June 6, 2023 Tuesday

ഏപ്രിൽ 22 ലോകഭൗമദിനം: ഭൂമി കോവിഡ് കാലത്ത്

സുനില്‍കുമാര്‍ കരിച്ചേരി
April 22, 2021 3:01 am

രു വർഷത്തിൽ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇത്തവണ ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കാൻ തുടങ്ങിയത് 1970 മുതലാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 51 ആണ്ട് പൂർത്തിയാകുമ്പോൾ, കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ സകല രാജ്യങ്ങളെയും ആയുധ ശക്തികൊണ്ടും പണാധിപത്യംകൊണ്ടും ചൊൽപ്പടിക്ക് നിർത്തിയിരുന്ന, ലോക പൊലീസ് ചമഞ്ഞിരുന്ന അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നതെന്നത് പുതിയ ചിന്തകൾക്ക് വഴി തുറക്കുന്നു.

യുറോപ്യൻ ശക്തികളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യുകെ, ജർമ്മനി ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ ലക്ഷങ്ങൾ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ഏഷ്യൻ വൻശക്തിയായ ചൈനയിലെ വുഹാനിൽ ഉദയംചെയ്ത വൈറസ് അവിടെ ഭീകര താണ്ഡവമാടിയ ശേഷം ലോകത്തെല്ലായിടത്തും പടർന്നു പന്തലിച്ചിരിക്കുന്നു. അമേരിക്കയിൽ മാത്രം മൂന്നേകാൽ കോടി രോഗികളും അഞ്ചര ലക്ഷത്തിൽ ഏറെ മരണവും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇന്ത്യയിൽ അതീവ ഗുരുതര സാഹചര്യമാണ് പ്രതിദിനം സംജാതമായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ലോകത്ത് പുതുതായി ഉണ്ടാകുന്ന 10 ലക്ഷത്തോളം രോഗികളിൽ നാലിലൊന്നും ഇന്ത്യയിൽ നിന്നാണെന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ രോഗികൾ നമ്മുടെ രാജ്യത്തുണ്ടാകുന്നു എന്നത് വളരെ ഭീതിദമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.

ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തി ലോകത്തിന് തന്നെ പുത്തൻ മാതൃക കാണിച്ച കൊച്ചു കേരളത്തെയും ഇപ്പോൾ കുഞ്ഞൻ വൈറസ് വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള മരണനിരക്കും രോഗം ഭേദപ്പെട്ടു വരുന്നതിന്റെ ഉയർന്ന തോതും ലോകത്തിനാകെ മാതൃകയാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഇടക്കാലത്ത് നാം കാണിച്ച അലംഭാവം ഇരുട്ടടിയായി മാറി. കേരളത്തിലെ സുശക്തമായ ആരോഗ്യ സംവിധാനവും അതിനെ ഫലപ്രദമായി ഉപയോഗിച്ച ഭരണാധികാരികളുടെ കഴിവും എടുത്തു പറയേണ്ടതാണെങ്കിലും ജനങ്ങളിൽ വേണ്ടത്ര അവബോധമുണ്ടാക്കാൻ ഇനിയും സാധിച്ചില്ലെന്നു വേണം കരുതാൻ.

വൈറസ് വ്യാപനം തടയുന്നതിൽ നാം പിറകോട്ട് പോയി എന്നതിന്റെ സൂചന നൽകി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിനടുത്ത് എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ സുശക്തമായതിന്റെ വലിയൊരു ഗുണഫലം നമുക്കുണ്ടായിരുന്നുവെങ്കിലും ജാഗ്രതക്കുറവും അശ്രദ്ധയും മൂലം നേട്ടങ്ങൾക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. വികസിതമെന്ന് ഊറ്റംകൊണ്ട പല രാജ്യങ്ങൾക്കും ഇന്നത്തെ ഗതി ഉണ്ടായതും ഇത്തരം അശ്രദ്ധമായ ഇടപെടലുകൾ മൂലമാണ്. രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും വേണ്ടത്ര സുസജ്ജമല്ലാത്ത ആരോഗ്യ സംവിധാനങ്ങൾ മൂലം കൂടുതൽ ആളുകൾ മരണത്തിന് കീഴടങ്ങേണ്ടിവരുന്നതും ശ്മശാനങ്ങളിലെ അതിഭീകര കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്.

ജീവ സാന്നിധ്യംകൊണ്ട് വേറിട്ടു നിൽക്കുന്ന 4,600 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയിൽ ഇതിനു മുൻപും ചില പ്രത്യേക കാലഘട്ടങ്ങളിൽ പ്രത്യേക ഇനം ജീവജാലങ്ങൾക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവർഗമായ മനുഷ്യന് തന്നെ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. 31 ലക്ഷത്തിലേറെ ആളുകൾ ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ലക്ഷങ്ങൾ വലിയ ഭീതിയിലാണ്. ഭൂമിയുടെ മാറ് പിളർന്ന് താൻ ഉണ്ടാക്കിയ സമ്പാദ്യമൊന്നും ഇതിനെ ചെറുക്കാൻ മതിയാവില്ല എന്ന യാഥാർത്ഥ്യം മനുഷ്യൻ തിരിച്ചറിയേണ്ടിയിരിക്കുന്നു.
വൈറസിന് രാജ്യാതിർത്തികളോ, രാഷ്ട്രീയമോ, ജാതി-മത ചിന്തകളോ, സാമ്പത്തിക വേർതിരിവോ ഒന്നും ബാധകമല്ലെന്ന് ബോധ്യപ്പെടുത്തുംവിധം ചെറിയ ദ്വീപ് രാജ്യങ്ങളിൽ ഒഴികെ എല്ലായിടത്തും എത്തിയിരിക്കുന്നു. ഇതിൽ നിന്നും ഒരു പാട് പാഠങ്ങൾ നാം പഠിക്കേണ്ടിയിരിക്കുന്നു.

ഭൂമിയിലെ ജീവന്റെ നിലനില്പിന്നാധാരം ഓസോൺ പാളിയും ഹരിതഗൃഹ വാതകങ്ങളുമാണെന്ന് നമുക്കറിയാം. ഇവ രണ്ടും ഇന്ന് ഭീഷണി ഉയർത്തുന്ന അവസ്ഥയിലാണ്. ഭൂമി തണുത്തുറഞ്ഞു പോകാതിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ചെറിയൊരു മേലാപ്പുള്ളതു കൊണ്ടാണ്. ഈ ചെറുചൂട് അല്പമൊന്ന് കൂടിയാൽ ഭൂമി ചുട്ടുപഴുക്കും. ഭൂമിയിലെ ജീവവാസത്തിന് യോഗ്യമായ 15 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് നിലനിർത്തിപ്പോരുന്നതിന് പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങൾ തന്നെയായിരുന്നു. എന്നാൽ കാലം പുരോഗമിച്ചപ്പോൾ വികസനത്തിന്റെ പേരിൽ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാർബൺ ഡൈ ഒക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഓസോൺ ശോഷണത്തിനും കാരണമായി തീർന്നു. ഓസോൺ പാളിയില്ലാത്ത ഭൂമിയിൽ ജീവൻ നിലനിൽക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള വിഷരശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും.

ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകൽ. കഴിഞ്ഞ 100 വർഷത്തിനിടയിൽ 10 മുതൽ 25 സെ.മീറ്റർ വരെ മഞ്ഞുരുകി തീർന്നിരിക്കുന്നു. 2000ത്തോടെ ഹിമാലയൻ മേഖലകളിൽ 1970കളിലേതിനേക്കാൾ 15ശതമാനം മഞ്ഞുമലകൾ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50ശതമാനം ആകും എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. മാലിദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും മഞ്ഞുമലകളാൽ മൂടപ്പെട്ട നേപ്പാൾ പോലുള്ള രാജ്യങ്ങളും സമൂഹ മനഃസാക്ഷി ഉണർത്താൻ ചില പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലയ്ക്കെടുക്കാൻ ടൺ കണക്കിന് ഹരിതാഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങൾ തയ്യാറാവുന്നില്ല.

സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വർധിക്കുന്നതും നമ്മെ ആശങ്കാകുലരാക്കുന്നു. സമുദ്ര താപനിലയിൽ ഉണ്ടാകുന്ന ചെറിയ വർധന പോലും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടെയും നിലനില്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതിൽ ഉയർന്നാൽ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയിൽ അകപ്പെടും. ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടാവും. ജീവനും, സ്വത്തിനും ഇതു മൂലമുണ്ടാവുന്ന നഷ്ടങ്ങൾ വിവരണാതീതമായിരിക്കും.

ഭൂമിയുടെ ഉപരിതല ചൂട് 2050 ഓടെ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുമെന്നും 2080 ആകുമ്പോഴേയ്ക്കും ഇത് 3.5 മുതൽ 5.58 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും കറന്റ് സയൻസ് മാസികയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതരമായി ബാധിക്കാൻ പോകുന്നത് കാർഷിക വിളകളെയും മറ്റു ജീവജാലങ്ങളെയുമാണ്. കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ രൂക്ഷമായ വരൾച്ച കാരണമായി തീരും. നിലവിൽ ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിയന്ത്രണങ്ങൾക്കുമപ്പുറത്തേക്ക് ഉയരുകയും കൃഷിഭൂമികൾ മരുപ്രദേശങ്ങൾ ആകുകയും ചെയ്യും. രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധി ദാരിദ്ര്യത്തിലേക്ക് നയിക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരക്കംപാച്ചിൽ കൂട്ടകലാപമായി പരിണമിക്കുമെന്നതിൽ സംശയമില്ല.

ആർത്തിമൂത്ത മനുഷ്യൻ മണ്ണും വിണ്ണും കടലും കായലും കാടും മലയും നദിയും മണലും പാറയും മറ്റു ധാതുക്കളും തുടങ്ങി പ്രകൃതിവിഭവങ്ങൾ വിറ്റ് തിന്നാനുള്ള മത്സരത്തിലാണ്. നാടിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന കുന്നുകളും മലകളും ഓർമ്മ മാത്രമായി മാറിയിരിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ നിത്യസംഭവങ്ങൾ ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അതിതീവ്രമഴയ്ക്കും അതിരൂക്ഷ വരൾച്ചയ്ക്കും കാരണമാകുന്നു. 2018ലും 2019ലും കേരളത്തിൽ ഉണ്ടായതുപോലുള്ള പ്രളയമഴ ഉണ്ടായില്ലെങ്കിലും 2020ലും ഉരുൾപ്പൊട്ടൽ നമ്മെ ഞെട്ടിച്ചിരുന്നു. സൂര്യതാപവർധനയും വരൾച്ചയും വലിയ ഭീഷണി ഉയർത്തുന്നു. നദികൾ വറ്റിവരളുന്നു. ഭൂഗർഭജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ലവണജല അധിനിവേശം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലതരം പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ പുതിയ പുതിയ പകർച്ച രോഗങ്ങൾ കൂടി രംഗപ്രവേശം ചെയ്തതോടെ മനുഷ്യന്റെ നിലനില്പ് തന്നെ അപകടത്തിലാകുന്നു.

കോവിഡ് കാലം ടൺ കണക്കിന് പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഭൂമിക്ക് സംഭാവന നൽകിയിരിക്കുന്നു. ലോകം പുരോഗമിച്ചപ്പോൾ ഇ മാലിന്യങ്ങളുടെ അളവിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്.
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പഠിപ്പിച്ച മഹാത്മജിയും, “പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ വരുംതലമുറകളെ കൂടി ആലോചിച്ചു കൊണ്ടു വേണം അതു ചെയ്യാൻ, പ്രകൃതി അവർക്കും കൂടി അവകാശപ്പെട്ടതാണെന്ന്” ഓര്‍മ്മപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കാറൽ മാർക്സും പകര്‍ന്നു നൽകിയ സന്ദേശം വളരെ വലുതാണ്. വ്യാവസായിക വിപ്ലവത്തിലൂടെ വളർന്നുവന്ന മുതലാളിത്തവും കോളനി മേധാവിത്വത്തിലൂടെ ലോകം മുഴുവൻ കാൽക്കീഴിലാക്കിയ സാമ്രാജ്യത്വവും ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ കൊന്നൊടുക്കുന്നത് പ്രകൃതിയേയാണ്. വികസനത്തിന്റെ പേരിൽ ലോകത്താകെ നടക്കുന്ന പേക്കൂത്തുകൾ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ കീശ വീർപ്പിക്കാനുള്ള മാർഗം മാത്രമായിരിക്കുന്നു.

തുടരുന്ന കൊറോണ കാലത്തെങ്കിലും മനുഷ്യൻ തന്റെ അത്യാർത്തിക്ക് അവധി നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം. നാം ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് പ്രകൃതി ദുരന്തങ്ങളേയും കോവിഡ് 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെയും ചെറുത്ത് തോൽപ്പിച്ച് അതിജീവിക്കാനാകും. ആയതിന് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്പവും ശുചിത്വത്തിലൂന്നിയ ജീവിത രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൂമിയെ സംരക്ഷിച്ച്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെ തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ നാം ഓരോരുത്തരും പങ്കുചേരാമെന്ന് ലോക ഭൗമദിനത്തിന്റെ അമ്പത്തൊന്നാം പിറന്നാൾ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.