Web Desk

November 01, 2020, 5:00 am

മറനീക്കുന്ന ഹിന്ദുത്വം

Janayugom Online

അധീശാധികാരശക്തികൾ സ്വയംവെളിപ്പെടുത്തും മുമ്പേ അനുകൂലമായി കളമൊരുക്കിയിരുന്നുവെന്ന് ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഫാസിസത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്ത അന്റോണിയോ ഗ്രാംഷി ചൂണ്ടിക്കാട്ടുന്നു. വിവിധങ്ങളായ ജനാധിപത്യ ഘടനകൾ സാവധാനം അവർ കൈയ്യേറി. സംസ്കൃതിയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഐക്യരൂപങ്ങളെ പ്രതിഷ്ഠിച്ചു. ജനമനസുകളിൽ ഇടംനേടാനുള്ള പരിശ്രമങ്ങളിൽ തങ്ങളെ അംഗീകരിക്കപ്പടാത്തവരെ ഒറ്റപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യത്തോടെ അവരെ വെറുക്കപ്പെട്ടവരുടെ ഗണങ്ങളിലേക്ക് നീക്കി, ചിന്തകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾക്ക് കനമേറി.

വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഇല്ലാതാക്കാൻ തീവ്ര നിലപാടുകൾ സ്വീകരിച്ചു, നേരിട്ടുള്ള ഉന്മൂലന നടപടികൾ ആരംഭിച്ചു. കപടോപായങ്ങളും പ്രയോഗങ്ങളും നേതൃത്വത്തിലേക്കുള്ള വഴികളിൽ നിഴലിച്ചു. ഒക്ടോബർ 24ന് നാഗ്പൂരിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗം 1925ൽ ആർഎസ്എസ് തുടക്കമിട്ട പദ്ധതികൾ മൂർത്തരൂപം ആർജ്ജിക്കുന്നതിന്റെ സൂചനകൾ നിഴലിക്കുന്നതാണ്. മറ്റുള്ളവരെ ഉൾക്കൊള്ളാത്ത മറ്റൊന്നിനും അതിജീവനം അനുവദിക്കാത്ത സംഘടനയാണല്ലോ ആർഎസ്എസ്. ആർഎസ്എസ് അധികാരകേന്ദ്രമല്ല എന്ന് ഭഗവത് പറയുന്നുണ്ട്. എന്നാൽ ആർഎസ്എസുമായി ഇഴപിരിയ്ക്കാനാകാത്ത വിധം ചേർന്നിരിക്കുന്ന ബിജെപി 2014 മുതൽ രാജ്യഭരണം കൈയ്യാളുകയാണ്. ബിജെപി രാജ്യത്തിനു കുറുകെ ഏറെ ദൂരം നീങ്ങിയിരിക്കുന്നു, ഭഗവത് തന്റെ പ്രസംഗത്തിൽ ഇക്കാര്യം തുറന്നു കാട്ടുന്നുമുണ്ട്.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഹിന്ദുത്വം അതിന്റെ ശിരോവസ്ത്രമാണ്. ഈ പ്രയോഗങ്ങൾ പുതിയതല്ല എന്നാൽ അവകാശ വാദങ്ങൾ പുതുക്കമുള്ളതാണ്. “നമുക്ക് നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്ന വാക്കാണിത് (ഹിന്ദുത്വം). പരമ്പര്യത്തിൽ കേന്ദ്രീകൃതമായ ആത്മീയതയുടെയും ഭാരതത്തിന്റെ മൂല്യവ്യവസ്ഥകളുടെ പരിപൂർണ്ണ ഐശ്യര്യത്തിന്റെ തുടർച്ചയുമാണിത്. പരാമർശിക്കപ്പെട്ട പാരമ്പര്യവും മൂല്യവ്യവസ്ഥകളും ഹിന്ദുത്വത്തിന്റെ ഭാഗമാണ്. രാജ്യത്തെ 130 കോടി ജനതയ്ക്കും ഹിന്ദുരാഷ്ട്രം ബാധകമാണ്. ഹിന്ദുരാഷ്ട്രത്തിന് ഒരു പുതിയ പേരുണ്ട്. അത് ഭാരതവർഷമെന്നാണ്. അത് ഇന്ത്യയല്ല”, ഭഗവത് വിശദീകരിക്കുന്നു. ഭാരതവർഷമെന്ന ഹിന്ദുരാഷ്ട്രത്തിലെ ജനത തനത് വ്യക്തിത്വമില്ലാതെ ഏകരൂപരാണ്. സമ്മിശ്രമായ സംസ്കൃതിയുടെ പൈതൃകം ഇല്ലാത്തവരുമാണ്. ഇതിനായി വ്യതിയാനങ്ങൾ നേർരേഖയിലാക്കിയിരിക്കുകയാണ് ബിജെപി ഭരണകൂടം. ന്യൂനപക്ഷങ്ങൾ നേരിടേണ്ടത് അഗ്നിപരീക്ഷണങ്ങളാണ്. ആർഎസ്എസ് ഉദ്ദേശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഭഗവത് ആവർത്തിക്കുന്നുണ്ട്. “ഈ പദ(ഭാരതവർഷം)ത്തിന്റെ ശരിയായ അർഥത്തെ വക്രീകരിക്കാൻ ചില വിഭാഗങ്ങൾ ശ്രമിക്കുകയാണ്”. ഇക്കാരണത്താൽ തന്നെ ഈ പദം ആന്തരിക സംഘർഷത്തിന് വഴിയൊരുക്കുന്നവർക്ക് ശിക്ഷാകരമാകും. ഇത് അംഗീകരിക്കാത്തവർ രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിൽ രാജ്യഭരണത്തിന് ഒരേയൊരു പരമാധികാര ശക്തി മാത്രമാണുള്ളത്. അതിനോടുള്ള വെല്ലുവിളി അംഗീകരിക്കാനാവില്ല. ഭാരതവർഷത്തിൽ ദേശീയത നിർണ്ണയിക്കുന്നതിൽ ഹിന്ദുക്കൾക്കുമാത്രമാണ് അവകാശം എന്ന ആശയം സവർക്കർ മുന്നോട്ടുവയ്ക്കുമ്പോൾ അസ്പഷ്ടമായിരുന്നു. എന്നാൽ ഗോൾവല്‍ക്കർ അദ്ദേഹത്തിന്റെ “വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്” എന്ന ഗ്രന്ഥത്തിൽ ജർമ്മനിയിൽ നടപ്പാക്കിയ ജൂതവേട്ടയെ ഹിന്ദുരാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ഹിറ്റ്ലർ ജൂതരോടു പുലർത്തിയ സമീപനത്തിന് അർഹരാണ് എന്ന് ഉത്സാഹത്തോടെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വംശീയതയുടെയും സംസ്കാരത്തിന്റെയും ശുദ്ധിയ്ക്ക് സെമിറ്റിക് വംശങ്ങളെ ഉന്മൂലനം ചെയ്യുന്നതിലൂടെ ജർമ്മനി ലോകത്തെ ഞെട്ടിച്ചു. വംശീയാഭിമാനം അതിന്റെ ഉന്നതിയിൽ ഇവിടെ പ്രകടമാകുന്നു. ജാതിയുടെയും സംസ്കാരത്തിന്റെയും വ്യത്യാസങ്ങൾ അടിവേരുകളിലേയ്ക്ക് കടക്കുമ്പോഴും ജർമ്മനിയുടെ ഉദാഹരണത്തിൽ നിന്നും മനസ്സിലാകുന്നത് വംശങ്ങൾക്കും സംസ്കാരങ്ങൾക്കും അതിന്റെ വേരുകളിൽ നിന്ന് വ്യത്യാസപ്പെട്ട് ഒന്നാകുക അസാധ്യമാണെന്നാണ്. ഇത് ഹിന്ദുസ്ഥാന് പഠിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന പാഠമാണ്, ഗോൾവല്‍ക്കർ വിശദീകരിക്കുന്നു. ഈ നിലപാടിൽ ഹിന്ദുക്കളല്ലാത്തവർ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദു മതത്തെ പൂജിക്കാനും ആദരിക്കാനും തയ്യാറാകണം.

തനതായ വ്യക്തിത്വം ഉപേക്ഷിച്ച് ഹിന്ദുമതത്തോട് ചേരണം. ഹിന്ദുത്വ വംശീയതയും സംസ്കാരത്തെയും മഹത്വപ്പെടുത്തുകയല്ലാതെ മറ്റൊരു വിചാരധാരയേയും പ്രോത്സാഹിപ്പിക്കരുത്. അല്ലായെങ്കിൽ ഒന്നും ആഗ്രഹിക്കാതെ അവകാശങ്ങൾ തേടാതെ മുൻഗണനാ പരിഗണനകൾ ഇച്ഛിക്കാതെ പൗരാവകാശങ്ങൾ ഇല്ലാതെ രാ‍ജ്യത്ത് ജീവിക്കാം. വൃത്തം പൂർണ്ണമാകുകയാണ്. പക്ഷെ നമുക്ക് നമ്മുടെ വലിയ പാരമ്പര്യങ്ങളുണ്ട്. സ്വതന്ത്ര്യ സമരകാലത്ത് ഉത്തേജിക്കപ്പെട്ടവ. സ്വതന്ത്രാനന്തരം രാഷ്ട്രനിർമ്മാണത്തിന്റെ കാലയളവിൽ രൂപപ്പെട്ടവ. ഭരണഘടന പറയുന്ന പരമാധികാര, സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ആയി നാം ഒന്നിച്ചു നിലനിൽക്കും, വൈവിധ്യങ്ങൾ പുലർത്തിക്കൊണ്ടു തന്നെ.