December 5, 2022 Monday

ബാങ്ക് സ്വകാര്യവൽക്കരണം: ജനങ്ങൾക്കു നഷ്ടപ്പെടാൻ ഏറെ

എസ് രാമകൃഷ്ണൻ
എഐബിഇഎ ദേശീയ ജനറല്‍ കൗണ്‍സിലില്‍ അംഗം
September 6, 2020 6:00 am

എസ് രാമകൃഷ്ണൻ

ബാങ്ക് സ്വകാര്യവൽക്കരണ അജണ്ടയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെ കോവിഡ് പാക്കേജ് പ്രഖ്യാപനത്തോടു ചേർത്ത് നിലപാട് വ്യക്തമാക്കിയതാണ്. അതിനു പുറമേ, അവ്യക്തമായ പല സൂചനകളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന നടപ്പുരീതിയും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയുടെ പേരുകൾ ചേർത്തും നിതി ആയോഗ്, ബാങ്ക് ബോർഡ് ബ്യൂറോ മുതലായവയുമായി ബന്ധപ്പെടുത്തിയും തുടരെ പത്ര റിപ്പോർട്ടുകൾ വരുന്നു. ബാങ്കുകളുടെ സ്വകാര്യവൽക്കരണം എന്നത് കേവലം ഉടമസ്ഥതയിൽ വരുന്ന മാറ്റം മാത്രമായി കാണാനാവില്ല. ഈ നടപടി യാഥാർത്ഥ്യമായാൽ അത് പൊതുജനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കും. “കണ്ണുള്ളപ്പോൾ അറിയില്ല കാഴ്ചയുടെ വില” എന്നു പറയാറുണ്ടല്ലോ. അതുപോലെ, ബാങ്കുകൾ പൊതുമേഖലയിൽ നിൽക്കുമ്പോൾ പൊതുജനങ്ങളിൽ നിക്ഷിപ്തമായ പല അവകാശങ്ങളും അധികാരങ്ങളും നമ്മൾ അറിയാതെ പോകുന്നുണ്ടോ? ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് 1955 ലാണ്.

ഇംപീരിയൽ ബാങ്കിനെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാക്കി. 1959 ൽ എസ്ബിടി ഉൾപ്പെടെ എട്ട് ബാങ്കുകളെക്കൂടി ഏറ്റെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി അഥവാ അസോസിയേറ്റ് ബാങ്കുകളാക്കി. 1969ൽ ബാങ്ക് ദേശസാൽക്കരണ ഓർഡിനൻസിലൂടെ 50 കോടിയിലേറെ നിക്ഷേപമുള്ള 14 ബാങ്കുകളെയാണ് ഏറ്റെടുത്തത്. ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി. പിന്നീട് 1980 ൽ ആറ് ബാങ്കുകളെക്കൂടി ദേശസാൽക്കരിച്ചു. 1969 ലെ ദേശസാൽക്കരണത്തിന് നാമെല്ലാം പ്രത്യേകമായ പ്രാധാന്യം കൽപ്പിക്കുന്നു. അതിനു കാരണം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച പുതിയ പല നിർദ്ദേശങ്ങളും അതോടൊപ്പം നിലവിൽ വന്നു എന്നതാണ്. ഈ നിർദ്ദേശങ്ങളും നടപടികളും പൊതുജനങ്ങൾക്കു നൽകിയ സാമ്പത്തിക ശാക്തീകരണം വലുതാണ്. കൃഷി, ചെറുകിട വ്യവസായം, ചെറുകിട വ്യാപാരം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയവയെ മുൻഗണനാ വിഭാഗങ്ങളായി പ്രഖ്യാപിക്കുകയും ആകെ ബാങ്ക് വായ്പകളുടെ 40% എങ്കിലും മുൻഗണനാ വായ്പകൾ ആയിരിക്കണം എന്നു നിഷ്കർഷിക്കുകയും ചെയ്തത് ഏറ്റവും പ്രധാന നടപടിയായിരുന്നു.

അന്നോളം ബാങ്കുകളുടെ മുൻഗണന വൻകിട വായ്പകൾ മാത്രമായിരുന്നു. ബാങ്കുകൾ ഏറെയും വൻ വ്യവസായ ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലും ആയിരുന്നു. ഈ മുൻഗണനാ വായ്പ എന്ന നിർവചനവും 40 ശതമാനം എന്ന നിഷ്കർഷയും ഇന്നും തുടരുന്നു. ഭവന നിർമ്മാണം, വിദ്യാഭ്യാസം എന്നിവയെക്കൂടി പിന്നീട് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ തന്നെ 18 ശതമാനം വായ്പകൾ കൃഷിക്ക് നൽകിയിരിക്കണം. ഈ വ്യക്തമായ നിർദ്ദേശങ്ങൾ നടപ്പിൽ വന്നതോടെയാണ് സാധാരണക്കാർക്ക് ബാങ്കുകളിൽ നിന്നും സേവനം ലഭിച്ചുതുടങ്ങിയത്. മുൻഗണനാ വായ്പകളുടെ വ്യവസ്ഥാപനം സാധ്യമാക്കാൻ കൃത്യമായ ഭരണ സംവിധാനം ഏർപ്പെടുത്തി എന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. ബ്ലോക്കുതല ബാങ്കേഴ്സ് സമിതി, ജില്ലാതല അവലോകന സമിതി, സംസ്ഥാനതല ബാങ്കേഴ്സ് സമിതി, ലീഡ് ബാങ്ക് സംവിധാനം ഇവയിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഓരോ പ്രദേശത്തും ഓരോ മേഖലയ്ക്കും ആവശ്യമായ മുൻഗണനാ ബാങ്ക് വായ്പകൾ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഇപ്പറഞ്ഞ എല്ലാ തലങ്ങളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ജില്ലാതല മേൽനോട്ടവും ഏകോപനവും വിവരശേഖരണവും നിർവഹിക്കുന്നത് ലീഡ് ബാങ്കുകളാണ്.

ജില്ലാ കളക്ടർമാർക്കാണ് ജില്ലാതല അവലോകന സമിതികളുടെ ചുമതല. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാകട്ടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതായത് 40 ശതമാനം മുൻഗണനാ വായ്പകൾ നൽകണമെന്ന് വെറുതെ പറയുക മാത്രമല്ല, അതു നടപ്പാക്കാനുള്ള ഭരണപരമായ സംവിധാനങ്ങളും നിലവിലുണ്ട് എന്നർത്ഥം. ഒപ്പം ബാങ്കിംഗ് മേഖലയിലൂടെ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യപ്പെടുന്നു, അവലോകനം ചെയ്യപ്പെടുന്നു. ഇതിന്റെ തുടർച്ചയെന്നോണം മൂന്നാമതായി ജനങ്ങൾക്കു ലഭിക്കുന്ന വലിയ ഒരു അവകാശമാണ് വായ്പ നിഷേധിക്കപ്പെട്ടാൽ പരാതിപ്പെടാനുള്ള അവകാശം. സാധാരണ നിലയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ അനുവദിക്കണോ വേണ്ടയോ എന്നത് ആ സ്ഥാപനത്തിന്റെ മാത്രം അധികാരപരിധിയിൽ വരുന്നതാണ്. എന്നാൽ മുൻഗണനാ വിഭാഗങ്ങളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. മുൻഗണനാ വായ്പയ്ക്കുള്ള അപേക്ഷ നിഷേധിക്കുന്നത് മതിയായ കാരണങ്ങളോടെ ആയിരിക്കണം. അല്ലാത്തപക്ഷം അപേക്ഷകർക്ക് പരാതിപ്പെടാൻ അവകാശമുണ്ട്.

വായ്പാ വിതരണം സംബന്ധിച്ച അധികാര ഘടനയിലെ സുപ്രധാന ജനപക്ഷ വ്യതിയാനമാണിത്. മുൻഗണനാ വായ്പ സംബന്ധിച്ച മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാ ബാങ്കുകൾക്കും ഒരുപോലെ ബാധകമാണ് എന്നാണ് വയ്പ്. പക്ഷേ, സ്വകാര്യബാങ്കുകൾ, പ്രത്യേകിച്ച് ‘പുതുതലമുറ’ ബാങ്കുകൾ ഈ സംവിധാനങ്ങളെയൊന്നും വകവയ്ക്കാറില്ല. വ്യവസ്ഥകളൊന്നും പാലിക്കാറില്ല. അവ സ്വകാര്യമേഖലയിൽ ആയിരിക്കുന്നതുകൊണ്ടുതന്നെ ചില്ലറ ഫൈനും മറ്റും ചുമത്തി ഒഴിവാക്കുകയല്ലാതെ മറ്റൊന്നും നടപ്പാകാറുമില്ല. എന്നാൽ പൊതുമേഖലാ ബാങ്കുകൾ ഇക്കാര്യങ്ങളെല്ലാം പാലിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. മാത്രമല്ല, സാമ്പത്തിക ഉൾപ്പെടുത്തൽ, പെൻഷൻ വിതരണം, ക്ഷേമ പദ്ധതികളുടെ നടപ്പാക്കൽ, സബ്സിഡി വിതരണം, ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയവയെല്ലാം പൊതുമേഖലാ ബാങ്കുകളുടെ മാത്രം ഉത്തരവാദിത്തമായി ഗണിക്കപ്പെടുന്നു. പ്രത്യേക സർക്കാർ പദ്ധതികൾ പ്രകാരവും ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുമായുള്ള വായ്പകൾ നൽകുന്നതും പൊതുമേഖലാ ബാങ്കുകൾ തന്നെ. അതുകൊണ്ടുതന്നെ, ജൻധൻ യോജന മുതൽ മുൻഗണനാ വായ്പകളുടെ പുത്തൻ പതിപ്പായ മുദ്രാലോണുകൾ വരെ ഏതാണ്ട് പൂർണമായും പൊതുമേഖലാ ബാങ്കുകളിലൂടെ മാത്രമാണ് നടപ്പിലാകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്കീമുകളിലും നടപടിക്രമങ്ങളിലും സുതാര്യത പാലിക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു എന്നതാണ് അഞ്ചാമത്തെ പ്രത്യേകത. നിക്ഷേപമായാലും വായ്പയായാലും സ്കീമിന്റെ വിശദാംശങ്ങൾ മുൻകൂട്ടി സുതാര്യമായി മനസിലാക്കാൻ ഇടപാടുകാർക്ക് അവസരമുണ്ട്; അത് അവരുടെ അവകാശമാണ്.

കോർപ്പറേറ്റ് നിയമങ്ങളും കീഴ്‌വഴക്കങ്ങളും പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്കും സുതാര്യത പാലിക്കാൻ ചുമതലയില്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ ലാഭത്തിനു മുൻതൂക്കം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾ പലപ്പോഴും മുഴുവൻ വിവരങ്ങളും നൽകാറില്ല; അല്ലെങ്കിൽ അവയിൽ പൊടുന്നനെ മാറ്റങ്ങൾ വരുത്തുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഇതു സാധ്യമല്ല. ആറാമത്, പലിശ നിരക്കിലെ മിതത്വവും വ്യക്തതയുമാണ്. ഒരേ പലിശ നിരക്കിൽ പൊതുമേഖലാ ബാങ്കുകളുടെയെല്ലാം ഇഎംഐ സമീകൃത മാസത്തവണ തുല്യമായിരിക്കും. പക്ഷേ ചില സ്വകാര്യ സ്ഥാപനങ്ങളുടേത് അങ്ങനെയാവാറില്ല. ഇഎംഐ കൂടും എന്നർത്ഥം. ഇതിനു കാരണം പലിശ കണക്കു കൂട്ടുന്ന രീതിയിൽ ഉള്ള വ്യത്യാസം ആണ്. ഇടപാടുകാർക്ക് ഏറ്റവും സൗഹൃദപരമായ (കസ്റ്റമർ ഫ്രണ്ട്‌ലി) കണക്കുകൂട്ടൽ രീതിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ പിൻതുടരുന്നത്. സർവീസ് ചാർജ്ജുകളിലെ സുതാര്യതയാണ് മറ്റൊരു പ്രധാന വിഷയം. മുൻകാലങ്ങളിൽ പൊതുമേഖലാ ബാങ്കുകളിൽ വളരെ തുച്ഛമായ സർവ്വീസ് ചാർജ്ജുകൾ മാത്രമാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ ആധുനിക പ്രവണതകൾ പൊതുമേഖലാ ബാങ്കുകളിലും കടന്നുകൂടിയിട്ടുണ്ട്. എന്നിരുന്നാലും താരതമ്യേന ചാർജ്ജുകൾ കുറവു തന്നെയാണ്. മാത്രമല്ല, കൂടുതൽ സുതാര്യമാണ്. ജനങ്ങൾക്ക്, ജനപ്രതിനിധികൾക്ക്, ജനകീയ പ്രസ്ഥാനങ്ങൾക്ക്, സർക്കാറിന്, പാർലമെന്റിന് ഒക്കെ പൊതുമേഖലയിൽ ഇടപെടാൻ കഴിയും.

തന്മൂലം സേവന നിരക്ക് ക്രമീകരിക്കാനും കുറയ്ക്കാനും നിർബന്ധിക്കാനാവും. സ്വകാര്യ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ സർവതന്ത്ര സ്വതന്ത്രരാണ്. അവരുടെ സർവീസ് ചാർജ്ജുകൾ പൂർണമായും അവരുടെ മാത്രം അധികാരത്തിൽ പെട്ടവയാണ്. പൊതുമേഖലയിൽ പൊതുനിയമന മാനദണ്ഡങ്ങൾ ബാധകമാണ്. പത്രമാധ്യമങ്ങളിൽ പരസ്യം കൊടുക്കണം. യോഗ്യതാ മാനദണ്ഡങ്ങൾ മുൻകൂർ അറിയിച്ചിരിക്കണം. നിയമന പ്രക്രിയ സുതാര്യമാകണം. ഏതു നിയമനവും നിയമപരമായി ചോദ്യം ചെയ്യപ്പെടാം എന്ന ബോധ്യത്തോടെ വേണം നീങ്ങാൻ. എല്ലാവിധ സംവരണ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങളിൽ 15 ശതമാനം എസ്‌സി, 7.5 ശതമാനം എസ്‌ടി, 27 ശതമാനം ഒബിസി, 10 ശതമാനം വിമുക്ത സൈനികർ, നാല് ശതമാനം ഭിന്നശേഷിക്കാർ, 10 ശതമാനം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർ തുടങ്ങിയ സംവരണങ്ങൾ പ്രാബല്യത്തിലുണ്ട്. എല്ലാ വർഷവും നിയമനങ്ങൾ നടത്തുന്നുമുണ്ട്. സ്വകാര്യമേഖലയ്ക്ക് ഇതൊന്നും തന്നെ ബാധകമല്ല. പൊതുമേഖലാ ബാങ്കുകൾക്ക് വിവരാവകാശ നിയമം ബാധകമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ബിസിനസ്‌പരവും അല്ലാത്തതുമായ ഭരണപരമായ തീരുമാനങ്ങളെല്ലാം സുതാര്യവും നിയമാനുസൃതവുമാണ് എന്ന് ഉറപ്പുവരുത്താൻ ഇതു പ്രേരകമാണ്.

സ്വകാര്യമേഖലയ്ക്ക് ഇത്തരം നടപടികളിലൂടെയൊന്നും കടന്നുപോകേണ്ടതില്ല. കോർപ്പറേറ്റ് സ്വകാര്യമേഖലയിലെ ഉന്നതർ ഓഹരി ഉടമകളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നാണ് വയ്പ്. എന്നാൽ ഇത്തരം വാർഷിക യോഗങ്ങളെല്ലാം ചടങ്ങുകൾ മാത്രമായി അവസാനിക്കാറാണ് പതിവ്. ഫലപ്രദമായ ഒരു ചോദ്യം ചെയ്യലും ഉണ്ടാകാറില്ല. പത്താമതായി, പൊതുമേഖലയിൽ അഴിമതി നിരോധന നിയമവും വിജിലൻസ് സംവിധാനവും ബാധകമാണ്. ഓരോ തീരുമാനവും വിജിലൻസിന്റെ വീക്ഷണകോണിലൂടെ നോക്കി മാത്രമേ കൈക്കൊളളാൻ പൊതുമേഖലയിലെ ഉദ്യോഗസ്ഥർക്ക് കഴിയൂ. അഴിമതി ഒട്ടുമേ ഇല്ല എന്നല്ല പറഞ്ഞുവരുന്നത്. എന്നാൽ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും നടപടിയെടുക്കാനുമുള്ള സംവിധാനങ്ങൾ ശക്തമാണ്. സുപ്രധാന അന്വേഷണങ്ങൾ എല്ലാം സിബിഐ ആണ് നടത്തുന്നത്. സ്വകാര്യ മേഖലയിൽ അഴിമതിയായോ സ്വജനപക്ഷപാതമായോ കണക്കാക്കാത്ത നൂറായിരം കാര്യങ്ങൾ പൊതുമേഖലയിൽ കർക്കശ നടപടികൾക്ക് വിധേയമാകുന്നു.

ഐസിഐസിഐ ബാങ്കിലെ ചന്ദാ കൊച്ചാറിന്റെ കേസ് സിബിഐ അന്വേഷിക്കുന്നതൊക്കെ അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് സംഭവിക്കുന്നത്. ഇതുവരെ ചൂണ്ടിക്കാട്ടിയ പത്തു കാര്യങ്ങളും പൊതുമേഖലാ ബാങ്കുകളുടെ മേൽ ജനങ്ങൾക്കുള്ള അധികാരങ്ങളാണ്. ഇവ സ്വകാര്യവൽക്കരിക്കപ്പെട്ടാൽ ഒരു നിമിഷം കൊണ്ടാണ് ഈ അധികാരങ്ങൾ തവിടുപൊടിയാകുക. ഇതിനെല്ലാം ഉപരിയായി, ലളിതമായ ഒരു കാര്യം ഓർക്കാം. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനോദ്ദേശ്യം, പൊതുജന സേവനവും രാഷ്ട്രത്തിന്റെ സാമൂഹ്യസാമ്പത്തിക ഉന്നമനവുമാണ്. സ്വകാര്യമേഖലയുടെ പ്രവർത്തനോദ്ദേശ്യം ലാഭവും ഓഹരിവില വർധനവുമാണ്. അതുകൊണ്ട് ബാങ്കുകൾ സ്വകാര്യമേഖലയിൽ ആയാൽ നഷ്ടം ജനങ്ങൾക്കാകെയാണ്. പ്രതികരിക്കേണ്ടത് ഇന്നാണ്, ഈ നിമിഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.