August 14, 2022 Sunday

രണ്ടാം സുവർണാവസരവും കാലിയായ അധ്യക്ഷക്കസേരയും

Janayugom Webdesk
January 18, 2020 5:15 am

ഒന്നാം സുവർണാവസരത്തിന്റെ ഓർമ്മകളിലൂടെ രണ്ടാം മണ്ഡലകാലം പര്യവസാനിച്ചിട്ടും ബിജെപിക്കൊരു സംസ്ഥാന അധ്യക്ഷനെ കിട്ടിയില്ലെന്നത് ആശ്ചര്യം തന്നെ. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിൽ നിശ്ചിത പ്രായ­ത്തി­ൽപ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ജനങ്ങള്‍ സംഘപരിവാറിന്റെ തീവ്രമുഖം കണ്ടത്. സുപ്രീം കോടതി വിധിയെ സുവർണാവസരമായി സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനാണ് അന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഇന്നത്തെ മിസോറാം ഗവർണർ അഡ്വ. പി ശ്രീധരൻപിള്ള ആഹ്വാനം ചെയ്തത്. നോയ്മ്പുനോറ്റ് മലകയറാനെത്തിയ അമ്മമാരെ ഉമ്മറത്ത് അന്തിത്തിരിപ്പോലും കത്തിക്കാൻ മിനക്കെടാത്ത ക്രൂരമനസിനുടമകളായിരുന്ന സംഘക്രിമിനലുകൾ ഭക്തിയുടെ പേരിൽ വളഞ്ഞിട്ട് ആക്രമിച്ചു. നാടുനീളെ നുണപാടി ഹൈന്ദവദ്രുവീകരണത്തിന് ശ്രമം നടത്തി.

വിശ്വാസികള്‍ ആദരിക്കുന്ന ഇരുമുടിക്കെട്ട് നിലത്തേയ്ക്കെറിഞ്ഞും മത്സ്യാഹാരം കഴിച്ചും പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞുനിന്നാക്രോശിച്ചും സാക്ഷാൽ ശ്രീഅയ്യപ്പന്റെ തിരുനടയിൽ നടത്തിയ സമരാഭാസങ്ങളൊന്നും ഫലം കണ്ടില്ല. ഗതിയില്ലാതായതോടെ സെക്രട്ടേറിയറ്റ് നടയിലെ സമരവും പാതിയിലവസാനിപ്പിക്കേണ്ടിവന്നു. ആ സുവർണാവസരവും മണ്ഡലകാലവും തീർന്നതോടെയാണ് നാടിനൊരു ആ­ശ്വാസമായത്. കിട്ടിയ അവസരം മുതലാക്കി ആദ്യം പ്രതികാരം തീർത്തത് സന്നിധാനത്തെ വോട്ടർമാരാണ്. പിറകെ വന്ന ഉപതെരഞ്ഞെടുപ്പിൽ ‘സ്വാമി കടാക്ഷം’ നടയിലെ താമര വേരോടെ പിഴുതെറിയപ്പെട്ടു. സിറ്റിങ് സീറ്റാണ് അവിടെ ബിജെപിക്ക് നഷ്ടമായത്. പിന്നാലെ ശ്രീധരൻ പിള്ളയ്ക്കും തിരിച്ചടികിട്ടി. ഇപ്പോള്‍ ബിജെപിയുടെ ശിപായിപ്പണിയായ ഗവര്‍ണർ പദവിയിലേക്കാണ് പിള്ളയ്ക്ക് പോകേണ്ടിവന്നത്. പിന്നിങ്ങോട്ട് സംസ്ഥാനത്തിനൊരു ബിജെപി അധ്യക്ഷൻ പിറന്നിട്ടില്ലെന്നതാണ് വാസ്തവം.

നേരത്തെ സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്ന് നീക്കി കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് നാടുകടത്തിയപ്പോൾ പകരക്കാരനെ നിയോഗിക്കാൻ സമയം വല്ലാതൊന്നും എടുത്തിരുന്നില്ല. അതേ കുമ്മനത്തെ മത്സരാർത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചുവിളിക്കാനും ഇത്ര താമസമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ തോറ്റ് തെക്കുവടക്ക് നടക്കുന്ന കുമ്മനത്തെ തിരിച്ച് പഴയ സ്ഥാനത്തിരുത്താൻ പലരും സമ്മതിക്കുന്നുമില്ല. വിശ്വാസവും അവിശ്വാസവും അന്ധവിശ്വാസവും കൂടിക്കലർന്ന ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരും കാപട്യവും കുറ്റവാസനയും വിഷചിന്തയും ലയിച്ച ആർഎസ്എസിലെ എതിർപ്പുകളുമാണ് സംസ്ഥാന അധ്യക്ഷക്കസേരയിൽ മാറാല ചുറ്റിക്കുന്നത്. ആരെ വേണമെന്ന കാര്യത്തിൽ തീർപ്പുണ്ടാക്കാൻ ദേശീയ നേതൃത്വത്തിന് നേരവുമില്ലാതായിരിക്കുന്നു. ദേശീ­യ പൗരത്വ പട്ടികയും ഭേദഗതി നിയമവും കശ്മീരും അതിനെതിരെയുള്ള പ്രതിഷേധങ്ങളും നേരിടാനാവാൻ കെല്പില്ലാത്ത അവസ്ഥയാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിനുള്ളത്. അതിനിടയിൽ കേരളത്തിലെ സംസ്ഥാന പ്രസിഡന്റ് പദവിയും കർണാടകത്തിലെ മുഖ്യമന്ത്രിയുടെ ദുരിതവുമൊന്നും അത്രവലുതല്ലെന്നാണ് വയ്പ്പ്.

ആരായിരിക്കണം അടുത്ത സംസ്ഥാന പ്രസിഡന്റ് എന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കളോട് ചോദിച്ചാല്‍ രഹസ്യമായി പറയും ‘ഞാൻ’ എന്ന്. പരസ്യമായൊരു അഭിപ്രായം പറയാൻ ധൈര്യവുമില്ല. അധികാരക്കൊതിയും പണക്കൊയ്ത്തിനുള്ള അത്യാര്‍ത്ഥിയുമാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ബിജെപി നേതാക്കളെ നയിക്കുന്നത്. കെ സുരേന്ദ്രനെയാണ് പലരും ഉയർത്തിക്കാട്ടിയതെങ്കിലും ആർഎസ്എസിന് വലിയ വിരോധമാണുള്ളത്. കേരളത്തിലെ മാത്രമല്ല, കർണാടകത്തിലെ ആർഎസ്എസ് നേതൃത്വങ്ങളും വലിയൊരു വിഭാഗം ബിജെപി നേതാക്കളും സുരേന്ദ്രനെതിരാണ്. ആർഎസ്എസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സുരേന്ദ്രന്റെ ‘സാമ്രാജ്യങ്ങളും ഭരണവും’ എന്നാണ് നേതൃത്വം അടക്കിപ്പറയുന്നത്. കേരളത്തിൽ കേമനാകാൻ കർണാടകത്തിലെ സ്വാധീനം ഉപയോഗിച്ച് വരുമാനം കണ്ടെത്തുന്നുവെന്ന ഉൾപ്പാർട്ടി ആരോപണം സംസ്ഥാന പ്രസിഡന്റ് പദവി അജണ്ടയിൽ ആർഎസ്എസ് ഉയർത്തിപ്പിടിക്കുകയാണ്.

കാര്യശേഷിയേറെ കാട്ടിയിട്ടും കാര്യദർശിമാരുടെ ആരുടെയും തുണയില്ലാത്തതാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുന്ന ഈ സുവർണാവസരത്തിലും ഗതിയില്ലാത്തവനാക്കിയത്. എം ടി രമേശിനെ അടുത്ത ഊഴം ഏല്പിക്കാനാണ് സംസ്ഥാനത്ത് സംഘടനാസ്വാധീനം ഏറെയുള്ള കൃഷ്ണദാസും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. ഇത് ആർഎസ്എസിനും സ്വീകാര്യമാണ്. പാർട്ടിക്കുള്ളിലെ എതിർപ്പുകളെ മറികടക്കാൻ കൃഷ്ണദാസിനും അനുയായികൾക്കും എളുപ്പത്തിലാവുമെന്നതാണ് രമേശിന് തുണ. എന്നാൽ, രമേശിലൂടെ സംഘടനാ വളർച്ച ഏതുരീതിയിലാവുമെന്നതാണ് ദേശീയ നേതൃത്വത്തെ അലട്ടുന്നത്. അടിത്തട്ടിൽ രമേശിന് കാര്യമായ ബഹുജന പിന്തുണയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. ഇക്കാര്യം രമേശിനെതിരെ കരുനീക്കം നടത്തുന്നവർ വേണ്ടുവോളം ഉപയോഗിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ കൊച്ചിയിൽവച്ച് നടത്തിയ ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് കോർ കമ്മിറ്റി യോഗം വിളിച്ചിരുന്നു.

കൊച്ചിയിൽ കോർ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ച ഘട്ടത്തിൽത്തന്നെ രമേശിനെതിരെ വിരുദ്ധവിഭാഗം ഉയർത്തിക്കാട്ടിയത് പാർട്ടിയിൽ സ്വാധീനമില്ലെന്ന ആരോപണമാണ്. കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു നീക്കം നടത്തിയത്. സുരേന്ദ്രനാണെങ്കിൽ കർണാടകത്തിൽ ശ്രദ്ധാകേന്ദ്രമായി പ്രവർത്തിക്കുന്നത് ബി എൽ സന്തോഷിന്റെ അനുയായി എന്ന നിലയിലും. അന്ന് സംസ്ഥാന അധ്യക്ഷന്‍ ആരാകണമെന്ന് നിശ്ചയിക്കാൻ വിളിച്ച യോഗം അവസാന നിമിഷം മാറ്റിവയ്ക്കുകയാണ് ചെയ്തത്. അയോധ്യവിധിയുടെ പേരാണ് യോഗം നീട്ടിവയ്ക്കാൻ കാരണമായി അന്ന് പറഞ്ഞത്. എന്നാൽ ഈ സമയത്ത്, വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആർഎസ്എസും ബിജെപിയും കടുത്ത പോരിലുമായിരുന്നു. കുമ്മനത്തെ അവഗണിച്ചതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. ഇതിന്റെ അലയൊലികൾ നിലയ്ക്കും മുൻപേ സംസ്ഥാന അധ്യക്ഷപദവി ഒഴിവായിക്കിടന്നത് ബിജെപിയെയാണ് വെട്ടിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്എസിന്റെ സ്വാധീനം ചെറുതല്ലെന്നതാണ് ഇവരെ അലട്ടുന്നത്.

ഇതിനിടയില്‍ ജില്ലാ പ്രസിഡന്റുമാരെ ഇളക്കിപ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയും പുതിയവരുടെ പട്ടികയിൽ ധാരണയെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ‘പ്രതിഷ്ഠാ’ ചടങ്ങുകളാണ് പൊല്ലാപ്പിലാവുക. പലയിടത്തും നിലവിലെ പ്രസിഡന്റുമാർ ഒഴിഞ്ഞുമാറില്ലെന്ന നിലപാട് നേതൃത്വത്തോട് പറഞ്ഞതായാണ് വിവരം. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജില്ലകളിലും കൃഷ്ണദാസ് പക്ഷക്കാരായ നേതാക്കളെ പ്രസിഡന്റാക്കാൻ ശ്രമിക്കുന്നുവെന്നതാണ് വിരുദ്ധ ചേരിയിലുള്ളവരുടെ വിധ്വേഷത്തിന് കാരണം. ഒക്ടോബർ 25നാണ് ശ്രീധരൻ പിള്ളയെ മിസോറാമിലെ ഗവർണറായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. ഡിസംബർ 15 നകം പകരം സംസ്ഥാന അധ്യക്ഷനെത്തുമെന്ന് നവംബറിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസം പിന്നിടാറായിട്ടും സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാൻ കഴിഞ്ഞില്ല. ഉൾപ്പോരിനൊപ്പം സ്ഥാനമോഹികളുടെ കസേരകളി കൂടിയായതോടെ ബിജെപിയുടെ കേരളഘടകം പാടെ തകർന്നടിഞ്ഞുവെന്നതാണ് വസ്തുത.

ശ്രീധരൻ പിള്ള പറഞ്ഞ മണ്ഡലകാലത്തെ സുവർണാവസരം ഇത്തവണയും നിലനിന്നിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ നിലപാട് ജനങ്ങൾക്ക് ബോധ്യമായ സാഹചര്യത്തിൽ വിശ്വാസികളെ സമീപിക്കാനും കഴിഞ്ഞില്ല. കോടതി പറഞ്ഞതിന് സര്‍ക്കാരിനെതിരെ തിരിയുക എന്ന രാഷ്ട്രീയ തന്ത്രം നവമാധ്യമങ്ങളിലൂടെയും ഏശിയില്ല. ദേശീയ പൗരത്വ ഭേതഗതി നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ക്യാമ്പയിൻ നിശ്ചയിച്ചിരുന്നെങ്കിലും അതും പാളി. പലയിടത്തും വലിയ പ്രതിരോധവും പ്രതിഷേധവുമാണ് ബിജെപി നേതാക്കളടങ്ങിയ സ്ക്വാഡുകളെ നേരിട്ടത്. ദേശീയ തലത്തിൽ സർക്കാരും ബിജെപിയും ആര്‍എസ്എസും ഒരുപോലെ പ്രതിരോധത്തിലായിരിക്കെ സംഘടനാ സംവിധാനവും തകർന്നടിയുന്ന കാഴ്ചയാണ് കേരളത്തിലേത്.

Eng­lish sum­ma­ry: janayu­gom arti­cle about bjp state persident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.