Monday
25 Mar 2019

ബാര്‍ കൗണ്‍സിലിന്റെ അഭ്യര്‍ഥനയും നീതിപീഠത്തിന്റെ വിശ്വാസ്യതയും

By: Web Desk | Monday 1 October 2018 10:22 PM IST


supreme court

നീതിപീഠത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് സംവാദങ്ങള്‍ കാലങ്ങളായി നടന്നുവരുന്നുണ്ട്. അത്തരം വേളകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ജഡ്ജിമാര്‍ വിരമിച്ചതിന് ശേഷം സര്‍ക്കാരിന്റെയും സ്വകാര്യ സംരംഭങ്ങളുടെയും വിവിധ പദവികള്‍ സ്വീകരിക്കുന്ന രീതി. സുപ്രിംകോടതി, ഹൈക്കോടതികള്‍, കീഴ്‌ക്കോടതികള്‍ എന്നിവയില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ ഉടന്‍തന്നെ ഇത്തരത്തിലുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിന്റെ ധാര്‍മികതയാണ് ഇത്തരം ഘട്ടങ്ങളില്‍ ചര്‍ച്ചയാകാറുള്ളത്. വിരമിച്ച ശേഷം മറ്റൊരു പദവിയും വഹിക്കില്ലെന്ന് സമീപകാലത്ത് സുപ്രിംകോടതി ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. ചെലമേശ്വര്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പ് വിരമിച്ചു. കുര്യന്‍ ജോസഫ് അടുത്ത മാസം വിരമിക്കാനിരിക്കുകയുമാണ്.
ഭാവിയില്‍ പദവി ഏറ്റെടുക്കുന്നതിനുള്ള മാനസികാവസ്ഥയില്‍ ജഡ്ജിമാരായി ജോലി ചെയ്യുന്നവര്‍ക്ക് വരാനിരിക്കുന്ന സ്ഥാനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധമാകുന്നവരോടുള്ള വിധേയത്വമോ പക്ഷപാതിത്വമോ കാട്ടേണ്ടി വരുമെന്നത് മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ വിധിപ്രസ്താവത്തിലും മറ്റും അതിന്റെ സ്വാധീനമുണ്ടായെന്ന് വന്നാല്‍ അത് സ്വാഭാവികവുമാണ്. എന്നാല്‍ അത്തരം രീതി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
ഈ പശ്ചാത്തലത്തിലാണ് വിരമിച്ചതിന് ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കരുതെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) യുടെ അഭ്യര്‍ഥന പ്രസക്തമാകുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ബാര്‍ കൗണ്‍സില്‍ എന്നത് നീതിന്യായവ്യവസ്ഥയുടെ സുപ്രധാനമായൊരു സ്ഥാപനമാണെന്നതിനാല്‍ ഈ അഭ്യര്‍ഥനയ്ക്ക് പ്രാധാന്യമേറുന്നു. ഇന്ത്യയിലെ അഭിഭാഷകരുടെ നിര്‍ണയത്തില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. നിയമപഠനശാലകള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെ വിപുലമായ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി സംവിധാനം കൂടിയാണ് ബിസിഐ. അതിന്റെ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്രയാണ് ഇന്ന് ഔപചാരികമായി വിരമിക്കാനിരിക്കുന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുന്നില്‍ ഇത്തരത്തിലൊരു അഭ്യര്‍ഥന വച്ചിരിക്കുന്നത്.
വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന ജഡ്ജിമാര്‍ പിന്നീട് മറ്റു സ്ഥാപനങ്ങളുടെ മേധാവികളാകുന്നതാണ് പ്രധാനമായും കത്തില്‍ ഉന്നയിക്കപ്പെടുന്ന വിഷയം.
വിരമിക്കുന്നതിന് ശേഷം ഒരു ജഡ്ജ് ഉന്നത സ്ഥാനങ്ങള്‍ സ്വീകരിക്കുന്നത് ഉദ്ദേശശുദ്ധിയെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പല സംസ്ഥാനങ്ങളിലെയും വിവിധ ട്രൈബ്യൂണലുകള്‍ ജുഡീഷ്യല്‍ പദവിയിലുള്ളവരെ തന്നെ പ്രസ്തുത പദവിയില്‍ നിയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. അന്വേഷണ കമ്മിഷനുകളുടെ രൂപീകരണവും ഈ രീതിയില്‍ തന്നെയാണ്. അത്തരം പദവികളെ ലക്ഷ്യം വച്ച് അതാത് കാലത്തെ ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്ന രീതിയുണ്ടാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുവെന്നതുകൊണ്ടാണ് ബിസിഐ ചെയര്‍മാന്റെ അഭ്യര്‍ഥന കൂടുതല്‍ പ്രസക്തമാകുന്നത്. കഴിഞ്ഞ ജൂലൈയില്‍ ജസ്റ്റിസ് എ കെ ഗോയല്‍ വിരമിച്ച ഉടനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
വിരമിക്കുന്ന ജഡ്ജിമാരെ സുപ്രധാന പദവികളില്‍ പുനര്‍നിയമിക്കുകയെന്ന രീതി കാലങ്ങളായി തുടര്‍ന്നുവരുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഈ രീതി അവലംബിച്ചതിനെ വിമര്‍ശിച്ചവരായിരുന്നു ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ബിജെപി. എന്നാല്‍ അവരും ആ രീതിക്ക് മാറ്റം വരുത്തിയില്ലഎന്നാണ് ഇതുസംബന്ധിച്ച കണക്കെടുപ്പ് വ്യക്തമാക്കുന്നത്. വിരമിച്ചതിന് ശേഷം പദവികള്‍ നേടാനുള്ള ശ്രമങ്ങള്‍ ജുഡീഷ്യറിയെ ബാധിക്കുന്നുവെന്ന് അക്കാലത്ത് ഇപ്പോഴത്തെ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദവികള്‍ കൈകാര്യം ചെയ്യുന്ന 26 ല്‍ 12 പേരെയും നിയമിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചത് 14 പേരെ. ആരും ഇക്കാര്യത്തില്‍ പിറകിലല്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാവുന്നത്.
അതുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകേണ്ടത് ജഡ്ജിമാരില്‍ നിന്നുതന്നെയാണെന്ന സന്ദേശമാണ് ബിസിഐ പ്രസിഡന്റിന്റെ അഭ്യര്‍ഥന മുന്നോട്ടുവയ്ക്കുന്നത്. അത് ദീപക് മിശ്രയെന്ന വ്യക്തിയോടല്ല. നീതിന്യായ വ്യവസ്ഥയ്ക്കാകെയുള്ള സന്ദേശമാണ്. വിവിധ കോടതികളില്‍ ജഡ്ജിമാരായി പ്രവര്‍ത്തിച്ചവര്‍ അതേ കോടതികളില്‍ അഭിഭാഷക ജോലി പുനരാരംഭിക്കുന്നതും ഇതേ രീതിയില്‍ തന്നെ വിലയിരുത്തേണ്ടതാണ്. അതിലും അധാര്‍മികതയില്ലേയെന്നും ചിന്തിക്കേണ്ടതുണ്ട്.
അഭിഭാഷക വൃത്തിയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസ്യതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കേണ്ടതു സംബന്ധിച്ച സുപ്രധാനമായ വിഷയമാണ് കത്തിലൂടെയുള്ള അഭ്യര്‍ഥനയായി ബാര്‍ കൗണ്‍സില്‍ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള തീരുമാനങ്ങളുണ്ടായാല്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കുവാന്‍ സാധിക്കുന്നതാണ്.