Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
കാനം രാജേന്ദ്രന്‍

July 16, 2021, 4:33 am

ഇടതുപക്ഷ രാഷ്ട്രീയത്തിലെ യശോധനൻ

Janayugom Online

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായിരുന്ന എൻ ഇ ബാലറാം ഓർമ്മയായിട്ട് ഇന്ന് 27 വർഷമാകുന്നു. സ്വാതന്ത്ര്യ സമരവും, സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളും ശക്തമായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സാഹസികത, അറിവുനേടാനുള്ള അടങ്ങാത്ത ദാഹം, അനീതിയെ ചോദ്യം ചെയ്യാനുള്ള തന്റേടം ഇതൊക്കെക്കൊണ്ട് തീക്ഷ്ണമായിരുന്നു ബാലറാമിന്റെ കൗമാരകാലം. ചെറുപ്പകാലത്ത് ആധ്യാത്മികതയിൽ ആകൃഷ്ടനായ അദ്ദേഹം സന്യാസിയായി തീരാനാണ് ആദ്യം ആഗ്രഹിച്ചത്. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളിൽ വ്യാപൃതനായി.

കോൺഗ്രസിലൂടെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയും സഞ്ചരിച്ച് 1939‑ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ബാലറാം ജീവിതാവസാനം വരെ സിപി ഐയുടെ മനസും ബുദ്ധിയും ശബ്ദവും ശക്തിയുമായി ജീവിച്ചു. അദ്ദേഹത്തിന് പലതവണ അറസ്റ്റ് വരിക്കേണ്ടതായും പല ജയിലുകളിൽ കിടക്കേണ്ടതായും വന്നിട്ടുണ്ട്. 1957‑ലും 60‑ലും 70‑ലും കേരള നിയമസഭയിൽ അംഗമായിട്ടുള്ള ബാലറാം 1970 ഒക്ടോബർ നാല് മുതൽ 71 സെപ്തംബർ 24 വരെ അച്യുതമേനോന്റെ ആദ്യ മന്ത്രിസഭയിൽ വ്യവസായ‑വാർത്താവിതരണ മന്ത്രിയായിരുന്നു. പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറിയായി. രാജ്യസഭാംഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി.

അർപ്പിത മനസായ രാഷ്ട്രീയ പ്രവർത്തകനും സാഹിത്യകാരനും ശാസ്ത്രതല്പരനും സഹൃദയനും എല്ലാമായിരുന്ന ബാലറാം ഇടതുപക്ഷ രാഷ്ട്രീയത്തിലെ യശോധനനായിരുന്നു. സമ്പൂർണതയോടടുക്കുന്ന ഒരു സമഗ്രതയുണ്ടായിരുന്നു ആ വ്യക്തിത്വത്തിന്. പാർട്ടി പ്രവർത്തനങ്ങൾക്കിടയ്ക്കും വിവിധ വിഷയങ്ങൾ പഠിക്കാനും ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്യാനും സുചിന്തിതമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും ദാർശനിക പരിവേഷമാർന്ന അഭിജാത ഭാഷയിൽ അവയെല്ലാം എഴുതിവയ്ക്കാനും കഴിഞ്ഞ ആ പ്രതിഭാശാലി പ്രബുദ്ധ കേരളത്തിന്റെ മനസിൽ എന്നെന്നും ജീവിക്കും. ചരിത്രം, സംസ്കാരം, സാഹിത്യം, വിമർശനം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ദർശനം, മതം, സൗന്ദര്യശാസ്ത്രം, സാമ്പത്തിക വികസനം എന്നിങ്ങനെ ബാലറാമിന്റെ തൂലികയ്ക്ക് വിധേയമായ വിഷയങ്ങൾ അനവധിയാണ്. ഇരുപതിലധികം ഗ്രന്ഥങ്ങളിൽ അവ നിറഞ്ഞു പരന്നു കിടക്കുന്നു.

ആദ്യവസാനം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകനായിരുന്നെങ്കിലും എല്ലാ ദർശനങ്ങളെയും ഉദാരമായ സഹാനുഭൂതിയോടെ ദർശിക്കാനും സമീപിക്കാനും ബാലറാമിന് കഴിഞ്ഞിരുന്നു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ചു നിന്നുകൊണ്ടു തന്നെയാണ് അദ്ദേഹം ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ നേരെ ബുദ്ധിയുടേയും മനസിന്റേയും കൈകൾ നീട്ടിയത്. 1983ൽ സഖാവ് എൻ ഇ ബാലറാം എഴുതിയ ചാതുർവർണ്യത്തിന്റെ സംരക്ഷകർ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു. ”ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ ശ്രമിക്കുന്നത് മനുഷ്യരെ ഈ 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നും ഇരുളടഞ്ഞ മധ്യകാല യുഗത്തിലേക്ക് വലിച്ചിഴയ്ക്കാനാണ്. ഉത്ബുദ്ധരും ഉത്പതിഷ്ണുക്കളുമായ യുവാക്കൾ അവർ — ഹിന്ദുക്കളായാലും — മുസ്‌ലിങ്ങളായാലും — ഇതിനെതിരെ അണിനിരക്കുകയാണ് വേണ്ടത്”. ”ദേശീയ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നതിൽ മറ്റെല്ലാ ബൂർഷ്വാപാർട്ടികളെക്കാളും മുൻപന്തിയിലാണ് കമ്മ്യൂണിസ്റ്റുകാർ. അതിനാൽ തന്നെയാണ് വർഗീയവാദികൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആക്രമണങ്ങളും ആക്ഷേപങ്ങളും നടത്തുന്നത്” എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ സാധൂകരിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ”ഇവിടെ മതേതരത്വത്തിലും രാജ്യത്തിന്റെ പുരോഗതിയിലും താൽപ്പര്യമുള്ള ഉത്പതിഷ്ണുക്കളായ മനുഷ്യർ ഇതിലടങ്ങിയ ആപത്തു മുൻകൂട്ടി കണ്ട് അതിനെതിരായി പ്രവർത്തിക്കേണ്ടത് ഒഴിച്ചുകൂടാത്ത കടമയാണ്. വിശേഷിച്ച് തൊഴിലാളി സംഘടനകൾ, യുവജനങ്ങൾ, അധ്യാപകർ, മറ്റു ബുദ്ധിജീവികൾ തുടങ്ങിയവർ ഈ വർഗീയ വിഷജ്വാലക്കെതിരെ ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. യഥാർത്ഥമായ ഏകാത്മകത അങ്ങനെയേ ഉണ്ടാവൂ. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മറ്റെല്ലാ പ്രചരണങ്ങളും ഏകാത്മകതയ്ക്കെതിരാണ്. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ളതാണ്” എന്ന പ്രസ്താവനയ്ക്ക് ഇന്ന് പ്രസക്തി ഏറെയുണ്ട്. അദ്ദേഹത്തിന്റെ സ്മരണ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരും.