ഡോ. ജിപ്‍സണ്‍ വി പോള്‍

January 09, 2021, 5:45 am

ജോ ബെെഡന് അമേരിക്കന്‍ ജനതയുടെ മുറിവുണ‌ക്കാനാകുമോ

Janayugom Online

ഡോ. ജിപ്‍സണ്‍ വി പോള്‍

അമേരിക്കന്‍ ജനത തങ്ങളുടെ 46-ാമത് പ്രസിഡന്റായി ജോ ബെെഡനേയും വെെസ് പ്രസിഡന്റായി കമലാ ഹാരിസിനേയും തിരഞ്ഞെടുത്തു എങ്കിലും ആ രാഷ്ട്രീയ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. 1973 മുതല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവാണ് ബെെഡന്‍. 2009 മുതല്‍ രണ്ട് തവണ ബാരക് ഒബാമയുടെ കീഴില്‍ അമേരിക്കന്‍ വെെസ് പ്രസിഡന്റായിരുന്ന ഭരണപരിചയവും നേതൃത്വപാടവവും അദ്ദേഹത്തിന് കെെമുതലായുണ്ട്. 538 അംഗ ഇലക്ടറല്‍ കോളേജ് വോട്ടില്‍ 306 വോട്ടുകള്‍ നേടിയാണ് ജോബെെഡനും കമലയും വെെറ്റ്ഹൗസിലേക്ക് എത്തുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ക്യാപിറ്റല്‍ ഹില്‍ വെടിവയ്പും അനുബന്ധ നാടകങ്ങളും ലോക ജനാധിപത്യത്തിന്റെ പതാകവാഹകരായ അമേരിക്കയെ ലോകജനതക്ക് മുന്നില്‍ നാണംകെടുത്തുകയും യുഎസിലെ രാഷ്ട്രീയ അരാജകത്വത്തെ തുറന്നുകാട്ടുന്നതുമായി. ലോക പൊലീസ് ചമയുന്ന അമേരിക്കയ്ക്ക് തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാതെ‍ അപഹാസ്യരാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. സത്യാനന്തര കാലഘട്ടത്തില്‍ വര്‍ണവെറിയുടെയും വലതുപക്ഷ വംശീയതയുടെയും അപ്പോസ്തലനായ ഡൊണാള്‍ഡ് ട്രംപ് കോവിഡ് മഹാമാരിയില്‍ ലക്ഷക്കണക്കിനായ അമേരിക്കന്‍ പൗരന്‍മാര്‍ പുഴുക്കളെപ്പോലെ മരിച്ചു വീഴുമ്പോഴും വംശീയതയിലും വര്‍ണവെറിയിലും അഭിരമിച്ചുകൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയ അജണ്ടയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെയും പ്രയോഗിച്ചത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരന്റെ വേദനയും അരക്ഷിതാവസ്ഥയും ‘ബ്ലാക്ക് ലെെവ്സ് മാറ്റര്‍’ എന്ന ചുമരെഴുത്തുകളായി ഉയര്‍ന്നുവന്നു.

ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ അമേരിക്കയില്‍ എങ്ങും ആളിക്കത്തിയ വര്‍ണവിവേചനത്തിനെതിരായ അമേരിക്കന്‍ ജനതയുടെ രോഷപ്രകടനത്തിനിടയിലേക്ക് കമലാ ഹാരിസ് എന്ന ഏഷ്യന്‍-ആഫ്രിക്കന്‍ വംശജയെ തന്റെ വെെസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിയോഗിച്ച ബെെഡന്റെ സന്ദേശം സുവ്യക്തമായിരുന്നു. തന്റെ വിജയപ്രഖ്യാപനപ്രസംഗത്തില്‍ താന്‍ അമേരിക്കയെ വിഭജിക്കുന്നതിനു പകരം ഒരുമിപ്പിക്കലിന്റെ പ്രസിഡന്റായിരിക്കുമെന്ന് അദ്ദേഹം ജനതയ്ക്ക് ഉറപ്പ് നല്കി. കമലാ ഹാരിസിലൂടെ അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കും, ഏഷ്യന്‍ വംശജര്‍ക്കും ഹിസ്പാനിക്കുകള്‍ക്കും നല്‍കിയ സന്ദേശം അമേരിക്ക നിങ്ങളുടേത് കൂടിയാണെന്നാണ്. 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ഉപമിക്കുന്നത് 1860ലെ ആഭ്യന്തരയുദ്ധാനന്തരമുള്ള തെരഞ്ഞെടുപ്പിനോടാണ്.

എന്നാല്‍ ജനുവരി ആറിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്ക 1860തിനേക്കാള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ആധുനിക അമേരിക്ക ഒരു ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനാകാത്ത സവിശേഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ട്രംപ് ഭരണകാലത്ത് അമേരിക്കന്‍ ജനാധിപത്യത്തിനും അമേരിക്കന്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും സംഭവിച്ച അപചയം ദുരീകരിക്കുക എന്ന വലിയ ദൗത്യമാണ് അമേരിക്കന്‍ ജനത ബെെഡനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ പക്ഷപാതിയായി ട്രംപ് മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ പരിഹരിക്കാനും മുസ്‌ലിം രാഷ്ട്രങ്ങളെ അമേരിക്കന്‍ സ്വാധീന വലയത്തിലേക്ക് അടുപ്പിക്കാനും ബെെഡന്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. ചെെനയുമായി ആരംഭിച്ച രണ്ടാം ശീതയുദ്ധം അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളിലും ബന്ധങ്ങളിലും അമേരിക്കയ്ക്ക് ഉണ്ടാക്കിയ കനത്ത ആഘാതം പരിഹരിക്കാന്‍ ട്രംപിന്റെ ആക്രമണോത്സുകമായ നയത്തിന് പകരം ഇടപഴകല്‍ നിയന്ത്രിക്കല്‍ രീതിയായ “കണ്‍ഗേജ്മെന്റ്” നയം ആയിരിക്കും ബെെഡന്‍ സ്വീകരിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയും ചെെനയും തമ്മിലുള്ള ബന്ധം വഷളായ ഈ ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചെെ­നാനയം വളരെ പ്രാധാന്യ­പ്പെട്ടതാണ്. 2017ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിന്റെ നടപടി പുനഃപരിശോധിക്കാനുള്ള ബെെഡന്റെ നയം ആ­ഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും.

തന്റെ മുന്‍ഗാമിയായ ഒബാമ ആരംഭിച്ച ‘ഒബാമ കെയര്‍’ പോലുള്ള ആരോഗ്യ നയപരിപാടകള്‍ കോവിഡ് മഹാമാരിയില്‍ വലയുന്ന അമേരിക്കന്‍ ജനതയ്ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പുനഃസ്ഥാപിക്കാനും തടഞ്ഞുവച്ച ഫണ്ടുകള്‍ നല്കും എന്ന പ്രസ്താവനയും സ്വാഗതാര്‍ഹമാണ്. വെെറ്റ്ഹൗസിലെ ഭരണസംഘത്തിലെ 100 അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 61 ശതമാനം സ്ത്രീകളും 54 ശതമാനം ഇതര വര്‍ണ‑വര്‍ഗക്കാരും 11 ശതമാനം ലെെംഗിക ന്യൂനപക്ഷവും ഉള്‍പ്പെട്ടത് യാദൃച്ഛികമല്ല, മറിച്ച് ബെെഡന്റെ നയപ്രതിഫലനം തന്നെയാണ്. വെെവിധ്യങ്ങളുടെ അമേരിക്ക എങ്ങനെയോ അങ്ങനെ തന്നെ ആയിരിക്കും എന്ന് ബെെഡന്‍ ഉറപ്പുനല്‍കുന്നു. 244 വര്‍ഷം പഴക്കമുള്ള അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ഭരണകെെമാറ്റങ്ങളും അമേരിക്കന്‍ ഭരണഘടനയില്‍ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കപട ദേശീയതയുടെയും വര്‍ണ‑വംശ വെറിയുടെയും ഈ ദുര്‍ഘടം പിടിച്ച കാലഘട്ടത്തിലെ അമേരിക്കന്‍ ജനാധിപത്യം അതിന്റെ മൂല്യച്യുതികളില്‍ പെട്ട് ഉഴലുകയാണ്.

ബെെഡന്റെ വിജയത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ച ട്രംപിന്റെ സമീപനം അമേരിക്കയെ കലാപഭൂമിയാക്കി മാറ്റുമോ എന്നറിയാന്‍ ഇനിയും‍ കാത്തിരിക്കേണ്ടിവരും. ജനുവരി ആറിലെ ക്യാപിറ്റല്‍ ഹില്‍ ആക്രമണങ്ങള്‍ ഒരു ദുഃസൂചന ആകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയേ തല്‍‌ക്കാലം നിവൃത്തിയുള്ളു. (ലേഖകന്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസറാണ്)