November 27, 2023 Monday

അബ്ബാ ജാന്‍: പുതിയ വിഭജന മന്ത്രം

പ്രത്യേക ലേഖകന്‍
September 19, 2021 6:00 am

ഇന്നുവരെ അബ്ബാ ജാന്‍ മനോഹരമായ ഒരു വാക്കായിരുന്നു. ഉര്‍ദു ഭാഷയില്‍ മക്കള്‍ അവരുടെ പിതാവിനെ വിളിക്കുന്ന പേര്. ഏത് ഭാഷയിലായാലും ഏത് സമൂഹത്തിലായാലും ആദരിക്കപ്പെടേണ്ട വാക്ക്. എന്നാല്‍ ഇത്രയും ഭംഗിയേറിയ പദം വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒരു പുതിയ വിഭജനമന്ത്രമാക്കി മാറ്റാനാണ് ബിജെപിയുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ശ്രമങ്ങള്‍. ആദിത്യനാഥിന്റെ പ്രസംഗങ്ങളില്‍ അബ്ബാ ജാന്‍ എന്ന പദം ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് മുസ്‌ലിം സമുദായത്തിന്റെ മറ്റൊരു പേരായി പരിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.
ആദിത്യനാഥിന് യുപി മുഖ്യമന്ത്രിയായി ഇനിയും ആറുമാസത്തോളം കാണും. നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നോ നാലോ മാസത്തിനുള്ളിൽ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ താൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ആദിത്യനാഥ് പലപ്പോഴും മറക്കുന്നു. ഒരു വിഭാഗത്തിന്റെ മാത്രം വക്താവെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എപ്പോഴും. തെരഞ്ഞെടുപ്പ് അടുത്തതോടെ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്കും എത്തിക്കഴിഞ്ഞു.
ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ഇതിനകം തന്നെ ഇന്ത്യൻ സമൂഹത്തെ നശിപ്പിച്ചിട്ടുണ്ട്. 2017‑ൽ അധികാരം നേടുന്നതിനായി യുപി വോട്ടർമാരെ ധ്രുവീകരിക്കാൻ ബിജെപി “കബറിസ്ഥാൻ‑ഷംഷാൻ” എന്ന വാചകം ഒരു വിഭജനമന്ത്രമായി ഉപയോഗിച്ചിരുന്നു. ഒരു വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണം എന്ന അര്‍ത്ഥത്തിലായിരുന്നു ഈ വാചകം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നത്. പയറ്റിത്തെളിഞ്ഞ ആ തന്ത്രം അഞ്ച് വർഷങ്ങൾക്ക് ശേഷം ഒരിക്കല്‍ക്കൂടി എത്തുകയാണ്. ആദിത്യനാഥ് അടുത്ത വാക്കു് കണ്ടെത്തിയിരിക്കുന്നു. ആദിത്യനാഥിന്റെ ഒരു പ്രസംഗത്തില്‍ മാത്രമല്ല അബ്ബാജാന്‍ കടന്നുവരുന്നത്. കുഷിനഗര്‍ പ്രസംഗത്തിന് മുമ്പ് മുലായം സിങ് യാദവിനെ അഖിലേഷ് യാദവിന്റെ അബ്ബാ ജാന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും വിദ്വേഷ പോസ്റ്റുകള്‍ അബ്ബാ ജാന്‍ എന്ന വാക്ക് ഹാഷ് ടാഗോടെ ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഉത്തർപ്രദേശിലെ ഭൂരിഭാഗം വോട്ടർമാരും വിഭജന രാഷ്ട്രീയത്തെ പിന്തുടര്‍ന്ന് 2017 ലെ തെറ്റ് ആവർത്തിക്കുകയും ബിജെപിയെ ഒരിക്കൽക്കൂടി അധികാരത്തിലെത്തിക്കുകയും ചെയ്യുമോ എന്ന് കണ്ടറിയണം. 

യുപിയില്‍ അധികാരം നിലനിര്‍ത്തുന്നതിനായുള്ള കുതന്ത്രങ്ങള്‍ക്ക് ബിജെപി മാസങ്ങള്‍ക്കുമുമ്പേ തുടക്കമിട്ടിരുന്നു. വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പെയ്ഡ് സര്‍വേകളിലായിരുന്നു തുടക്കം. നരേന്ദ്ര മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞുവെന്ന കണക്കുകള്‍ രേഖപ്പെടുത്തിയ സര്‍വേകളില്‍ ആദിത്യനാഥിന്റെ ഗ്രാഫ് മാത്രം ഉയര്‍ന്നത് ഏറെ സംശയാസ്പദമായി വീക്ഷിക്കപ്പെട്ടിരുന്നു. ജനങ്ങൾ ആദിത്യനാഥിന്റെ രണ്ടാമൂഴം ആഗ്രഹിക്കുന്നില്ല എന്ന പ്രാഥമിക വിലയിരുത്തലുകള്‍ ബിജെപിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനെയാണ് വിദ്വേഷം ആയുധമാക്കി മറികടക്കാന്‍ ശ്രമിക്കുന്നത്.അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതും ഇപ്പോള്‍ ബിജെപി നേതാക്കളുടെ സ്ഥിരം പ്രസംഗവിഷയമായി മാറിയിട്ടുണ്ട്. ഒരു മാസത്തോളമായി ബിജെപി നടത്തുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കിടുന്ന ഉള്ളടക്കങ്ങളുടെ നാലിലൊന്നും താലിബാന്‍ വിഷയത്തിലേക്ക് മാറിയിരുന്നു. താലിബാന്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന തരത്തില്‍ പ്രതിരോധത്തിനുള്ള ഹിന്ദുത്വ ബ്രാൻഡായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആദിത്യനാഥും ഈ ഉള്ളടക്കങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നു.
നാലരവര്‍ഷം ഭരണത്തില്‍ പിന്നിടുമ്പോഴും എടുത്തുകാണിക്കാന്‍ വികസനനേട്ടങ്ങളൊന്നുമില്ല എന്നതാണ് ബിജെപിയുടെ ദുരവസ്ഥ. കോവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും മറ്റ് അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം സംസ്ഥാനം അഭിമുഖീകരിച്ചിരുന്നു. ഗംഗയില്‍ ഒഴുകിനടക്കുന്ന നൂറുകണക്കിന് മൃതദേഹങ്ങളുടെ കാഴ്ചയ്ക്ക് സര്‍ക്കാരിന് സാക്ഷിയാകേണ്ടിവന്നു. ഓക്സിജന്‍ ക്ഷാമം കാരണമുണ്ടായ നിരവധിയായ മരണങ്ങള്‍ക്കും ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവാദിയായി. സമീപകാലത്ത് അജ്ഞാത പനി പടര്‍ന്നുപിടിച്ചതോടെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഏഴുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയും ചെയ്യുമെന്ന കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇത്തവണയും ബിജെപിക്ക് ആവര്‍ത്തിക്കേണ്ടതായി വരും. ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്ന് ആദിത്യനാഥ് അവകാശപ്പെടുമ്പോള്‍ ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ മറിച്ചാണ് വസ്തുതയെന്ന് തെളിയിക്കുന്നു. യുപിയിലെ വികസനത്തെ സംസ്ഥാനത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ട എന്‍ജിന്‍ നയിക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം നടത്താന്‍ ആരംഭിച്ചിട്ടേയുള്ളൂ. തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് പരാജയം, സാമൂഹിക അനീതികള്‍ എന്നിവയെക്കുറിച്ച് ആളുകൾ സംസാരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ സ്ഥിതിയിലാണ് വീണ്ടും വര്‍ഗീയവാദത്തെ കൂട്ടുപിടിക്കുന്നത്.

ഹിന്ദുത്വ പ്രതീകങ്ങളെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ ബിജെപിയുടെ എതിരാളികളും പിന്നിലല്ലെന്നതും വസ്തുതയാണ്. ബിജെപിക്കൊപ്പം അയോധ്യയില്‍ തന്നെയാണ് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്ന പ്രിയങ്ക ഗാന്ധി തുടര്‍ച്ചയായ ക്ഷേത്ര ദര്‍ശനങ്ങളിലൂടെ തന്റെ ഹിന്ദുത്വ പ്രതിച്ഛായ ഉയര്‍ത്താന്‍ അതീവശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. അയോധ്യയില്‍ ആദ്യമെത്തിയ നേതാവ് ബിഎസ്‌പിയുടെ സതീഷ് മിശ്രയായിരുന്നു. മായാവതിയുടെ റാലികള്‍ ഇത്തവണ ജയ് ശ്രീറാം വിളികളോടെയാണ് ആരംഭിച്ചത്. ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ എസ്‌പിയുടെയും ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഎപിയുടെയും നേതാക്കളും ക്ഷേത്രദര്‍ശനങ്ങളോടെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
ആദിത്യനാഥിന്റെ അബ്ബാ ജാന്‍ വാദത്തിന് അടിസ്ഥാനമില്ലെന്ന് റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2011ലെ സെന്‍സസ് പ്രകാരം 19.98 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 14.86 കോടി ഗുണഭോക്താക്കള്‍ക്കായി 3.59 കോടി റേഷന്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. 2017 മാര്‍ച്ച് 19ന് ആദിത്യനാഥ് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് 14.01 കോടി പേര്‍ റേഷന്‍ ഗുണഭോക്താക്കളായി മാറിയിരുന്നു. 85 ലക്ഷം ഗുണഭോക്താക്കള്‍ മാത്രമാണ് അതിനുശേഷമുള്ള കാലയളവില്‍ റേഷന്‍ വിതരണത്തിന്റെ പരിധിയിലേക്ക് എത്തിയത്. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി റേഷന്‍ കാര്‍ഡ് നല്‍കിയെന്നോ, ഹിന്ദുക്കള്‍ക്ക് നല്‍കിയില്ലെന്നോ ഉള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഒരിടത്തും റേഷൻ കാർഡുകളോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘അവര്‍’ തങ്ങളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന അടിസ്ഥാനരഹിതമായ മുറവിളിയാണ് ഒരു മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുമ്പാകെ വച്ചിരിക്കുന്നത്. ഇന്ത്യയിലെ മിക്ക വികസന സൂചികകളിലും മുസ്‌ലിം ന്യൂനപക്ഷം മറ്റ് ജനവിഭാഗങ്ങളേക്കാള്‍ പിന്നിലാണെന്ന വസ്തുതയും മറച്ചുകൊണ്ടാണ് വിഷലിപ്തമായ പ്രചാരണം. എല്ലാ വ്യക്തികൾക്കും അവരുടെ പൗരാവകാശങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന സമത്വം പ്രാപ്തമാക്കുകയാണ് ഒരു ഭരണകക്ഷിയും സർക്കാരും ചെയ്യേണ്ടതെന്ന് ബിജെപി ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.