പി എ വാസുദേവൻ

കാഴ്ച

June 06, 2020, 5:45 am

‘പാക്കേജി‘ലെ ‘ലീക്കേജു‘കള്‍

Janayugom Online

കോവിഡ് ലോകം വിട്ട് പോകാന്‍ മടിച്ച് കൂറേക്കാലംകൂടി നമ്മോടൊത്ത് സഹവസിക്കാനാണ് ഭാവമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതു ശരിയാണെങ്കില്‍ മനുഷ്യന് അവന്റെ നില്ക്കക്കള്ളി നോക്കണമല്ലോ. രണ്ട് മാസമായി നമ്മുടെ സകല തിരക്കഥകളിലും കൊറോണ പ്രതിനായകനും പിന്നെ നായകനുമായി തുടരുകയാണ്. എന്തായാലും നമുക്ക് മറ്റൊരു തിരിച്ചുവരവിന്റെ കഥ സ്വരൂപിച്ചെടുക്കാം. മനസും സമ്പദ്ഘടനയും തകര്‍ന്നിടത്തുനിന്ന് ഒരു തിരിച്ചുവരവിന്റെ വഴി തേടാം. അതെങ്ങനെയൊക്കെ ആവാമോ, അങ്ങനെയൊക്കെ. അതിനിടയില്‍ വളരെ വെെകിയാണങ്കിലും നിര്‍മ്മലാ സീതാരാമന്റെ നാലുഘട്ട പുനരുദ്ധാരണ പദ്ധതി അവതരിപ്പിക്കപ്പെട്ടു. ആരംഭത്തില്‍ മോഡി പറഞ്ഞപ്രകാരം 20 ലക്ഷം കോടിയുടെ (ജിഎസ്‌ടിയുടെ 10 ശതമാനം) പദ്ധതി വിശദാംശങ്ങളായിരുന്നു അവ.

നാല് പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോഴും ഈ തകര്‍ച്ചയുടെ തുന്നിക്കൂട്ടല്‍ സാധ്യമാകുന്ന തരത്തിലായിരുന്നു അതെന്നു തോന്നിയതേയില്ല. ഒരുതരം താല്ക്കാലിക റിപ്പയറും, വാരിവലിച്ച് കുറേ പണം നീക്കിവയ്ക്കലുമായുള്ള ഒരു സ്ഥിരം വ്യായാമത്തിനപ്പുറം അത് പോയിട്ടില്ല. ധനമന്ത്രിയുടെ മുഖഛായകൾ തന്ന സൂചന അതായിരുന്നു. തകര്‍ച്ചയുടെ ആഴവും വ്യാപ്തിയും അവര്‍ക്കറിയാമായിരുന്നതുകൊണ്ട്, തന്റെ കെെ­വേലകളുടെ കാര്യക്ഷമത എത്ര ലഘുവാണെന്ന് തികച്ചും ബോധ്യമായതുപോലെയായിരുന്നു പ്രകടനം. കോവിഡ് 19 മരണം ഒരു ലക്ഷം കടന്നെങ്കിലും മൊത്തം സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും അതുണ്ടാക്കിയ നഷ്ടം മരണത്തേക്കാള്‍ എത്രയോ അധികമായിരുന്നു. കോവിഡിനു മുമ്പുതന്നെ ഭീഷണമായ തൊഴിലില്ലായ്മ, കയറ്റുമതി കുറവ്, ഉല്പാദന മാന്ദ്യം ഇതൊക്കെ നേരെയാക്കാനുള്ള പ്രഖ്യാപനങ്ങളായിരുന്നു ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പദ്ധതികള്‍. പക്ഷെ 10 ശതമാനം എന്ന കണക്ക് യഥാര്‍ത്ഥത്തില്‍ രണ്ട് ശതമാനം മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ അത് വെറും ഒരുലക്ഷം കോടിയില്‍ താഴെയാണ്.

സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്പാദനം കോവിഡിനു ശേഷം ആകെ തകര്‍ന്നിരിക്കുന്നു. റേഷനടക്കം കൂട്ടിയാലും സാധാരണക്കാരന് പണമായി കയ്യിലെത്തുക ഒരു ലക്ഷം കോടിയില്‍ താഴെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉത്തേജന പാക്കേജ് കണക്കിലെ കളിയാണെന്നും ഒരു തിരിച്ചുപിടിക്കലിന് അപര്യാപ്തമാണെന്നും വ്യാപകമായ സംഭവങ്ങള്‍ വന്നുകഴിഞ്ഞതിന് ധനമന്ത്രി യുക്തമായ മറുപടി നല്കിയിട്ടുമില്ല. പലതും നേരത്തെ ബജറ്റിലുള്ളവയാണ്. മൊത്തം പാക്കേജ് 1.86 കോടിയുടേതു മാത്രമാെണന്നും അത് ജിഡിപിയുടെ 0.91 ശതമാനം മാത്രമാണെന്നും മുന്‍ ധനമന്ത്രി ചിദംബരവും ആരോപണമുന്നയിച്ചു. ബജറ്റ് ചെലവ്, നിയന്ത്രണ നടപടികള്‍, നേരത്തെ പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ എന്നിവയാണ് ബാക്കി ഭാഗം. താഴ്ത്തട്ടുകാരായ 13 കോടി ജനങ്ങള്‍, കൃഷിക്കാര്‍, ഭൂമിയില്ലാത്തവര്‍, ദിവസവേതനക്കാര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങി വലിയൊരു വിഭാഗത്തെ പാക്കേജ് പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നു. ഇടത്തരക്കാരും ഇടത്തരം സംരംഭങ്ങളും പരിഗണന വേണ്ടത്ര കിട്ടാത്തവരാണ്.

ഇതിന്റെയൊക്കെ പോരായ്മകള്‍ പ്രകടമായി ഭാവിയില്‍ കാണും. എന്നിട്ടും ഇത്തരമൊരു ദുരന്തം മുതലെടുത്ത് തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ഇതൊരു വെറും താല്ക്കാലിക ചുടുകൗശലമാണെന്നും ഒരു റിവെെവലിനു പോരാത്തതുമാണെന്നും വിദഗ്ധര്‍ പറയുന്നത്. ശരിക്കും വേണ്ടിയിരുന്നതും അടിസ്ഥാന ഉല്പാദന ഘടകങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതിയായിരുന്നു. ഇത്തരമൊരു ‘പാച്ച്‌വര്‍ക്ക്’ അല്ല. അതാണ് ഇതൊരു നല്ല ഉത്തേജന പാക്കേജല്ലെന്നു പറയാന്‍ കാരണം. നിലവിലുള്ള ദുരന്തത്തിന്റെ മറവില്‍, ഇന്ത്യന്‍ ഫെഡറലിസത്തെയും തൊഴിലാളി നിയമങ്ങളെയും അട്ടിമറിക്കാനും സംസ്ഥാനങ്ങളുടെ അതിജീവന ഇടങ്ങള്‍ കയ്യടക്കാനും കേന്ദ്രം നടത്തുന്ന ശ്രമം ശ്രദ്ധിക്കാതിരുന്നുകൂട.

ദുരന്തങ്ങളുടെ മറവില്‍ അസാധാരണ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തെളിവാണ് തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതികള്‍. ഉത്തേജനപാക്കേജിനു പിഴച്ചത് ചോദനത്തെ ഉണര്‍ത്താനും അതിനു നിദാനമായ ചെറുകിട‑തൊഴില്‍ ശേഷി കൂടുതലുള്ള സംരംഭങ്ങളെ ഉത്തേജിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ്. ചെറുകിടക്കാരൊക്കെ ലോക്ഡൗണ്‍ കാലത്ത് തകര്‍ന്നു. നിത്യവരുമാനക്കാരും അനിശ്ചിത വരുമാനക്കാരും (വള്‍നറബ്ള്‍ ഇന്‍കം) നടു നിവര്‍ത്താനാവാത്ത വിധം അടിഞ്ഞു. പാക്കേജിന്റെ ചോദന വശം അന്വേഷിക്കുന്നത് ഇവിടെ നിന്നാവണം. ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അനുഭവം നെെരാശ്യമാണ്.

ജനങ്ങള്‍ക്ക് അതും താഴ്ത്തട്ടില്‍, പണം നേരിട്ടെത്തണം. അതിനുതകുന്ന എന്തൊക്കെ ഇതിലുണ്ട്. സാധാരണ ഒരു ബജറ്റവതരിപ്പിക്കുന്ന ക്രാഫ്റ്റ് ഉപയോഗിച്ച് ഇത്തരമൊരു ദുരന്തനിവാരണ സാമ്പത്തിക പാക്കേജ് കെെകാര്യം ചെയ്തുകൂടാ. ബജറ്റ് ഒരര്‍ത്ഥത്തില്‍ ഒരു ആചാരമാണ്. ഈ സന്ദര്‍ഭം അതല്ല. നിര്‍മ്മലാ സീതാരാമന്‍ മനസുവയ്ക്കാത്തത് ഇക്കാര്യത്തിലാണ്. സ്റ്റേറ്റുകളുടെ സാമ്പത്തികശേഷി, ജിഎസ്‌ടി വന്ന ശേഷം വല്ലാതെ കുറഞ്ഞ‍ യാഥാര്‍ത്ഥ്യം. സീതാരാമന്‍ പരിഗണിച്ചിട്ടില്ല. ഡിമാന്റ് വര്‍ധനയിലൂടെ ഉത്തേജനം സാധിക്കുക എന്നത്, സ്റ്റേറ്റടിസ്ഥാനത്തിലേ യാഥാര്‍ത്ഥ്യമാക്കാനാവൂ. സ്റ്റേറ്റ് നികുതിയും കേന്ദ്ര നികുതി വിഹിതവും ചേര്‍ന്നതായിരുന്നു സ്റ്റേറ്റ് വരുമാനം. അതിന്മേലാണ് ജിഎസ്‌ടി കത്തിവച്ചത്. സ ്റ്റേറ്റുകള്‍ക്ക് അവരുടെ നികുതി വരുമാനത്തില്‍ ഓഹരിയുണ്ടെങ്കിലും ഇപ്പോള്‍ കേന്ദ്രം കാലാകാലങ്ങളില്‍ നല്കുന്ന പങ്കിനുവേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. അതുകാരണം സാമ്പത്തിക ഓട്ടോണമി നഷ്ടമായ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പരിഹാര പദ്ധതികള്‍ നടപ്പിലാക്കാനാവാതെ ദുഷ്‌പേര് കേള്‍ക്കേണ്ട സ്ഥിതിയാണ്.

സംസ്ഥാന വരുമാനംകൊണ്ട് കേന്ദ്രം സല്‍പേര് നേടുന്നു. സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ സാമ്പത്തികശേഷി ഉണ്ടായേ പറ്റൂ. ഉത്തേജന പാക്കേജ് കേന്ദ്രം മേലേ നിന്നു കെട്ടിയിറക്കി നടപ്പിലാക്കേണ്ടതല്ല. സ്റ്റേറ്റ് അവരുടെ ‘കിറ്റി‘ല്‍ നിന്നെടുത്ത് താഴ്ത്തലം വരെ നടപ്പിലാക്കേണ്ടതാണ്. സാമ്പത്തിക ഫെഡറലിസത്തിനു കത്തി വയ്ക്കുന്നതാണ് ഈ റിവെെവല്‍ പാക്കേജ്. ഉത്തേജനത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങള്‍ നിത്യജീവിതത്തെ സുരക്ഷിതമാക്കലും, ചോദന പ്രദാനങ്ങളെ ഉണര്‍ത്തലുമാണ്. ഈ ഘട്ടത്തില്‍ ജനങ്ങളുടെ പക്കല്‍ പണമെത്തിക്കലാണ് പ്രധാനം. പുതിയ പാക്കേജില്‍ അതിന്റെ അ­സാന്നിധ്യം പ്രകടമാണ്. ഇരുപത് ലക്ഷത്തിന്റെ കണക്കുകളുടെ മൂർധത കണ്ട് രമിക്കുന്നവര്‍ കഥ അറിയുന്നില്ല. പറയാത്തതും ഇല്ലാത്തതുമാണ് അതില്‍ അധികവും.

മുന്‍ നീക്കിയിരുപ്പുകളെയൊക്കെ പുതിയ പാക്കേജിലേക്ക് വാരിയൊതുക്കി ഒരു വിദഗ്ധമായ പണിയൊപ്പിച്ചതാണ്. സാധാരണക്കാര്‍ക്ക് അതിന്റെ പൊരുളും വ്യാജവും അറിയാനാവില്ലെന്ന് ഭരണകൂടാരവാസികള്‍ക്കറിയാം. ഭക്ഷണവും പണമെത്തിക്കലുമാണ് പെട്ടെന്നു വേണ്ടത്. ഒരാറു മാസത്തേക്കെങ്കിലും ഇവയുടെ വിതരണം നടക്കണം. ഒപ്പം തന്നെ തൊഴില്‍ വര്‍ധനയും ഇവിടെ, ‘പാന്‍ഡമിക്കി‘ന്റെ മറവില്‍ തൊഴില്‍ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. താല്ക്കാലിക തൊഴില്‍ കമ്മി നികത്താന്‍ തൊഴിലുടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഈ ബഹുജനവിരുദ്ധ നടപടികള്‍ എടുക്കുന്നത്. ഒരു പൊതു പ്രക്ഷോഭത്തിനുപോലും ചേരാത്ത സാഹചര്യം മുതലെടുത്ത കള്ളക്കളിയാണിത്. ക്യാഷ് ട്രാന്‍സ്ഫറും, ഭക്ഷ്യവിതരണവും ഏതാണ്ട് ആറ് മാസത്തിലധികം ഗുണകരമാവില്ല. അതിനു മുമ്പ് ചെറുകിട, മെെക്രോ സംരംഭങ്ങളെ ശക്തമാക്കണം. സൗജന്യങ്ങളല്ല, സ്വാശ്രയമാണ് തിരിച്ചുവരവിന്റെ ലക്ഷ്യം.

Eng­lish Sum­ma­ry: janayu­gom arti­cle about covid package

You may also like this video