വട്ടപ്പറമ്പന്‍

January 21, 2021, 5:31 am

തൊഴുത്ത് മാറ്റിക്കെട്ടിയാലും… കുഞ്ഞ് പുറത്തുവന്നെങ്കിലല്ലേ

Janayugom Online

ദേ ഇനിയിപ്പൊ വേറെ എന്താ വേണ്ടത്? എല്ലാം ഒരു തീരുമാനമായില്ലേ. ഡൽഹിയുടെ ഈ തണുപ്പത്ത് ഇനിയിവിടെ തട്ടിമുട്ടി നിന്നിട്ട് കാര്യമില്ല. മടങ്ങിപ്പോകാനുള്ള വണ്ടിപിടിക്കാൻ മൂവരും തിരക്കുകൂട്ടി. സാരഥിയെ കിട്ടിയില്ലേ. യുഡിഎഫിന് ഒരാളായല്ലൊ. എന്നൊന്നും തങ്ങളുടെ പാർട്ടിയെ കുറിച്ച് അറിയുന്നവർ ആരെങ്കിലും വിശ്വസിക്കുമോ എല്ലാറ്റിനും ഒരു തീരുമാനമായെന്ന്. തൊഴുത്ത് മാറ്റിക്കെട്ടിയെന്നുവച്ച് കുഞ്ഞുപുറത്തുവരാൻ മാത്രം ശേമുഷിയുള്ള തള്ളയല്ലല്ലൊ ഈ തള്ള. ‘തേങ്ങ പത്തരച്ചാലും താളല്ലേ കറി’ എന്ന് അറിയുന്നവർ എല്ലാവരും പറയുന്നുമുണ്ട്. മിസ്റ്റർ ഉമ്മൻചാണ്ടി പ്രഗത്ഭനാണ്. മുൻമുഖ്യനാണ്. പറഞ്ഞുമടുത്ത പ്രതിപക്ഷനേതാവിനൊരു വിഷമമായി. പത്രക്കാരായ പത്രക്കാരോടൊക്കെ ഡൽഹിയിൽ കാലുകുത്തിയ ഉടനെ തുടങ്ങിയതായിരുന്നു ഈ വായ്ത്താരി. അപ്പോഴൊക്കെ ഒന്നും മിണ്ടാതിരുന്ന മുൻമുഖ്യൻ ഇപ്പോഴാണ് ഒന്ന് മിണ്ടിത്തുടങ്ങിയത്.

കേട്ടിട്ടില്ലേ ഡൽഹിയിലെ പാലം വിമാനത്താവളം? ഇപ്പോഴതിനെ ഇന്ദിരാഗാന്ധി ഇന്റർ നാഷണൽ എയർപോർട്ട് എന്നുപറയും. ഏഷ്യയിലെ ഏഴാമത്തെയും ലോകത്തിലെ മുപ്പത്തിയേഴാമത്തെയും വലിയ എയർപോർട്ടാണ്. കുഞ്ഞുന്നാളിലേ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കാലത്തേ തുടങ്ങിയ പോക്കുവരത്തായിരുന്നു. ഹിന്ദിയിൽ ബോൽനാ ആദ്മി മലയാളിയായിട്ടുള്ള പാർലിമെന്റ് മെമ്പറുമായിരുന്നു. ഗ്രൂപ്പ് മാനേജർമാരായ നേതാക്കന്മാർ തമ്മിൽ ഗുസ്തി, കയ്യാങ്കളി ഇത്യാദി സുകുമാരകലകൾ അരങ്ങേറുമ്പോൾ വടക്കുനിന്നുള്ള അമ്പയർമാർ വിസിലടിക്കും. എല്ലാവരുടെയും കയ്യിൽ യാത്രയ്ക്കായി എപ്പോഴും കരുതുന്ന കമ്പിളി ബനിയനും ഷാളും ഇടക്കാലത്തായി തുടങ്ങിവച്ച് തൊപ്പിയും വിന്യസിക്കും. ഈ പാർട്ടിയുടെ ഹൈക്കമാണ്ട് എന്നുപറഞ്ഞാൽ അമേരിക്കയുടെ അമേരിക്കൻ കോൺഗ്രസിനേക്കാൾ പ­വർഫുള്ളായിരുന്നു ഒരുകാലത്ത്. ഹെഡ്മാഷന്മാർ വിളിക്കുന്നുവെന്ന് കേട്ടാൽ ഇവിടെയുള്ള കുട്ടികൾ ടൗസറിൽ മൂത്രമൊഴിച്ചിരുന്നു, ഒരുകാലത്ത്. ഇപ്പോൾ കൊഴിഞ്ഞ പല്ലൊഴിച്ച് ബാക്കിയായ പല്ലുള്ള വായിൽ ഉർദു ക­ല­ർന്നതും അല്ലാത്തതുമാ­യ ഹി­ന്ദിയിൽ ശകാരം വർഷിക്കും. കേൾക്കുന്നത് മനസി­ലാവുകയും അ­­­തേ ഭാഷയിൽ ഭവ്യതയോടെ മറുപടി പറയുകയും ചെ­യ്തിരുന്ന പണ്ട് പയ്യനായ ഇന്നത്തെ പ്രതിപക്ഷനേതാവ് ചെ­ന്നിത്തല സാബിന് പ­ണ്ടേപ്പോലെ ശൗര്യമില്ല.

നന്നേ ചെറുപ്പത്തില് എംപിയായി പോയിട്ട് ഒരു ഭാഗ്യംകൊണ്ട് ഒരുവട്ടം കേന്ദ്രസഹമന്ത്രിയുമായ ദേഹമാണ് ഇന്നത്തെ പ്രദേശ് കോൺഗ്രസ് പരമാധ്യക്ഷൻ. ദേഷ്യം വരുമ്പോൾ ഭാ­ഷ മാറുമെങ്കിലും നാവി­ൽ ഹിന്ദി വരില്ല, ഇംഗ്ലീഷേ വഴങ്ങൂ. ഈ അടുത്ത ദിവസമാണ് അദ്ദേഹം ദേഷ്യം വന്ന് കലി കയറിനിൽക്കുന്ന നേരത്ത് ചോദ്യം ചോദിച്ച് ചൊറിച്ചിൽ കയറ്റിയ പതശിങ്കത്തോട് ചോദ്യം പോയിട്ട് ഒരക്ഷരം പോലും മിണ്ടരുതെന്ന് ഇങ്ങനെ തട്ടിക്കയറി; പ്ലീസ് ഡോണ്ട് സ്റ്റോപ്പ് ഇറ്റ്… അർത്ഥം മനസിലായ പ്രതിനിധി ഒന്ന് പതുക്കെ ചിരിച്ച് സ്ഥലം വിട്ടു. പണ്ടുകാലത്ത് കമ്പനി മേലാളന്മാർ, പാലം വിമാനത്താവളത്തിലിറങ്ങി നേരെ ആസ്ഥാനമന്ദിരത്തിലെത്തി ഹാജര് കൊടുക്കാൻ കല്പിക്കുമ്പോൾ നേതാക്കന്മാർ ഓരോന്നും പത്യേകം പത്യേകം യാതയ്ക്കൊരുങ്ങി പുറപ്പെടും. ആ പോക്കിനെ നോക്കി ഒരു രസികൻ ഇങ്ങനെ ഉപമിച്ചുപോൽ. പണ്ടുകാലത്ത് വയനാട്ടിലേക്ക് കാപ്പി, കുരുമുളക്, ഏലം മുതലായവ കൃഷിചെയ്യാനായി പോകുന്ന കുടിയേറ്റക്കാരോട് എവിടെപ്പോകുന്നുവെന്ന് അന്വേഷിച്ചാൽ അത്യാവേശത്തോടെ പറയും വയനാട്ടിലേക്ക് എന്ന്. ആഴ്ച മൂന്നോ നാലോ കഴിഞ്ഞ് തിരിച്ച് വരുന്ന ഈ ധീരശൂര പരാക്രമികളോട് എവിടെ പോയിരുന്നു എന്ന ചോദിച്ചാൽ ഇഴഞ്ഞും പതുക്കെയും വിറച്ചുവിറച്ചായിരിക്കും മറുപടി പറയുക.

വയനാട്ടീപ്പോയി, മലമ്പനിക്ക് മരുന്ന കണ്ടുപിടിക്കാതിരിക്കുകയും ഉന്മൂലനം ചെയ്യാതിരിക്കുകയും പകർച്ചവ്യാധി പടരുകയും ചെയ്തിരുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. ഡൽഹിയിൽ പോയി തിരിച്ചുവരുന്ന നേതാക്കന്മാരിൽ ചിലരിങ്ങനെ ആത്മവിശ്വാസം കൈവിട്ട് എന്തൊക്കെയോ പുലമ്പി വിറച്ചുവിറച്ച് മടങ്ങുന്ന കാഴ്ച ഇന്നും അപൂർവ്വമല്ല. ഇവരെ നോക്കി അതുകൊണ്ടാണല്ലൊ പണ്ടത്തെ ഒരു കട്ടഖദർവേഷധാരിയായ കാർന്നോര്, കൈ രണ്ടും മലർക്കെ തുറന്നുപിടിച്ച് മേലോട്ട് നോക്കി പറഞ്ഞത് ഇവന്മാര് നന്നാവണെങ്കി കാക്ക മലർന്നുപറക്കണം. മടങ്ങിപോരുന്നതിനും ഇത്തിരി മുൻപാണ് മഹാമൗനിയായി ഇതുവരെ ഇരുന്ന മുൻമുഖ്യനാണ് തേർതെളിക്കുക എന്ന വെളുത്തപുക കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ഉയർന്നുപൊങ്ങിയത്. മുൻ മുഖ്യനുചുറ്റും പത്രക്കഴുകന്മാർ വട്ടമിട്ട് പറന്ന് കൊത്തിക്കൊണ്ടിരുന്നു. അപ്പോൾ, ഇതുവരെ അന്തിയാവുന്നതുവരെ നിത്യവും വായിട്ടടിച്ച് നടന്നിട്ട് പ്രതിപക്ഷനേതാവിന് പൊത്തുംപൊതിയുമാണ് കൂലി എന്നാണോ? അരിശം വന്നോ, കറുത്ത സ്വരത്തിലോ, അറുത്തുമുറിച്ചോ, പറഞ്ഞുശീലമില്ലാത്ത മുൻ മുഖ്യൻ പുതുപട്ടമെന്ന സാരഥി പദവിയെ മുറുക്കെ കെട്ടിപ്പുണർന്ന് പതുക്കെ മൊഴിഞ്ഞു; രമേശ് നല്ല പ്രതിപക്ഷനേതാവായി നല്ല പ്രകടനമാണ് കാഴ്ചവച്ചത്. (ഇനിയും എത വർഷം വേണമെങ്കിലും കേരള നിയമസഭയിൽ അങ്ങനെ തുടരാൻ അദ്ദേഹത്തിന് ഇടവരട്ടെ എന്നുകൂടി പറഞ്ഞു വെച്ചിട്ടാണ് മുൻമുഖ്യൻ മടക്കവണ്ടി തേടി പഴയ പാലത്തിലേക്ക് അതിവേഗം മണ്ടിയത്.)