങ്ങളും പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനകം 33 രാജ്യങ്ങള്‍ വന്‍ പാക്കേജുകള്‍ ജനക്ഷേമത്തിനായി പ്രഖ്യാപിച്ചു കഴിഞ്ഞു. 52 രാജ്യങ്ങള്‍ പലിശനിരക്ക് വെട്ടിക്കുറച്ചു. ഏറ്റവും ഒടുവില്‍ ചെറിയ രീതിയിലാണെങ്കിലും ഇന്ത്യാ ഗവണ്‍മെന്റും പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള സര്‍ക്കാര്‍, വൈറസിനെ നേരിടുന്നതിനുള്ള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം അവശത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്ല കരുത്തു പകരുന്ന പാക്കേജ് മാര്‍ച്ച് 19ന് തന്നെ പ്രഖ്യാപിച്ചു.

രണ്ടു മാസത്തെ സാമൂഹ്യ പെന്‍ഷന്‍ കുടിശിക നല്കല്‍, സൗജന്യ റേഷന്‍ നല്കല്‍, റവന്യു റിക്കവറിയും നികുതികളും ഫീസുകളും അടയ്ക്കുന്നതില്‍ ഇളവ് അനുവദിക്കല്‍, നിരീക്ഷണത്തിലുള്ളവര്‍ക്ക് വീട്ടില്‍ ഭക്ഷണമെത്തിക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശിക നല്കല്‍ എന്നീ കാര്യങ്ങള്‍ക്ക് 20,000 കോടി രൂപയാണ് പാക്കേജായി പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിലൂടെ 61 ലക്ഷം കുടുംബങ്ങളില്‍ കുറഞ്ഞത് 7,400 രൂപ ഉടന്‍ എത്തും. കേന്ദ്ര‑സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, പൊതുമേഖലാ ജീവനക്കാര്‍ ഇവരെല്ലാം ചേര്‍ന്നാല്‍ 13 ലക്ഷം പേര്‍ കേരളത്തിലുണ്ട്. അങ്ങനെ ആകെ 86 ലക്ഷം കുടുംബങ്ങള്‍ ഉള്ള കേരളത്തില്‍, 74 ലക്ഷം കുടുംബങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യം ഉറപ്പാക്കിയിരിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സര്‍ക്കാരും ഈ വഴി സ്വീകരിച്ചിട്ടില്ല.

ആയിരത്തിന് താഴെ മാത്രം വരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് 1.45 ലക്ഷം കോടി രൂപയുടെ സൗജന്യം നല്കിയ കേന്ദ്ര സര്‍ക്കാരാണ് 1.70 ലക്ഷം കോടി രൂപയുടെ പാക്കേജുമായി രംഗത്തുവന്നത്. ലോകത്തെ മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിച്ച പാക്കേജുമായി താരതമ്യം ചെയ്താല്‍, വളരെ ചെറിയ പാക്കേജാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നു കാണാം. ജനസംഖ്യയുടെ വലുപ്പവും ഇവിടെ കാണണം. അതിനാല്‍ ഈ കൊറോണ കാലത്ത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിന്റെ മാതൃക സ്വീകരിച്ച്, അ‍ഞ്ചുലക്ഷം കോടി രൂപയുടെയെങ്കിലും പാക്കേജ് പ്രഖ്യാപിക്കുവാന്‍‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുക തന്നെ വേണം. രാജ്യത്തെ അടിയന്തര സാഹചര്യം അതാവശ്യപ്പെടുന്നുണ്ട്.

(അവസാനിക്കുന്നില്ല)

Eng­lish Sum­ma­ry: janayu­gom arti­cle A rus­tic life, a crum­bling economy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.