March 27, 2023 Monday

പൊലീസും വിശ്വാസ്യതാ കമ്മിയും

പ്രൊ.കെ അരവിന്ദാക്ഷൻ
February 28, 2020 5:45 am

സമാധാനപാലനത്തിനും രാജ്യസുരക്ഷയ്ക്കും ബാധ്യസ്ഥരായ പൊലീസ് സേനയും രാജ്യരക്ഷാ സായുധ സൈനിക വിഭാഗങ്ങള്‍ക്കും ആവശ്യം വേണ്ടത് വിശ്വാസ്യതയാണ്. വിശ്വാസ്യതാകമ്മി എപ്പോഴുണ്ടാകുന്നുവോ, അപ്പോള്‍ മുതല്‍ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ പരാജയമാണെന്ന ബോധം സമൂഹത്തില്‍ വ്യാപിക്കുക സ്വാഭാവികം. ഇന്ത്യന്‍ ജനത സമീപകാലത്ത് ഇത്തരമൊരു അന്തരീക്ഷത്തിലൂടെയാണ് അതിജീവനം നടത്തിവരുന്നത്. ഇതിനുള്ള പശ്ചാത്തലം ഒരുക്കിയ മോഡി ഭരണകൂടം ഇന്ത്യന്‍ ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍, നിയമനിര്‍മ്മാണത്തിലൂടെയാണെങ്കിലും ആരംഭം കുറിച്ചിരിക്കുന്ന പൗരത്വഭേദഗതി നിയമവും (സിഎഎ) അതിന്റെ ഭാഗങ്ങളായ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററും (എന്‍പിആര്‍) നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) എന്നീ സംവിധാനങ്ങളും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമായ നിയമമാണ് സിഎഎ എന്ന ബോധ്യം തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയിലും മറ്റു നിരവധി നഗരങ്ങളിലും ഗ്രാമീണ മേഖലയിലും അതിവേഗം പരന്നതോടെ രാജ്യത്താകമാനമുള്ള സര്‍വകലാശാകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളും അക്കാദമിക് സമൂഹവും പ്രത്യക്ഷസമരരംഗത്തിറങ്ങി.

പ്രത്യേകമായ നേതൃത്വമോ സംഘടനാ രൂപമോ ഇല്ലാതിരുന്ന ഈ സിഎഎ വിരുദ്ധ പ്രക്ഷോഭം താനെ കെട്ടടങ്ങുമെന്നായിരുന്നു മോഡി — അമിത് ഷാ ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസിനെ കയറൂരിവിടാനും ആദ്യം ജെഎന്‍യുവിലേയും തുടര്‍ന്ന് ജാമിയ മിലിയയിലേയും അലിഗറിലേയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ സമര കേന്ദ്രങ്ങളില്‍ നിന്നും തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ തെരുവിലിട്ടു മാത്രമല്ല, ലൈബ്രറികളിലും ലബോറട്ടറികളിലും ക്ലാസ് മുറികളിലും അതിക്രമിച്ചു കയറി അടിച്ചുതകര്‍ക്കാമെന്നായിരുന്നു ഫാസിസ്റ്റ് ഭരണാധികാരികളുടെ വ്യാമോഹം.

ഇത്തരം വാര്‍ത്തകള്‍ പുറംലോകമറിയാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ തുടക്കം മുതല്‍ പുറത്തുവിടാതെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ തന്ത്രം ഏറെനാള്‍ വിജയിച്ചില്ല. ഒന്നാമതു, അതിശക്തവും സംഘടിതവുമായ വിധത്തില്‍ നടന്നുവരുന്ന ഷഹീന്‍ബാഗിലെ തീര്‍ത്തും ഗാന്ധിയന്‍ രീതിയിലുള്ള രാപ്പകല്‍സമരം, ലോക രാജ്യങ്ങളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. രണ്ട്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടി. മൂന്ന് സിഎഎ വിരുദ്ധ സമരകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപി പരാജയപ്പെട്ടത് 75,000 – 80,000 വോട്ടുകള്‍ക്കാണ്. ഇവിടങ്ങളിലെ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം ഹിന്ദുമത വിശ്വാസികളായിരുന്നു. മാത്രമല്ല, കേന്ദ്രകാര്യ സ്റ്റേറ്റ് ധനമന്ത്രി അനുരാഗ് സിങ് താക്കൂറിന്റെയും യു പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെയും ഗോലിമാരോ ഭീഷണി ഇവിടെ ഫലവത്തായില്ല. മാത്രമല്ല, തിരിച്ചടിയാവുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മതവിദ്വേഷം ജ്വലിപ്പിക്കുന്ന ആഹ്വാനങ്ങളും ഡല്‍ഹി വോട്ടര്‍മാരെ തെല്ലും സ്വാധീനിക്കുകയുണ്ടായില്ല.

ഏതായാലും ഡല്‍ഹി തെരഞ്ഞെടുപ്പുകള്‍ക്ക് അവസാനമായതോടെ അതുവരെയായി രഹസ്യമാക്കിവച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. ജാമിയ മിലിയയിലെ സമരത്തെ ഏകോപിപ്പിച്ചുവരുന്ന സമിതിയുടെ ഈ നടപടി ഡല്‍ഹി പൊലീസിന്റെ, അമിത് ഷായുടേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിര്‍ദേശാനുസരണമുള്ള അതിക്രമങ്ങളുടെ തനിരൂപം ലോക ജനതയ്ക്കു മുന്നില്‍ എത്തിച്ചു. 2019 ഡിസംബര്‍ 15ന് തങ്ങള്‍ ജാമിയ മിലിയ ക്യാമ്പസില്‍ പ്രവേശിച്ചത് അക്രമകാരികളെ കണ്ടെത്താനായിരുന്നു എന്നാണല്ലോ പൊലീസ് ഭാഷ്യം. ഫലത്തില്‍ അവിടെ നടന്നത് പൊലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു. ഗുരുതരമായ പരിക്കുകള്‍ പറ്റിയത് നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും. ഇതേ പൊലീസ് തന്നെയാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ചു കടന്ന സംഘപരിവാര്‍ ഗുണ്ടകള്‍ ചെയര്‍പേഴ്സണ്‍ ഐഷെഘോഷ് അടക്കമുള്ള യൂണിയന്‍ ഭാരവാഹികളെയും കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും പ്രത്യേകം ലക്ഷ്യമിട്ട് ഗുരുതരമായി പരിക്കേല്പിച്ച് കടന്നപ്പോള്‍ പോലും ജെഎന്‍യു ക്യാമ്പസില്‍ പ്രവേശിക്കാതിരുതന്നെന്നോര്‍ക്കുക. ജെഎന്‍യുവിലെ അധ്യാപകര്‍ പൊലീസിനെ വിവരം അറിയിച്ചെങ്കിലും അക്രമികള്‍ പുറത്തുകടക്കുന്നതുവരെ അവിടെ വന്നില്ല. മാത്രമല്ല, ഗുരുതരമായി മര്‍ദ്ദനമേറ്റ ഐഷിഘോഷിനെയും മറ്റു നിരവധി ഇടതു യൂണിയന്‍ ഭാരവാഹികളെയും ഏതാനും ഫാക്കല്‍ട്ടി അംഗങ്ങളെയും പ്രതിച്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം അക്രമകാരികളായ എബിവിപി-സംഘപരിവാര്‍ ഗുണ്ടകളെ ഇന്നും സ്വതന്ത്ര വിഹാരത്തിനായി തുറന്നുവിട്ടിരിക്കുകയാണ്.

ക്യാമ്പസ് അധികൃതരുടെ അഭ്യര്‍ത്ഥനയോ അറിവോ ഇല്ലാതെ ജാമിയയില്‍ അതിക്രമിച്ചു കടന്ന ഡല്‍ഹി പൊലീസ് യാതൊരുവിധ പ്രകോപനവുമില്ലാതെ പൊടുന്നനെ ലൈബ്രറിയില്‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും പഠനോപകരണങ്ങളും ഫര്‍ണിച്ചറും തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ട ആദ്യത്തെ സിസിടിവിയിലൂടെ മാലോകര്‍ക്ക് മറ്റൊരു ദൃശ്യത്തിലൂടെ കാണാന്‍ കഴിഞ്ഞത്. കല്ലുപോലെ എന്തോ കൈവശം ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവരെ തൊട്ടടുത്തുള്ള മുറിയില്‍ കടന്ന് രക്ഷപ്പെടാന്‍ നിര്‍ദേശിക്കുന്ന രംഗമാണ്. പിന്നീട് പുറത്തുവന്ന വിവരം പ്രസ്തുത വിദ്യാര്‍ത്ഥിയുടെ കൈവശമുണ്ടായിരുന്നത് കല്ലായിരുന്നില്ല, അതൊരു ചെറിയ ബാഗും മൊബൈല്‍ ഫോണും ആയിരുന്നു എന്നാണ്. കല്ലുപോലെ ഏതെങ്കിലും ഒരു മാരകായുധം ആ വിദ്യാര്‍ത്ഥിയുടെ കൈവശമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് നടത്തിയ ഒരു ഗൂഢാലോചനയായിരുന്നു ഈ ദൃശ്യം എന്നാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥി നേതാവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മുറിയില്‍ കടന്ന വിദ്യാര്‍ത്ഥികള്‍ പൊലീസ് പ്രവേശിക്കാതിരിക്കാന്‍ വാതിലുകള്‍ ഭദ്രമായി അടയ്ക്കുക മാത്രമല്ല, ഡെസ്കുകളും ബെഞ്ചുകളും ഉപയോഗിച്ച് ഒരു ബാരിക്കേഡ് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തകര്‍ത്ത് അകത്തുകടന്ന പൊലീസ് 50ല്‍പ്പരം വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയുമാണുണ്ടായത്. എന്തുകൊണ്ടാണെന്നറിയില്ല, പെണ്‍കുട്ടികളെ മര്‍ദ്ദനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം രംഗങ്ങള്‍ കൃത്യമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കു പുറമെ, ഒരു പൊലീസുകാരന്‍ ഏതാനും വിദ്യാര്‍ത്ഥികളെ പ്രത്യേകം തെരഞ്ഞുപിടിച്ച് തുടര്‍ച്ചയായി അതിക്രൂരമായി മര്‍ദ്ദിക്കുന്ന രംഗവും പുറത്തുവന്നിരിക്കുന്നു. മര്‍ദ്ദനത്തി­ല്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന പൊലീസുകാര്‍ സുരക്ഷാ ക്യാമറകള്‍പോലും തച്ചുതകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി കാണുന്നു. പൊലീസിന്റെ നായാട്ടിന് വിധേയരാക്കപ്പെട്ട ഏതാനും വിദ്യാര്‍ത്ഥികളുടെ രണ്ടു കാലുകള്‍ക്കും ഗൗരവമേറിയ പരിക്കുകള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഏതോ മുന്‍ വൈരാഗ്യം തീര്‍ക്കുന്ന പ്രതീതിയാണ് ഇത്തരം രംഗങ്ങള്‍ വീക്ഷിക്കുന്നവരില്‍ ഉളവാക്കുക.

ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നവിധത്തില്‍ ആധികാരികമായ ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, നിസ്സഹായാവസ്ഥയിലകപ്പെട്ട ഡല്‍ഹി പൊലീസിലെ ഉന്നതര്‍ സംഭവ പരമ്പരകള്‍ മുഴുവനും ഒരിക്കല്‍ക്കൂടി നിരീക്ഷിച്ചതിനുശേഷം തങ്ങള്‍ ഇതുവരെ സ്വീകരിച്ച വൈരുദ്ധ്യപൂര്‍ണമായ നിലപാടുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കാമെന്നാണത്രെ കരുതുന്നത്. ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ട് ഒരു മാസത്തിലേറെയായിട്ടും സര്‍വകലാശാല അധികൃതര്‍ അതിന്റെ പകര്‍പ്പ് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് എത്തിച്ചതിനുശേഷവും എന്തേ അവിടത്തെ ഉന്നതര്‍ പുനഃപരിശോധനാ അഭ്യാസത്തിന് തയ്യാറാവാത്തത്? പോരെങ്കില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞില്ലേ?

                                                                                                                                                      (അവസാനിക്കുന്നില്ല)

Eng­lish Sum­ma­ry: Janayu­gom arti­cle about cred­i­bil­i­ty of police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.