ഡോ. കെ പി വിപിൻ ചന്ദ്രൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വേണം ഒരു വികസനനയം

January 04, 2021, 5:53 am

സമഗ്രമായ പ്രാദേശിക ആരോഗ്യ സംവിധാനം

Janayugom Online

ഡോ. കെ പി വിപിൻ ചന്ദ്രൻ

ജനകീയാസൂത്രണത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ്. അതിനൊപ്പം 2005ൽ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിലൂടെ ഫലപ്രദമായ ഫണ്ട് വിനിയോഗവും കേരളത്തിലെ സർക്കാർ ആശുപത്രികൾക്ക് പുത്തൻ ഉണർവേകി. എന്നിരുന്നാലും കോവിഡ് 19 മഹാമാരി ഉയർത്തുന്ന ഭീഷണികളെ നമുക്ക് നിസാരവൽക്കരിക്കാൻ സാധിക്കില്ല. ഭാവിയിൽ പകർച്ചവ്യാധി വ്യാപനം, ജീവിതശൈലി രോഗ വർധന, വർധിച്ചു വരുന്ന ആരോഗ്യ ചെലവ്, വൃദ്ധജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കൂടി പരിഗണിച്ചുകൊണ്ട് സമഗ്രമായ പൊതുജനാരോഗ്യ പദ്ധതി പ്രാദേശിക സർക്കാറുകൾ വിഭാവനം ചെയ്യണം. ഇത് കേവലം പ്രാദേശിക സർക്കാരുകളുടെ ചുമതല മാത്രമല്ല സംസ്ഥാന സർക്കാരുമായി ചേർന്നുകൊണ്ട് പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. വികേന്ദ്രീകൃതവും ജനപങ്കാളിത്തവുമുള്ള ഒരു ആരോഗ്യ സംവിധാനം നടപ്പിൽവരുത്തുവാൻ പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പരിസര ശുചിത്വം, മാലിന്യനിർമ്മാർജ്ജനം, സാമൂഹിക അകലം പാലിക്കൽ, പ്ലാസ്റ്റിക് നിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാൻ സന്നദ്ധ സംഘടനകൾ, അയൽ കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജോലിക്കാർ, ആശവർക്കേഴ്സ് എന്നിവരുടെ സേവനം മികച്ച രീതിയിൽ ഉപയോഗിക്കാനും ഉറപ്പു വരുത്തുവാനും പ്രാദേശിക സർക്കാരുകൾക്ക് കഴിയും. അലോപ്പതി ചികിത്സക്കൊപ്പം മറ്റു ചികിത്സാ രീതികളായ ആയുർവേദം, ഹോമിയോപ്പതി, യോഗ പോലുള്ളവയ്ക്കും പ്രാദേശികതലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മതിയായ പരിഗണന നൽകുകയും ചെയ്യണം. കൂടാതെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാരെയും കൂടുതൽ താൽക്കാലിക ഡോക്ടർമാരെയും ഉപയോഗപ്പെടുത്തി ഓരോ വാർഡ് കേന്ദ്രീകരിച്ചു കൊണ്ട് “കുടുംബ ഡോക്ടർ” എന്ന ആശയം നടപ്പാക്കാൻ പറ്റുമോ എന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇത് കേവലം ഒരു പ്രാദേശിക സർക്കാരിന്റെ മാത്രം ചുമതലയിൽ ഒതുങ്ങുന്നില്ല. മറിച്ച് സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശത്തോടു കൂടി അടിയന്തര പ്രാധാന്യത്തോടെ നടപ്പിൽ വരുത്തുവാൻ പറ്റുമോയെന്ന കാര്യം കോവിഡാനന്തര ആരോഗ്യകേരളം ചിന്തിക്കേണ്ടിയിരിക്കുന്നു.

വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുക

കോവിഡ് 19 സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രാദേശിക സർക്കാരുകൾക്ക് ഇടപെടാൻ സാധിക്കണം. മാറിയ പരിതസ്ഥിതിയിൽ വിദ്യാഭ്യാസം നിലവിൽ പൂർണമായും ഓൺലൈനിലേക്ക് മാറിയെങ്കിലും പല വിദ്യാർത്ഥികളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾ ശ്രദ്ധ പതിപ്പിക്കണം. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം, ഭാഷാശേഷി, കണക്കുകൂട്ടൽ ശേഷി, യുക്തിപരമായ ചിന്താശേഷി എന്നിവ വർധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി പ്രാദേശിക സർക്കാരുകൾ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനൊപ്പം പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ മുഖമായ അംഗൻവാടികളെ ശക്തിപ്പെടുത്തുകയും ആരോഗ്യ പോഷകാഹാര പദ്ധതികൾ പ്രാദേശികാടിസ്ഥാനത്തിൽ തന്നെ നടപ്പിലാക്കുകയും വേണം. നഷ്ടപ്പെട്ട വായനാനുഭവങ്ങൾ പുതുതലമുറയിൽ തിരിച്ചു പിടിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനവുമായി സഹകരിച്ച് ഗ്രാമീണ വായനശാലകളെ പുനരുജ്ജീവിപ്പിക്കണം. അതിനൊപ്പം അനുദിനം മാറിവരുന്ന ലോകസാഹചര്യത്തിൽ ഓരോ പ്രദേശത്തെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയും തൊഴിൽപ്രാപ്തരാക്കുന്നതിനായി കരിയർ മേഖലകളിലെ അനന്തസാധ്യതകൾ പരിചയപ്പെടുത്താൻ “കരിയർ ഡിജിറ്റൽ ലൈബ്രറി” എന്ന നൂതന ആശയം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കേണ്ടതായിട്ടുണ്ട്. അതിനൊപ്പം വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ പ്രാദേശിക തലത്തിൽ ഭാഷാപരിശീലന ലാബുകൾ, നൈപുണിലാബ്, തൊഴിലധിഷ്ഠിത നൈപുണി വികസന ലാബ് എന്നിവയും ആരംഭിക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കും. കേരള സർക്കാരിന്റെ അസാപ്പ് മാതൃകയിൽ പ്രാദേശിക തലത്തിൽ ഇവ ആരംഭിക്കാൻ സാധിക്കും.

മാലിന്യനിർമ്മാർജ്ജനം

പ്രാദേശിക സർക്കാരുകൾക്ക് ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തി­നുള്ള പദ്ധതികളുടെ പരാജയവും ബദലുകളും പരിശോധിക്കണം. കേരളത്തിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യനിർമ്മാർജ്ജന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഇത് മറ്റു തദ്ദേശസ്ഥാപനങ്ങളും മാതൃകയാക്കി നടപ്പിലാക്കിയേ മതിയാവൂ. പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ “സുരക്ഷിത മാലിന്യസംസ്കരണ പദ്ധതി” ആവിഷ്കരിച്ച് ഈ പദ്ധതിയുടെ പ്രചാരണ പരിപാടിയിൽ ഓരോ കുടുംബങ്ങളെയും പങ്കാളികളാക്കണം. ഉറവിട മാലിന്യസംസ്കരണം നിർബന്ധമാക്കുകയും പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കുകയും ചെയ്യണം. ഇതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ പ്രാദേശിക സർക്കാരുകൾ നല്കണം. ഇത്തരം സംവിധാനങ്ങൾ ഒരുക്കാത്തവരിൽനിന്നും ഫീസ് ഈടാക്കി പൊതു സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന് പ്രാദേശിക സർക്കാരുകൾ മുൻഗണന നൽകണം. പൊതു സംവിധാനത്തിലൂടെ സ്വീകരിക്കുന്ന ജൈവ മാലിന്യം വളമാക്കി കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ പ്രാദേശിക സർക്കാരുകൾ മുൻകൈ എടുക്കണം. പാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പിന്നോക്കം പോയിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ പ്ലാസ്റ്റിക് നിരോധനം സമ്പൂർണമാണെന്ന് ഉറപ്പുവരുത്തുകയും കൃത്യമായ ഇടവേളകളിൽ പരിശോധന കർശനമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിക്കണം.

പ്രാദേശിക വിഭവസമാഹരണത്തിന് പ്രാമുഖ്യം നല്കുക

ആസൂത്രണം എന്ന പ്രക്രിയ ശാസ്ത്രീയമാണ്. വിഭവങ്ങളുടെ പരിമിതിയും ആവശ്യങ്ങളുടെ കൂടുതലുമാകുമ്പോഴാണ് ആസൂത്രണം ആവശ്യമായിവരുന്നത്. പ്രാദേശിക ആസൂത്രണത്തിൽ പ്രാദേശിക സർക്കാർ ചെയ്യേണ്ടത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗമാണ്. സംസ്ഥാന സർക്കാരിന്റെ വിഹിതത്തെ മാത്രം ആശ്രയിക്കാതെ ഓരോ പ്രാദേശിക ഗവൺമെന്റുകളും തങ്ങളുടെ പ്രദേശത്തെ വരുമാനം എങ്ങനെ വർധിപ്പിക്കുമെന്ന കാര്യത്തെകുറിച്ച് ബോധവാൻമാരായിരിക്കണം. ഇതിനായി പ്രാദേശിക വിഭവസമാഹരണത്തിന് പ്രോത്സാഹനം നൽകണം. ഓരോ വാർഡിലെയും പ്രാദേശിക വിഭവങ്ങൾ എങ്ങനെ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാമെന്നും അവ സംരക്ഷിക്കാമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പൂർണമായ ജനപങ്കാളിത്തത്തോടെ പഠിക്കണം. ഇതിലൂടെ ഓരോ പൗരനും തങ്ങളുടെ ഉടമസ്ഥതാബോധം വളർത്തിയെടുക്കുവാനും അതിലൂടെ കൂടുതൽ പ്രാദേശിക വിഭവസമാഹരണത്തിന് പ്രാമുഖ്യം നൽകാനും സാധിക്കും. ഗുണഭോക്താക്കളുടെ വിതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ മേഖലയിലെ വികസനത്തിന് പ്രാധാന്യം നൽകണം. ഓരോ പ്രാദേശിക സർക്കാരുകളും സ്വയംപര്യാപ്തത നേടിയെടുക്കുന്ന രീതിയിലുള്ള വികസന നയങ്ങളാണ് നമുക്കാവശ്യം. സ്വന്തമായുള്ള വിഭവങ്ങൾ സമാഹരിക്കുകയും സ്വന്തമായി പദ്ധതികൾ തയ്യാറാക്കാൻ ഓരോ പ്രാദേശിക സർക്കാരുകൾ മുന്നോട്ടുവരികയും അതിനൊപ്പം സംസ്ഥാന സർക്കാരിന്റെ വിഹിതം സ്വീകരിക്കുകയും ചെയ്യാം. പ്രാദേശിക സർക്കാരിന്റെ പൂർണ സഹകരണം ഉറപ്പുവരുത്തിയാൽ സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കും. (അവസാനിക്കുന്നില്ല)