Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
രാജാജി മാത്യു തോമസ്

April 25, 2021, 5:17 am

കോവിഡ് 19 രണ്ടാം തരംഗം; മരണവ്യാപാരിയായി മോഡി ഭരണകൂടം

Janayugom Online

സംഹാരതാണ്ഡവമാടുന്ന കോവിഡ് 19 മഹാമാരിയുടെ രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിടുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് രാഷ്ട്രതലസ്ഥാനത്തുനിന്നും വടക്കേ ഇന്ത്യയടക്കം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഹൃദയശൂന്യതയില്‍ ജനങ്ങളെ കൂട്ടമരണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള തീക്കളിയിലാണ് നരേന്ദ്രമോഡിയും സംഘവും ഏര്‍പ്പെട്ടിരുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തതോടെ ലോകത്തെയാകെ ഗ്രസിച്ച മാരകമായ കോവിഡ് 19 വ്യാപനത്തില്‍ പാലിക്കേണ്ട ജാഗ്രത അപ്പാടെ കെെവെടിഞ്ഞ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കേണ്ട ഔദ്യോഗിക സംവിധാനങ്ങളെ മരവിപ്പിച്ചുകൊണ്ടായിരുന്നു അധികാരത്തിനുവേണ്ടിയുള്ള മത്സരത്തില്‍ കേന്ദ്രഭരണകൂടം ഒന്നാകെ ആണ്ടിറങ്ങിയത്. വര്‍ഷാരംഭം മുതല്‍തന്നെ ജനിതകമാറ്റം വന്ന, വര്‍ധിത വ്യാപനശേഷിയുള്ള, കൊറോണ വെെറസിന്റെ രണ്ടാംതരംഗത്തിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. എന്നാല്‍ അധികാര മത്സരത്തില്‍ കൊറോണ വെെറസിനെക്കാള്‍ മാരകമായ വര്‍ഗീയതയുടെ വിഷക്കാറ്റ് വ്യാപനത്തിലായിരുന്നു ഭരണനേതൃത്വത്തിന്റെ ലക്ഷ്യം.

കോവിഡ് 19 മഹാമാരി ലോകത്തിനാകെ പുതിയതും അഭൂതപൂര്‍വവുമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അക്കാരണത്താല്‍തന്നെ നൂതന ചികിത്സാരീതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കുക എന്നത് ഓരോ രാജ്യവും പുതിയ വെല്ലുവിളിയായി ഏറ്റെടുക്കുകയുണ്ടായി. മനുഷ്യചരിത്രത്തില്‍ മറ്റൊരു മഹാവ്യാധിക്കും കണ്ടെത്താന്‍ കഴിയാതിരുന്ന വേഗത്തില്‍ പ്രതിരോധ വാക്സിനുകള്‍ വികസിപ്പിക്കുന്നതിനും ചികിത്സാസംവിധാനങ്ങളും ക്രമങ്ങളും വികസിപ്പിക്കുന്നതിലും ശാസ്ത്രലോകം വിജയിച്ചു. ഭരണകൂടങ്ങളും ഭരണേതര സംവിധാനങ്ങളും അതിനായി കോടാനുകോടി ഡോളര്‍ നിക്ഷേപം നടത്തി. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആ വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും ഏറ്റക്കുറച്ചിലോടെയെങ്കിലും രോഗത്തെ പ്രതിരോധിക്കാനും ആഘാതം കുറയ്ക്കാനും ഫലപ്രദമായ 11 വാക്സിനുകള്‍ പ്രയോഗത്തില്‍ വന്നു. ചികിത്സാ മാനദണ്ഡങ്ങളും ക്രമങ്ങളും അനുദിനമെന്നോണം നവീകരിക്കപ്പെട്ടു. രോഗവ്യാപനത്തിന്റെ ആദ്യതരംഗത്തെ, വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും, അതിജീവിക്കുന്നതില്‍ ഇന്ത്യയും ഏറെക്കുറെ വിജയിച്ചുവെന്ന് അവകാശപ്പെടാം. തുടര്‍ന്നങ്ങോട്ട് സ്വന്തം പ്രതിഛായയില്‍ അഭിരമിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘവും എല്ലാ മുന്‍കരുതലും ജാഗ്രതയും കെെവെടിയുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

കോവിഡ് 19ന്റെ ഒന്നാംതരംഗം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിരോധ‑പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ‍ കുടുംബക്ഷേമ മന്ത്രാലയം ഒരു ദേശീയ ദൗത്യസംഘത്തിന് (നാഷണല്‍ ടാസ്ക് ഫോഴ്സ്-എന്‍ടിഎഫ്) രൂപം നല്കിയിരുന്നു. മതിയായ കൂടിയാലോചനകളോ വിദഗ്ധാഭിപ്രായമോ തേടാതെ കെെക്കൊണ്ട ദേശീയ അടച്ചുപൂട്ടല്‍, കൊറോണ വെെറസിനെതിരായ താലംകൊട്ടല്‍ തുടങ്ങി പ്രധാനമന്ത്രി നേരിട്ട് കെെക്കൊണ്ട തീരുമാനങ്ങള്‍ എന്നിവയ്‌ക്ക് എതിരെ ഉയര്‍ന്നുവന്ന വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു എന്‍ടിഎഫിന്റെ രൂപീകരണം. സാങ്കേതികവും ശാസ്ത്രീയവും തന്ത്രപരവുമായ നിര്‍ദ്ദേശങ്ങള്‍ കോവിഡ് 19ന്റെ പ്രതിരോധത്തില്‍ നല്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ആരോഗ്യ ഗവേഷണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഔഷധ ഗവേഷണ കൗണ്‍സില്‍, നിതിആയോഗ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 അംഗങ്ങള്‍ ഉള്‍പ്പെട്ട എന്‍ടിഎഫിന്റെ രൂപീകരണം. ഒന്നാം തരംഗത്തിന്റെ ഘട്ടത്തില്‍ രോഗവ്യാപനം തടയുന്നതിലും പ്രതിരോധതന്ത്രങ്ങള്‍ മെനയുന്നതിലും ചികിത്സാസൗകര്യങ്ങളും ക്രമങ്ങളും ആസൂത്രണം ചെയ്യുന്നതിലും എന്‍ടിഎഫ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടതോടെ അതിന്റെ ഖ്യാതിയുടെ കുത്തകാവകാശം മുഴുവന്‍ പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കുന്നതാണ് കണ്ടത്. അതോടെ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ഒന്നൊന്നായി അവഗണിക്കപ്പെടുകയും അവയുടെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമാവുകയുമായിരുന്നു.

രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ജനുവരി ആരംഭത്തില്‍ത്തന്നെ ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെെറസിനുണ്ടായ ജനിതക മാറ്റവും അതിന്റെ വ്യാപനശേഷി വര്‍ധിച്ചതും ശാസ്ത്ര‑ഭരണ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ത്തന്നെ ജനിതക മാറ്റം വന്ന വെെറസിന്റെ വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിചിത്രമെന്നു പറയട്ടെ രണ്ടാം തരംഗ ഭീഷണി ഇന്ത്യ ഗൗരവപൂര്‍വം കണക്കിലെടുത്തില്ലെന്നാണ് എന്‍ടിഎഫിന്റെ ഈ കാലഘട്ടത്തിലെ പ്രകടനം കാണിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്‍ഗണനക്കു മുന്നില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും അതിന് നേതൃത്വം നല്‍കേണ്ട ശാസ്ത്ര സംവിധാനങ്ങളും അവഗണിക്കപ്പെട്ടു. ഇക്കൊല്ലം ജനുവരി 11ന് ശേഷം എന്‍ടിഎഫിന്റെ രണ്ടാമത് യോഗം ചേരുന്നതുതന്നെ രണ്ടാം തരംഗം നാശം വിതച്ചു മുന്നേറിയ ഏപ്രില്‍ മാസം 15ന് മാത്രമാണ്. രോഗവ്യാപനം ചെറുക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്നതിനും രൂപീകൃതമായ ദേശീയ ശാസ്ത്ര ദൗത്യ സംഘം ഇത്തരത്തില്‍ നിര്‍വീര്യമാക്കപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. ഇക്കാലയളവിലാണ് മുമ്പൊരിക്കലും ഇല്ലാത്തവിധം, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ, എട്ട് ഘട്ടങ്ങളായി പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും കോവിഡ് മാനദണ്ഡങ്ങള്‍ അപ്പാടെ അവഗണിച്ച് കുംഭമേള നടത്താനും മറ്റും അനുമതി നല്കപ്പെട്ടത്. ആ തീരുമാനങ്ങള്‍ മോഡി സര്‍ക്കാരിന്റെ അറിവും അനുമതിയും ഇംഗിതവും അനുസരിച്ചായിരുന്നുവെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക.

കോവിഡ് 19 വെെറസിനെ നേരിടാന്‍ റെംഡിസീവര്‍ എന്ന ഔഷധം തെല്ലും ഫലപ്രദമല്ലെന്ന് ലോക ആരോഗ്യസംഘടന കണ്ടെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ ചികിത്സാക്രമത്തില്‍ അതിനു നല്കിവരുന്ന പ്രാധാന്യം അമ്പരപ്പിക്കുന്നതാണ്. 2020 ജൂലെെ മൂന്നിനാണ് കോവിഡ് രോഗചികിത്സയില്‍ ‘അന്വേഷണാത്മക ചികിത്സാക്രമ’ത്തില്‍ റെംഡിസീവര്‍ ഉള്‍പ്പെടുത്തിയത്. പത്തുമാസം പിന്നിടുമ്പോള്‍ ചികിത്സാക്രമം നിര്‍ദ്ദേശിക്കുന്ന ഐസിഎംആര്‍ അത് അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ നവീകരിക്കാന്‍ തയാറായിട്ടില്ല. 2020 നവംബറില്‍ ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റെംഡിസീവറിന്റെ ഫലശൂന്യതയെപ്പറ്റി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ചികിത്സാക്രമത്തില്‍ മാറ്റം വരുത്താതെ‍ ഐസിഎംആര്‍ അത് തുടരുന്നത് സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റെംഡിസീവറിന്റെ വില വിപണിയില്‍ പത്തിരട്ടി മുതല്‍ നൂറിരട്ടിയിലധികം ഉയര്‍ന്നിട്ടും ഐസിഎംആറും കേന്ദ്ര സര്‍ക്കാരും നിശബ്ദത പാലിക്കുന്നു.

ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍മാരുടെ കുറുപ്പടി പ്രകാരം മാത്രം വില്‍ക്കാന്‍ അനുവാദമുള്ള റെംസിഡീവര്‍ പാര്‍ട്ടി ഓഫീസില്‍ വിതരണം ചെയ്ത വാര്‍ത്ത വന്‍ വിവാദമായിരുന്നു.
കോവിഡ് ചികിത്സയില്‍ ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും പ്രാധാന്യം ദെെനംദിനം വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരനും ബോധ്യമുണ്ടാവും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോകമെമ്പാടും സര്‍വനാശം വിതച്ച് ആഞ്ഞടിക്കുന്ന മഹാമാരിക്കെതിരെ ഉറക്കം തൂങ്ങുന്ന ഭരണകൂടമായാണ് മോഡി ഭരണത്തെ ലോകം കാണുന്നത്. ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയടക്കം നല്കിയ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന്റെ നേതൃസ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു വീമ്പിളക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന ഒരു ജനതയോട് എന്താണ് പറയാനുള്ളത് ? ജനങ്ങള്‍ പ്രാണവായുവിനുവേണ്ടി പരക്കം പായുമ്പോഴാണ് 2020–21 കാലയളവില്‍, കോവിഡ് മഹാമാരിയുടെ നടുവില്‍ നിന്നുകൊണ്ട്, രാജ്യം മുന്‍വര്‍ഷത്തേക്കാള്‍ 734 ശതമാനം അധികം ഓക്സിജന്‍ കയറ്റുമതി നടത്തിയതായ വാര്‍ത്ത പുറത്തുവന്നത്. മോഡി സര്‍ക്കാര്‍ തങ്ങളുടേതായ ന്യായീകരണവുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും അത് മുഖവിലക്കെടുക്കാന്‍ സമുന്നത കോടതി പോലും തയ്യാറായില്ല.

കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതികരണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ യോഗം 2020 ഏപ്രില്‍ ഒന്നിന്, ആദ്യ ലോക്ഡൗണിനെ തുടര്‍ന്ന്, ഓക്സിജന്‍ ലഭ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. ഒക്ടോബര്‍ 16ന് ചേര്‍ന്ന പാര്‍ലമെന്റിന്റെ ആരോഗ്യസ്ഥിരം സമിതിയും പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മെഡിക്കല്‍ ഓക്സിജന്റെ അഭാവത്തില്‍ അനുയോജ്യമായ വ്യാവസായിക ഓക്സിജന്‍ ഉപയോഗിക്കാനുള്ള സാധ്യതയും വ്യക്തമാക്കപ്പട്ടിരുന്നു. അവയെല്ലാം അധികാരരാഷ്ട്രീയത്തിന്റെ വ്യാമോഹത്തില്‍ അവഗണിക്കപ്പെട്ടതിന്റെ ദുരന്തത്തെയാണ് രാഷ്ട്രം നേരിടുന്നത്. ഒരു ജനതയാകെ പ്രതിരോധ വാക്സിന്റെ ദൗര്‍ലഭ്യത്തില്‍ നട്ടംതിരിയുമ്പോഴും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യജീവന്‍തന്നെ ബലിനല്കാന്‍ മടക്കിക്കാത്ത ഭരണകൂട ക്രൂരതയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന് ലോകത്തെ ഏറ്റവും ഉയര്‍ന്ന വില നല്കാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കുന്ന ‘മരണത്തിന്റെ വ്യാപാരി‘കളായി ഭരണകൂടം മാറുന്നതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.