ടി കെ വിനോദന്‍

March 12, 2020, 5:45 am

എമ്മെന്റെ ജീവിതപങ്കാളി

Janayugom Online

എം എൻ ഗോവിന്ദൻ നായരുടെ ജീവിത പങ്കാളി ദേവകി പണിക്കര്‍ വിടപറഞ്ഞു. ഓർമ്മവച്ച നാൾമുതൽ അമ്മ പറഞ്ഞുതന്ന സംഭവകഥകളിലൂടെയാണ് ദേവകിപണിക്കർ എന്ന ചരിത്രത്തെ അറിയാൻ തുടങ്ങിയത്. അമ്മ സ്കൂളിൽ പഠിക്കുന്ന കാലത്താണ് എമ്മെന്റെ വിവാഹം. കൊല്ലത്ത് ഹൈസ്കൂൾ ജംഗ്ഷന് സമീപം കൊച്ചു ഗോപിച്ചേട്ടന്റെ (ജനയുഗത്തിന്റെ ആദ്യത്തെ പ്രിന്ററും പബ്ലിഷറുമായിരുന്ന ആർ ഗോപിനാഥൻ നായർ) പുത്തൻമഠം വീട്ടിൽ വച്ചായിരുന്നു കല്യാണം. സത്യത്തിൽ കൊച്ചു ഗോപിച്ചേട്ടന്റെ വീടല്ല, അദ്ദേഹത്തിന്റെ അച്ഛൻ തിരുവിതാംകൂർ സർജൻ ജനറലായിരുന്ന ഡോ. കെ പി രാമൻപിള്ളയുടെ വീടായിരുന്നു പുത്തൻമഠം.

കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഉന്നതനായ നേതാവും സർദാർ കെ എം പണിക്കരുടെ മകളും തമ്മിലുള്ള വിവാഹം കേരളം മുഴുവൻ ചർച്ച ചെയ്ത ചരിത്രസംഭവമായിരുന്നു. കെ സി ജോർജ് എടുത്തുകൊടുത്ത രക്തഹാരം പരസ്പരം അണിയിക്കുക മാത്രമായിരുന്നു ചടങ്ങ്. തൊഴിലാളി സഖാക്കൾ അവരുടെ സംഭാവനയായി നാരങ്ങാവെള്ളവും ബീഡിയും മുറുക്കാനും കല്യാണത്തിൽ പങ്കെടുത്തവര്‍ക്ക് യഥേഷ്ടം വിതരണം ചെയ്തു. എമ്മെനെക്കുറിച്ചുള്ള പഴയ കഥകൾ പറയുന്ന കൂട്ടത്തിൽ, ആ കല്യാണത്തിൽ പങ്കെടുത്ത എന്റെ മാമനും പങ്കെടുക്കാൻ കഴിയാതിരുന്ന അമ്മയും ആ വിശേഷങ്ങൾ അയവിറക്കുന്നത് പലതവണ കേട്ടിട്ടുണ്ട്. അമ്പതുകളുടെ തുടക്കത്തിൽ സമാധാന പ്രസ്ഥാനത്തിന്റെ കാലത്ത്, അന്ന് സ്കൂൾ കുട്ടിയായിരുന്ന താൻ ഓച്ചിറ മൈതാനത്ത് മറ്റു സഖാക്കളോടൊപ്പം ദേവകി പണിക്കരുടെ പ്രസംഗം കേൾക്കാൻ പോയ കഥ, അമ്മ നൂറുതവണ പറഞ്ഞുകേട്ടിട്ടുണ്ട്.

ഗൗരിയമ്മയാണ് ആ പ്രസംഗം വിവർത്തനം ചെയ്തത്. വെള്ള സാരിയും വെള്ള ബ്ലൗസും ധരിച്ച മെലിഞ്ഞ യുവതിയുടെ പ്രസംഗം നല്കിയ ആവേശത്തെക്കുറിച്ച് പറയുമ്പോൾ അമ്മയ്ക്ക് ആയിരം നാവായിരുന്നു. ചൈനയിലെയും റഷ്യയിലെയും അംബാസഡറും ബിക്കാനീർ ദിവാനും തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂഉടമയുമായിരുന്ന സർദാർ കെ എം പണിക്കരുടെ മകൾ ഇംഗ്ലണ്ടിലെ ഉയർന്ന വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെത്തി കമ്മ്യൂണിസ്റ്റു പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതും സമുന്നതനായ കമ്മ്യൂണിസ്റ്റു നേതാവിനെ പ്രേമിച്ച് വിവാഹം കഴിച്ചതും അന്ന് കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. എമ്മെന്റെ അമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ (അവർക്ക് അന്ന് വളരെ പ്രായമുണ്ട്. ) — എഴുപതുകളുടെ അവസാനമാകണം — അമ്മയുടെ കൂടെ ഞാൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു.

അന്നാണ് ദേവകി പണിക്കരെ ആദ്യം കാണുന്നത്. പിന്നീട് എമ്മെൻ പട്ടത്ത് വൃന്ദാവൻ ഗാർഡൻസിൽ താമസിക്കുമ്പോൾ പലതവണ അവിടെ പോയിട്ടുണ്ട്. ദേവകി പണിക്കര്‍ക്ക് എന്റെ അമ്മയെ വലിയ ഇഷ്ടമായിരുന്നു. ഇടയ്ക്ക് അമ്മ വരുന്നത് അവർക്ക് വലിയ സന്തോഷമാണെന്ന് എമ്മെനും പറയുമായിരുന്നു. അമ്മയുടെ കൂടെ മിക്കപ്പോഴും ഞാനുമുണ്ടാകും. ദേവകി പണിക്കർ അധികം സംസാരിക്കില്ല. അമ്മയാണ് കൂടുതൽ സംസാരിക്കുക. കേരളത്തിലെ രാഷ്ട്രീയത്തിലും സമൂഹത്തിലുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും അമ്മ പറയുന്നത് അവർ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കും. ഇത്രയും വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ള ദേവകി പണിക്കരെ ഇങ്ങനെ ഇവിടെ ഇരുത്തുന്നത് ശരിയാണോ എന്ന് അമ്മ എമ്മെനോടു ചോദിക്കും.

ദേവകിയല്ലേ അത് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞ് എമ്മെൻ പതിവുപോലെ ചിരിക്കും. എപ്പോഴും ഇവിടെ ഇങ്ങനെ ഇരിക്കണ്ട എന്ന് ദേവകിപണിക്കരോട് പറയുമ്പോൾ അവരും ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്യും. രണ്ടു പേരുടെ ചിരിയിലും അഗാധ വേദന കലർന്ന ഒരു നിസ്സഹായതയുണ്ടായിരുന്നു. വീട്, കുടുംബം തുടങ്ങിയ പരിമിത വൃത്തങ്ങളിൽ സ്ത്രീയെ തളച്ചിടുന്ന കേരളീയ സമൂഹത്തിന്റെ ഇടുക്കം ദേവകി പണിക്കരെ ശ്വാസം മുട്ടിച്ചിരിക്കാം. ഉപഭോഗാസക്തി നിറഞ്ഞ ഒരു മധ്യവർഗ സമൂഹത്തിൽ ബുദ്ധിശക്തിയും ക്രിയാത്മകതയുമുള്ള ഒരു സ്ത്രീ സ്വാഭാവികമായും നേരിടുന്ന പ്രതിസന്ധിയാവാം ദേവകി പണിക്കരും നേരിട്ടത്. അമ്മ പറയാറുണ്ടായിരുന്നതുപോലെ, എം എൻ ഗോവിന്ദൻ നായരുടെ ഭാര്യയെന്നോ സർദാർ പണിക്കരുടെ മകളെന്നോ അറിയപ്പെടേണ്ടിയിരുന്നവരല്ല ദേവകി പണിക്കർ.

(കവി തിരുനല്ലൂര്‍ കരുണാകരന്റെ മകനാണ് ലേഖകന്‍)