February 4, 2023 Saturday

പൊലീസ് നിയമ ഭേദഗതി: ആശങ്കകള്‍ അവഗണിച്ചുകൂട

Janayugom Webdesk
October 26, 2020 5:00 am

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് സംസ്ഥാനത്ത് ഉല്‍ക്കണ്ഠാജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളുടെ ഇരകള്‍ ഏറെയും.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനോ പരാതികളിന്മേല്‍ സത്വരവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് സംവിധാനത്തിന് വേണ്ടത്ര കഴിയുന്നില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുന്നിടത്ത് നിയമം കയ്യിലെടുക്കാന്‍ ഇരകള്‍തന്നെ നിര്‍ബന്ധിതമായ സംഭവം അടുത്തകാലത്ത് കേരളത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് വഴി പൊലീസ് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ കെെക്കൊണ്ട തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

എന്നാല്‍ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നീതിന്യായ നിരൂപണത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു. നിയമഭേദഗതിയിലൂടെ പൊലീസിനു ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും മൗലിക അവകാശങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ഈ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് മാധ്യമലോകവും ഭയപ്പെടുന്നു. ‘ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലുംതരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ്’ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് പറയുന്നു.

മേല്‍പറഞ്ഞ കുറ്റകൃത്യം നിര്‍ണയിച്ച് സ്വമേധയ കേസെടുക്കുന്നതിനുള്ള അധികാരവും ഭേദഗതിനിയമം പൊലീസില്‍ നിക്ഷിപ്തമാക്കുന്നു. നാളിതുവരെ നീതിപീഠം കേസ് പരിശോധിച്ച് കുറ്റം നിര്‍ണയിക്കുന്ന രീതിക്കു പകരം അതിനുള്ള വിവേചനാധികാരം പുതിയ നിയമം പൊലീസില്‍ നിക്ഷിപ്തമാക്കുന്നു. അത് ആധുനിക നിയമവാഴ്ചാ സംവിധാനത്തിലും നീതിനിര്‍വഹണത്തിലും അപകടകരമായ വഴിത്തിരിവായി മാറിയേക്കും എന്ന ആശങ്ക ശക്തമാണ്. പൊലീസ് സേനയുടെ കഴിഞ്ഞകാല ചരിത്രം അത്തരം ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 2000ലെ ഐടി ആക്ടിലെ 66 എ വകുപ്പും 2011ലെ കേരളാ പൊലീസ് ആക്ടിലെ ഇപ്പോഴത്തെ ഭേദഗതിക്ക് സമാനമായ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നതും ഇത്തരുണത്തില്‍ പ്രസക്തമാണ്. കേരള ഹെെക്കോടതിയുടെ മെയ് മാസത്തിലെ വിധിയാണ് ഇപ്പോഴത്തെ ഭേദഗതിക്കു കാരണമായി ചൂണ്ടിക്കാ‍ട്ടപ്പെടുന്നത്. എന്നാല്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ വിധിയിലെ തുല്യപ്രാധാന്യമുള്ള പരാമര്‍ശങ്ങള്‍ ഇവിടെ അവഗണിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതും പറയാതെ വയ്യ.

‘നിലവിലുള്ള ശിക്ഷാ നിയമത്തില്‍ത്തന്നെ മേല്‍പറഞ്ഞതരത്തിലുള്ള കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നതിന് വ്യവസ്ഥയുണ്ടെന്നും അതിനു പൊലീസ് ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും’ ആ വിധിന്യായം ചൂണ്ടിക്കാട്ടുന്നു. പൊലീസിനെ സംബന്ധിച്ച വിമര്‍ശനാത്മകമായ ആ പരാമര്‍ശം അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കപ്പെട്ടില്ലെന്നുവേണം കരുതാന്‍. ഏതു നിയമവും കാര്യക്ഷമമായി നടപ്പാക്കണമെങ്കില്‍ നിര്‍വഹണ ഏജന്‍സി അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് അത് സത്യസന്ധമായി പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായാല്‍ മാത്രമേ കഴിയൂ. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായവ, തടഞ്ഞേ മതിയാവൂ. ആവശ്യമെങ്കില്‍ അതിന് കര്‍ക്കശ നിയമനിര്‍മ്മാണത്തിനും മടിക്കേണ്ടതില്ല. എന്നാല്‍ ഒരു നിയമനിര്‍മ്മാണവും നിലവിലുള്ള അഭിപ്രായ സ്വാതന്ത്ര്യം, മൗലിക അവകാശങ്ങള്‍, ജനാധിപത്യ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയെ ഹനിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയിക്കൂട. അവധാനപൂര്‍വ്വം വിപുലവും ക്രിയാത്മകവും ജനാധിപത്യപരവുമായ ചര്‍ച്ചകളിലൂടെ വേണം അത്തരം നിയമങ്ങള്‍ ഉരുത്തിരിയാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.