22 April 2024, Monday

സിപിഐ ലക്ഷ്യം വർണ,വർഗരഹിത സമൂഹം

ഡി രാജ
December 25, 2021 5:30 am

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് ഡിസംബർ 26 ന് 96 വയസ് പൂർത്തിയാവുകയാണ്. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് പാർട്ടിയുടെ രൂപീകരണം നടന്നത്. ദേശിയപ്രസ്ഥാനത്തിൽ, ഗാന്ധിജിയുടെ സമവായ നയങ്ങളിൽ അതൃപ്തരായവരും ഇടതുപക്ഷ ആശയക്കാരും ചേർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഗമനാശയക്കാർ ഒത്തുചേർന്ന കാൺപൂർ സമ്മേളനം അങ്ങനെ ചരിത്രത്തിൽ ഇടം നേടി. അതിനുമുമ്പും പിമ്പും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ക്രിയാത്മകമായ ഒട്ടേറെ സമരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്നു. രാജ്യത്ത് ശക്തമായിരുന്ന വർണ, വർഗ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടങ്ങൾ പാർട്ടി ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ വേറിട്ട ലിപികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ ചരിത്രത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് കൂടുതൽ ശക്തമായ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ 97-ാം സ്ഥാപകദിനം കരുത്തു പകരും എന്നുറപ്പാണ്. 

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് സാമാന്യജനങ്ങൾ കൂട്ടത്തോടെ സ്വാതന്ത്ര്യസമരത്തിലേക്ക് ഒഴുകിയെത്തിയത്. അതേസമയം സമരത്തിൽ പങ്കെടുത്തിരുന്ന ഇടതുചിന്താധാരയിലുള്ളവർക്കും ഗദ്ദർ പാർട്ടിക്കും ബംഗാൾ, യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ പുരോഗമന സംഘടനകൾക്കും റഷ്യൻ വിപ്ലവമാണ് ആവേശം പകർന്നത്. ആശയസമരത്തിന്റെയും സംഘ ശക്തിയുടെയും വിജയം ഇന്ത്യൻ നേതാക്കൾ തിരിച്ചറിഞ്ഞതും റഷ്യൻ വിപ്ലവത്തിന്റെ വിജയത്തിൽ നിന്നാണ്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് 1920 ൽ ഇന്ത്യൻ തൊഴിലാളികളുടെ ആദ്യത്തെ സംഘടിത പ്രസ്ഥാനമായ എഐടിയുസി രൂപം കൊണ്ടത്. ലാലാ ലജ്പത് റായ് ആയിരുന്നു സംഘടനയുടെ ആദ്യത്തെ അധ്യക്ഷൻ. ഭഗത് സിങ്ങിന്റെയും കൂട്ടരുടെയും വിപ്ലവകരമായ സമരവും ജീവത്യാഗവും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പുത്തനുണർവായി. അവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സമര കാഹളം മുഴക്കി. ഇക്കാലയളവിലാണ് കമ്മ്യൂണിസ്റ്റ് നേതാവ് എം എൻ റോയ് നിയമനിർമ്മാണ സഭ എന്ന ആഹ്വാനം ആദ്യമായി ഉയര്‍ത്തുന്നത്. ഒരർത്ഥത്തിൽ ഇതോടെയാണ് സ്വതന്ത്ര്യസമരത്തിന് വ്യക്തമായ ലക്ഷ്യമുണ്ടായത്. ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് വെെമനസ്യം കാണിക്കുമ്പോൾ, പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം 1921 ൽ മൗലാന ഹസ്രത്ത് മൊഹാനി ഉയർത്തി. അദ്ദേഹമായിരുന്നു 1925 ലെ കാണ്‍പൂർ സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റി ചെയർമാൻ. 

സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ വിവിധതലങ്ങളിലുള്ളവരെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ എഐഎസ്എഫ്, എഐകെഎസ്, പ്രോഗ്രസീവ് റെെറ്റേഴ്സ് ഫോറം എന്നിവ 1936 ലും ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ 1943 ലും രൂപീകരിക്കപ്പെട്ടു. രാജ്യത്തുടനീളം ജനസഹസ്രങ്ങളെ സ്വാതന്ത്ര്യ സമരങ്ങളിലേക്ക് ആകർഷിക്കാനും സോഷ്യലിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും ഈ സംഘടനകൾ വഹിച്ച പങ്ക് ചെറുതല്ല. 1946 ഫെബ്രുവരിയിൽ നടന്ന ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ ജൂനിയർ ഓഫീസർമാരുടെ കലാപം ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. സിപിഐ ഈ കലാപത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫെബ്രുവരി 22ന് പൊതുപണിമുടക്കിന് ആഹ്വാനം നൽകി. ഒരു ലക്ഷത്തോളം പേർ സമരത്തിൽ പങ്കെടുത്തു. നാവിക കലാപം ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കി. ഗാന്ധിജി നാവിക സമരത്തെ അതിനിശിതമായി വിമർശിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നാവികർക്ക് പൂർണപിന്തുണ നൽകുകയും തങ്ങളുടെ അംഗങ്ങളെ സഹായവുമായി രംഗത്തിറക്കുകയും ചെയ്തു. സമരത്തിന്റെ ശക്തിയെ, സെെന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി ഭരിക്കാനാകില്ലെന്ന് ബ്രിട്ടൺ തിരിച്ചറിഞ്ഞു. തുടർന്ന് യുവജന മുന്നേറ്റങ്ങളെ തടയാനായി വ്യാപകമായി ഗൂഢാലോചന കേസുകൾ ചുമത്താൻ തുടങ്ങി. എന്നാൽ അചഞ്ചലരായ യുവ സഖാക്കൾ രാജ്യത്താകമാനം സമരവും മാർച്ചുമായി രംഗത്തിറങ്ങുകയാണുണ്ടായത്. നാവിക പ്രക്ഷോഭം ബ്രിട്ടിഷുകാരുടെ പിന്മാറ്റം വേഗത്തിലാക്കാൻ സഹായകമായി. അക്കാലത്തെ എല്ലാ പ്രക്ഷോഭങ്ങളെയും ദേശീയപ്രസ്ഥാനത്തിന്റെ വഴിയിലേക്ക് തിരിച്ചു വിടാൻ മാർഗദർശകമായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലാണ്. നിരവധി പുരോഗമന സംഘങ്ങളും അടിസ്ഥാനവർഗങ്ങൾക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ഇടതു ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടു. 

ചരിത്രത്തിലെ തിളക്കമുള്ള ഈ പാരമ്പര്യം സങ്കീർണവും ദുഷ്കരവുമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർട്ടിക്ക് കരുത്ത് പകരുന്നു. ആർഎസ്എസ് നേതൃത്വം നൽകുന്ന സംഘപരിവാർ ഭരണത്തെ പുറത്താക്കുക എന്നതാണ് സമകാലികമായ എറ്റവും വലിയ ദൗത്യം. അത് കേവലമൊരു ഭരണമാറ്റം മാത്രമല്ല, മതേതര റിപ്പബ്ലിക്കിന്റെ പുനഃസ്ഥാപനമെന്ന വലിയ ലക്ഷ്യമാണ്. 2014 ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വെറുമൊരു രാഷ്ട്രീയമാറ്റമല്ല ഉണ്ടായത്, രാജ്യത്തിന്റെ അന്ത:സത്തയെ തന്നെ തകർക്കുന്നതും ഭരണഘടനയെ അട്ടിമറിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടക്കവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ പിന്തുണച്ചവരും ഗാന്ധിജിയെ വധിച്ചവരുടെ പിന്മുറക്കാരുമാണ് ആർഎസ്എസ്. ബഹുസ്വരതയെ മാനിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെ അവർ മാനിക്കില്ല. ജാതി വിവേചനവും ചാതുർവർണ്യവും ഉദ്ഘോഷിക്കുന്ന മനുസ്മൃതി നടപ്പാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. സമത്വം, ലിംഗ നീതി എന്നിവ അവർക്ക് വിലക്കപ്പെട്ട കനിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തവർ ഇപ്പോൾ അതേ കൂറ് വൻകിട കോർപ്പറേറ്റുകളോട് പുലർത്തുന്നു. മതേതരത്വം, ബഹുസ്വരത, സമത്വം എന്നിവക്ക് പകരം ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. ജാതി വിവേചനവും മതവിദ്വേഷവും വളർത്തി സമൂഹത്തിൽ സംഘർഷത്തിന്റെ വിത്തു പാകുന്നു. 

ഈ വിപത്തിനെയും സാമ്പത്തിക അസമത്വത്തെയും ഒരേസമയം നേരിടുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുമ്പിൽ ഇപ്പോഴുള്ള വെല്ലുവിളി. ജാതി വിവേചനവും സാമ്പത്തിക അടിമത്തവും ഒരേപോലെ അനുഭവിക്കുന്ന സമൂഹത്തെ ഒന്നിപ്പിക്കേണ്ടതിന്റെയും മതേതര പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് പാർട്ടിപ്രവർത്തകർ ഉത്തരവാദിത്തം ഏറ്റെടുക്കണം. ആഗോള സാമ്പത്തിക അധിനിവേശത്തിനെതിരെയും ജനങ്ങളുടെ മേലുള്ള വർഗപരവും ലിംഗപരവുമായ വിവേചനവും ഗൗരവപൂർവം തിരിച്ചറിഞ്ഞ് ഇടപെടലുണ്ടാകണം. ഇടതുപക്ഷത്തിനു മാത്രമേ ആർഎസ്എസിനെതിരെ കൃത്യമായ പ്രതിരോധം തീർക്കാൻ കഴിയൂ എന്ന ചരിത്രപാഠം ഉൾക്കൊണ്ടുവേണം പുരോഗമനാശയക്കാരുടെ സഖ്യം കെട്ടിപ്പടുക്കാൻ. പൂർവകാല നേതാക്കൾ കാണിച്ചുതന്ന ത്യാഗപൂർണമായ വഴികളിലൂടെ പാർട്ടി നിലപാടുകളെ കൂടുതൽ ശക്തിയിൽ മുന്നോട്ടു കൊണ്ടു പോകണം. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിവേചനങ്ങളെയെല്ലാം ഉച്ചാടനം ചെയ്യുക എന്നതാകട്ടെ ഈ സ്ഥാപകദിനത്തിലെ നമ്മുടെ പ്രതിജ്ഞ. സാമൂഹിക നീതിയുടെ ഉത്തമ കവചമായ ഭരണഘടനയുടെ ആമുഖം സംരക്ഷിക്കേണ്ട ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. ‘രാജ്യത്തെ അരാഷ്ട്രീയതയിലേക്ക് നയിക്കുന്ന നേതൃപൂജ ഒഴിവാക്കുകയും സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക’ എന്ന ഡോ. അംബേദ്കറുടെ വാക്കുകളെ മാർഗദർശകമാക്കാം. ഭരണഘടനയുടെ അന്തസ്സത്തയായ വർഗരഹിത, വർണരഹിത സമൂഹത്തിനു വേണ്ടിയായിരിക്കണം ഇനി നമ്മുടെ പോരാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.