അഡ്വ. കെ പ്രകാശ്ബാബു

January 24, 2021, 5:21 am

അർണബ് ഗോസ്വാമിയെ രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യണം

Janayugom Online
കടപ്പാട്: ടൈംസ്‌നൗ

റിപ്പബ്ലിക് ടിവി എഡിറ്റർ-ഇൻ‑ചീഫ് അർണബ് ഗോസ്വാമി എന്ന തീവ്ര മോഡി പ്രചാരകൻ ഇന്ന് രാജ്യദ്രോഹ കുറ്റത്തിൽ ആരോപണ വിധേയനാണ്. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ചോർത്തിയെടുക്കുകയും അത് വാട്സ്ആപ്പിൽ കൂടി മറ്റു പലർക്കും കച്ചവട താല്പര്യത്തിനായി കൊടുക്കുകയും ചെയ്യുന്ന വ്യക്തി ആരായാലും അവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്.

മുംബൈ പൊലീസ് ഡിസംബർ 24നാണ് ബാർക് എം ഡി പാർത്ഥോ ദാസ്ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്. ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) തട്ടിപ്പു കേസിലാണ് ദാസ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാർകിന്റെ (ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമാണ് പാർത്ഥോ ദാസ്ഗുപ്ത. വ്യാജമായി ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടിക്കൊടുക്കുന്ന വൻ തട്ടിപ്പിന്റെ ചുരുളുകളഴിക്കാനാണ് പൊലീസ് ശ്രമിച്ചത്. അപ്പോഴാണ് ബാർക്ക് എംഡിയുമായി അർണബ് ഗോസ്വാമി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ പുറത്തായത്. 2019 ഫെബ്രുവരി ആദ്യമാണ് ശ്രീനഗറിൽ നിന്ന് 17 കി. മീ അകലം മാത്രമുള്ള പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച എസ്‌യുവി വാഹനം ഇടിച്ചു കയറ്റി 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയത്.

ചാവേറുമായി 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനമയച്ച് സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് എന്ന പാക് ഭീകര സംഘടന ഏറ്റെടുക്കുകയും ചെയ്തു. ഇതിനു പകരം വീട്ടുന്ന രീതിയിൽ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുമെന്ന് അന്നുതന്നെ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേ­ഷമാണ് പുൽവാമയ്ക്ക് മറുപടിയായി പാകിസ്ഥാനിലെ ബലാ­കോട്ടിലെ ഭീകര കേന്ദ്രം ഇന്ത്യൻ സൈന്യം ആക്രമിച്ച് തകർക്കുന്നത്. ഫെബ്രുവരി അവസാനം നടന്ന ഈ പ്രത്യാക്രമണത്തിന് മൂന്നുദിവസം മുമ്പാണ് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ബാർക്ക് സിഇഒ പാർത്ഥോ ദാസ് ഗുപ്തയോട് ‘വലിയ ഒരു സംഭവം നടക്കാൻ പോകുന്നു’ എന്ന് പറഞ്ഞത്. പാകിസ്ഥാനിലെ ബലാ­കോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ ക്യാമ്പ് ഇന്ത്യൻ സൈന്യം ബോംബിടുന്നത് 2019 ഫെബ്രുവരി 26 നാണ്. അതീവ രഹസ്യമായി നടന്ന സൈനിക നീക്കം മൂന്നുദിവസം മുൻപ് ഫെബ്രുവരി 23 ന് എങ്ങനെയാണ് അർണബ് ഗോസ്വാമി അറിഞ്ഞത്? അറിഞ്ഞ സൈനിക രഹസ്യം വാർത്ത റേറ്റിംഗ് ഏജൻസിക്ക് എന്തിനാണ് ഇയാൾ കൊടുത്തത്? പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുള്ള ഗോസ്വാമി ഇതുപോലെയുള്ള എന്തെല്ലാം വാർത്തകൾ ചോർത്തിയെടുത്തിട്ടുണ്ട്.

ഇതെല്ലാം ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്. ‘ഒരു വലിയ സംഭവം’ എന്നു ഗോസ്വാമി പറഞ്ഞപ്പോൾ ദാസ്ഗുപ്ത തിരിച്ചു ചോദിച്ചത് ‘ദാവൂദ് ഇബ്രാഹിം’ ആണോ? എന്നാണ്. അപ്പോൾ ഗോസ്വാമി പറയുന്നത് അല്ല, പാകിസ്ഥാനുമായി ബന്ധപ്പെട്ടതാണ് എന്നാണ്. ദാസ്ഗുപ്തയുടെ ഇതിനോടുള്ള പ്രതികരണവും പുറത്തുവന്നു. ‘ഈ സീസണിൽ ആ വലിയ മനുഷ്യന് ഇതു നല്ലതു തന്നെയാണ്. അദ്ദേഹം ഈ തെരഞ്ഞെടുപ്പിലും തൂത്തുവാരും’. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇവരുടെ സംഭാഷണത്തിലെ ‘ആ വലിയ മനുഷ്യൻ’. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ അല്ലെങ്കിൽ ഉന്നത ഡിഫൻസ് കേന്ദ്രങ്ങളിൽ നിന്നോ ഗോസ്വാമിക്ക് ഈ രഹസ്യം എങ്ങനെ ചോർന്നു കിട്ടി? ആരാണ് ഈ രഹസ്യങ്ങൾ ചോർത്തി അർണബിനു നൽകിയത്? ഇതെല്ലാം അന്വേഷണത്തിനു വിധേയമാകേണ്ടതാണ്. രാജ്യ രഹസ്യം ചോർത്തി പ്രചാരണത്തിനും റേറ്റിംഗ് കൂട്ടാനും നൽകുന്നത് തികച്ചും രാജ്യദ്രോഹകരമാണ്. സംഘപരിവാർ സംഘടനകളുടെ ആക്രമണോത്സുകനായ പ്രചാരകനാണ് അർണബ് ഗോസ്വാമി. അർണബിന് പ്രധാനമന്ത്രിയുമായും ഇതര ബിജെപി, ആർഎസ്എസ് നേതാക്കളുമായിട്ടുള്ള സൗഹൃദവും ചങ്ങാത്തവും എല്ലാം ഇന്ന് ഏവർക്കും അറിയാവുന്നതാണ്. ഉന്നതരുമായിട്ടുള്ള ബന്ധത്തിൽക്കൂടി സൈനിക രഹസ്യങ്ങൾ ചോർത്തിയെടുക്കുകയും അത് തന്റെ ചാനലിന്റെ റേറ്റിംഗ് ഉയർത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്യുകയെന്നത് വിശ്വാസ വഞ്ചന കൂടിയാണ്.

രാജ്യദ്രോഹകരമായ ക്രിമിനൽ കുറ്റമാണ്. ടിആർപി തട്ടിപ്പിന്റെ ഗൂഢാലോചനകൂടി വെളിച്ചത്തു വരണമെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നതരെ ചോദ്യം ചെയ്യണം. അർണബിന് സൈനിക രഹസ്യം ചോർത്തി കൊടുത്തവര്‍ ആരായാലും അർണബിനോടൊപ്പം വിചാരണ ചെയ്യപ്പെടണം. രാജ്യ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് തന്റെ കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കുന്നവർ രാജ്യസ്നേഹികളല്ല. പ്രധാനമന്ത്രിയുടെ ഓഫീസുമായി തനിക്കുള്ള ബന്ധവും സ്വാധീനവും അർണബ് ഗോസ്വാമി വാട്സ്ആപ്പ് ചാറ്റിലൂടെ ദാസ്ഗുപ്തയോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ടിആർപി തട്ടിപ്പുകേസിൽ അർണബ് ഗോസ്വാമിയെ പ്രതിചേർക്കുകയും സൈനിക രഹസ്യം ചോർത്തിയതിൽക്കൂടി രാജ്യദ്രോഹ കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തേണ്ടതുമാണ്. പ്രധാനമന്ത്രിയുമായോ പിഎംഒയുമായോ ഉള്ള സൗഹൃദത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റംചെയ്ത ആരും രക്ഷപ്പെടാൻ പാടില്ല.