Tuesday
12 Nov 2019

അസമിനെ മറ്റൊരു കശ്മീരാക്കാന്‍ തന്ത്രങ്ങള്‍

By: Web Desk | Sunday 1 September 2019 10:48 PM IST


പ്രത്യേക ലേഖകന്‍

മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിനെ മറ്റൊരു കശ്മീരാക്കി മാറ്റാനുള്ള തന്ത്രമാണെന്ന് വിലയിരുത്തലുകള്‍. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ദേശാന്തര തലത്തില്‍ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് 19 ലക്ഷം അസമിലെ ജനങ്ങളെ പുറത്താക്കിക്കൊണ്ടുള്ള പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. എന്നും അഭയാര്‍ഥി പ്രശ്‌നങ്ങളോട് മനുഷ്യത്വപരമായ നിലപാടുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇതൊക്കെ മാറിയെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷംപേരെയാണ് പുറത്താക്കിയത്. അതില്‍ 20 ലക്ഷത്തോളംപേര്‍ ഇപ്പോഴത്തെ പട്ടികയില്‍ ഉള്‍പ്പെട്ടു. ബാക്കിയുള്ള ഇരുപത് ലക്ഷത്തോളം പേരാണ് ഇതോടെ വഴിയാധാരമായത്. സ്വന്തം അസ്തിത്വംപോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് അസമിലെ ജനങ്ങള്‍. ഇപ്പോള്‍ വിദേശ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുന്നതിന് 120 ദിവസത്തെ സമയം അനുവദിച്ചു. അപ്പോഴും പുറത്താക്കപ്പെട്ട എല്ലാപേര്‍ക്കും പൗരത്വം ലഭിക്കുമെന്നതിന് ഉറപ്പില്ല. വിദേശ ട്രിബ്യൂണല്‍ അപ്പീല്‍ തള്ളിയാല്‍ ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നാണ് അസമിലെ ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്ക് അപ്രാപ്യമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഏതുസമയത്തും തടങ്കല്‍ പാളയങ്ങളിലേക്കുള്ള യാത്രയും കാത്ത് കഴിയുന്ന അവസ്ഥയിലാണ് അസമിലെ പാവപ്പെട്ട ജനങ്ങള്‍. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വര്‍ഷങ്ങളായി മല്ലടിച്ച് നേടിയതെല്ലാം ഒരു പട്ടികയിലൂടെ ഇല്ലാതാകുന്നു. ആംഗലേയ കവിയായ ജോര്‍ഡ് ഗോര്‍ഡന്‍ നിയേല്‍ ബൈറണ്‍ പറഞ്ഞത് ഒരു നാള്‍ ഉണര്‍ന്നെണീറ്റപ്പോള്‍ ഞാന്‍ പ്രശസ്തനായി എന്നാണ്. അസമിലെ ജനങ്ങള്‍ ഒരു ദിവസം ഉണര്‍ന്നെണീറ്റപ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ അല്ലാതെയായി.
തടങ്കല്‍ പാളയത്തില്‍ എത്തിക്കുന്ന അസമിലെ ജനങ്ങളെ ബംഗ്ലാദേശിലേക്ക് അയക്കാനുള്ള തന്ത്രങ്ങളാണ് മോഡി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അസം സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ നാല് സത്യവാങ്മൂലങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. അതിനിടെ പൗരത്വമില്ലെന്ന പേരില്‍ തടങ്കല്‍ പാളയത്തില്‍ അയക്കുന്നവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള പെര്‍മിറ്റ് നല്‍കാമെന്ന നിര്‍ദ്ദേശം ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നു. അപ്പോഴും വിദ്യാഭ്യാസം, തൊഴില്‍, സ്വത്തവകാശം, വോട്ടവകാശം എന്നിവ നിഷേധിക്കപ്പെടുന്നു. ചിലപ്പോള്‍ വിവിധ നിയമവേദികളെ സമീപിക്കുന്നതിലൂടെ 19 ലക്ഷം എന്നതില്‍ കുറവുണ്ടാകാം. അപ്പോഴും കുറച്ചുപേര്‍ ഒഴിവാക്കപ്പെടും. രാജ്യത്തെ ഒരു മനുഷ്യനുപോലും നീതി നിഷേധിക്കപ്പെടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാനതത്വം ലംഘിക്കപ്പെടുമെന്ന് ഉറപ്പാണ്.

അസമിലെ മുസ്‌ലിം വിഭാഗങ്ങളെ പുറത്താക്കുക എന്നതാണ് പൗരത്വ രജിസ്റ്ററിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനുള്ള എല്ലാ ഒത്താശയും സംഘപരിവാറിന്റെ നേതൃത്വത്തിലുണ്ടായി. ഇപ്പോള്‍ പുറത്തുവിട്ട പൗരത്വ പട്ടികയില്‍ ബംഗാളി ഹിന്ദുക്കളെ പരമാവധി ഉള്‍പ്പെടുത്തി. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്ത ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ എല്ലാ രേഖകളും സമര്‍പ്പിച്ച മുസ്‌ലിങ്ങള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. എന്നും ബിജെപിയെ അനുകൂലിക്കുന്ന നിലപാടുകളാണ് ബംഗാളി ഹിന്ദുക്കള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഇല്ലെങ്കിലും ഇവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. ബംഗാളി ഹിന്ദുക്കളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ദയനീയമായ പരാജയം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. പട്ടികയില്‍ നിന്നും ഇപ്പോള്‍ പുറത്തായ ബംഗാളി ഹിന്ദുക്കളെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ട്രിബ്യൂണലുകളെ സമീപിക്കാനായി 120 ദിവസം അധികമായി അനുവദിച്ചത്.

മുസ്‌ലിം ഇതരമതക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പൗരത്വ ഭേദഗതി ബില്‍ പാസാക്കാനുള്ള നടപടികള്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കാനാണ് സാധ്യത. ഇതിലൂടെ ഹിന്ദുക്കള്‍, ജൈനമതക്കാര്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ക്രിസ്ത്യാനികള്‍ക്കും പൗരത്വം ഉറപ്പാക്കും. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ രോഷം ഭയന്നാണ് ക്രിസ്ത്യാനികളെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തന്ത്രങ്ങളാണ് മോഡി സര്‍ക്കാര്‍ അവലംബിക്കുന്നത്.

ഭുരിപക്ഷവാദം ഉപയോഗിച്ച് മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള തന്ത്രങ്ങളാണ് മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പൗരത്വ പട്ടികയിലൂടെയും സമാനമായ കാര്യങ്ങളാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അസമിലെ മുസ്‌ലിം ഇതര വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സംഘപരിവാറിന്റെ ഒത്താശയോടെ സ്വീകരിക്കും. ഇതിനായാണ് അസമിലെ ആദിവാസി വിഭാഗങ്ങളെപ്പോലും ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിക്കാനുള്ള തീരുമാനം മോഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. അസമിലെ മൊത്തം ജനസംഖ്യയിലെ 12 മുതല്‍ 13 ശതമാനം വരുന്ന ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന മുസ്‌ലിങ്ങളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി കുടിയിറക്കുന്നു അഥവാ തുറങ്കിലടയ്ക്കുന്നു. കശ്മീരിലെ മുസ്‌ലിങ്ങളുടെ അവസ്ഥയാകും അസമിലും സംജാതമാകുന്നത്. സമീപഭാവിയില്‍ അസമിനെ വെട്ടിമുറിച്ച് കേന്ദ്ര പ്രദേശങ്ങളാക്കാനും മോഡി സര്‍ക്കാര്‍ മടിക്കില്ലെന്നുറപ്പ്.