സ്വന്തം ലേഖിക

January 18, 2021, 5:40 am

പ്രതിരോധ ബജറ്റ്: അടിത്തറയാകേണ്ടത് ദീർഘവീക്ഷണം

Janayugom Online

സ്വന്തം ലേഖിക

രാജ്യാതിർത്തിയിൽ ഇരട്ടപ്പോർമുഖ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഈ പുതുവർഷത്തിലും അതീവ ജാഗ്രതയിലും ഒപ്പം അപകടത്തിലുമാണ്. ആണവ, സൈനിക സഖ്യകക്ഷികളായ ചൈന, പാകിസ്ഥാൻ എന്നിവയ്ക്കെതിരെ പരിഹരിക്കപ്പെടാതെ സജീവമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങൾ ആവശ്യപ്പെടുന്നത് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ അതിർത്തിയിൽ ഇന്ത്യ ആവിഷ്കരിക്കണം എന്നു തന്നെയാണ്.

ഈ നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനുതകും വിധം സൈന്യത്തിന്റെ സാഹചര്യങ്ങളിലും ഉപകരണങ്ങളിലുമെല്ലാം സമൂല പരിഷ്കരണം നടപ്പാക്കി മുന്നോട്ടുപോകാൻ പ്രതിവർഷം കുറഞ്ഞ് കുറഞ്ഞു വരുന്ന പ്രതിരോധ ബജറ്റുകൊണ്ടാകില്ല. ഒപ്പംതന്നെ കാലഹരണപ്പെട്ട യുദ്ധ തന്ത്രങ്ങളും, അതിർത്തി നയങ്ങളും പുനഃക്രമീകരിക്കുകയും വേണം. ചൈനയുമായി കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിലനിൽക്കുന്ന സൈനിക നിലപാട് 2021ലും ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യൻ ആർമിയുടെ പ്രവർത്തന അജണ്ടയിൽ ആധിപത്യം സ്ഥാപിക്കുമെന്നതിൽ സംശയമില്ല. കേന്ദ്രസർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സൈനികസ്നേഹം ബജറ്റിലും ഉണ്ടായെങ്കിൽ മാത്രമേ സൈന്യത്തിന് ഇന്ത്യൻ അതിർത്തികൾ സംരക്ഷിക്കാൻ കഴിയൂ. നിലവിൽ യുദ്ധ ടാങ്കുകൾ, ഹൊവിറ്റ്സർ പീരങ്കികൾ, മിസൈൽ ബാറ്ററികൾ, മറ്റ് അത്യാവശ്യ ആയുധങ്ങൾ എന്നിവയോടൊപ്പം 40, 000 കരസേന ഉദ്യോഗസ്ഥരെയാണ് സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി മുകളിലുള്ള എൽഎസിയിലെ മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള മരുഭൂമിയുടെ മുൻവശത്ത് ഉയർന്ന ജാഗ്രതയോടെ വിന്യസിച്ചിരിക്കുന്നത്.

സാഹചര്യം പരിഗണിച്ച് മേഖലയിൽ വിന്യസിച്ചിട്ടുള്ള മറ്റ് സേനകളുടെ എണ്ണവും ഇരട്ടിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രദേശത്തേക്ക് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പ്രവേശിക്കുന്നത് തടയുക എന്നതാണ് ദൗത്യം. ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിൽ 17,700 അടി ഉയരത്തിൽ 76 കിലോമീറ്റർ നീളത്തിൽ ഉള്ള നിയന്ത്രണരേഖയുടെ തനിപ്പകർപ്പാകും ഇനി മുതൽ ലഡാക്ക് എൽഎസിയിലെ സ്ഥിതിഗതികൾ എന്ന് മുതിർന്ന സൈനിക ആസൂത്രകരടക്കം സമ്മതിക്കുന്നു. എന്നാൽ അതിർത്തി രേഖയുടെ വിസ്തൃതി, കൊടും തണുപ്പിൽ സൈനികർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, എല്ലാറ്റിനുമുപരിയായി, അത്ര അറിയപ്പെടാത്തതും, കൂടുതൽ ആയുധ, സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതുമായ ശത്രു, ഇതെല്ലാം കൊണ്ട് സൈന്യത്തെ സംബന്ധിച്ച് ചൈന പാകിസ്ഥാന് സമാനമല്ല. പിഎൽഎയെ പ്രതിരോധിക്കാൻ ഒരു വിപുലമായ കാലയളവിൽ ഇന്ത്യൻ സൈന്യത്തിന് എൽഎസിയിൽ തുടരേണ്ടി വരുമെന്നാണ് സൈനിക വിദഗ്ധൻ റിട്ട. മേജർ ജനറൽ എ പി സിങ് അഭിപ്രായപ്പെട്ടത്. ചൈന കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്നത് തടയുന്നതിന് മേഖലയിൽ കരസേനയുടെ സജീവ സാന്നിധ്യം സ്ഥിരമാകുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മേഖലയിൽ സൈന്യത്തിന് കൂടുതൽ പരിചയം ആർജിക്കേണ്ടതുണ്ട്.

ഇരു രാജ്യങ്ങൾക്കുമിടയിൽ എങ്ങുമെത്താതെ നീണ്ടുപോകുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടനെ പരിഹരിക്കപ്പെടാൻ സാധ്യത ഇല്ലെന്നും എപ്പോൾ വേണമെങ്കിലും ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ്. ഈ സാഹചര്യം നേരിടാൻ രാജ്യത്തെ സൈന്യം സർവ സജ്ജമാണെന്ന് കേന്ദ്രസർക്കാർ ആവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതല്ല. പ്രതിരോധ മേഖലയ്ക്ക് പര്യാപ്തമായ ഫണ്ട് ഇല്ലാത്തതിനാൽ ഇന്ത്യൻ കരസേനയ്ക്ക് തീവ്രമായ മനുഷ്യ, വിഭവ ശേഷിയുടെ കുറവുണ്ടെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് അതിർത്തികളിലൊന്നുമില്ലാത്ത ശക്തമായ വെല്ലുവിളികളാണ് ഇന്ത്യൻ സേന ലഡാക്കിൽ നേരിടുന്നത് എന്നതിനാൽ വരും മാസങ്ങളിൽ തന്നെ സേനയിൽ ഗൗരവകരമായ പുനഃപരിശോധനയും നവീകരണവും ആവശ്യമുണ്ടെന്ന് സൈനികവൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ലഡാക്കിലെ 800 കിലോമീറ്റർ നീളമുള്ള എൽഎസിയിൽ പിഎൽഎയെ നേരിടാൻ ആർമിയുടെ മഥുര അധിഷ്ഠിത ഒന്നാം സ്ട്രൈക്ക് കോർപ്സിനെ മൗണ്ടൻ സ്ട്രൈക്ക് കോർപ്സ് ആയി പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പുതുതായി ആവിഷ്കരിച്ച പദ്ധതികൾ അനുസരിച്ച്, അതിന്റെ രണ്ട് കാലാൾപ്പട ഡിവിഷനുകൾക്ക് വേനൽക്കാലത്ത് ലഡാക്കിലേക്ക് വിന്യസിക്കുന്നതിന് മുമ്പായി പർവത യുദ്ധത്തിൽ പരിശീലനം നൽകേണ്ടതുണ്ട്. കരസേനക്കൊപ്പം തന്നെ ഇന്ത്യൻ നാവിക സേനയും വ്യോമ സേനയും മേഖലയിൽ സജീവ സാന്നിധ്യമായി നിലയുറപ്പിക്കേണ്ടതുണ്ട്. ടിബറ്റൻ പീഠഭൂമിക്ക് മുകളിലുള്ള പിഎസ്എ വ്യോമസേനയുടെ ഭീഷണി ഉയർത്തിക്കൊണ്ടുള്ള അഭ്യാസങ്ങളെ ചെറുക്കുന്നതിന് 2021 ലും ലഡാക്കിൽ നമ്മുടെ വ്യോമസേനയും പട്രോളിംഗ് തുടരേണ്ടതുണ്ട്. അതുപോലെ, ഇന്ത്യൻ നാവികസേന (ഐഎൻ) കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലും പരിസര പ്രദേശങ്ങളിലും നിലനിർത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ജാഗ്രത തുടർന്നുപോകണം.

സഖ്യ കക്ഷികളായ ചൈനയും പാകിസ്ഥാനും ഒരുമിച്ചുചേർന്ന് ഒരു വെല്ലുവിളി ഉയർത്തിയാൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകും. അതുകൊണ്ട് തന്നെ ആയുധങ്ങൾക്കൊപ്പം നമ്മുടെ നിരീക്ഷണ സംവിധാനങ്ങളും കൂടുതൽ സാങ്കേതികവല്ക്കരിക്കേണ്ടിയിരിക്കുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ വെല്ലുവിളികളെ നേരിടാൻ നിർമ്മിതബുദ്ധിയെയും സൈബർ സംവിധാനങ്ങളെയും ഇന്ത്യ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. ഇന്ത്യൻ സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും ചുരുങ്ങിയ സമ്പദ്‌വ്യവസ്ഥയുമാണ്. നിലവിൽ കോവിഡ് 19 ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം കൂടിയാകുമ്പോൾ സാഹചര്യം കൂടുതൽ വെല്ലുവിളി നിറഞ്ഞതാകും. 300 കിലോമീറ്ററോളം ചൈനീസ് അതിർത്തിയിൽ 30,000–40,000 വരുന്ന സൈന്യത്തെ നിലനിര്‍ത്തുന്നതിന് ദിവസം നൂറുകോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 36,500 കോടി പ്രതിവർഷം വേണ്ടിവരും. ചൈനയാകട്ടെ മഹാമാരിക്കാലത്തും വളർന്നുകൊണ്ടിരിക്കുന്ന ലോകത്തെ ചുരുക്കം ചില സാമ്പത്തിക ശക്തികളിൽ പ്രധാനപ്പെട്ടതായി നിലനിൽക്കുകയും ചെയ്യുന്നു. 2020–21 സാമ്പത്തിക വർഷത്തിൽ, സമ്പദ്‌വ്യവസ്ഥ നിലവിലുള്ള ഭയാനകമായ വെല്ലുവിളികളൊന്നും അഭിമുഖീകരിക്കാതിരുന്നപ്പോൾ പോലും, സൈന്യത്തിന്റെ ധനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. സൈന്യത്തിന്റെ ആവശ്യങ്ങൾക്കും ബജറ്റ് വിഹിതത്തിനും ഇടയിൽ 1,03,535 കോടി രൂപയുടെ വിടവ് ആയിരുന്നു നടപ്പു സാമ്പത്തികവർഷം ഉണ്ടായിരുന്നത്. പ്രതിരോധമേഖലയിലെ തദ്ദേശവല്ക്കരണ പദ്ധതികളൊന്നുംതന്നെ ഫലം കണ്ടിട്ടില്ല. ലഘു ഉപയോഗ ഹെലികോപ്റ്ററുകളും യുദ്ധ ടാങ്കുകളും റൈഫിളുകളുമെല്ലാം തദ്ദേശീയമായി നിർമ്മിക്കുമ്പോൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ ചെലവേറുകയാണ് വാസ്തവത്തിൽ ഉണ്ടായിട്ടുള്ളത്.

പലപ്പോഴും ഗുണനിലവാരത്തിലെ കുറവും പ്രശ്നം സൃഷ്ടിക്കുന്നു. ചൈനീസ് ഭീഷണി ഉയർന്നതിന് ശേഷം ഇതിനകം തന്നെ സൈന്യത്തിനായി ഏകദേശം രണ്ട് ബില്യൺ ഡോളർ വിലമതിക്കുന്ന വാങ്ങലുകൾ നടത്തിയിട്ടുണ്ട്. സേനയുടെ ആധുനികവല്ക്കരണത്തിനും മറ്റ് പ്രവർത്തന ചെലവുകൾക്കുമുള്ള ഫണ്ടിന്റെ അഭാവത്തെ ഇത് രൂക്ഷമായി ബാധിക്കുകയും ചെയ്തു. 40, 000 ലധികം സൈനികർക്ക് അതിഭീകരമായ തണുപ്പിൽ ജീവിക്കുന്നതിന് പര്യാപ്തമായ സൗകര്യങ്ങൾക്ക് പോലും അഭാവം നേരിട്ട ചുറ്റുപാടുകളായിരുന്നു കഴിഞ്ഞുപോയത്. വരും സാമ്പത്തിക വർഷത്തിൽ സൈന്യത്തിന്റെ ധനപരമായ ആവശ്യകതകൾ ഗണ്യമായി ഉയർന്നതായിരിക്കുമെന്നതിൽ സംശയമില്ല, ഇത് വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ സർക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് ആക്കം കൂട്ടുകയും ചെയ്യും.