ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

November 04, 2020, 5:30 am

അമർത്യാസെന്നും സെന്നിന്റെ വികസന സമീപനവും

Janayugom Online

ഡോ. കെ പി വിപിൻ ചന്ദ്രൻ

(ലേഖകൻ കണ്ണൂർ കൃഷ്ണ മേനോൻ ഗവൺമെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)

സാമ്പത്തിക ശാസ്ത്രത്തിന് മാനുഷിക മുഖം നല്കിയ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യാസെന്നിന് 2020 നവംബർ മാസം 3 ന് 87 വയസ്സ് തികയുന്നു. 1933 നവംബർ 3 ന് പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ പശ്ചിമ ബംഗാൾ പബ്ലിക്ക് സർവ്വീസ് ചെയർമാനും ധാക്ക സർവ്വകലാശാലയിലെ പ്രൊഫസറായ അശുതോഷ് സെന്നിന്റെയും അമിതാസെന്നിന്റെയും മകനായി ജനിച്ചു. രവീന്ദ്രനാഥ ടാഗോറാണ് അമർത്യാ എന്ന് നാമകരണം ചെയ്തത്.

ശാന്തിനികേതനിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1953 — ൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ മറ്റൊരു ബിരുദം കൂടി കരസ്ഥമാക്കി. 23 വയസിൽ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി നിയമിതനായി. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം കേംബ്രിഡ്ജിൽ ഗവേഷണത്തിനായി മടങ്ങി. 1959‑ൽ ‘ദി ചോയ്സ് ഓഫ് ടെക്നിക്സ്’ എന്ന പേരിൽ പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചു. തുടർന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിംഗ് പ്രൊഫസറായി. പിന്നീട് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ഹാർവാഡ് യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

1998‑ലെ സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു പുറമേ ഭാരത് രത്ന, ആഡംസ്മിത്ത് പ്രൈസ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സെന്നിന്റെ മിക്ക ഗ്രന്ഥങ്ങളും 30 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ് ചോയിസ് ഓഫ് ടെക്നിക് ‑1960, കളക്ടീവ് ചോയ്സ് ആന്റ് സോഷ്യൽ വെൽഫയർ ‑1970, പോവർട്ടി ആന്റ് ഫാമിൻസ് ‑1981,ഹംഗർ ആന്റ് പബ്ളിക് ആക്ഷൻ ‑1989,ഇൻഇക്വാലിറ്റി റീ എക്സാമിൻഡ് ‑1992,ഇന്ത്യ: ഇക്കണോമിക് ഡെവലപ്പ്മെന്റ് ആന്റ് സോഷ്യൽ ഓപ്പർച്യൂണിറ്റി — 1995,ഇന്ത്യൻ ഡവലപ്പ്മെന്റ്: സെലക്ടഡ് റീജിയണൽ പെർസ്പക്ടീവ്സ് ‑1997,ഡെവലപ്പ്മെന്റ് ആസ് ഫ്രീഡം- 1999,ദി ആർഗുമെന്റേറ്റീവ് ഇന്ത്യൻ ‑2005,ദി ഐഡിയ ഓഫ് ജസ്റ്റീസ് ‑2009,ആൻ അൺസേർട്ടേൺ ഗ്ലോറി: ഇന്ത്യ ആന്റ് ഇറ്റ്സ് കോൺട്രഡിക്ഷൻസ് ‑2013 തുടങ്ങിയവയാണ്. ക്ഷാമം, മാനവിക വികസനം, ക്ഷേമ സാമ്പത്തിക ശാസ്ത്രം, ദാരിദ്ര്യത്തിന്റെ പരിഹാരമാർഗങ്ങൾ, ലിംഗ അസമത്വം, പൊതു ഇടപെടലുകൾ വേണ്ടിയുള്ള വാദം എന്നിവയെകുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് അമർത്യാ സെന്നിനെ ‘മദർ തെരേസ ഓഫ് ഇക്കണോമിക്സ്’ എന്ന് വിളിക്കുന്നു.

സെന്നും ക്ഷേമസാമ്പത്തിക ശാസ്ത്രവും സമൂഹത്തിന്റെ ക്ഷേമം അളക്കുന്നതാണ് ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്നം. ഇന്ന് ഗണിത സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായി അറിയപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രതന്ത്രം, നീതിശാസ്ത്രം, തത്വശാസ്ത്രം, സാമ്പത്തിക നയവും ആസൂത്രണവും സംബന്ധിച്ച സിദ്ധാന്തം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ക്ഷേമ സാമ്പത്തികശാസ്ത്രം ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേമ സാമ്പത്തികശാസ്ത്രത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് സെൻ. അമർത്യാ സെന്നിന് നോബൽ പുരസ്കാരം നൽകിയത് അദ്ദേഹം ‘ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ’ പരിഗണിച്ചാണ്. സെന്നിന്റെ ശാസ്ത്രീയമായ ഗവേഷണത്തിന്റെ തുടക്കം മുതൽ സാമൂഹ്യ മൂല്യങ്ങളും സാമ്പത്തിക വസ്തുതകളും തമ്മിലുള്ള വിടവ് നികത്താൻ പരിശ്രമിച്ചിരുന്നു. ക്ഷേമ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് അദ്ദേഹം വിശദമാക്കിയത് 1970‑ൽ പ്രസിദ്ധീകരിച്ച ‘കൂട്ടായ തെരഞ്ഞെടുപ്പും സാമൂഹികക്ഷേമവും”, 1973‑ലെ ‘സാമ്പത്തിക അസമത്വത്തെ കുറിച്ച്’, 1981- ലെ ‘ദാരിദ്ര്യവും ക്ഷാമവും’ ഈ ഗ്രന്ഥങ്ങളിലൂടെയാണ്. 1982‑ൽ പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുപ്പ്, ക്ഷേമം, അളവ്’ എന്ന ലേഖന സമാഹാരവും ക്ഷേമസാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.

വസ്തുവകകളല്ല ക്ഷേമം സൃഷ്ടിക്കുന്നത് എന്ന ആശയത്തിനാണ് സെൻ ഊന്നൽ കൊടുക്കുന്നത്. പകരം എന്താവശ്യത്തിനാണോ വസ്തുവകകൾ നേടുന്നത് എന്നതാണ് ക്ഷേമത്തിന്റെ അടിസ്ഥാനമെന്ന് സെൻ സ്ഥാപിച്ചു. ഈ കാഴ്ചപ്പാട് അനുസരിച്ച് വരുമാനത്തിന് പ്രാധാന്യമുണ്ടാകുന്നത് അത് സൃഷ്ടിക്കുന്ന അവസരങ്ങളുടെ പേരിലാണ്. പക്ഷേ, യഥാർത്ഥ അവസരങ്ങളും കഴിവുകളും മറ്റും ആരോഗ്യം പോലെയുള്ള മറ്റു നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ഷേമത്തിന്റെ അളവെടുക്കുമ്പോൾ ഇത്തരം ഘടകങ്ങളെയും പരിഗണിച്ചേ മതിയാകൂ. മാനവിക വികസന സൂചിക പോലുള്ള ബദൽ വികസന സൂചികകളെല്ലാം വികസിപ്പിച്ചെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ മൂല്യങ്ങളും സാമൂഹിക തിരഞ്ഞെടുപ്പുകളും തമ്മിലുള്ള ബന്ധമാണ് സെന്നിന്റെ ആശയത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറയിട്ടത്. അസമത്വം, ദാരിദ്ര്യം, പട്ടിണി, ക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യ പ്രസക്തിയുള്ള പൊതു വിഷയങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന സമീപനമാണ് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ചു പോന്നിരുന്നത്. എന്നാൽ സെൻ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്കികൊണ്ട് ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലൂടെ ഇത്തരം സാമൂഹിക പ്രസക്തിയുള്ള പൊതു വിഷയങ്ങളെ ആഗോള ശ്രദ്ധയിലെത്തിക്കാൻ ശ്രമിച്ചത്. മാനവിക വികസന സമീപനം ഒരു വശത്ത് വികസന സാമ്പത്തിക ശാസ്ത്രത്തിലും മറുവശത്ത് ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലും അമർത്യാസെൻ ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ഈ ഘട്ടത്തിൽ മാനവികവികസനം രണ്ട് സാമ്പത്തികശാസ്ത്രങ്ങളുടെ സമന്വയമായി കണക്കാക്കാം. പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രജ്ഞനായ മഹബൂബ് ഉൾഹഖിന്റെ നേതൃത്വത്തിൽ അമർത്യാസെന്നിന്റെ ഉപദേശത്തോടെ യു എൻ ഡി പി 1990‑ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മാനവിക വികസന റിപ്പോർട്ടിലാണ് ‘മാനവിക വികസന സൂചിക’ എന്ന ആശയം വികസിപ്പിച്ചെടുത്തത്. മാനവിക വികസനം എന്ന ആശയം സങ്കീർണ്ണവും ബഹുമുഖവുമാണ്. ഒരു രാജ്യത്തിന്റെ ജീവിത നിലവാരം അളക്കാൻ മാനവിക വികസന സൂചിക (എച്ച്ഡിഐ) വ്യാപകമായി ഉപയോഗിക്കുന്നു. മൂന്ന് സൂചികകളെ അടിസ്ഥാനമാക്കിയാണ് എച്ച്ഡിഐ കണക്കാക്കുന്നത്. ആരോഗ്യ നിലവാരം, അറിവിനെ പ്രതിനിധീകരിക്കുന്നതിനുള്ള വിദ്യാഭ്യാസ നേട്ടം, വരുമാനത്തെ പ്രതിനിധികരിക്കുന്നതിന് യഥാർത്ഥ ജിഡിപി എന്നിവയാണ് ഇതിന് ആധാരം. സാമ്പത്തിക വികസനം മാനവികവികസനത്തിന് ആവശ്യമാണെങ്കിലും വളർച്ചയുടെ ഗുണനിലവാരമാണ് മനുഷ്യന്റെ ക്ഷേമത്തിന് നിർണായകമായത്. ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അവിടുത്തെ ജനങ്ങളാണ്. വികസനത്തിന്റെ ലക്ഷ്യം അവർക്ക് ദീർഘവും ക്രിയാത്മകവും ആരോഗ്യകരമായ ജീവിതം ആസ്വദിക്കാൻ പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. ഒരു സമൂഹത്തിന്റെ ജീവിത നിലവാരം നിർണയിക്കേണ്ടത് ശരാശരി വരുമാന നിലവാരത്തിലല്ല മറിച്ച് അവർ വിലമതിക്കുന്ന ജീവിതം നയിക്കാനുള്ള ആളുകളുടെ കഴിവുകളിലാണെന്ന് സെൻ വാദിക്കുന്നു. ദാരിദ്ര്യവും ക്ഷാമവും സെന്നിന്റെ പ്രധാന ഗവേഷണ വിഷയങ്ങളിലൊന്നായ ക്ഷാമത്തോടുള്ള താല്പര്യം വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

സെന്നിന് ഒമ്പത് വയസ്സുള്ളപ്പോൾ 1943 — ലെ ബംഗാൾ ക്ഷാമത്തിന് സാക്ഷിയായി. ബംഗാൾ ക്ഷാമത്തിൽ മൂന്ന് ദശലക്ഷം ആളുകളെ ബാധിക്കുകയും കുറേപേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സെൻ തന്റെ ഗവേഷണത്തിലൂടെ ബംഗാൾ ക്ഷാമത്തിന്റെ പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തി. പൂഴ്ത്തിവെയ്പ്പ്, ഭക്ഷ്യവിതരണ സംവിധാനത്തിന്റെ പോരായ്മാ, വിലക്കയറ്റം, ബ്രീട്ടീഷ് സർക്കാരിന്റെ ഇടപെടലുകൾ എന്നിവയാണ് ക്ഷാമത്തിലേക്ക് നയിച്ചത്. 1981‑ൽ പ്രസിദ്ധീകരിച്ച ‘ദാരിദ്ര്യവും ക്ഷാമവും’ എന്ന കൃതിയിൽ ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും കാര്യകാരണങ്ങളെ വിശദീകരിക്കുന്നു. വിശാലമായ ‘സാമ്പത്തിക’ പ്രശ്നമായി ക്ഷാമങ്ങളെ കാണുകയെന്നതായിരുന്നു സെൻ സ്വീകരിച്ച സമീപനം. ഓരോ വ്യക്തിക്കും എങ്ങനെ ആഹാരം വാങ്ങാനോ അല്ലെങ്കിൽ അതിനുള്ള ശേഷി ആർജ്ജിക്കാനോ കഴിയും എന്നതായിരുന്നു അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന, കൊറിയ, എത്യോപ്യ, സഹാറൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ക്ഷാമത്തെക്കുറിച്ച് സെൻ പഠനവിധേയമാക്കി.

ക്ഷാമത്തിന്റെ കാരണങ്ങളെക്കുറിച്ച് സെൻ തന്റെ കൃതിയിലൂടെ വിശദീകരിക്കുകയും എല്ലാ ക്ഷാമങ്ങളും പ്രകൃതി ദുരന്തങ്ങളുടെ ഫലമല്ലെന്നും സെൻ നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ലോകത്തിലെ ക്ഷാമങ്ങളിൽ ഭൂരിഭാഗവും മനുഷ്യ നിർമ്മിതമാണ്. മിക്ക പ്രദേശങ്ങളിലും ഭക്ഷ്യധാന്യങ്ങളുടെ ചലനാത്മകത, സർക്കാരിന്റെ ഭക്ഷ്യധാന്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം, ദരിദ്രരും പാവപ്പെട്ടവരും നേരിടുന്ന വാങ്ങൽ ശേഷിയില്ലായ്മ എന്നിവമൂലമാണ് ക്ഷാമം ഉണ്ടാകുന്നത്. പാവപ്പെട്ടവർക്ക് തൊഴിലവസരങ്ങളുടെ അഭാവംമൂലം വരുമാനമുണ്ടാകാത്തതും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയാത്തതും അതിനൊപ്പം സർക്കാരിന്റെ കാര്യമായ ഇടപെടലുകളില്ലാത്തതും ക്ഷാമത്തിന് കാരണമായി മാറുന്നു. സ്വാതന്ത്ര്യമാണ് വികസനം സ്വാതന്ത്ര്യത്തിന്റെ വികാസമാണ് വികസനത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും മാർഗവും. യുക്തിപരമായി തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിമിതപ്പെടുത്തുന്ന പലതരത്തിലുള്ള അസ്വാതന്ത്ര്യങ്ങളുടെ അപഹരണമാണ് വികസനം. അസ്വാതന്ത്ര്യങ്ങളുടെ മുഖ്യ സ്രോതസുകളായ ദാരിദ്ര്യം, മർദ്ദനം, മോശപ്പെട്ട സാമ്പത്തികാവസരങ്ങൾ, ക്രമാനുഗതമായ സാമൂഹ്യ ദുരിതാനുഭവങ്ങൾ, പൊതു സേവന സൗകര്യങ്ങളെ അവഗണിക്കൽ എന്നിവയെല്ലാം ഇല്ലാതാക്കേണ്ടത് വികസനത്തിന് അത്യന്താപേക്ഷിതമാണ്. 1999‑ൽ പ്രസിദ്ധീകരിച്ച ‘സ്വാതന്ത്ര്യമാണ് വികസനം’ എന്ന കൃതിയിലൂടെയാണ് വികസന സാമ്പത്തിക ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹിക അടിത്തറ എന്താണ് എന്നതാണ് സെന്നിന്റെ അടിസ്ഥാന അന്വേഷണം.

ഈ അന്വേഷണത്തിന് അദ്ദേഹം ആധാരമാക്കിയത് ആഡം സ്മിത്തിന്റെ ചിന്താധാരയാണ്. അസ്വാതന്ത്ര്യങ്ങൾ പലതരത്തിലുണ്ട്. ക്ഷാമം മനുഷ്യന് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു. കുടിവെള്ളം, ശുചീകരണ സൗകര്യങ്ങൾ, ആരോഗ്യ സംവിധാനങ്ങളില്ലാതെയും അനാരോഗ്യംമൂലവും അനേകായിരങ്ങൾ നിരവധി അസ്വാതന്ത്ര്യങ്ങൾ അനുഭവിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളിലും സാമൂഹിക സുരക്ഷ സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും തൊഴിലില്ലായ്മമൂലവും ധാരാളംപേർ അസ്വതന്ത്രരാണ്. സ്ത്രീ-പുരുഷ അസമത്വങ്ങളും ഒട്ടേറെ പേരുടെ ജീവിതം അപകടപ്പെടുത്തുന്നു. 1992‑ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ‘അപ്രത്യക്ഷമാകുന്ന സ്ത്രീജനങ്ങൾ’ എന്ന ലേഖനം ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഇന്ത്യയിൽ അക്കാലത്ത് തന്നെ 230 ലക്ഷം സ്ത്രീകളും ചൈനയിൽ 290 ലക്ഷം സ്ത്രീകളും എങ്ങനെ അപ്രത്യക്ഷമായിയെന്ന് സെൻ ചൂണ്ടികാട്ടുന്നു. സ്ത്രീകൾ അനുഭവിക്കുന്ന എണ്ണമില്ലാത്ത അസ്വാതന്ത്രങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ സ്വാതന്ത്ര്യങ്ങളെ വിപുലീകരിക്കുന്ന ഒരു പ്രക്രിയയായി വികസനത്തെ കാണാൻ കഴിയുമെന്നാണ് സെൻ വാദിക്കുന്നത്. മാനവിക സ്വാതന്ത്ര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വികസനത്തെ മൊത്തം ദേശീയോല്പാദനത്തിന്റെ വളർച്ചയായോ, വ്യക്തികളുടെ വരുമാനത്തിന്റെ ഉയർച്ചയായോ, വ്യവസായവൽക്കരണമായോ, സാങ്കേതിക‑ശാസ്ത്രപരമായ പുരോഗതിയായോ, സാമൂഹികമായ ആധുനീകരണമായോ കാണുന്ന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുന്നു. പക്ഷേ സ്വാതന്ത്ര്യങ്ങൾ മറ്റ് നിർണ്ണായക ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

സാമൂഹികവും സാമ്പത്തികവുമായ ക്രമീകരണങ്ങൾ (ഉദാ: വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനുമുള്ള സൗകര്യങ്ങൾ), രാഷ്ട്രീയാവകാശങ്ങൾ, പൗരാവകാശങ്ങൾ (ഉദാ. പൊതുവായ ചർച്ചയിലും സൂക്ഷ്മപരിശോധനയിലും ഭാഗഭാക്കാകാനുള്ള സ്വാതന്ത്ര്യം) എന്നിങ്ങനെ. അതുപോലെ തന്നെ, വ്യവസായവൽക്കരണത്തിനും സാങ്കേതിക‑ശാസ്ത്രപരമായ പുരോഗതിക്കും സാമൂഹികമായ ആധുനീകരണത്തിനും മാനവിക സ്വാതന്ത്ര്യത്തിന്റെ വിപുലീകരണത്തിന് മൂർത്ത സംഭാവനകൾ നൽകാൻ കഴിയും. അഞ്ചുതരം വ്യത്യസ്ത സ്വാതന്ത്ര്യങ്ങളെയാണ് അനുഭവാധിഷ്ഠിത പഠനങ്ങളിലൂടെ സെൻ പരിശോധിക്കുന്നത്. (1) രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ (2) സാമ്പത്തിക സൗകര്യങ്ങൾ (3) സാമൂഹികാവസരങ്ങൾ (4) സുതാര്യതയ്ക്കുള്ള മുന്നുറപ്പുകൾ (5) സംരക്ഷണപരമായ മുന്നുറപ്പുകൾ. ഈ അഞ്ച് വ്യത്യസ്ത തരം അവകാശങ്ങളും അവസരങ്ങളും ഓരോ വ്യക്തിയുടെ സാമാന്യമായ കഴിവ് ഉയർത്താൻ സഹായിക്കുന്നതാണ്. വ്യക്തികളുടെ സ്വാതന്ത്ര്യമെന്ന അടിസ്ഥാനശിലകളിൽ നിന്നുകൊണ്ടാണ് സ്വാതന്ത്ര്യമാണ് വികസനമെന്ന ആശയത്തിലേക്ക് സെൻ കടക്കുന്നത്. വ്യക്തികളുടെ പ്രാപ്തി വർധിപ്പിക്കാതെ തനിക്ക് വിലപ്പെട്ട ലക്ഷ്യം നേടാനുള്ള സ്വാതന്ത്ര്യം ഉണ്ടാവില്ല. അതേസമയം സമൂഹത്തിൽ യഥാർത്ഥ സ്വാതന്ത്യമില്ലാതെ പ്രാപ്തി വർധിപ്പിക്കാനുള്ള അവസരങ്ങളും ഉണ്ടാവുകയില്ല. ഒരു സമൂഹത്തിന്റെ വികസനം വിലയിരുത്തുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ഈ ഘടകങ്ങൾ കൂടി പരിഗണിക്കണം.

സ്വാതന്ത്ര്യം ഒരു പ്രക്രിയ എന്ന നിലയിലും അവസരമെന്ന നിലയിലും പ്രധാനമാണ്. സെന്നിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടും ചേർന്നതാണ് സ്വാതന്ത്ര്യം. സെന്നും കേരളത്തിന്റെ വികസനാനുഭവവും സെന്നും ജീൻഡ്രീസും ചേർന്നവതരിപ്പിച്ച പൊതു പ്രവർത്തനസിദ്ധാന്തത്തിൽ കേരളത്തെകുറിച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ ആശയം കൃത്യമായി ഒരു ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നില്ലെങ്കിലും 1989 ൽ പ്രസിദ്ധീകരിച്ച ‘പട്ടിണിയും പൊതുപ്രവർത്തനവും’, 1995 ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യ: സാമ്പത്തിക വികസനവും സാമൂഹ്യ അവസരവും’, 1997 ൽ പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ ‘ഇന്ത്യൻ വികസനം: തെരഞ്ഞെടുത്ത മേഖല പരിപ്രേക്ഷ്യങ്ങൾ’ എന്നീ ഗ്രന്ഥങ്ങളിലൂടെ ഈ ആശയം വിശദീകരിക്കുന്നു. മാനവിക വികസനത്തിൽ പൊതുപ്രവർത്തനത്തിന്റെ പങ്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുകയെന്നതാണ്. ദുർബലവിഭാഗങ്ങളുടെ മാനവവിഭവശേഷി ഉയർത്തുക മുതൽ സാമ്പത്തിക വികസനം വർധിപ്പിച്ച് സ്വകാര്യ വരുമാനവും പാവങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നിവയിലധിഷ്ഠിതമാണിത്. ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെയും നയപരിപാടികളെയും വിലയിരുത്തേണ്ടത്, അവ ജനങ്ങൾക്ക് സുഭദ്രവും അർത്ഥ വത്തായതുമായ ജീവിതം നയിക്കാനുള്ള പ്രാപ്തി എത്രമാത്രം വർധിപ്പിച്ചുവെന്നതാണ്. ഇവിടെ ഭരണകൂടത്തിന്റെ പ്രവർത്തനം വളരെ പ്രധാനമാണ്. എന്നാൽ കൂടുതൽ നിർണായകമായി പൊതുജനങ്ങൾ അവർക്കുവേണ്ടി എന്ത് ചെയ്യുന്നു എന്നതാണ് — അതായത്, പൊതുപ്രവർത്തനം.

ഇതിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ, സന്നദ്ധസംഘടനകൾ, സമ്മർദ്ദ ഗ്രൂപ്പുകൾ, രാഷ്ട്രീയപ്രവർത്തനം, പ്രതിപക്ഷ രാഷ്ട്രീയം, മാധ്യമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ജനക്ഷേമം വർധിപ്പിക്കുന്നതായി ഭരണകൂടത്തെ സ്വാധീനിക്കുന്ന ധർമ്മമാണ് ഈ പ്രവർത്തനങ്ങളിലൂടെ നിർവ്വഹിക്കുക. സാമൂഹികാവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും പൊതുപ്രവർത്തനം കൂടുതൽ അർത്ഥവത്താക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം പ്രാധാന്യമർഹിക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം, ആയുർദൈർഘ്യം, ഭൂപരിഷ്കരണം, സാമൂഹിക ക്ഷേമം തുടങ്ങിയ സാമൂഹിക നേട്ടങ്ങളെ പൊതുപ്രവർത്തനവുമായി ബന്ധിപ്പിച്ചിട്ടുള്ള ആദ്യത്തെ പരമാർശം 1989 — ൽ പ്രസിദ്ധീകരിച്ച ‘പട്ടിണിയും പൊതുപ്രവർത്തനവും’ എന്ന ഗ്രന്ഥത്തിൽ കാണാം. ജനങ്ങളുടെ പ്രാപ്തിയും അടിസ്ഥാന അവകാശങ്ങളും വളർത്തുന്നതിൽ പൊതുപ്രവർത്തനം (സർക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും മറ്റും) സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ വരുമാനം കുറവാണെങ്കിൽ പോലും ഉയർന്ന സാമൂഹിക വികസനം നേടിയെടുക്കാം. 1975‑ൽ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ‘ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം കേരളത്തിൽ’ എന്ന ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് തനതായ വികസന മാതൃകയുണ്ടെന്ന് മനസ്സിലാക്കിയത്. അമർത്യാസെൻ കേരളത്തിന്റെ വികസനത്തെ ഒരു അനുഭവമായിട്ടാണ് ചിത്രീകരിക്കുന്നത്.

സാമൂഹിക രംഗത്ത് കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇന്ത്യയുടെ ഇതരഭാഗങ്ങളുമായും ചൈനയുമായും താരതമ്യം ചെയ്യുന്ന പഠനഗ്രന്ഥമാണ് 1995‑ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യ: സാമ്പത്തിക വികസനവും സാമൂഹികാവസരവും’. 1997‑ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ വികസനം: തെരഞ്ഞെടുത്ത മേഖലാ പരിപ്രേക്ഷ്യങ്ങൾ’ എന്ന ലേഖന സമാഹാരത്തിൽ കേരളം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ഏറ്റവും വലിയ നേട്ടമായി അവകാശപ്പെടുന്നത് അവിടുത്തെ ജനസംഖ്യാ നിയന്ത്രണമാണ്. പക്ഷേ അതു നേടിയെടുക്കാൻ ചൈന ബലപ്രയോഗവും സമ്മർദ്ദങ്ങളും നടപ്പിലാക്കിയെങ്കിൽ കേരളം ജനസംഖ്യാ നിയന്ത്രണത്തിൽ ചൈനയെ പിന്നിലാക്കിയത് കേരളത്തിലെ സാർവ്വത്രിക സ്ത്രീ വിദ്യാഭ്യാസം കൊണ്ടാണെന്ന് സെൻ സമർത്ഥിക്കുന്നു. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ കൂടാതെ തന്നെ മികച്ച സാമൂഹിക നേട്ടങ്ങൾ സാധ്യമാണെന്നതാണ് കേരളത്തിന്റെ വികസനാനുഭവം നൽകുന്ന പാഠം. കോവിഡ് 19 സൃഷ്ടിച്ച ആഗോള പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ അമർത്യാസെന്നിനെ പോലുള്ള വികസന‑ക്ഷേമ സാമ്പത്തിക ശാസ്ത്രജ്ഞരുടെ മുൻ കാല ഗവേഷണങ്ങൾ വീണ്ടും പഠന വിധേയമാക്കണം.

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം സാമൂഹിക പ്രതിസന്ധി (ഭക്ഷ്യക്ഷാമം, ദാരിദ്ര്യം, പട്ടിണി, അസമത്വം, തൊഴിലില്ലായ്മ പോലുള്ള വികസന പ്രശ്നങ്ങൾ) കളെയും നേരിടാൻ പുതിയ കാലത്തിനനുസരിച്ച് പുതിയ വികസന തന്ത്രങ്ങളും നയങ്ങളും ആവിഷ്കരിക്കുകയും നടപ്പിലാക്കുകയുമാണ് നാം ചെയ്യേണ്ടത്. കോവിഡാനന്തര ലോകത്ത് വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയും സാമ്പത്തിക ശാസ്ത്ര രംഗത്ത് അമർത്യാ സെന്നിനെ പോലുള്ള വികസന സാമ്പത്തിക ശാസ്ത്രജ്ഞരുടെ സംഭാവനകൾ തിരിച്ചറിഞ്ഞുകൊണ്ട് ഭരണാധികാരികൾ, നയവിദഗ്ധർ, ഗവേഷകർ, പൊതുജനങ്ങൾ എല്ലാവരും അമർത്യാസെന്നിന്റെ പഠനങ്ങളും ലേഖനങ്ങളും പുനർവായനയ്ക്ക് വിധേയമാക്കേണ്ട കാലഘട്ടമാണിത്.