അഡ്വ. കെ പ്രകാശ്ബാബു

February 07, 2021, 6:30 am

മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം

Janayugom Online

വീണ്ടും ഒരിക്കൽക്കൂടി ‘മ്യാൻമർ’ എന്ന ബർമ്മ പട്ടാളഭരണത്തിലായി. 2021 ഫെബ്രുവരി ഒന്നിന് നിലവിലുള്ള ജനാധിപത്യ ഗവൺമെന്റിനെ അട്ടിമറിച്ചുകൊണ്ട് സൈന്യം അധികാരം കൈക്കലാക്കുകയും ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. 1948 ൽ ബ്രിട്ടീഷാധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബർമ്മ 1962 ൽ ഉണ്ടായ ബർമീസ് കലാപത്തെ തുടർന്നാണ് ആദ്യം പട്ടാള ഭരണത്തിലാകുന്നത്. ബർമ്മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടിയുടെ ചെയർമാനായ നെ വീൻ ആ കലാപത്തെ തുടർന്ന് ബർമ്മയുടെ പ്രസിഡന്റാകുകയും രാജ്യത്ത് ഒറ്റ പാർട്ടി ഭരണം നടപ്പിലാക്കുകയും ചെയ്തു. ജനറൽ നെ വീന്റെ നേതൃത്വത്തിലുള്ള സൈനിക സർവാധിപത്യ ഭരണം 26 വർഷം തുടർന്നു. 1962 ൽ സിവിലിയൻ ഗവൺമെന്റിൽ നിന്നും മിലിട്ടറി അധികാരം കൈവശപ്പെടുത്തിയ ശേഷം 1974 ൽ യൂണിയൻ ഓഫ് ബർമ്മ” എന്ന പേരുമാറ്റി ”സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ദി യൂണിയൻ ഓഫ് ബർമ” എന്ന് രാജ്യത്തിനു പേരിട്ടു.

ബർമയിലെമ്പാടും ഉണ്ടായ ജനകീയ സ്വാതന്ത്ര്യത്തിനും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും വേണ്ടി തുടങ്ങിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി വീണ്ടും സിവിലിയൻ ഭരണം രാജ്യത്തു വന്നെങ്കിലും 1988 ൽ സൈനിക അട്ടിമറിയിൽക്കൂടി പതിനായിരത്തിലധികം ജനങ്ങളെ രക്തസാക്ഷികളാക്കിക്കൊണ്ട് ആ കലാപങ്ങളെല്ലാം അടിച്ചമർത്തുകയും ബർമ്മ വീണ്ടും പട്ടാള ഭരണത്തിലാവുകയും ചെയ്തു. പട്ടാള ജൂണ്ടാ 1989 ൽ ഒരു നിയമനിർമ്മാണത്തിൽക്കൂടി സ്റ്റേറ്റ് ലോ ആന്റ് ഓർഡർ റെസ്റ്റോറേഷൻ കൗൺസിൽ രൂപീകരിക്കുകയും ജനറൽ സാ മൗംങ് കൗൺസിൽ ചെയർമാനും പ്രധാനമന്ത്രിയുമാവുകയും ചെയ്തു. ഈ കൗൺസിലാണ് പരമ്പരാഗത ”ബാമർ” ഗോത്രത്തെ സൂചിപ്പിക്കുന്ന ‘ബർമ’ എന്ന പേരുമാറ്റി രാജ്യത്തിന്റെ പേര് ”യൂണിയൻ ഓഫ് മ്യാൻമർ” എന്നു മാറ്റിയത്. തലസ്ഥാനമായ റംഗൂണിന്റെ പേര് ”യാൻ ഗോൺ” എന്നും തിരുത്തി. 1990 ൽ ഭരണകൂടം മ്യാൻമാറിൽ തെരഞ്ഞെടുപ്പ് നടത്തി. ആ തെരഞ്ഞെടുപ്പിൽ വിജയിച്ച ആംങ് സാംഗ് സൂച്ചി 1995 വരെ വീട്ടുതടങ്കലിലായി. വീണ്ടും ഘട്ടം ഘട്ടമായി നിരവധി തവണ അവർ വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു.

ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടത്തിനു നേതൃത്വം നൽകിയ ബർമ്മയുടെ രാഷ്ട്രപിതാവ് ആംങ്സാന്റെ മകളാണ് ആംങ് സാംഗ് സൂച്ചി. 1997 ൽ സൈന്യം ഭരണകൂടത്തിന്റെ ഘടനയിൽ ചില മാറ്റം വരുത്തി സ്റ്റേറ്റ് പീസ് ആന്റ് ഡെവലപ്മെന്റ് കൗൺസിൽ എന്ന് ഭരണകേന്ദ്രത്തിന്റെ പേരും മാറ്റി. പട്ടാളം നിയന്ത്രിക്കുന്ന പാർലമെന്റോടുകൂടിയ ഭരണം 2010 ലെ തെരഞ്ഞെടുപ്പ് വരെ തുടർന്നു. സൈന്യം സർവ ശക്തമായി തുടർന്നെങ്കിലും രാജ്യത്തുണ്ടായ തുടർച്ചയായ നിരവധി ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമായി 2010 ൽ പട്ടാള ഭരണകൂടം രാജ്യത്ത് രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. ആംങ് സാംഗ് സൂച്ചിയുടെ ”നാഷണൽ ലീഗ് ഫോർ ഡെമോക്രസി” എന്ന രാഷ്ട്രീയ പാർട്ടി 2015 ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഭൂരിപക്ഷം സീറ്റുനേടി അധികാരത്തിലെത്തി. 2020 ലും സൂച്ചിയുടെ പാർട്ടി പാർലമെന്റിലെ ഭൂരിപക്ഷം നേടി അധികാരത്തിൽ തുടർന്നു. 1991 ൽ മനുഷ്യാവകാശ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലും സമാധാനത്തിനു വേണ്ടിയും സൂച്ചി നടത്തിയ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി അവർക്ക് നോബൽ സമ്മാനവും ലഭിച്ചു.

എങ്കിലും അധികാരത്തിൽ ഇരുന്നപ്പോൾ മത ന്യൂനപക്ഷമായ റോഹിംഗ്യൻ അഭയാർത്ഥികളായ മുസ്‌ലിം മതവിഭാഗക്കാരോട് സൂച്ചിയെടുത്ത നിലപാടുകൾ ലോക രാഷ്ട്രങ്ങളുടെ മുൻപിൽ അവരുടെ യശസ്സിനു കോട്ടംതട്ടുന്നതായിരുന്നു. 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാരോപിച്ചുകൊണ്ടാണ് 2021 ഫെബ്രുവരി ഒന്നിന് പട്ടാളം മൂന്നാമത്തെ മിലിട്ടറി അട്ടിമറി നടത്തിയത്. ആംങ് സൂച്ചിയേയും നിരവധി പാർലമെന്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. രണ്ട് ആഴ്ചത്തേക്കാണ് അവരെ ഇപ്പോൾ റിമാൻഡു ചെയ്തിട്ടുള്ളത്. ’ ‘കലാപം ഉണ്ടാക്കാൻ സഹായിക്കുന്ന യാതൊന്നും സംസാരിക്കുകയോ നവ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയോ പാടില്ലാ” എന്ന് പുതിയ പട്ടാളഭരണകൂടം ജനങ്ങളെ താക്കീത് ചെയ്തിരിക്കുകയാണ്. 2020 ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച മിലിട്ടറി ഭരണകൂടം മ്യാൻമറിൽ ഫേസ്ബുക്കിനും വിലക്കേർപ്പെടുത്തി. ഇന്റർനെറ്റും ഫേ­സ്ബുക്കും ജീവിതത്തിന്റെ ഒരു താളമായി മാറ്റിയവരാണ് ഇന്നത്തെ ബർമ്മീസ് ജനത. നീണ്ട ഒരു കാലഘട്ടം മുഴുവൻ പട്ടാളത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ ബർമ്മീസ് ജനത ഇപ്പോൾ നടന്ന അട്ടിമറിയെ പരാജയപ്പെടുത്തി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. സൈനിക ശക്തിയെ ഒരു പരിധിക്കപ്പുറം പ്രകീർത്തിക്കാനും അവരെ അനിയന്ത്രിതമായി ആശ്രയിക്കാനും പോകുന്ന ജനാധിപത്യ ഭരണകൂടങ്ങൾ ഇത്തരം അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയായിരിക്കും ചെയ്യുന്നത്.

ഇപ്പോൾ നടന്ന സൈനിക അട്ടിമറിക്കു നേതൃത്വം നൽകിയ പട്ടാള മേധാവി സീനിയർ ജനറൽ മിൻ ആംഗ് ലെയിംങ, മ്യാൻമർ പ്രസിഡന്റാകുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് മ്യാൻമർ സ്റ്റേറ്റ് കൗൺസിലറായ (പ്രധാനമന്ത്രിക്കു തുല്യമായ പദവി) ആംങ് സാംഗ് സൂച്ചിയെ സമീപിച്ച വ്യക്തിയായിരുന്നു. ഒരു രാഷ്ട്രീയ നേതാവായി പട്ടാള മേധാവി വരുന്നത് ഇഷ്ടപ്പെടാതിരുന്ന സൂച്ചി തന്റെ വിസമ്മതം അയാളോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പട്ടാള മേധാവിയായി തുടർന്ന ലെയിംങ് തക്കം പാർത്തിരുന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു. ലോക രാഷ്ട്രങ്ങളെല്ലാം അപലപിച്ച മ്യാൻമറിൽ നടന്ന ജനാധിപത്യ അട്ടിമറി ഈ നൂറ്റാണ്ടിനു തന്നെ അപമാനമാണ്. ഇന്നത്തെ കാലഘട്ടം മനുഷ്യ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടുന്നവരുടേതാണ്. മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മനുഷ്യനെ മനുഷ്യൻ തന്നെ അടിമകളാക്കിവയ്ക്കുന്ന ഇരുണ്ട യുഗത്തിലേക്ക് ലോകത്തെ നയിക്കാൻ ആഗ്രഹിക്കുന്നവർ ആരായാലും അവർ ചരിത്രത്തിൽ നിന്നും തിരസ്കരിക്കപ്പെടുന്നവരായിരിക്കും.

മ്യാൻമറിന്റെ ജനാധിപത്യ നായിക ആംങ് സാംഗ് സൂച്ചിയെ മോചിപ്പിക്കാനും മ്യാൻമറിൽ ജനാധിപത്യം പുനഃ സ്ഥാപിക്കാനും ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദം പട്ടാള ഭരണകൂടത്തിൻമേൽ അടിയന്തരമായിട്ടുണ്ടാവണം. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യമെന്ന നിലയിൽ മ്യാൻമറിലെ സംഭവ വികാസങ്ങൾ ഇന്ത്യൻ ജനതയിലും ആശങ്ക ഉളവാക്കുന്നു.