22 April 2024, Monday

ഏവർക്കും മാന്യമായ ജീവിതം

കെ. പി രാജേന്ദ്രൻ
ജനറൽ സെക്രട്ടറി, എഐടിയുസി
October 2, 2021 4:39 am

രിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് 1945 ഒക്ടോബർ മൂന്നിന് പാരീസിൽ രൂപംകൊണ്ട ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ നീണ്ട 76 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലോകത്തിൽ ഏറ്റവും ആദ്യം രൂപംകൊണ്ട സാർവദേശീയ തൊഴിലാളി പ്രസ്ഥാനമാണ് ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ. ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ പിറവി യാദൃച്ഛികമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തോടെ ഫാസിസം പരാജയമടഞ്ഞ സാഹചര്യത്തിൽ തന്നെ ലോക തൊഴിലാളി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിഞ്ഞിരുന്നു. മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികൾ രാഷ്ട്രീയാവബോധം കൈവരിക്കുകയും സംഘടിക്കുകയും ശക്തിയാർജ്ജിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര തൊഴിലാളി പ്രസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വികസിക്കാനും ആരംഭിച്ചിരുന്നു. ഈ ഘടകങ്ങളെല്ലാം ഒത്തുചേർന്ന് അദ്ധ്വാനിക്കുന്ന വർഗ്ഗം കെട്ടിപ്പടുത്ത ആഗോള പ്രസ്ഥാനമാണ് ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ.
55 രാജ്യങ്ങളിലെ 67 ദശലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ചിരുന്ന 56 ദേശീയ ട്രേഡ് യൂണിയനുകളും ഇരുപതോളം തൊഴിലാളി സംഘടനകളുടെ രാജ്യാന്തര കൂട്ടായ്മകളും ചേർന്ന് പ്രവർത്തനമാരംഭിച്ച ഈ സംഘടന ഇന്ന് 130 രാജ്യങ്ങളിലെ 105 ദശലക്ഷം തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു. ലോക ടേഡ് യൂണിയന്റെ ആരംഭകാലം തൊട്ടേ എഐടിയുസി. അതിൽ അംഗമാണ്. ഐക്യരാഷ്ട്രസഭയിലും യുനസ്ക്കോയിലും ഭക്ഷ്യ കാർഷിക സംഘടനയിലും ലോക ട്രേഡ് യൂണിയൻ ഫെഡറേഷന് സ്ഥിരാംഗത്വമുണ്ട്. തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ സംഘടനകളിൽ നിലനിൽക്കുന്ന കുത്തകാവകാശങ്ങളെ തുറന്നുകാട്ടുന്നതിനും ഫെഡറേഷന്റെ സ്ഥിരാംഗത്വം പ്രയോജനപ്പെടുന്നു.

മെച്ചപ്പെട്ട തൊഴിൽ ബന്ധങ്ങൾ, കൂട്ടായ വിലപേശൽ, സാമൂഹ്യ സുരക്ഷ തുടങ്ങിയ ട്രേഡ് യൂണിയൻ അവകാശങ്ങൾക്കായും സ്വകാര്യവൽക്കരണത്തിനെതിരായും തൊഴിലിടങ്ങളിലെ സുരക്ഷക്കും ആരോഗ്യ സംരക്ഷണാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും തൊഴിലില്ലായ്മക്ക് അറുതി വരുത്തുന്നതിനും തൊഴിൽ രഹിതരുടെ സംരക്ഷണത്തിനും സാമ്രാജ്യത്വത്തിനെതിരായും ആഗോളതലത്തിൽ സാഹോദര്യവും സമാധാനവും വളർത്തുവാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പോരാടുവാനും അന്നും ഇന്നും ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്.
“കഴിഞ്ഞ ആറു വർഷങ്ങളായി ഇന്ത്യയിലെ മോഡിസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവ ലിബറൽ നയങ്ങളേയും തൊഴിലാളികളുടെയും കർഷകരുടെയും ജനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്നതും അവരുടെ ജീവിത നിലവാരം തകർക്കുന്നതുമായ നവ ലിബറൽ നയങ്ങളെയും നടപടികളെയും ഞങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. തൊഴിലാളികൾ അവരുടെ അവകാശ സംരക്ഷണാർത്ഥം പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന് ആഗോള തൊഴിലാളി വർഗം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാലു ലേബർ കോഡുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകൾ 2020 നവംബർ 26ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ പുറപ്പെടുവിച്ച പ്രസ്താവനയാണിത്.

നവംബർ 26ന്റെ പണിമുടക്കിനും അന്ന് മുതൽ ആരംഭിച്ച കർഷക സമരത്തിനും, വൈദ്യുതി ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കും, 2020 ഡിസംബർ എട്ടിന്റെ ഭാരത് ബന്ദിനും 2021 ജനുവരി എട്ടിലെ അഖിലേന്ത്യാ പണിമുടക്കിനും ഓഗസ്റ്റ് ഒന്‍പതിന്റെ ക്വിറ്റ് ഇന്ത്യ‑സേവ് ഇന്ത്യ ദിനാചരണത്തിനും സെപ്റ്റംബർ 24ന് നടന്ന സ്കീം തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനും സ്വകാര്യവല്ക്കരണത്തിനെതിരേ ഇൻഷുറൻസ് മേഖലയിൽ നടന്ന സമരങ്ങൾക്കും ഏറ്റവുമൊടുവിലായി സെപ്റ്റംബർ 27ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനുമെല്ലാം പിന്തുണയും ഐക്യദാർഢ്യവുമായി ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ ഇന്ത്യയിലെ തൊഴിലാളി വർഗത്തോടൊപ്പമുണ്ടായിരുന്നു.

 


ഇതുകൂടി വായിക്കാം; ഓർഡനൻസ് ഫാക്ടറി കരിദിനാചരണം: സിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു


ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ സ്ഥാപകാംഗമായ എഐടിയുസിക്ക് എന്നും അർഹമായ പരിഗണനയും പ്രോത്സാഹനവും ലഭിച്ചിരുന്നു. എഐടിയുസിയുടെ ജനറൽ സെക്രട്ടറിമാരായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയും കെ എൽ മഹേന്ദ്രയും ലോക ട്രേഡ് യൂണിയന്റെ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. എഐടിയുസിയുടെ ദേശീയ പ്രസിഡന്റ് രാമേന്ദ്രകുമാർ ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ പ്രസിഡൻഷ്യൽ കൗൺസിൽ അംഗമാണ്. എഐടിയുസി വർക്കിങ് പ്രസിഡന്റായ എച്ച് മഹാദേവൻ ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ്. ഏഷ്യ‑പസഫിക് മേഖലയുടെ ചുമതലയും അദ്ദേഹം വഹിക്കുന്നു. എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം ഫെഡറേഷന്റെ ഫിനാൻസ് കമ്മിറ്റി കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.

“ഏവർക്കും മാന്യമായ ജീവിതം” അതാണ് ഈ വർഷത്തെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ലോക ട്രേ‍ഡ് യൂണിയൻ ഫെഡറേഷൻ ഉയർത്തുന്ന മുദ്രാവാക്യം. “മാന്യമായ ജീവിതം” എന്നാൽ എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ ആരോഗ്യ പരിരക്ഷ ലഭ്യമാകുന്ന, എല്ലാവർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് നൽകുന്ന, സംഘടന, സ്വാതന്ത്യ്രവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന, വിവേചനങ്ങളിൽ നിന്നും വിമോചനം വാഗ്ദാനം ചെയ്യുന്ന, പരിസ്ഥിതി സംരക്ഷണം പരിപാലിക്കുന്ന, സ്വതന്ത്രമായും നിർഭയമായും തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്വാതന്ത്യ്രവുമുള്ള സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് ഉദ്ദേശിക്കുന്നത്. “ഏവർക്കും മാന്യമായ ജീവിതം” എന്ന മുദ്രാവാക്യമുയർത്തുന്നതിനോടൊപ്പം “പ്രത്യാശ നമ്മുടെ പോരാട്ടങ്ങളിലാണ്” എന്ന സന്ദേശം കൂടി പ്രചരിപ്പിച്ചുകൊണ്ട് ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ സ്ഥാപകദിനമായ ഒക്ടോബർ മൂന്ന് നമുക്ക് സമുചിതമായി ആചരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.