പൊന്ന്യം കൃഷ്ണന്‍

January 29, 2021, 7:36 pm

ഗാന്ധിവധം എന്ന ഭീകരത

Janayugom Online

രണ്ട് നൂറ്റാണ്ട് കാലത്തെ അടിമത്തത്തിൽ നിന്ന് 1947 ഓഗസ്റ്റ് 15ന് അർധരാത്രിയിൽ ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യത്തിന്റെ രണഭൂമികളിൽ പതിനായിരങ്ങൾ രക്തം ചിന്തിയാണ് ഇന്ത്യ മോചനം നേടിയത്.

നൂറ്റാണ്ടുകളായി നമ്മുടെ തലയ്ക്ക് മുകളിൽ പാറിക്കളിച്ച യൂണിയൻജാക്ക് പാർലമെന്റ് മന്ദിരത്തിന്റെ കൊടിമരത്തിൽ നിന്ന് താഴേക്ക് മെല്ലെ മെല്ലെ താഴ്ന്ന് തുടങ്ങിയപ്പോൾ ജനകോടികൾ സ്വാതന്ത്ര്യത്തിന്റെ പ്രകാശത്തെ പ്രതീക്ഷാനിർഭരമായ കണ്ണുകളോടെ ഉറ്റുനോക്കി, ഇന്ത്യയുടെ ദേശീയപതാക കണികണ്ടാണ് പിറ്റേന്ന് ഭാരതം ഉണർന്നത്. സ്വാതന്ത്ര്യാവേശത്താൽ ഇന്ത്യയാകെ ആനന്ദലഹരിയിലായി. ഭിന്നിപ്പിക്കുക, ഭരിക്കുക എന്നെ ബ്രിട്ടീഷ് തന്ത്രം ഭാരതത്തെ അപ്പോഴേക്കും വെട്ടിമുറിച്ച് രണ്ട് തുണ്ടമാക്കിക്കഴിഞ്ഞിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം കൊലവിളിയുമായി രംഗത്തിറങ്ങി. വർഗീയവിഷം വ്യാപിപ്പിക്കുന്നതിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശ്രമം വിജയിച്ചു.
അഹിംസാമന്ത്രവും സ്വാതന്ത്ര്യം നേടുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം വർഗീയലഹളയിൽ പതിനായിരങ്ങൾ ഹോമിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ആഘോഷത്തിമിർപ്പിൽ പങ്കെടുക്കാൻ ഗാന്ധിജിക്ക് മനസ് വന്നില്ല. അദ്ദേഹത്തിന്റെ മനംനിറയെ വർഗീയവിഷം ചീറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വേവലാതിയായിരുന്നു. മതസൗഹാർദ്ദത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ ഗാന്ധിജിയെ മനസിലാക്കാൻ വർഗീയവിഷം ചീറ്റുന്ന മനസുകൾക്ക് കഴിഞ്ഞില്ല. ഭൂരിപക്ഷ സമൂഹത്തോടൊപ്പം കോടിക്കണക്കിന് ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിൽ ജീവിക്കുന്നു.

ഇവർ ഏകോദര സഹോദരങ്ങളായി ജീവിച്ചില്ലെങ്കിൽ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന് മനസിലാക്കാനുള്ള വിവേകം വർഗീയവാദികൾക്ക് ഉണ്ടായിരുന്നില്ല. ജനക്ഷേമം മുൻനിർത്തി ഗാന്ധിജി സ്വീകരിച്ച മതേതരത്വ നിലപാടിനെ വർഗീയവാദികൾ തെറ്റായി മനസിലാക്കി. ഹിന്ദുവർഗീയവാദി ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാനുള്ള ക്രൂരത കാട്ടി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരതയായിരുന്നു ഗാന്ധിവധം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ആദ്യത്തെ പ്രഹരം.

വർഗിയശക്തികൾ ഏറ്റവും നീചമായ ഒരു പ്രവൃത്തിയിലൂടെ അവരുടെ വർഗീയ ഫാസിസ്റ്റ് ശെെലി ഇന്ത്യയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ദശാബ്ദങ്ങളോളം ഇന്ത്യയുടെ മണ്ണിൽ വേരോടുവാൻ വർഗീയ ശക്തികൾക്ക് ആയില്ല. ആർഎസ്എസ് എന്ന സംഘടനയെ നിരോധിക്കപ്പെട്ടു. 450 വർഷക്കാലം മുസ്ലിം ജനസാമാന്യം ആരാധിച്ച ബാബറി മസ്ജിദ് തകർത്തുകൊണ്ട് വർഗീയവികാരത്തിന്റെ പുതിയ ആവേശം സൃഷ്ടിച്ച് നിരക്ഷരരായ ജനകോടികളെ വഞ്ചിക്കുവാൻ അവർക്ക് കഴിഞ്ഞു. കോൺഗ്രസിന്റെ ജനദ്രോഹ നടപടികളിൽ മടുത്ത ജനങ്ങൾ വർഗീയശക്തികളുടെ കൂടാരത്തിൽ ചേക്കേറി. മതേതരത്വത്തിന്റെ ആ ഘാതകരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇത് ഭാരതം നേരിടുന്ന ദുരന്തമാണ്.

ഇന്ത്യയിലെ കൃഷിക്കാർ അവരുടെ വയറ്റത്തടിക്കുന്ന നിയമം വന്നപ്പോൾ അതിനെതിരെ പതിനായിരത്തിൽപരം കൃഷിക്കാർ ഡൽഹി തലസ്ഥാനത്ത് സമരാങ്കണത്തിലാണ്. മോഡി മുട്ട് മടക്കേണ്ടിവരും.