Web Desk

February 12, 2021, 5:45 am

ക്യൂബയ്ക്കു പിന്നാലെ ബദലായി വെനസ്വേലയും

Janayugom Online

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ ദരിദ്ര — ചെറു രാജ്യങ്ങളുടെ മാത്രമല്ല സമ്പന്ന യൂറോപ്യൻ രാജ്യങ്ങളുടെയും ആരോഗ്യ പരിപാലനത്തിനായി സംഘങ്ങളെ അയച്ച് ലോകത്തിന്റെ കയ്യടി നേടിയ രാജ്യമായിരുന്നു ക്യൂബ. മഹാമാരി ലോകത്തെ പിടികൂടിയ ആദ്യഘട്ടത്തിൽ മെയ് മാസംവരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 2000ത്തിലധികം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘങ്ങളെ 23 രാജ്യങ്ങളിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആ രാജ്യം അയച്ചിരുന്നു. സ്വന്തംരാജ്യത്തെ രോഗപ്രതിരോധത്തോടൊപ്പം പിന്നീടും ആ പ്രവർത്തനം തുടർന്നു. സെപ്റ്റംബർ ആകുമ്പോഴേയ്ക്ക് ക്യൂബയിൽനിന്ന് ആരോഗ്യ സംഘമെത്തിയ രാജ്യങ്ങളുടെ എണ്ണം 40തിലധികമായി. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന 51 അംഗ സംഘം ആദ്യമെത്തിയത് മാർച്ച് മാസത്തിൽ രോഗം ഏറ്റവും വ്യാപകമായ ഇറ്റലിയിലായിരുന്നു.

ക്യൂബയിൽ നിന്ന് പ്രത്യേകമെത്തിയ സംഘത്തോടൊപ്പം ലോകത്തെ 59 രാജ്യങ്ങളിൽ നേരത്തേ തന്നെ സേവനം അനുഷ്ഠിക്കുകയായിരുന്ന 28,000 ആരോഗ്യപ്രവർത്തകരും ചേർന്നപ്പോൾ ലോകത്തിന് അത് വ്യത്യസ്തമായ അനുഭവമായി. പുരോഗതിയിലും സമ്പത്തിലും മുന്നിൽ നില്ക്കുന്നുവെന്ന് അഹങ്കരിക്കുന്ന രാജ്യങ്ങൾ പോലും മഹാമാരിക്കു മുന്നിൽ പരിഭ്രമിച്ചു നിന്നപ്പോഴാണ് കൊച്ചുക്യൂബ ഇത്തരം സേവനത്തിന്റെ മഹാഗാഥ രചിച്ചുകൊണ്ടിരിക്കുന്നത്. അതിനുള്ള പ്രധാനകാരണം ആരോഗ്യ പരിപാലനരംഗത്തിന്റെ പൊതുവല്ക്കരണമായിരുന്നു. ഇതേപാതയിലൂടെയാണ് ലാറ്റിൻ അമേരിക്കയിൽ വെനസ്വേലയും സഞ്ചരിക്കുന്നതെന്നാണ് അവിടെ നിന്നു വന്നെത്തുന്ന റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ20 ന് ഐക്യരാഷ്ട്രസഭയുടെ 75 -ാമത് പൊതുസഭയിൽ നടന്ന പൊതുസംവാദത്തിൽ നവഉദാരീകരണം പൊതുസംവിധാനങ്ങളെയാകെ തകർത്തിരിക്കുന്നുവെന്നും ജനങ്ങളെ സ്വകാര്യ സംരംഭകരുടെ കൊള്ളയ്ക്കു വിട്ടുകൊടുക്കുകയാണെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അഭിപ്രായപ്പെടുകയുണ്ടായി. ആരോഗ്യപരിപാലനം ആഡംബരമായി മാറിയിരിക്കുന്നു.

ആരോഗ്യപരിപാലനവും ജനങ്ങളുടെ ക്ഷേമവും വാണിജ്യമാക്കിക്കൂടെന്നും കമ്പോളം മാനവികതയുടെ വിധി നിർണയിക്കുന്നത് തുടരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. നവ ഉദാരീകരണത്തിന്റെ കാലത്ത് ആരോഗ്യപരിപാലന രംഗത്തെ പരിശോധനയ്ക്കും വിമർശനത്തിനും ഇടയാക്കുക എന്നത് സുപ്രധാനമാണ്. നമ്മുടെ സമ്പദ്ഘടനകൾ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ലെന്ന വസ്തുതയാണ് അത്തരം പരിശോധനകൾ അടിവരയിടുന്നത്. ഒപ്പം മനുഷ്യന്റെ നിലനില്പിനെ ആശ്രയിച്ചിരിക്കുന്ന ഒരു മേഖല അമിതമായി വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും അതിലൂടെ വെളിപ്പെടുന്നുണ്ട്. ഇവിടെയാണ് ക്യൂബയെപ്പോലെ മുതലാളിത്ത ആരോഗ്യ പരിപാലനരംഗത്തിന് ബദലായി നിലക്കൊള്ളുന്ന വെനസ്വേലയും പഠന വിഷയമാകേണ്ടത്. ബൊളിവേറിയൻ വിപ്ലവത്തിന്റെ സഹായത്തോടെ ഈ ലാറ്റിനമേരിക്കൻ രാജ്യം പ്രത്യാശ, ആത്മാഭിമാനം, നീതിബോധം എന്നിവ അടിസ്ഥാനമാക്കിയുള്ള സോഷ്യലിസ്റ്റ് രൂപക്രമത്തിനാണ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ രൂപകല്പന നല്കിയത്.

ഷാവേസ് അധികാരത്തിലെത്തുന്നതിന് മുമ്പ് വെനസ്വേല നിരവധി പ്രശ്നങ്ങൾ നേരിടുകയായിരുന്നു. എണ്ണയിൽ നിന്നുള്ള വരുമാനത്തിന്റെ തുല്യമായ വിതരണത്തിലെ അപാകതകൾ, ദേശീയകടത്തിലുണ്ടായ ഭീമമായ വർധന, ഇതിന്റെ കൂടെ 1980കളിൽ എണ്ണ വരുമാനത്തിലുണ്ടായ കുറവ് എന്നിവ പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളായി. ഇതുകാരണം 1989 ആകുമ്പോഴേയ്ക്കും ജനസംഖ്യയിലെ 54 ശതമാനവും ദാരിദ്ര്യത്തിന്റെ പിടിയിലായി. ആ വർഷമായിരുന്നു 1960കളിലുണ്ടായ സാമ്പത്തിക മുന്നേറ്റം തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം നല്കിയ കാർലോസ് ആൻഡ്രെസ് പെരസ് രണ്ടാം തവണയും പ്രസിഡന്റായത്. എന്നാൽ പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്നതിന് പകരം അദ്ദേഹം ലോകബാങ്കിന്റെ ആജ്ഞാനുവർത്തിയാകുകയായിരുന്നു ചെയ്തത്. പൊതു ചെലവുകളിൽ കുറവ് വരുത്തുക, പൊതുമേഖലകളെ സ്വകാര്യവല്ക്കരിക്കുക, എണ്ണ ഊറ്റുന്നതിന് വിദേശ സംരംഭങ്ങൾക്ക് അനുമതി നല്കുക, വാണിജ്യ മേഖലയിൽ ഉദാരീകരണം തുടങ്ങിയ നയങ്ങളാണ് അദ്ദേഹം പിന്തുടർന്നത്. ഇത് വൻ എതിർപ്പിന് ഇടയാക്കുകയും 1993ൽ അഴിമതി വിചാരണയെതുടർന്ന് അദ്ദേഹം അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഒരുവർഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രതിനിധിയായ റാഫേൽ കാൾഡേറ അധികാരത്തിലെത്തി. നവ ഉദാരീകരണ നയങ്ങൾ പിന്തുടരില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

ഫലത്തിൽ എതിരായതാണ് സംഭവിച്ചത്. ആരോഗ്യ മേഖലയ്ക്കായി ലോക ബാങ്കിൽ നിന്നും ഇന്റർ അമേരിക്കൻ വികസന ബാങ്കിൽ നിന്നും രണ്ട് വായ്പകളെടുത്തു. ഇവ രണ്ടും സ്വകാര്യ മേഖലയുടെ ലാഭേച്ഛ വർധിപ്പിക്കുന്നതിനുള്ളതായിരുന്നു. നവ ഉദാരീകരണ ആരോഗ്യപരിപാലനം വൻദുരന്തത്തിലാണ് കലാശിച്ചത്. ധനവിഹിതം വെട്ടിക്കുറയ്ക്കുന്നതിലേയ്ക്കും ആരോഗ്യരംഗത്തിന്റെ വികേന്ദ്രീകരണത്തിനും ഇത് വഴിവച്ചു. മോശം അവസ്ഥയിലായിരുന്ന ആരോഗ്യപരിപാലനം പ്രാദേശിക അധികാരികൾക്ക് നല്കിയതോടെ ഈ രംഗം പൂർണമായും കഴിവുകെട്ടതായി. ഇതിന്റെ ഫലമായി 1997 ആയപ്പോഴേയ്ക്കും ആകെയുള്ള ആരോഗ്യചെലവിന്റെ 74 ശതമാനവും സ്വകാര്യമേഖലയുടെ വകയായി മാറിയിരുന്നു. ജനസംഖ്യയിലെ മൂന്നിൽരണ്ടു വിഭാഗം പൂർണമായോ അല്ലാതെയോ ദാരിദ്ര്യത്തിലെത്തുന്ന സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്. ഈയൊരു പശ്ചാത്തലത്തിലായിരുന്നു 1998ൽ ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഷാവേസ് അധികാരമേറ്റ് ആദ്യംചെയ്തത് ഭരണഘടനാ രൂപീകരണത്തിനുള്ള ശ്രമങ്ങളും അതിനായുള്ള ദേശീയ ഹിതപരിശോധനയുമായിരുന്നു. സാമൂഹ്യ വ്യവസ്ഥയെ മാറ്റുകയെന്നതും ഹിതപരിശോധനയുടെ വിഷയങ്ങളിൽ ഒന്നായിരുന്നു. 1999 ഏപ്രിൽ 25 ന് നടന്ന ഹിതപരിശോധനയിൽ ഭരണഘടനയ്ക്കും സാമൂഹ്യ മാറ്റത്തിനുമുള്ള ഷാവേസിന്റെ ആഹ്വാനത്തിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തി. അങ്ങനെ രൂപംകൊണ്ട ഭരണഘടന പ്രകാരമാണ് വെനസ്വേലയിലെ ആരോഗ്യപരിപാലന രംഗം പൊതു ഉടമസ്ഥതയിലായത്. ഭരണഘടനയിലെ 83,84,85 എന്നീ മൂന്ന് അനുച്ഛേദങ്ങൾ പ്രകാരമാണ് വെനസ്വേലയിൽ ആരോഗ്യ പരിപാലനരംഗം നിർവചിക്കപ്പെട്ടത്. ആരോഗ്യസംരക്ഷണം മൗലിക സാമൂഹ്യാവകാശവും സർക്കാരിന്റെ ഉത്തരവാദിത്തവുമാണെന്ന് അനുച്ഛേദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആയുർദൈർഘ്യം, കൂട്ടായ ക്ഷേമം, സേവനങ്ങളുടെ ലഭ്യത എന്നിവയ്ക്കാവശ്യമായ നയരൂപീകരണവും സംസ്ഥാനമാണ് നടത്തേണ്ടത്. ആരോഗ്യസുരക്ഷ ഓരോ വ്യക്തിയുടെയും അവകാശവുമാണ്. വികേന്ദ്രീകൃതവും സമഗ്രവുമായ പൊതുദേശീയ ആരോഗ്യസംവിധാനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഭരണഘടന നിഷ്കർഷിക്കുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തിനുള്ള ധനവിനിയോഗവും സർക്കാരിന്റെ ചുമതലയാണ്. നിലവിലുള്ള സ്വകാര്യ ആരോഗ്യരംഗത്തെയും സർക്കാർ നിയന്ത്രിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈ അടിസ്ഥാന തത്വത്തിൽ വ്യതിചലിക്കാതെ ആരോഗ്യ പരിപാലനരംഗം നിലനില്ക്കണമെന്ന നിർബന്ധമാണ് കഴിഞ്ഞ സെപ്റ്റംബർ20 ന് ഐക്യരാഷ്ട്രസഭയുടെ 75 -ാമത് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലെ മഡുറോയുടെ വാക്കുകളിൽ പ്രകടമാകുന്നതും നവഉദാരീകരണ നയത്തിന് ബദലായി വെനസ്വേല നിലനില്ക്കുന്നതിന് കാരണമാകുന്നതും. (വിവിധ മാധ്യമങ്ങളിൽവന്ന കുറിപ്പുകളെയും ന്യൂസ് ക്ലിക്കിൽ പ്രസിദ്ധീകരിച്ച യാനിസ് ഇഖ്ബാലിന്റെ ലേഖനത്തെയും ആസ്പദമാക്കി തയ്യാറാക്കിയത്)