കെ പി രാജേന്ദ്രൻ

(ജനറൽ സെക്രട്ടറി, എഐടിയുസി, കേരള ഘടകം)

October 31, 2020, 5:15 am

തൊഴിലാളി-കർഷക-ബഹുജന ഐക്യത്തിനുള്ള കരുത്ത്

ഒക്ടോബർ 31 - എഐടിയുസിയുടെ നൂറാം വാർഷികം
Janayugom Online

കെ പി രാജേന്ദ്രൻ(ജനറൽ സെക്രട്ടറി, എഐടിയുസി, കേരള ഘടകം)

1920 ഒക്ടോബർ 31‑ന് ഇന്ത്യയൊട്ടാകെയുള്ള തൊഴിലാളികളുടെ പ്രതിനിധികൾ ബോംബേയിൽ സമ്മേളിച്ച് രൂപം നൽകിയ തൊഴിലാളി പ്രസ്ഥാനമായ ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ഇന്നേക്ക് നൂറു വയസ് പൂർത്തിയാക്കുന്നു. സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് രൂപംകൊണ്ട എഐടിയുസി തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഉജ്ജ്വലമായ നേതൃത്വം നൽകിക്കൊണ്ടാണ് നൂറുവർഷം പിന്നിടുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനും, മുതലാളിത്ത ചൂഷണത്തിനെതിരേയും പൊരുതിയും ജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്നും വർഗബോധമുള്ള രാഷ്ട്രീയ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകിയും സംഘടന അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

“സംഘടിക്കുക, സമരം ചെയ്യുക, ബോധവൽക്കരിക്കുക — ഇതാണ് ഇന്നത്തെ നമ്മുടെ അടിയന്തര കടമ. തൊഴിലാളികളെ സംഘടിപ്പിക്കുകയും വർഗബോധമുയർത്തുകയും അവരുടെ താല്പര്യ സംരക്ഷണത്തിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്”, 1920‑ൽ എഐടിയുസി സ്ഥാപക സമ്മേളനത്തിൽ ലാലാ ലജ്പത് റായി തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞ ഈ വാക്കുകൾ ഇന്ത്യയിലെ മഹത്തായ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായി. എഐടിയുസിയുടെ ആദ്യ പ്രസിഡന്റും ലാലാ ലജ്പത് റായിയായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് നൂറുക്കണക്കിനാളുകൾ കൊല്ലപ്പെട്ട ജാലിയൻവാലാബാഗ് സംഭവത്തെത്തുടർന്ന് ശക്തിയാർജ്ജിച്ച സ്വാതന്ത്യ്രസമര കാലഘട്ടത്തിൽ തന്നെയാണ് ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനവും രൂപം കൊള്ളുന്നത്. ചരിത്രപ്രധാനമായ ഈ തൊഴിലാളി സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കുന്നത് ഇത്തരുണത്തിൽ പ്രയോജനപ്രദമായിരിക്കും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ താത്ക്കാലിക തൊഴിലാളികളെന്ന ഒരു വിഭാഗം ആവിർഭവിച്ചതോടെ ആരംഭിച്ചതാണ് അടിച്ചമർത്തലുകളും ചൂഷണവും അതിനെതിരായ മുന്നേറ്റങ്ങളും. സ്വയംപര്യാപ്തമായിരുന്ന ഇന്ത്യൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകർന്നതോടെ കർഷകരും കർഷകത്തൊഴിലാളികളും ദരിദ്രരായി മാറി. 1850‑ലും 1890‑നുമിടയിലുണ്ടായ ക്ഷാമം നിരവധി പേരെ കൊന്നൊടുക്കി. ലക്ഷങ്ങളെ പട്ടിണിപ്പാവങ്ങളും യാചകരുമാക്കി. ഈ അരക്ഷിതാവസ്ഥ സൃഷ്ടിച്ച രോഷവും ക്രോധവും കാരണം നിരവധി പ്രക്ഷോഭങ്ങൾ ഉയർന്ന് വന്നെങ്കിലും അതെല്ലാം അധികാരികൾ അടിച്ചമർത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 1857‑ൽ ചില നാട്ടുരാജ്യങ്ങളിൽ കലാപങ്ങൾ ആരംഭിക്കുന്നത്. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്യ്രവും കാരണം നഗരങ്ങളിലേക്ക് കുടിയേറാനും അവിടങ്ങളിൽ ആരംഭിച്ച വ്യവസായശാലകളിൽ കുറഞ്ഞ കൂലിക്കാണെങ്കിൽപോലും പണിയെടുക്കാനും തൊഴിലാളികൾ നിർബന്ധിതരായി. ഈ താത്ക്കാലിക തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ചൂഷണങ്ങൾക്ക് വിധേയരായതും.

ബ്രിട്ടീഷ് കമ്പനികളുടെ വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉറവിടമായും അവരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായും ഇന്ത്യ സാവധാനം പരിവർത്തനപ്പെടുകയായിരുന്നു. അതിനാലാണ് ബ്രിട്ടീഷുകാർ ഇവിടെ റയിലുകൾ സ്ഥാപിച്ചത്. കാപ്പി, തേയില, ചണം തുടങ്ങിയ തോട്ടവിളകൾ വ്യാപിപ്പിച്ചത്. ഭൂരഹിതരായ തൊഴിലാളികൾ ദീർഘകാല കരാറടിസ്ഥാനത്തിൽ തോട്ടങ്ങളിൽ നിയമിക്കപ്പെട്ടത്. കരാർ ലംഘനത്തിന് കഠിനശിക്ഷകൾക്ക് അവർ വിധേയരായത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോഴേക്കും ബ്രിട്ടീഷ് ഇന്ത്യയാകെ മുതലാളിത്ത വ്യവസ്ഥിതി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
ഇന്ത്യയിലെ ആദ്യ തുണിമിൽ 1818‑ൽ ബംഗാളിലാണ് സ്ഥാപിക്കപ്പെട്ടത്. 1839‑ൽ ആസാം ടീ കമ്പനി രൂപീകരിക്കപ്പെട്ടു. 1853‑ൽ റയിൽപ്പാതയുടെ നിർമ്മാണം താനേയിൽ നിന്നും ആരംഭിച്ചു. 1854‑ൽ റാണിഗഞ്ച് റയിൽപ്പാതയുടെ പണി പൂർത്തിയായി. 1854‑ൽ കൽക്കട്ടയിൽ ആദ്യ ചണമില്ലും ബോംബേയിൽ ആദ്യ കോട്ടൺ മില്ലും സ്ഥാപിക്കപ്പെട്ടു. റയിൽവേയുടെ പുരോഗതി വ്യവസായങ്ങളുടെ വളർച്ചക്ക് വഴിയൊരുക്കി.

പക്ഷെ, ഒരു വ്യവസ്ഥയുമില്ലാത്ത അടിമപ്പണിയായിരുന്നു എങ്ങും നിലനിന്നിരുന്നത്. സ്ത്രീ-പുരുഷഭേദമില്ലാതെ തൊഴിലാളികളെ ദിവസേന 16‑ഉം 17‑ഉം മണിക്കൂറുകൾ പണിയെടുപ്പിച്ചിരുന്നു. ബാലവേലയും കുറഞ്ഞ കൂലിയും മനുഷ്യത്വരഹിതമായ വ്യവസ്ഥകളും സാർവത്രികമായിരുന്നു.

ഈ സാഹചര്യങ്ങൾ കാരണം തൊഴിലാളികൾക്കിടയിൽ രോഷവും അസംതൃപ്തിയും ശക്തിപ്പെട്ടു. 1800-കളുടെ പകുതിയിൽ തന്നെ പല മേഖലകളിലും പണിമുടക്കുകളും തൊഴിൽ സമരങ്ങളും അരങ്ങേറിയിരുന്നു. 1827‑ൽ കൽക്കട്ടയിലെ മഞ്ചൽ ചുമട്ടുകാർ ഒരു മാസം നീണ്ടുനിന്ന പണിമുടക്ക് സമരം നടത്തി ചരിത്രത്തിൽ ഇടം നേടി. ജോലി സമയം കുറയ്ക്കുക, കൂലി വർധിപ്പിച്ചു കിട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി നിരവധി പണിമുടക്കുകൾ തുടർന്ന് നടന്നു. റയിൽവേ തൊഴിലാളികൾ, ചണമിൽ തൊഴിലാളികൾ, കാളവണ്ടി തൊഴിലാളികൾ, അച്ചടിശാലകളിലെ തൊഴിലാളികൾ, അലക്ക് തൊഴിലാളികൾ, പാൽ വിതരണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തോട്ടങ്ങളിലേയും ഖനികളിലേയും തൊഴിലാളികൾ, നാവിക തൊഴിലാളികൾ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തിയാർജ്ജിച്ചു.

ഈ സമരങ്ങളെല്ലാം നടക്കുമ്പോൾ രാജ്യത്ത് ഒരു തൊഴിലാളി സംഘടനപോലും രൂപീകൃതമായിരുന്നില്ല. ജാതിയുടേയും മറ്റും അടിസ്ഥാനത്തിലുള്ള ചെറു സംഘടനകൾ നിലവിലുണ്ടായിരുന്നുവെങ്കിലും “തൊഴിലാളി സംഘടന” എന്ന സംവിധാനത്തെക്കുറിച്ച് തൊഴിലാളികൾ അജ്ഞരായിരുന്നു. എന്നിട്ടും കുറഞ്ഞ കൂലിക്കും ചൂഷണാധിഷ്ഠിത തൊഴിൽ സാഹചര്യങ്ങൾക്കും എതിരെ തൊഴിലാളികൾ സംഘടിതമായി പണിമുടക്കുൾപ്പെടെയുള്ള സമരങ്ങൾ നടത്തിയെന്നതാണ് ശ്രദ്ധേയം.

വർഗബോധമുൾക്കൊണ്ടു കൊണ്ടുള്ള തൊഴിലാളികളുടെ ഐക്യപ്രസ്ഥാനങ്ങൾ ആവിർഭവിക്കാൻ തുടങ്ങിയതും സംഘടിത തൊഴിൽസമരങ്ങളും പ്രക്ഷോഭങ്ങളും ആഗോളതലത്തിൽ വ്യാപകമായതുമെല്ലാം നമ്മുടെ രാജ്യത്തും ഒരു തൊഴിലാളി പ്രസ്ഥാനം ആരംഭിക്കേണ്ടതിന്റെ ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരാൻ ആരംഭിച്ചു.

ഇന്ത്യൻ സ്വാതന്ത്യ്രസമരം ശക്തിപ്രാപിച്ചു തുടങ്ങിയ 1900-കളുടെ ആദ്യ കാലഘട്ടം മുതൽക്കേ ദേശീയ പ്രസ്ഥാനത്തിന് സമാന്തരമായി തൊഴിലാളിപ്രസ്ഥാനവും വളരാൻ തുടങ്ങിയിരുന്നു. ജോലിസമയം വർധിപ്പിച്ചതിനെതിരേ ബോംബേ, കൽക്കട്ട, മദ്രാസ്, കാൺപൂർ, അഹമ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. അതോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ള സമരങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം സജീവമായിരുന്നു. സ്വാതന്ത്യ്ര സമര നായകനായിരുന്ന ബാല ഗംഗാധര തിലകനെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെതിരേ 1908 ജൂലൈ 23 മുതൽ 28 വരെ ബോംബേയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് ഈ കാലഘട്ടത്തിലെ ഐതിഹാസിക സമരമായിരുന്നു. ബ്രിട്ടീഷ് പട്ടാളവും തൊഴിലാളികളും തമ്മിൽ അന്ന് ബോംബേ പട്ടണത്തിൽ തെരുവ് യുദ്ധം പോലുമുണ്ടായി. 1917‑ലെ ഒക്ടോബർ വിപ്ലവം ഇൻഡ്യയിലെ തൊഴിലാളികൾക്കും ആവേശവും ഉത്തേജനവും പകർന്ന് നൽകിയിരുന്നു. റൗലത്ത് ആക്ടിനെതിരേ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തിന് കരുത്തും ആവേശവും പകർന്നതായിരുന്നു. 1920‑ന്റെ ആദ്യ പകുതിയിൽ മാത്രം 15 ലക്ഷം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറോളം പണിമുടക്ക് സമരങ്ങൾ രാജ്യമെമ്പാടും നടന്നു.

1917‑ലെ അഹമ്മദാബാദിലെ തുണിമിൽ തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചു. 1918‑ൽ നാവികത്തൊഴിലാളികളും സംഘടിതരായി. കൽക്കട്ടയിലെ പോർട്ട് ട്രസ്റ്റ് തൊഴിലാളി യൂണിയൻ, പ്രസ് എംപ്ലോയീസ് യൂണിയൻ, ട്രാംവേ എംപ്ലോയീസ് അസോസിയേഷൻ, മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ, ബോംബേയിലെ ക്ലർക്ക്സ് യൂണിയൻ, ഏഷ്യാറ്റിക് സലൂൺ ക്രൂ യൂണിയൻ, പഞ്ചാബ് പ്രസ് അസോസിയേഷൻ, ജംഷദ്പൂർ ലേബർ അസോസിയേഷൻ, അഹമ്മദാബാദ് വർക്കേഴ്സ് യൂണിയൻ, ഇന്ത്യൻ കൊള്ള്യേരി (ഖാനി) എംപ്ലോയീസ് അസോസിയേഷൻ, നാഗ്പൂർ റയിൽവേ ലേബർ യൂണിയൻ, ആൾ ഇന്ത്യ പോസ്റ്റൽ-ആർഎംഎസ് യൂണിയൻ, ഇമ്പീരിയൽ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ, ഹൗറ ലേബർ യൂണിയൻ, ഒറിയ ലേബർ യൂണിയൻ, ബംഗാൾ & നോർത്ത് വെസ്റ്റേൺ റയിൽമെൻ അസോസിയേഷൻ, വിവിധ മേഖലകളിലെ റയിൽവേ യൂണിയനുകൾ തുടങ്ങി രാജ്യത്തിന്റെ നാനാമേഖലകളിൽ നിരവധി തൊഴിലാളി സംഘടനകൾ രൂപീകരിക്കപ്പെട്ടു.

ഈ പശ്ചാത്തലത്തിലാണ് 1920 ജൂലൈ 16‑ന് ബോംബേയിൽ ഒരു സമ്മേളനം ചേർന്നതും “ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്” എന്ന സംഘടന രൂപീകരിക്കണമെന്ന് തീരുമാനിക്കുന്നതും. രൂപീകരണസമ്മേളനം വിജയിപ്പിക്കുന്നതിനായി ജോസഫ് ബാപിസ്റ്റ അധ്യക്ഷനായി 500 പേരടങ്ങുന്ന ഒരു സ്വാഗതസംഘത്തെ തിരഞ്ഞെടുത്തു. ഇതിന്റെ തുടർച്ചയായിട്ടാണ് 1920 ഒക്ടോബർ 31‑ന് ബോംബെയിലെ എമ്പയർ തിയറ്ററിൽ ചേർന്ന സമ്മേളനം ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളിവർഗ പ്രസ്ഥാനമായ ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് ജന്മം നൽകുന്നത്. ലാലാ ലജപത് റായ് അധ്യക്ഷത വഹിച്ച ആ സമ്മേളനത്തിൽ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും വിവിധ മേഖലകളിലെ 1,40, 854 തൊഴിലാളികൾ അംഗങ്ങളായ 64 സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റായി ലാലാ ലജപത് റായിയേയും ആദ്യ ജനറൽ സെക്രട്ടറിയായി പി എം പവ്വാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോത്തിലാൽ നെഹ്രു, മൊഹമ്മദാലി ജിന്ന, ആനി ബസന്റ്, വി ജെ പട്ടേൽ, ബി പി വാഡിയ, ജോസഫ് ബാപിസ്റ്റ, ലാലുഭായ് സമൽദാസ്, ബി ഡബ്ല്യു വാഡിയ, ആർ ആർ ക്രാന്തികർ എന്നിവരും ബ്രിട്ടീഷ് ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ സൗഹാർദ്ദ പ്രതിനിധിയായി കേണൽ ജെ സി വെഡ്ജ്യുഡും ഈ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിനെത്തിച്ചേരാൻ കഴിയാതിരുന്ന 43 യൂണിയനുകൾ തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. രൂപീകരണ സമ്മേളനത്തിന്റെ ഭാഗമായി ലാലാ ലജപത് റായിയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനത്തിനും റാലിക്കും ബോംബേ നഗരം അന്ന് സാക്ഷ്യം വഹിച്ചു. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ലാല ലജപത് റായി ഇങ്ങനെ ഉദ്ബോധിപ്പിക്കുകയുണ്ടായി. “ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ ചുമതല തൊഴിലാളികളെ സംഘടിപ്പിക്കുകയും അവർക്ക് സംഘടനാപരമായ വിദ്യാഭ്യാസം നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയുമാണ്. നാം നമ്മുടെ തൊഴിലാളികളെ സംഘടിപ്പിക്കണം. അവരെ വർഗബോധമുള്ളവരാക്കണം. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായി അവർ ഉയർന്നുവരണം. ”

1927‑ലാണ് ഔദ്യോഗികമായി മെയ് ദിനാചരണത്തിന് എഐടിയുസി ആഹ്വാനം ചെയ്യുന്നത്. 1928 മുതൽ 1931 വരെയുള്ള മൂന്ന് വർഷങ്ങൾ തൊഴിലാളിവർഗം രാഷ്ട്രീയമായി ഏറെ മുന്നേറിയ കാലഘട്ടമായിരുന്നു. സ്വാതന്ത്യ്രസമരത്തിലും ദേശീയ പ്രസ്ഥാനത്തിലും സോഷ്യലിസ്റ്റ് വീക്ഷണമുള്ളവർക്ക് ഏറെ സ്വാധീനം ചെലുത്താനായ ഒരു കാലഘട്ടം കൂടിയായിരുന്നു അത്.
1921‑ൽ ത്സാരിയയിൽ നടന്ന എഐടിയുസിയുടെ രണ്ടാമത് സമ്മേളനം “സ്വരാജ” (സമ്പൂർണ്ണ സ്വാത്രന്ത്യ്രം) എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രമേയം പാസാക്കുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് “പൂർണ്ണ സ്വരാജ്” പ്രമേയം പാസാക്കുന്നത് പിന്നേയും നിരവധി വർഷങ്ങൾക്ക് ശേഷം 1929‑ലാണ്. തുടക്കം മുതൽക്കേ എഐടിയുസി സ്വാതന്ത്യ്രസമര പ്രസ്ഥാനവുമായും സോഷ്യലിസ്റ്റ് ആദർശങ്ങളുൾക്കൊള്ളുന്ന സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. രൂപീകൃതമായ 1920 മുതൽ എഐടിയുസി അന്താരാഷ്ട്ര തൊഴിൽ സംഘടനയിലും അംഗമാണ്.

പോരാട്ടവീര്യമുൾക്കൊണ്ട എഐടിയുസി നേതൃത്വം സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് 1923‑ലെ വർക്കേഴ്സ് കോമ്പൻസേഷൻ ആക്ടും, 1926‑ലെ ട്രേഡ് യൂണിയൻ ആക്ടും പോലുള്ള നിരവധി തൊഴിലാളിക്ഷേമ നിയമങ്ങൾ രാജ്യത്ത് നടപ്പായത്. അതോടൊപ്പം തൊഴിലാളി കളുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ജോലിസമയം കുറച്ചുകൊണ്ട് വരുന്നതിനും കഴിയുംവിധത്തിലുള്ള തീരുമാനങ്ങളും ഉണ്ടായി. ഇതെല്ലാം തൊഴിലാളികളിൽ സംഘടനാ ബോധത്തോടൊപ്പം ഉത്തരവാദിത്ത ബോധവും വർധിപ്പിച്ചു.

1920 മുതൽ 1947 വരെ 27 വർഷക്കാലം രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി നടന്ന എണ്ണമറ്റ സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ തൊഴിലാളികൾ രക്തസാക്ഷികളായി. ബോംബെ, തെലങ്കാന, അഹമ്മദാബദ്, പഞ്ചാബ്, കോയമ്പത്തൂർ, പോണ്ടിച്ചേരി, കേരളം എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വാതന്ത്യ്രസമര പോരാട്ടങ്ങളിൽ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളെ രാഷ്ട്രം പിന്നീട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സ്വാതന്ത്യ്രത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 1972‑ൽ രാഷ്ട്രം സ്വാതന്ത്യ്രസമര സേനാനികളെ താമ്രപത്രം നൽകി ആദരിച്ചപ്പോൾ അതേറ്റു വാങ്ങിയവരിൽ നല്ലൊരു പങ്കും തൊഴിലാളി നേതാക്കളായിരുന്നു. 1996‑ൽ അധികാരമേറ്റ കേന്ദ്ര സർക്കാർ പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്യ്ര സമരമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള വസ്തുതകളാണ്.

1920 ഒക്ടോബർ 31‑ന് നടന്ന രൂപീകരണ സമ്മേളനത്തിന് ശേഷം 1947 വരെ 22 ദേശീയ സമ്മേളനങ്ങൾ നടന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, വി വി ഗിരി, എസ് എ ഡാങ്കേ, മൃണാൾ കാന്ത് ബോസ്, ജോസഫ് ബാപ്റ്റിസ്റ്റ, സി ആർ ദാസ്, ദിവാൻ ചമൻലാൽ, എൻ എം ജോഷി, എസ് പി ദേശ്പാണ്ഡേ തുടങ്ങി രാജ്യത്തെ ഏറ്റവും ഉന്നതരായ ദേശീയ നേതാക്കൾ എഐടിയുസിയുടെ ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിരുന്നു. 1947‑ന് ശേഷം എഐടിയുസിയിൽ ആദ്യത്തെ പിളർപ്പുണ്ടായതും പിന്നീട് വിവിധ സന്ദർഭങ്ങളിലായി മറ്റ് കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകൾ രൂപം കൊണ്ടതുമെല്ലാം മറ്റൊരു ചരിത്രമാണ്.
2020‑ൽ എഐടിയുസി അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത് 42-ാം ദേശീയ സമ്മേളനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ രണസ്മരണകൾ നിറഞ്ഞുനിൽക്കുന്ന ആലപ്പുഴയിലാണ് ദേശീയ സമ്മേളനം ചേരുന്നത്.
ഇന്ന് രാജ്യത്തെ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേർന്ന് ഒരു പൊതു വേദിയിൽ നിന്നുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുകയാണ്. പാർലമെന്റ് പാസാക്കിയ തൊഴിലാളിവിരുദ്ധ നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്. 2020 നവംബർ 26ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്ക് ഒരു ചരിത്ര സംഭവമാകും. ബ്രിട്ടീഷുകാർ കൊണ്ടുവന്നതുൾപ്പെടെ രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴിൽ നിയമങ്ങൾ റദ്ദാക്കപ്പെട്ടതോടെ കഠിനവും തീഷ്ണവുമായ സാഹചര്യങ്ങളിലേക്ക് തൊഴിലാളികളെ തള്ളിവിടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. മൂലധന ശക്തികളുടേയും ബഹുരാഷ്ട്ര കുത്തക കളുടേയും മുന്നിൽ ഇന്ത്യാഗവണ്മെന്റ് കീഴടങ്ങുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തൊഴിലാളി-കർഷക-ബഹുജന ഐക്യം ശക്തിപ്പെടുന്നു എന്നത് രാജ്യത്തെ ആദ്യ തൊഴിലാളി സംഘടന നൂറാം വാർഷികത്തിലേക്ക് നീങ്ങുന്ന ഈ അവസരത്തിൽ പ്രതീക്ഷ നൽകുന്നു.