ഡോ. ജിപ്‍സണ്‍ വി പോള്‍

May 05, 2021, 4:30 am

ദുരന്തമാകുന്ന കേന്ദ്ര വാക്സിന്‍ നയം

Janayugom Online

കോവിഡിന്റെ രണ്ടാം താണ്ഡവ നൃത്തത്തില്‍ ലോകജനത അതിജീവനത്തിനായി പൊരുതുമ്പോള്‍ അതിന്റെ ജീവനാഡിയായ സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ എന്നത് മൂലധന കുത്തകകള്‍ക്കായി അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യാഗവണ്‍മെന്റിന്റെ വാക്സിന്‍ നയവും ഓക്സിജന്‍ വിതരണത്തിലെ ദീര്‍ഘവീക്ഷണം ഇല്ലായ്മയും മൂലം പൗരന്മാര്‍ മരണത്തിന് വിധിക്കപ്പെടുന്നു. വാക്സിന്‍ ഇന്ന് ഇന്ത്യയിലും ലോകരാജ്യങ്ങള്‍ക്കിടയിലും ഒരു രാഷ്ട്രീയപ്രശ്നം ആയി മാറിക്കഴിഞ്ഞു. ചങ്ങാത്ത മുതലാളിത്തം ഭരണകൂടത്തെ ഹെെജാക്ക് ചെയ്തുകൊണ്ട് കൊള്ളലാഭത്തിനായി പാവം ജനതയെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന രാജ്യമായ ഭാരതത്തില്‍ കേവലം 12 കോടി ജനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെയും വാക്സിന്‍ ലഭ്യമായിട്ടുള്ളത്. ഇതില്‍ തന്നെ 3.3 കോടിയില്‍ താഴെ മാത്രം ആളുകളാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചത്. ആഗോളതലത്തില്‍ മുന്‍പൊരിക്കലും ഇത്തരത്തിലുള്ള മഹാമാരിയെ നേരിട്ട ‍ചരിത്രം ഇല്ലാതിരുന്നിട്ടും ആധുനിക ശാസ്ത്രലോകം ചുരുങ്ങിയ കാലത്തിനുള്ളില്‍ അതിനെ പ്രതിരോധിക്കാനായി വാക്സിന്‍ നിര്‍മ്മിച്ചു. ശാസ്ത്രലോകത്തെ പരിഹസിക്കുന്ന തരത്തിലാണ് ലോകരാഷ്ട്രങ്ങളും കുത്തകമരുന്ന് കമ്പനികളും വാക്സിന്‍ രാഷ്ട്രീയം കളിക്കുന്നത്.

ഒരു വാക്സിന്‍ തന്നെ വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ കൊടുക്കാന്‍ തയ്യാറാകുന്നത്. ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രി മേഖലയ്ക്കും 150, 400, 600 എന്ന വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്സിന്‍ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത്. ബ്രിട്ടന് 225 രൂപ നിരക്കിലും അമേരിക്കയ്ക്ക് 300 രൂപയ്ക്കും സൗദി അറേബ്യക്ക് 394 രൂപ നിരക്കിലും ബ്രസിലിന് 237 രൂപ നിരക്കിലും നല്കുന്ന വാക്സിന്‍ 400 രൂപ നിരക്കിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ അനീതിയെ നിയന്ത്രിക്കേണ്ട കേന്ദ്ര ഗവണ്‍മെന്റാകട്ടെ കമ്പനികളെ വഴിവിട്ട് സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നു. നമ്മുടെ നികുതി വരുമാനത്തില്‍ നിന്ന് 4,500 കോടിയില്‍പരം രൂപ ചെലവഴിച്ചാണ് ഈ കമ്പനി തങ്ങളുടെ വാക്സിന്‍ കണ്ടുപിടിച്ചത് എന്നറിയുമ്പോഴാണ് ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ ജനാധിപത്യത്തെയും സാമ്പത്തികനയത്തെയും നിയന്ത്രിക്കുന്നതിന്റെ തീവ്രത മനസിലാകുന്നത്.
വാക്സിന്‍ കാര്യത്തിലുള്ള ഇന്ത്യന്‍ നയം ഇന്ത്യയിലെ ദുര്‍ബല വിഭാഗങ്ങളെ മാത്രമല്ല ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ മേഖലയെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ദുര്‍ബല രാജ്യങ്ങളെയും കൂടിയാണ് എന്നതിനാല്‍ ഇന്ത്യന്‍ വാക്സിന്‍ നയം ലോകാരോഗ്യ സംവിധാനത്തെ തന്നെയാണ് ബാധിക്കുന്നത്.

രാജ്യത്തുതന്നെ മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ കേന്ദ്രനയം കേരളത്തിലും വാക്സിന്‍ക്ഷാമം സൃഷ്ടിക്കുകയാണ്. വാക്സിന്‍ പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനമാണ് കേരളത്തിന്റേത്. കേരളജനതയ്ക്ക് സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ നടപ്പിലാക്കണമെങ്കില്‍ 1300 കോടി രൂപ വേണ്ടിവരും എന്നാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതൊരു വലിയ ബാധ്യത തന്നെയാണ്. കേരളം വാക്സിന് ക്ഷാമം നേരിടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരവും സങ്കടകരവുമാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ അധികനികുതിയിലൂടെ നേടിയ വിഭവസമാഹരണത്തിന്റെ ചെറിയൊരംശം മതി ഇന്ത്യയില്‍ സാര്‍വത്രികവും സൗജന്യവുമായ വാക്സിനേഷന്‍ നടപ്പിലാക്കാന്‍. ഇലക്ഷന്‍ മാനിഫെസ്റ്റോ തമാശയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ബിഹാറിലെയും ബംഗാളിലെയും ഇലക്ഷന്‍ പ്രചരണത്തിലെ പ്രധാന വാഗ്ദാനമായിരുന്നു സൗജന്യ വാക്സിനേഷന്‍. ഇന്ത്യന്‍ മുതലാളിത്തവര്‍ഗത്തിന് കിട്ടാക്കടം എന്ന പേരില്‍ എഴുതിത്തള്ളിയ ലോണിന്റെ തുക മതിയായിരുന്നു ഒരളവുവരെ ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ നല്കാന്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ സൗജന്യ അരി പ്രഖ്യാപിച്ച പ്രധാനമന്ത്രി അഞ്ച് കിലോ അരി മേടിച്ച് പട്ടിണിയകറ്റാന്‍ കഴിവില്ലാത്ത ജനത 600 രൂപയ്ക്ക് വാക്സിന്‍ മേടിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ.

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ ഇത് തരംഗമല്ല സുനാമിയെന്ന് കോടതിക്ക് വരെ പറയേണ്ടിവരുന്നു. ഓക്സിജനും വെന്റിലേറ്ററും കിടക്കയും ലഭിക്കാതെ ജനങ്ങള്‍ പിടഞ്ഞ് മരിക്കുമ്പോഴും അഭിനവ നീറോമാര്‍ പുലര്‍ത്തുന്ന നിസംഗതാഭാവം കോടതിക്ക് പോലും സഹിക്കാന്‍ കഴിയുന്നില്ല. രാജ്യത്തെ നില ഇത്രയും വഷളായിട്ടും തങ്ങളുടെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല എന്നാണ് കേന്ദ്ര ഗവണ്മെന്റ് പറയുന്നത്. ഓക്സിജന്‍ ലഭിക്കാതെ ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കയറ്റുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് നമ്മുടെ രാജ്യം എന്നറിയുമ്പോഴാണ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മ ജനതയെ കൊലയ്ക്ക് കൊടുക്കുന്നത് എങ്ങനെയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്. 2020–21 വര്‍ഷത്തില്‍ 750 ശതമാനത്തിലധികം ഓക്സിജന്‍ കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. അവിടെയാണ് കേരളം വീണ്ടും രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നത്. ഒരു വര്‍ഷംകൊണ്ട് 58 ശതമാനം അധികം ഉല്പാദിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഏക ഓക്സിജന്‍ മിച്ച സംസ്ഥാനം എന്ന പദവി നാം നേടിയെടുത്തിരിക്കുന്നു. കോവിഡിന്റെ ഒന്നാംതരംഗത്തെ കൃത്യമായ നയപരിപാടികളുടെയും പ്രവര്‍ത്തികളുടെയും അടിസ്ഥാനത്തില്‍ നേരിട്ട് ലോകപ്രശംസ നേടിയ കേരള മോഡല്‍ പ്രതിരോധം രണ്ടാം തരംഗത്തിലും മാതൃകയാക്കും എന്നുറപ്പാണ്. കേരളത്തിലെ വളരെ ശക്തമായ അടിസ്ഥാന ആരോഗ്യപരിപാലന സംവിധാനം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല.

വാക്സിനേഷന്‍ വെെകുന്തോറും മ്യൂട്ടേഷന്‍ സംഭവിച്ച വെെറസ് പകരാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് തൊഴില്‍ദിനങ്ങളെ കുറയ്ക്കുന്നതിനും ഉല്പാദന വിതരണ സംവിധാനത്തിന് വീണ്ടും തിരിച്ചടിയാകാനും സാമ്പത്തിക അസമത്വവും പ്രതിസന്ധികളും മൂര്‍ച്ഛിക്കാനും തൊഴിലില്ലായ്മയിലേക്കും പട്ടിണിമരണത്തിലേക്കും ലോകജനതയുടെ വലിയൊരു വിഭാഗത്തെ തള്ളിയിടാനും കാരണമാകും. ഇന്ത്യയില്‍ തൊഴിലില്ലായ്മ 8.4 ശതമാനം ഉയര്‍ന്നിരിക്കുന്നു. കാര്‍ഷികരംഗം ഉള്‍പ്പെടെ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന വാക്സിന്‍ സമ്പന്ന രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. യൂറോപ്പില്‍ 500ല്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിക്കുമ്പോള്‍ സബ്-സഹാറന്‍ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളില്‍ 50,000ല്‍ ഒരാള്‍ എന്ന നിലയിലാണ്. ലോകാരോഗ്യസംഘടനയുടെ വാക്സിന്‍ ഗ്ലോബല്‍ അക്സസ് ഫെസിലിറ്റി (കോവാക്സ്) പദ്ധതിയോട് സമ്പന്നരാജ്യങ്ങള്‍ വേണ്ടരീതിയില്‍ സഹകരിക്കുന്നില്ല ട്രംപിന്റെ വാക്സിന്‍ നയവും ലോകാരോഗ്യ സംഘടനയോടുള്ള സമീപനവും ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു. ലോകത്തിലെ തൊണ്ണൂറ്റിരണ്ടോളം വരുന്ന അതി ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കണമെങ്കില്‍ സമ്പന്ന രാജ്യങ്ങളും വന്‍കിട മരുന്ന് കമ്പനികളും സഹകരിച്ചേ മതിയാകൂ. ഇന്ന് ലോകത്ത് കണ്ടുപിടിക്കപ്പെട്ട വാക്സിനുകള്‍ക്ക് പണം മുടക്കിയത് രാഷ്ട്രങ്ങളും സന്നദ്ധസംഘടനകളും മനുഷ്യസ്നേഹികളുമൊക്കെ ചേര്‍ന്നാണ്. അന്താരാഷ്ട്ര വ്യാപാര സംഘടനകള്‍ (ഡബ്ല്യുടിഒ) ബൗദ്ധിക സ്വത്തവകാശ നിയമം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റെെറ്റ്സ്) എന്ന അവകാശം ഉപയോഗിച്ച് (പേറ്റന്റ്) കൊള്ളലാഭം ഉണ്ടാക്കുന്ന മരുന്നു മാഫിയകളെ ഈ നിയമത്തിന്റെ തന്നെ നിര്‍ബന്ധിത ലെെസന്‍സിങ് ഉപയോഗിച്ചുകൊണ്ട് ഇത്തരം കമ്പനികളുടെ നിര്‍മ്മാണ സൗകര്യവും സാങ്കേതിക വിജ്ഞാനവും ഗവണ്‍മെന്റ് ഏറ്റെടുത്തുകൊണ്ട് സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ ലോകജനതയ്ക്ക് ഉറപ്പ് വരുത്തേണ്ടതാണ്.

ഫ്രഞ്ച് രാഷ്ട്രമീമാംസ പണ്ഡിതനായ റൂസോയുടെ രാഷ്ട്ര രൂപീകരണത്തെക്കുറിച്ചുള്ള വിശ്വപ്രസിദ്ധമായ രചനയായ ‘സാമൂഹ്യ ഉടമ്പടി’ (സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി) പ്രകാരം രൂപീകരിക്കപ്പെട്ട രാഷ്ട്രം എന്ന സംവിധാനത്തിന്റെ പ്രഥമ കര്‍ത്തവ്യം എന്നത് പൗരന്റെ ജീവന്റെ സംരക്ഷണമാണ്. കോവിഡ് മഹാമാരിയില്‍ ലോകജനത നിസഹായരായി നില്ക്കുമ്പോള്‍ പല രാഷ്ട്രങ്ങളും തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം പോലും കൃത്യമായി ചെയ്യാതെ ജനതയെ മരണത്തിന് വിട്ടുകൊടുക്കുകയാണ്. ഫാസിസ്റ്റ് ഭരണാധികാരികള്‍ തങ്ങള്‍ ചിന്തിക്കുന്നതാണ് ശരിയെന്നും അതാണ് നിയമങ്ങള്‍ എന്നും വാശിപിടിക്കുന്നു. ഫാസിസത്തിന്റെ എക്കാലത്തേയും സ്തുതിപാഠകരായ മുതലാളിത്തവര്‍ഗത്തിന് വേണ്ടി പൗരന്മാരെ മരണത്തിന്റെ താഴ്‌വരയിലേക്ക് തള്ളിയിടുന്ന അഭിനവ സ്റ്റേറ്റുകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. വാക്സിന്‍ വിതരണത്തിലാണെങ്കിലും ഓക്സിജന്‍ സംഭരണ വിതരണത്തിലും വീഴ്ച വരുത്തുന്ന രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരുടെ മേല്‍ അധികാരം പ്രയോഗിക്കാനോ നികുതി പിരിക്കാനോ ഉള്ള ധാര്‍മ്മിക അവകാശം ഇല്ല എന്ന സാമൂഹ്യ ഉടമ്പടി സിദ്ധാന്തം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പരമാധികാരം പൊതുഹിതത്തില്‍ നിക്ഷിപ്തമാണ്. പൊതുഹിതം പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതായിരിക്കണം. നൂറ്റാണ്ടിന്റെ മഹാമാരിക്കെതിരായി ലോകമാകെ ഒറ്റക്കെട്ടായി നില്ക്കേണ്ട സമയത്ത് രാജ്യങ്ങള്‍ വാക്സിന്‍ രാഷ്ട്രീയം കളിക്കുന്നത് ഒട്ടും സ്വാഗതാര്‍ഹമല്ല. മൂലധന ശക്തികളുമായുള്ള ചങ്ങാത്ത മുതലാളിത്തം ആഗോളവല്ക്കരണ കാലഘട്ടത്തിലെ ആഗോള മഹാമാരിയെപ്പോലും മൂലധന വര്‍ധനവിനും ചൂഷണത്തിനും ആയി ഉപയോഗപ്പെടുത്തുന്നത് മനുഷ്യരാശിയോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത നീറോ ചക്രവര്‍ത്തിമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.