ഡോ.കെ ജി താര

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻ മെമ്പർ

February 27, 2021, 5:00 am

ഭൂമി, ആകാശം, ഇനി കടലും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു

Janayugom Online

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ, സെപ്റ്റംബർ, 2020 ന് സമുദ്ര സമ്പദ്‌വ്യവസ്ഥയെ ഇന്ത്യയുടെ വികസനത്തിന് എങ്ങനെ ഉപയോഗിക്കണമെന്നുള്ള കരട് രേഖ തയ്യാറാക്കുകയും ഇന്ത്യയുടെ ഭൗമശാസ്ത്ര മന്ത്രാലയം ഈ കരട് നയത്തിനെപ്പറ്റി വ്യവസായം, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ വിദഗ്ധർ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കുകയുമുണ്ടായി. 75,000 കിലോമീറ്റർ സമുദ്രതീരം, 29 സംസ്ഥാനങ്ങളിൽ ഒമ്പതെണ്ണം തീരദേശ സംസ്ഥാനങ്ങൾ, 199 തുറമുഖങ്ങൾ, ഒക്കെക്കൂടി വളരെ പ്രധാനപ്പെട്ട സമുദ്ര മേഖലയാണ് ഇന്ത്യ. ക്രൂഡ് ഓയിലും, പ്രകൃതിവാതകവും ഉൾപ്പെടെ ഇന്ത്യയ്ക്ക് 20 ലക്ഷം ചതുരശ്ര കിലോമീറ്ററോളം ജൈവ‑അജൈവ വിഭവസമ്പത്തുണ്ട്. 199 തുറമുഖങ്ങൾ ഉള്ളതിൽ 12 മുഖ്യ തുറമുഖങ്ങളിൽ മാത്രം 1400 മില്യൺ കാർഗോ ഓരോ കൊല്ലവും കൈകാര്യം ചെയ്യുന്നു.

ഇതെല്ലാം കൊണ്ടുതന്നെ, ഇന്ത്യയുടെ ജിഡിപി വളർച്ചയ്ക്കും, നിലനിൽപ്പിനും ഏറ്റവും പ്രധാനപ്പെട്ട രേഖ എന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ ബ്ലൂ എക്കണോമിയുടെ കരട് രേഖയിന്മേൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ പതിനാലാമതായി പറയുന്ന “കടൽ ‑സമുദ്ര വിഭവങ്ങളെ സുസ്ഥിര വികസനത്തിനായി, സംരക്ഷിക്കൂ” എന്ന മുദ്രാ വാക്യത്തോടെയാണ് കരടുരേഖ തുടങ്ങുന്നത്. ദേശീയ പതാകയിലെ നീല ചക്രം കടലുകളുടെയും, നീലവിപ്ലവത്തിലൂടെ കൈവരിക്കാവുന്ന അനന്തസാധ്യതകളെയും സൂചിപ്പിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും, ഈ നീല ചക്രം ദേശീയ പതാകയുടെ നടുക്ക് നിലകൊള്ളുന്നതിൽ നിന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടൽവിഭവങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അതിൽ നിന്ന് മനസിലാവുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പുതിയ ഭാഷ്യവും ആദ്യ പേജുകളിൽ കാണാം.

വ്യാപകമായ തോതിൽ സ്വകാര്യവൽക്കരണം
കടലുകളുടെ ഭരണ നിയന്ത്രണവും, സമുദ്ര സമ്പദ്‌വ്യവസ്ഥയും, തീരദേശ പ്രദേശങ്ങളുടെയും, ടൂറിസത്തിന്റെയും ആസൂത്രണം, മത്സ്യബന്ധനം, അക്വാകൾച്ചർ, മത്സ്യ സംസ്കരണം, ഉൽപ്പാദനം, വ്യവസായം, വ്യാപാരം, സാങ്കേതിക വിദ്യ, സേവനങ്ങൾ, ശേഷി വികസിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, ചരക്കു ഗതാഗതവും, വ്യാപാരവും, തീരദേശ ‑ആഴക്കടൽ ഖനനം /ഊർജ ഉൽപ്പാദനം,സുരക്ഷാ, തന്ത്രപ്രധാനമായതുമായ കാര്യങ്ങൾ, അന്താരാഷ്ട്ര ഉടമ്പടികൾ, തുടങ്ങീ ഏഴു സുപ്രധാന വിഭാഗങ്ങളിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന നയങ്ങളാണ് ഈ കരട് രേഖയിൽ ഉള്ളത്. പക്ഷെ, ഓരോ മേഖലയിലും വ്യാപകമായ തോതിൽ സ്വകാര്യവൽക്കരണവും, വ്യവസായ ശൃംഖലകളും കൊണ്ടുവരാനുള്ള ഒരുക്കങ്ങളാണ് ഇതിൽ മുഖ്യമായും ഉള്ളത് എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത.
പവിഴപ്പുറ്റ്, മത്സ്യങ്ങൾ തുടങ്ങിയ സമുദ്രവിഭവങ്ങൾ പൊതുവായ സ്വത്തായിട്ടാണ് ഇതുവരെയും കരുതപ്പെട്ടുപോന്നത്. പരമ്പരാഗതമായ മൽസ്യബന്ധന ബോട്ടുകൾക്ക് സ്വതന്ത്രവും, സൗജന്യവുമായ രീതിയിൽ മീൻ പിടിക്കാനുള്ള അവകാശം ഇതിൽ സ്വാഭാവികമായും സംരക്ഷിക്കപ്പെട്ടിട്ടുമുണ്ടായിരുന്നു.

പക്ഷെ, കരട് രേഖയിലെ “മറൈൻ സ്പെഷ്യൽ പ്ലാനിംഗ്” എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്, ഒന്നിൽക്കൂടുതൽ ഏജൻസികൾ ഉദാഹരണമായി, വ്യവസായം, ടൂറിസം, ഊർജ്ജ ഉൽപ്പാദനം, തുടങ്ങി വിവിധ ഏജൻസികൾ ഒരേ തീരപ്രദേശത്തിലെ വിഭവങ്ങളിലൂടെ ആവശ്യക്കാരായി വരികയാണെങ്കിൽ, ഓരോരുത്തർക്കും അനുവദനീയമായ കാര്യങ്ങൾ നിജപ്പെടുത്തേണ്ടതുണ്ട് എന്നാണ്. മറൈൻ സ്പെഷ്യൽ പ്ലാനിംഗ് (എംഎസ്‌പി) എന്നതിന്റെ ഏറ്റവും വലിയ സാമ്പത്തിക നേട്ടമായി ഐക്യരാഷ്ട്ര സഭയുടെയും, ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മിഷന്റെയും വെബ്സൈറ്റിൽ പറയുന്നത് മറൈൻ സ്പെഷ്യൽ പ്ലാനിംഗ് എന്നത് തീരദേശത്തും, ആഴക്കടലിലും മുതൽ മുടക്കാൻ ആഗ്രഹം ഉള്ള സ്വകാര്യ സംരംഭകർക്ക് 30 കൊല്ലത്തേക്ക് എങ്കിലും വിഭവ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കും എന്നാണ്.

കേന്ദ്രീകൃത നിരീക്ഷണം
തീരദേശ ആസൂത്രണം എങ്ങിനെ വേണമെന്ന് തീരുമാനിക്കാൻ ഒരു കേന്ദ്ര അതോറിറ്റി യെ ചുമതലപ്പെടുത്തണമെന്നും, ഇതിനായി സമുദ്രവിഭവങ്ങളുടെയും, തീരപ്രദേശങ്ങളുടെയും, എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന്റെയും, കടലിന്റെ അടിത്തട്ടിന്റെയുമൊക്കെ മാപ്പിംഗ് വലിയ തോതിൽ നടത്തേണ്ടതുണ്ടെന്നും, കരട് രേഖയിൽ പറയുന്നുണ്ട്.
ഈ കേന്ദ്ര അതോറിറ്റിയുടെ കീഴിൽ, കടൽത്തീരത്ത് ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. മൽസ്യബന്ധനവും, അതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിരീക്ഷിക്കാനും ആര്, എവിടെ, എപ്പോൾ മൽസ്യം പിടിക്കുന്നുവെന്നും, എങ്ങിനെ പിടിക്കുന്നുവെന്നും നിരീക്ഷിക്കാൻ “വെസ്സൽ മോണിറ്ററിങ് സിസ്റ്റം” (വിഎംഎസ്) പോലെയുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ വെണമെന്നും 24 മണിക്കൂറും ഇതു മാത്രം നിരീക്ഷിക്കുന്ന രീതിയിൽ ഒരു ഉപഗ്രഹ സംവിധാനം വിക്ഷേപിക്കുന്ന കാര്യം പരിശോധിക്കണമെന്നും ഇതിൽ പറയുന്നുണ്ട്.

തൊഴിലാളികളെ മറന്നു
പ്രകൃതി ദുരന്തങ്ങൾമൂലം വര്‍ഷങ്ങളായി മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന തൊഴിൽനഷ്ടം, യഥാവിധി മുന്നറിയിപ്പുകൾ കൊടുക്കാൻ തക്കവിധമുള്ള വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയെപ്പറ്റി നിശബ്ദത പുലർത്തുന്ന ഈ രേഖ ആഴക്കടൽ മൽസ്യ ബന്ധനത്തിനും, ഖനനത്തിനും നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പോലെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവർക്കും, മുതൽമുടക്ക് നടത്തുന്നവർക്കും സാമ്പത്തിക പ്രോത്സാഹനം കൊടുക്കണമെന്നും, പറയുന്നുണ്ട്.
മുത്തുച്ചിപ്പി, മരുന്നുൽപ്പാദനം, തുടങ്ങിയ വിവിധ മേഖലകളിൽ ഉല്പാദനം കൂട്ടാൻ മാരി കൾച്ചർ അതോറിറ്റി ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുതിയ കേന്ദ്ര ഏജൻസി രൂപീകരിക്കണമെന്ന് ഒരു സമഗ്ര മാരി കൾച്ചർ പോളിസി രൂപീകരിക്കണമെന്നും കരട് രേഖയിൽ ഉണ്ട്.

തുറമുഖങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനം ആയിരിക്കും തീരദേശത്ത് എന്നും, മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട്, തുടങ്ങിയ നിയമങ്ങൾ പുനരവലോകനം ചെയ്യാനും തുറമുഖങ്ങൾ നവീകരിക്കാനും, സ്വകാര്യ‑പൊതു പങ്കാളിത്ത (പിപിപി മോഡല്‍)ത്തോടുകൂടി കപ്പൽ നിർമ്മാണം, തുറമുഖവികസനം എന്നിങ്ങനെ പലതും ചെയ്യാൻ ഒരു മാരി ടൈം ഡെവലപ്മെന്റ് ഫണ്ട് രൂപീകരിക്കണമെന്നുള്ള നിർദ്ദേശവും ഇതിൽ ഉണ്ട്. സാഗർ മാല പദ്ധതി പ്രകാരമുള്ള വ്യവസായ വളർച്ചയാണ് ലക്ഷ്യം ഇടുന്നതെന്നും തീരത്ത് നിന്നും അറ്റോമിക് ഖനിജങ്ങൾ ഒഴികെ മറ്റൊന്നും ഖനനം ചെയ്യാൻ നിലവിലെ തീരദേശ സോൺ റെഗുലേഷൻ ആക്ട് സമ്മതിക്കുന്നില്ല എന്നതിനാൽ അത് പുനഃപരിശോധിക്കപ്പെടണം എന്നും ഈ കരട് നിയമം പറയുമ്പോൾ പേടിക്കേണ്ടതുണ്ട്.

എല്ലാം കേന്ദ്രം തീരുമാനിക്കും
ഏറ്റവും മുഖ്യം എന്ന് പറയുന്നത്, പുതിയ നയങ്ങൾ നടപ്പിലാക്കാനും, പ്രാദേശിക‑സംസ്ഥാന ‑ദേശീയ തലങ്ങളിലെ എല്ലാ സ്കീമുകളും, ആസൂത്രണങ്ങളും “നാഷണൽ ബ്ലൂ ഇക്കോണമി കൗൺസിൽ” എന്ന പേരിൽ ഒരു ഉന്നതതല സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരിക എന്നതാണ്. ഈ കൗണ്‍സിലിന്റെ ചുമതല എന്ന് പറയുന്നത്, കരട് രേഖയ്ക്ക് അനുസൃതമായി സമുദ്ര‑തീരദേശ മേഖലകളിലെ എല്ലാ പ്രൊജക്ടുകളും വിലയിരുത്തുക, മാർഗനിർദേശങ്ങളും, നിയന്ത്രണങ്ങളും കൊണ്ടുവരിക, അന്താരാഷ്ട്ര സഹകരണം, ശേഷി വർധിപ്പിക്കൽ മൽസ്യബന്ധന മേഖലകളിലെ സബ്സിഡികൾ, മറ്റ് നിയന്ത്രണങ്ങൾ, താരിഫുകൾ തുടങ്ങിയ കാര്യങ്ങളിൽ എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുക തുടങ്ങിയവയാണ്.

ആഴക്കടൽ ഖനനം, ഗതാഗതം, സംഭരണം, തുടങ്ങിയ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് പാട്ടത്തിനു കൊടുക്കാനും, ഈ ദേശീയ ബ്ലൂ ഇക്കോണമി കൗൺസിലിന് തന്നെയായിരിക്കും ചുമതല. സെക്ഷൻ 4.27 ൽ പറയുന്നത് കേന്ദ്ര‑സംസ്ഥാന ‑പ്രാദേശിക തലത്തിലെ എല്ലാ പ്രവർത്തനങ്ങളും ഈ കൗൺസിൽ ആയിരിക്കും ഏകോപിപ്പിക്കുക എന്നതാണ്. വർഷത്തിൽ ഒരിക്കൽ എങ്കിലും ഈ കൗൺസിൽ കൂടി വേണം പ്ലാനുകൾ അംഗീകരിക്കാനും നയ പരിപാടികൾ ആസൂത്രണം ചെയ്യാനും എന്നും പറയുന്നുണ്ട്. ഈ കൗണ്‍സിലിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരു കേന്ദ്രീകൃത എക്സിക്യൂട്ടീവ് കമ്മിറ്റിയേയും വിഭാവന ചെയ്യുന്നുണ്ട്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ, ചീഫ് സെക്രട്ടറിമാർ എന്നിവരെക്കൂടാതെ വ്യവസായ മേഖലയിലെ അസോസിയേഷനുകളുടെ മുതിർന്ന അംഗങ്ങളെക്കൂടി ഈ ഉന്നതതല സമിതിയിൽ അംഗങ്ങൾ ആക്കാമെന്ന് പറയുന്നിടത്തു പോലും മൽസ്യബന്ധന മേഖലയിലെ പ്രതിനിധികൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, എൻജിഒ മാർ, തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പറയുന്നിടത്ത് അപകടം മണക്കേണ്ടതുണ്ട്.

പ്രത്യേക നിയമം വരുന്നു?
ബ്ലൂ ഇക്കണോമിയുടെ പ്രഖ്യാപിത നയങ്ങൾ നടപ്പിലാക്കാനും, സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും വേണ്ടിവന്നാൽ പ്രത്യേക നിയമങ്ങളോ, സമഗ്രമായ പുതിയ ബ്ലൂ ഇക്കോണമി നിയമം കൊണ്ടുവരാനോ, നിലവിലുള്ള നിയമങ്ങൾ മാറ്റുവാനോ ഉള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മേൽപ്പറഞ്ഞ പരിപാടികൾ എല്ലാം നടത്താൻ ഒരു നാഷണൽ ബ്ലൂ ഇക്കോണമി ഫണ്ട് രൂപീകരിക്കണമെന്നും, ഈ ഫണ്ട്, മുൻപ് പറഞ്ഞ ഉന്നതതല കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കുമെന്നും ഈ കരട് രേഖയിൽ പറയുന്നുണ്ട്.

ഈ കരട് രേഖ തയ്യാറാക്കുന്നതിൽ മന്ത്രാലയങ്ങളുടെ പ്രതിനിധികളോ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് & ഇൻഡസ്ട്രി (എഫ്ഐസിസിഐ) തുടങ്ങിയ വ്യാപാര‑വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരുമായോ അല്ലാതെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുമായോ അവരുടെ സംഘടനകളുമായോ ഒരുതരത്തിലുള്ള ചർച്ചയും നടത്തിയതായി പറയുന്നില്ല. ഐഎസ്ആർഒ‑യിൽ സ്വകാര്യ ഗവേഷണം അനുവദിച്ചു കൊണ്ട് ആകാശം വിറ്റു. കൃഷിക്കാർ അറിയാതെ കൃഷി ഭൂമിയും. കോർപ്പറേറ്റുകൾക്കു തീറെഴുതി. ഇപ്പോൾ മത്സ്യത്തൊഴിലാളികൾ അറിയാതെ കടലും വിൽക്കുകയാണ്.