August 19, 2022 Friday

ഇ ഗോപാലകൃഷ്ണമേനോൻ ജന്മശതാബ്ദിയും ഭൂപരിഷ്ക്കരണത്തിന്റെ പിന്നിട്ട അമ്പതു വർഷവും

കെ ജി ശിവാനന്ദൻ
January 19, 2020 5:30 am

കമ്മ്യൂണിസ്റ്റ് നേതാവ് ഇ ഗോപാലകൃഷ്ണമേനോന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. അദ്ദേഹം, ഒളിവിലിരുന്ന് നേരിട്ട തെരഞ്ഞെടുപ്പ് വിജയത്തിന്റെ 70 വർഷം കടന്നുപോയിരിക്കുന്നു. സംഭവബഹുലമായ 78 വർഷത്തെ ജീവിതം പൂർത്തിയാക്കിയത്, 1996 സെപ്റ്റംബർ എട്ടിനാണ്. ആ മഹദ്ജീവിതം ഓർമ്മയായിട്ട് 23 വർഷം പിന്നിട്ടു. രാഷ്ട്രീയപ്രബുദ്ധതയുള്ള കേരളം ഒരിക്കലും മറക്കാതെ ഓർക്കുന്ന പേരാണ് ഇ ഗോപാലകൃഷ്ണമേനോൻ. പ്രായപൂർത്തി വോട്ടവകാശവും ജനപ്രാതിനിധ്യനിയമവും വന്നശേഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരനായ നിയമസഭാസാമാജികനാണദ്ദേഹം. കൊച്ചിരാജ്യത്തേയും തിരു-കൊച്ചി സ്റ്റേറ്റിലേയും കേരളത്തിലെയും അതുവഴി ഇന്ത്യയിലേയും ആദ്യത്തെ കമ്മ്യൂണിസ്റ്റ് എംഎൽഎ. വിനയവും സ്നേഹവും കരുതലായി സൂക്ഷിച്ച ത്യാഗിവര്യൻ, ഒപ്പം ലളിതജീവിതം സ്വായത്തമാക്കിയ ധീരനായ സഖാവ്.

1919 ജനുവരി 19‑ന് കൊടുങ്ങല്ലൂരിൽ ജനിച്ചു. അച്ഛൻ വളപ്പിൽ ദാമോദരമേനോൻ, അമ്മ ഏങ്ങണ്ടൂർ നാണിയമ്മ. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിജിയോട് ആരാധന തോന്നി വിദേശവസ്ത്ര ബഹിഷ്ക്കരണത്തിലും കള്ള്ഷാപ്പ് പിക്കറ്റിംഗിലും പങ്കെടുത്തത് ഗാന്ധിജിയുടെ ദണ്ഡിയാത്രയും, കേരളത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പുസത്യാഗ്രഹവും സ്വാതന്ത്യ്രസമരത്തിന് പുതിയ ദിശാമുഖം തുറന്ന സന്ദർഭമായിരുന്നു. അതിനുശേഷം ഒരു വർഷം കഴിഞ്ഞ് 1931‑ലാണ് ഗാന്ധി ‑ഇർവ്വിൻസന്ധി ഉണ്ടായത്. ഇതെല്ലാം സ്വാതന്ത്യ്രസമരപ്രക്ഷോഭത്തെ ശക്തിപ്പെടുത്തി. ഗോപാലകൃഷ്ണമേനോൻ കിടയറ്റ സ്വാതന്ത്യ്രസമരഭടനായിമാറി. ഹൈസ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേയ്ക്കും രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടുതൽ സജീവമായി. കൊച്ചി രാജ്യപ്രജാമണ്ഡലം രൂപീകരിച്ചപ്പോൾ, ആ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി.

ഒന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടന പ്രവർത്തനം നടത്തുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തു, ലോക്കപ്പിലിട്ട് ഭീകരമായി മർദ്ദിച്ചു. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടത്താനിരുന്ന പ്രജാമണ്ഡലം സമ്മേളനം നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പൊലീസിന്റെ ബന്തവസ്സും ഏർപ്പാടാക്കി. ഇതെല്ലാം ലംഘിച്ചുകൊണ്ട് ഗോപാലകൃഷ്ണമേനോനും സഹപ്രവർത്തകരായ രണ്ടുപേരും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഗോപാലകൃഷ്ണമേനോൻ തന്റെ അരയിൽ കരുതിവെച്ചിരുന്ന ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടാണ് പ്രസംഗത്തിലൂടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതീകാത്മകമായി നടത്തിയ പരിപാടിയായിരുന്നെങ്കിലും അദ്ദേഹത്തെയും സഹപ്രവർത്തകരെയും ജയിലിലടച്ചു. സ്റ്റേഷനിൽവെച്ചും ലോക്കപ്പിലിട്ടും ഭീകരമായി മർദ്ദിച്ചു. സ്വാതന്ത്യ്രസമരസേനാനിയായ അദ്ദേഹത്തിന് നിരവധി തവണ ജയിൽവാസം അനുഭവിക്കേണ്ടിവന്നു.

1942 ലെ ജയിൽവാസക്കാലത്താണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത്. അതിനുള്ള പ്രചോദനമായിരുന്നു അയ്യങ്കാവ് സംഭവം. സിപിഐ നേതാവ് സി അച്യുതമേനോൻ, ഗോപാലകൃഷ്ണമേനോന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് പറഞ്ഞത്, അയ്യങ്കാവ് സമ്മേളനസ്ഥലത്തുവച്ചുതന്നെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് ‘ജ്ഞാനസ്നാനം’ ചെയ്യപ്പെട്ടുവെന്നായിരുന്നു. ജയിലിൽ നിന്ന് പുറത്തുവന്നശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി. അതിനുശേഷം പാർട്ടിനിയോഗിച്ചതനുസരിച്ച് കുന്ദംകുളത്ത് പോയി പാർട്ടി പ്രവർത്തനത്തിലേർപ്പെട്ടു. അവിടെ തൊഴിലാളിയൂണിയനുകളും കർഷകസംഘടനയുടെ ശാഖകളും രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തു. ഇതിനിടയിൽ സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയപ്പോൾ തൃശ്ശൂരിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ കെ വാരിയർ ആയിരുന്നു സെക്രട്ടറി, ഗോപാലകൃഷ്ണമേനോൻ ഈ കമ്മിറ്റിയിലെ അംഗമായി. 1945 ‑ൽ കൊച്ചി നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മത്സരിച്ചു. എസ്എസ്എൽസി പാസ്സായവർക്കും ഭൂമി കരം അടയ്ക്കുന്നവർക്കും മാത്രമായിരുന്നു വോട്ടവകാശം.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെട്ടു. 1949ലുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. പൊലീസ് വാറണ്ട് ഉണ്ടായിരുന്നതിനാൽ ഒളിവ് ജീവിതം നയിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയിരുന്നത്. സാഹസികമായിരുന്നു ആ ജീവിതം. ഗോപാലകൃഷ്ണമേനോൻ വൻഭൂരിപക്ഷത്തോടെ വിജയിച്ച വാർത്ത പുറത്തുവന്നു. രാഷ്ട്രീയ കേന്ദ്രങ്ങളെയും സർക്കാരിനേയും ഞെട്ടിപ്പിച്ച സംഭവമായിരുന്നു അത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രാത്രിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തി, ഡിക്ലറേഷൻ ഒപ്പുവെച്ചു. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് അസംബ്ലിയിൽ പോകാൻപറ്റിയിരുന്നില്ല. എംഎൽഎ ആയശേഷവും ഒളിവിൽ കഴിയേണ്ടിവന്നു. പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹത്തെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പിടിച്ചു. എംഎൽഎ എന്ന പരിഗണനപോലും നൽകാതെയാണ് അദ്ദേത്തെ പൊലീസ് മർദ്ദിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.

1951 ലാണ് ജയിലിൽ നിന്ന് പുറത്തുവന്നത്. ആ വർഷം മാർച്ച് 16 ന് തിരു-കൊച്ചി നിയമസഭയിൽ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. കൊടുങ്ങല്ലൂരിലെ ചുവപ്പ് കേരളമാകെ വ്യാപിച്ചു. 1957‑ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തിൽ വന്നു. ഒന്നാം കേരളനിയമസഭയിൽ ഇ ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു. രണ്ട് വിപ്ലവാത്മക നടപടികളാൽ ആ സർക്കാർ രാജ്യമാകെയുള്ള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിദ്യാഭ്യാസനിയമവും ഭൂപരിഷ്ക്കരണനിയമവും പാസ്സാക്കിയ സഭയെന്ന നിലയിലാണ് രാജ്യമാകെ, അന്ന് കേരളത്തെ ശ്രദ്ധിച്ചത്. നിയമസഭ 1958‑ൽ പാസ്സാക്കിയ കർഷകബന്ധ ഭൂവിനിയോഗനിയമത്തിന്റെ അണിയറ ശിൽപ്പികളിൽ ഒരാൾ ഗോപാലകൃഷ്ണമേനോനായിരുന്നു. സി അച്യുതമേനോൻ കൺവീനർ ആയിട്ടുള്ള 11 അംഗങ്ങളുടെ കമ്മിറ്റിയാണ് ഈ നിയമം തയ്യാറാക്കുന്നതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചത്. എന്നാൽ സഭ പാസാക്കിയ നിയമം നടപ്പിലാക്കുവാൻ ആ സർക്കാരിന് കഴിഞ്ഞില്ല.

രാഷ്ട്രപതി ഒപ്പുവെച്ചതുമില്ല. അന്നത്തെ പ്രതിപക്ഷം ജാതി-മത ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ വിമോചന സമരത്തിന്റെ ചുവട് പിടിച്ച് കേന്ദ്രസർക്കാർ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സർക്കാർ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പാസ്സാക്കിയ കാർഷികബന്ധ നിയമം പിൻവലിക്കുകയും പകരം ജന്മികൾക്കനുകൂലമായി പലവിട്ടുവീഴ്ചകളും ചെയ്തുകൊണ്ടുള്ള പുതിയ ഒരു നിയമം ഭൂപരിഷ്ക്കരണമെന്നപേരിൽ പാസ്സാക്കുകയും ചെയ്തു. പിന്നീട് 1967‑ൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഉൾപ്പെട്ട സപ്തകക്ഷി മുന്നണിയാണ് അധികാരത്തിൽ വന്നത്. ഭൂപരിഷ്ക്കരണ നിയമത്തെ പൊടിത്തട്ടിയെടുത്തത് ഈ അവസരത്തിലാണ്. ഇ ഗോപാലകൃഷ്ണമേനോന്റ നേതൃത്വത്തിൽ കിസാൻസഭ സംസ്ഥാനത്ത് ഉജ്ജ്വലമായ പ്രക്ഷോഭം നടത്തി. സംസ്ഥാനത്ത് അഞ്ച് ജാഥകളാണ് കിസാൻസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയത്. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കിയത് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരാണ്.

57‑ലെ സർക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ തലവൻ എന്ന നിലയിൽ കേരളത്തിന്റെ കാർഷിക ഘടനയും ഭൂപരിഷ്ക്കരണത്തിന്റെ പ്രാധാന്യവും ഉൾക്കൊണ്ടിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മാത്രമല്ല കർഷകപ്രസ്ഥാനത്തെ ദീർഘകാലം നയിച്ച അനുഭവസമ്പത്തുള്ള നേതാവുകൂടിയായിരുന്നു. 1970-ജനുവരി 1 ന് പ്രാബല്യത്തിൽ വന്ന കാർഷിക പരിഷ്ക്കരണ നിയമത്തിന് നിരവധി പ്രത്യേകതകൾ ഉണ്ടായിരുന്നു. കുടിയാന്മാർക്ക് ഭൂമിയിൽ കൈവശാവകാശം സ്വന്തമായി ലഭിക്കുന്നതുപോലെതന്നെ കുടികിടപ്പുകാർക്കും അവരുടെ കിടപ്പാടത്തിൽ ഉടമസ്ഥാവകാശം വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തി. ഭൂപ്രഭുക്കന്മാരെയും മറ്റു സ്ഥാപിത താത്പര്യക്കാരെയും പ്രകോപിതരാക്കിയ ഈ നിയമം ജന്മിത്വവ്യവസ്ഥയുടെ കട മുറിച്ചിട്ടു. നാടുവാഴിത്തത്തെ പൂർണ്ണമായി നാടുനീക്കി. മാടമ്പി മേധാവിത്വത്തെ ആട്ടിയോടിച്ചു. ഭൂപരിഷ്ക്കരണത്തിന്റെ ആനുകൂല്യം കിട്ടിയവരിൽ ബഹുഭൂരിപക്ഷവും ദളിത്-പിന്നാക്ക ജനവിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇത് സംസ്ഥാനത്ത് സാമൂഹ്യവിപ്ലവത്തിന് നാന്ദികുറിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കുകയെന്നത് ജനാധിപത്യവിപ്ലവപ്രവർത്തനത്തിന്റെ ഭാഗമാണ്.

കർഷകരെ ചൂഷണവിമുക്തമാക്കുന്ന സാഹചര്യം കൈവരിക്കണമെങ്കിൽ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ കഴിയൂവെന്ന വിശ്വാസക്കാരനായിരുന്നു ഗോപാലകൃഷ്ണമേനോൻ. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കിയതിന്റെ അമ്പതുവർഷങ്ങൾ പരിശോധിക്കുമ്പോൾ സാമൂഹ്യപരവും സാംസ്ക്കാരികപരവുമായ മാറ്റവും ജനങ്ങളുടെ ജീവിതപുരോഗതിയും നിർണ്ണയിക്കുന്നതിൽ വലിയപങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഇതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും ഗോപാലകൃഷ്ണമേനോനെ പോലുള്ള നേതാക്കളും വഹിച്ചിട്ടുള്ള പങ്ക് വിവരണാതീതവും നിസ്തുലവുമാണ്. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ നിയമസഭയിൽ ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു. അന്ന് അദ്ദേഹം ഐക്യമുന്നണിയുടെ കൺവീനർ കൂടിയായിരുന്നു. ഐക്യമുന്നണിയിലെ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചണിനിരത്തി, ഏകാഭിപ്രായക്കാരാക്കി മാറ്റുന്നതിൽ മുഖ്യമന്ത്രി സി അച്യുതമേനോനോടൊപ്പം ഗോപാലകൃഷ്ണമേനോനും അഹോരാത്രം പ്രവർത്തിച്ചു. ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെ സ്വപ്നംകണ്ട് ജീവിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു ഗോപാലകൃഷ്ണമേനോൻ. സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന്റെ ആവേശവും അന്തഃസത്തയും ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ഇൻഡ്യൻ ഭരണഘടനയോട് അതിരറ്റ ആദരവ് വെച്ച് പുലർത്തിയിരുന്ന ആൾകൂടിയായിരുന്നു.

ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിന്റെ ഉദാഹരണമാണ് പാർലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമം. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതും ജനങ്ങളിൽ ഭയാശങ്ക ഉളവാക്കിയിരിക്കുന്നു. ജനങ്ങളെ വിഭജിക്കുന്ന ഈ നിയമങ്ങൾ രാഷ്ട്രത്തെതന്നെ വിഭജിച്ചേക്കാമെന്ന ആശങ്ക രാജ്യമാകെ പടർന്നിരിക്കുന്നു. ജനാധിപത്യത്തേയും മതേതരത്വത്തേയും സ്നേഹിക്കുന്ന ജനത ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സ്വാതന്ത്യ്രസമരസേനാനികളും ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളുമായ ഗോപാലകൃഷ്ണമേനോനെപ്പോലെയുള്ള മഹാരഥൻമാരുടെ ഉദ്ബോധനങ്ങളും ദർശനങ്ങളും ഫാസിസ്റ്റ് വിരുദ്ധപോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നു. സമാദരണീയനായ സഖാവ് ഇ ഗോപാലകൃഷ്ണമേനോന്റെ ജന്മശതാബ്ദിയാണ് കടന്നുപോകുന്നത്. സഖാവിന്റെ ശതവർഷജയന്തി ആഘോഷമാക്കിയാൽ മാത്രം പോരാ, ആദർശാത്മകമാക്കുകയും വേണം.

Eng­lish sum­ma­ry: Janayu­gom arti­cle about com­mu­nist leader e Gopalakr­ish­na menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.