ആനി തോമസ്

February 07, 2021, 5:18 am

മൗലികാവകാശങ്ങളെ തച്ചുതകര്‍ത്ത ബജറ്റ്

Janayugom Online

പോഷകാഹാരം

കേന്ദ്ര സര്‍ക്കാരിന്റെ 2021–2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് രാജ്യത്ത് പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കുന്നതാണെന്നാണ് പ്രചരണം. ഇത് അടിസ്ഥാനമില്ലാത്തതാണെന്നതാണ് വസ്തുതകള്‍ തെളിയിക്കുന്നത്. 112 ജില്ലകളിലെ പോഷകക്കുറവുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധിക പോഷണപദ്ധതിയായ പോഷണ്‍ അഭിയാന്‍, ‘മിഷണ്‍ പോഷണ്‍ 2.0’ എന്ന പേരില്‍ വികസിപ്പിക്കും എന്നായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. വനിതാശിശുക്ഷേമ മന്ത്രാലയത്തിനായി അനുവദിച്ച 24,435 കോടി രൂപയില്‍ ഏറ്റവും കൂടുതല്‍ തുക അതായത് 20,105 കോടി രൂപ അനുവദിച്ചിരിക്കുന്നതും ഈ പദ്ധതിക്കാണ്. എന്നാല്‍ രാജ്യം അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കിക്കൊണ്ട് വ്യക്തമായ കാഴ്ചപ്പാടുകളോടെയാണോ കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതില്‍ സംശയം നിലനില്‍ക്കുന്നു.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പതിറ്റാണ്ടുകളുടെ ശ്രമഫലമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതായെന്നായിരുന്നു കഴിഞ്ഞ മാസം പുറത്തുവന്ന അഞ്ചാമത് ദേശീയ കു­ടുംബ ആരോഗ്യ സര്‍വേ(എന്‍എഫ്എച്ച്എസ്-അഞ്ച്) റിപ്പോര്‍ട്ടിലെ വിവരം. ലോകത്ത് കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ മുരടിപ്പ് കാണുന്നത് ഇന്ത്യയിലാണ്. എന്നാല്‍ വളര്‍ച്ചാ മുരടിപ്പ് കുറയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതായാണ് 2005-06, 2015–16 വര്‍ഷങ്ങളിലെ എന്‍എഫ്എച്ച്എസിന്റെ സര്‍വേയില്‍ പറയുന്നത്. ഈ രണ്ട് ഘട്ടങ്ങളിലായി വളര്‍ച്ചാ മുരടിപ്പില്‍ 10 ശതമാനം കുറവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ നേട്ടങ്ങള്‍ നഷ്ടമായെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടിലെ വിവരം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്‍ പദ്ധതി പരാജയമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഈ സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂളുകളും അങ്കണവാടികളും വഴി നടത്തി വന്നിരുന്ന ഭക്ഷണ വിതരണ പദ്ധതികളും പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് പൊതു സംവിധാനങ്ങളും തടസ്സപ്പെട്ടത് മൂലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ വിഷയത്തിന് പ്രത്യേക പരിഗണന ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലംകണ്ടില്ല എന്നതാണ് വസ്തുത.

അങ്കണവാടി സേവനങ്ങള്‍, പോഷണ്‍ അഭിയാന്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, ദേശീയ ക്രീച്ച് സ്‌കീം എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ നാല് സ്‌കീമുകള്‍ ലയിപ്പിച്ചാണ് പുതിയ സാക്‌സം അങ്കണവാടി അല്ലെങ്കില്‍ മിഷന്‍ പോഷണ്‍ 2.0 രൂപീകരിച്ചിരിക്കുന്നത്. ഈ പദ്ധതികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യം പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളോടെയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി 11–14 വയസിനിടയിലുള്ള പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനും അവര്‍ക്ക് കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം എന്നിവ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ചതാണ്. ജോലിചെയ്യുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് ക്രീച്ച് സ്‌കീം. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ക്കായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പദ്ധതി നിര്‍ണായകവുമാണ്. കൊച്ചുകുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും പോഷകാഹാരവും വികസന ആവശ്യങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ഇടപെടലാണ് അങ്കണവാടി സേവനങ്ങള്‍. നാല് പദ്ധതിക്കും പ്രത്യേകം പ്രത്യേകമായി 2020–21 ലെ ബജറ്റില്‍ അനുവദിച്ച വിഹിതം ഇക്കൊല്ലത്തെ സംയുക്ത വിഹിതവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. സേവനങ്ങള്‍ എങ്ങനെ ഏകീകരിക്കും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ പഠനം ഇല്ലാതെയാണ് കേന്ദ്രം പോഷണ്‍ മിഷന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത്.

രാജ്യത്തെ 112 ജില്ലകളിലുടനീളം പോഷക ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മിഷന്‍ പോഷണ്‍ 2.0 പ്രകാരം തീവ്രമായ പ്രയത്‌നം ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്‍എഫ്എച്ച്എസ്-5 ന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പോഷകാഹാരക്കുറവ് രൂക്ഷമായതിനാല്‍, ഈ ജില്ലകള്‍ക്കപ്പുറത്തേക്ക് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും അങ്കണവാടികളിലും നല്‍കുന്ന ഭക്ഷണത്തോടൊപ്പം മുട്ട ഉള്‍പ്പെടെയുള്ള പോഷക സമൃദ്ധമായ വിഭവങ്ങള്‍ നല്‍കണമെന്ന പോഷകാഹാര വിദഗ്ധരുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കണം. പാ­ല്‍, മുട്ട, മറ്റ് പോഷക ആഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഇത്തരം പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുകയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും വര്‍ഷങ്ങളായി ഈ പദ്ധതികള്‍ക്കായുള്ള ബജറ്റ് വിഹിതത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ആണ് മറ്റൊരു പ്രധാനപ്രശ്‌നം. 2020ലെ കണക്ക് പ്രകാരം രാജ്യത്ത് പ്ര­വര്‍ത്തനക്ഷമമായ അങ്കണവാടികളില്‍ 28 ശതമാനത്തിലും കുടിവെള്ള സൗകര്യമില്ല. 39 ശതമാനം അങ്കണവാടികളില്‍ ശൗചാലയ സൗകര്യമില്ല.

കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഘട്ടത്തില്‍ വീണ്ടും അങ്കണവാടികള്‍ തുറക്കാന്‍ തുടങ്ങുമ്പോള്‍, ഈ കുറവുകള്‍ പരിഹരിക്കേണ്ട അടിയന്തര ആവശ്യമുണ്ട്. പല സംസ്ഥാനങ്ങളിലും നഗരപ്രദേശങ്ങളില്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് ഭൂമി ലഭ്യമല്ല. നഗരപ്രദേശങ്ങളിലെ അങ്കണവാടികളില്‍ 66 ശതമാനവും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്, ഗ്രാമങ്ങളില്‍ ഇത് 19 ശതമാനമാണ്. വാടക ചെലവ് ഒഴിവാക്കാന്‍, സമീപത്തുള്ള പ്രൈമറി സ്‌കൂളുകളും അങ്കണവാടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ അങ്കണവാടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയും ഉണ്ട്. വനിതാ ശിശു വികസന മന്ത്രാലയത്തിന് (എംഡബ്ല്യുസിഡി) മൊത്തത്തില്‍ അനുവദിച്ച ബജറ്റ് മന്ത്രാലയം ആവശ്യപ്പെട്ടതിനേക്കാളും കുറവാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസം

രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠന പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അത് പരിഹരിക്കാനായി ബജറ്റില്‍ ഫലപ്രദമായ പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം 2020 ‑21 ല്‍ അനുവദിച്ചതിനേക്കാള്‍ 6.1 ശതമാനം കുറവാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് 93,224 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപങ്കും (54,873.66 കോടി രൂപ) സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മേഖലയ്ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. ബാക്കി 38,350.65 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ചു. പ്രാഥമിക തലത്തിലെ (ക്ലാസുകള്‍ I‑VIII) വിദ്യാര്‍ത്ഥികളുടെ മൊത്ത അനുപാതം സ്ഥിരമായി ഉയര്‍ന്നതാണ്, ഏകദേശം 97 ശതമാനം. അതായത് മിക്കവാറും എല്ലാ ഇന്ത്യന്‍ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ നിലവാരം ഏറെ താഴ്ന്നതാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ 44.2ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വായിക്കാന്‍ കഴിയൂ. ഗണിതത്തിന്റെ കാര്യത്തില്‍ സ്ഥിതി കൂടുതല്‍ മോശമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ 22.7ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഹരണം ചെയ്യാന്‍ അറിയൂ. ഇന്ത്യ ഒരു പഠന പ്രതിസന്ധിയുടെ നടുവിലാണ് എന്നാണ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. കഠിനമായ വിദ്യാഭ്യാസ ദാരിദ്ര്യത്തോടെയാണ് ഒരു തലമുറയിലെ കുട്ടികള്‍ നാളെ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്കും തൊഴില്‍ മേഖലയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒരു ചെറിയ ശതമാനം കുട്ടികള്‍ മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള 15,000 സ്‌കൂളുകള്‍ ശക്തിപ്പെടുത്തി മാതൃകാപരമായ സ്‌കൂളുകളാക്കി മാറ്റുമെന്ന് ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി അധ്യാപകര്‍ക്കായി ഒരു ദേശീയ പ്രൊഫഷണല്‍ നിലവാരം ചിട്ടപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

എ­­ന്നാല്‍ വായിക്കാനും ഹരിക്കാനും അറിയാത്ത കുട്ടികളുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ ഇത് എങ്ങനെ സഹായിക്കുമെന്ന് ബജറ്റില്‍ പരാമര്‍ശമില്ല. എന്‍ജിഒകളുമായി സഹകരിച്ച് 100 പുതിയ സൈനിക് സ്‌കൂളുകളും ഗോത്രമേഖലയില്‍ 750 ഏക്‌ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും സ്ഥാപിക്കും എന്നതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റ് പദ്ധതികളും ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നതിന് വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഈ ബജറ്റും പരിഹാരം കണ്ടില്ല. ഇന്ന് ഇന്ത്യയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 47.5 ശതമാനം പേര്‍ സ്വകാര്യ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഈ കണക്ക് അതിവേഗം വളരുകയാണ്.

ഗ്രാമീണ സ്വകാര്യ സ്‌കൂള്‍ പ്രവേശനം 1993 ല്‍ നാല് ശതമാനമായിരുന്നെങ്കില്‍ 2018 ല്‍ അത് ഏകദേശം 27 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സ്‌കൂളുകളുടെ ആവിര്‍ഭാവം മാതാപിതാക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തില്‍ അതൃപ്തരാണെന്നതിന്റെ ഗുരുതരമായ സൂചകമാണ്. സ്വകാര്യ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആകെ കുട്ടികളില്‍ 65.1ശതമാനം പേര്‍ക്കും രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വായിക്കാനും 39.8 ശതമാനം പേര്‍ക്ക് ഹരണം ചെയ്യാനും കഴിയും എന്നാണ് സര്‍ക്കാരിതര സംഘടനയായ പ്രഥാമിന്റെ വാര്‍ഷിക സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട്. രാജ്യത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്‌കൂളുകളെക്കാള്‍ വളരെ മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തു­ന്നു എന്നര്‍ത്ഥം. മഹാമാരി വിതച്ച പ്രതിസന്ധിയെ തുടര്‍ന്ന് ഇനിയുള്ള കാലത്ത് സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ വലിയതോതില്‍ എത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കേന്ദ്ര സര്‍ക്കാരിന് അത്രകണ്ട് മനസിലായിട്ടില്ലെന്നതാണ് വസ്തുത. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലായതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്.

വളരെ കുറച്ചുപേര്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കുന്നുള്ളൂ. ഈ പ്രതിസന്ധിക്ക് ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുമ്പോള്‍ ഏത്ര പേര്‍ സ്‌കൂളിലേക്ക് തിരികെ എത്തുമെന്നതും വ്യക്തമല്ല. ഇതിനൊന്നും വേണ്ടി യാതൊരു പദ്ധതിയും ബജറ്റിലില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ നയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തില്‍ മാത്രമാകരുത്, പഠന നിലവാരം ഉയര്‍ത്തുകയും വേണം. കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി നൈപുണ്യ വികസനത്തില്‍ ഊന്നിയാകണം വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കേണ്ടത്. ഇതിനായി സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും കൂടുതല്‍ ചെലവാക്കലുകള്‍ നടത്തുകയും വേണം. ബജറ്റില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇടിവും പഠന നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്ത നയങ്ങളും വെല്ലുവിളിയാകുന്നത് രാജ്യത്തിന്റെ ഭാവിക്കു തന്നെയാണ്.