അബ്ദുൾ ഗഫൂർ

November 18, 2020, 4:00 am

സംശയത്തിന്റെ നിഴലിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ

ഭയപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനങ്ങൾ (ഭാഗം 2)
Janayugom Online

റ്റൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷനും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംശയത്തിന്റെ നിഴലിലാണ്. സുതാര്യതയില്ലായ്മയും ചട്ടലംഘനത്തിന്മേലുള്ള നടപടികളിൽ പക്ഷപാതിത്വവും ഏകപക്ഷീയതയും ചൂണ്ടിക്കാട്ടാവുന്ന നടപടികൾ പലതും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന് പുകഴ്‌പെ‌റ്റ തെരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നും ഉണ്ടാവുന്നുണ്ട്. 2019ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ഒടുവിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും പരിശോധിച്ചാൽ ഇതിന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്താനാവും. മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ ചട്ടലംഘനങ്ങളോട് കമ്മിഷൻ സ്വീകരിച്ച വിവേചനപരമായ സമീപനങ്ങളും ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്.

2013ലാണ് സ്ഥാനാർത്ഥികൾ സൈന്യത്തെയോ സൈനികരുടെ ചിത്രങ്ങളോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യം മാർച്ച് 19 ന് അവർ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ബിജെപി നേതാക്കൾ സൈന്യത്തിന്റെ പേരും യുദ്ധവുമൊക്കെ പ്രചരണോപാധികളാക്കി. ബാലാക്കോട്ടിൽ നടന്ന സൈനിക നടപടിയെയും ആ ഘട്ടത്തിൽ പാക് പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന്റെ ചിത്രങ്ങൾ പോലും ബിജെപി പോസ്റ്ററുകളിൽ ഉപയോഗിക്കുകയുണ്ടായി. യുപിയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഈ പോസ്റ്ററുകൾ കമ്മിഷൻ നേരിട്ട് നീക്കം ചെയ്തുവെങ്കിലും നേരത്തേയുണ്ടായ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. മാർച്ച് 19ന് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിരുന്നു കമ്മിഷന്റെ വിശദീകരണം. പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ സൈന്യത്തെയോ സൈനികരെയോ ഉപയോഗിക്കരുതെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു വിശദീകരണം. അങ്ങനെ ബിജെപിയോടുള്ള നഗ്നമായ പക്ഷപാതിത്വം കമ്മിഷൻ പ്രകടിപ്പിച്ചു.

ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാ പ്രചരണയോഗങ്ങളിലും അഭിനന്ദൻ വർധമാൻ, പുൽവാമ ഭീകരാക്രമണം, ബലാക്കോട് സൈനിക നടപടി എന്നിവയെ പ്രചരണ പ്രസംഗങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം മാർച്ച് അവസാനം രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലും പ്രതിരോധ വകുപ്പിന്റെ കഴിവുകളെ പ്രകീർത്തിക്കുകയും അതിന്റെ മേന്മ അവകാശപ്പെടുകയും ചെയ്തു. എന്നാൽ ഇതിനെതിരായ പരാതി സ്വകാര്യ ചാനലാണ് പരിപാടി ചിത്രീകരിച്ചതെന്ന് പറഞ്ഞ് ന്യായീകരിച്ച് തള്ളിക്കളയുകയായിരുന്നു കമ്മിഷൻ ചെയ്തത്. അന്നത്തെ ബിജെപി അധ്യക്ഷൻ അമിത്ഷാ, കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവർക്കെതിരെയും പരാതികളുണ്ടായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് തീരുമാനിച്ചപ്പോൾ ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യം വച്ചാണ് അതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടിടത്ത് പ്രസംഗിച്ചതും ചട്ടലംഘനമാണെന്ന പരാതി ഉയർന്നു. ഈ പരാതികളിൽ തെറ്റായി ഒന്നുമില്ലെന്ന ലളിതമായ കണ്ടെത്തലോടെ ഒരുമാസത്തിന് ശേഷം തീർപ്പ് കല്പിക്കുകയായിരുന്നു കമ്മിഷൻ ചെയ്തത്.

നടപടി വൈകിയപ്പോൾ പരാതിക്കാർ പലരും സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷമാണ് ഒരുമാസം കഴിഞ്ഞ് എതിർകക്ഷികൾക്കനുകൂലമായിട്ടാണെങ്കിലും തീർപ്പ് കല്പിക്കുന്ന സ്ഥിതി ഉണ്ടായത്. അതേസമയം പ്രതിപക്ഷത്തുള്ളവർക്കെതിരെ ഉടൻ നടപടിയുണ്ടാവുകയും ചെയ്തു. 2019 ഏപ്രിൽ 23 ന് മധ്യപ്രദേശിലെ ഒരു റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന പരാതി ലഭിച്ച് ഒരാഴ്ചക്കകം കാരണം കാണിക്കൽ നോട്ടീന് നല്കിയ സംഭവമുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പാടില്ലെന്നാണ് വ്യവസ്ഥയെങ്കിലും ബിജെപിക്കെതിരെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ തെറ്റില്ലെന്ന നിലപാടെടുത്തതും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്. ഒഡിഷയിലെ സാമ്പൽപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്റർ പരിശോധിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തെകുറിച്ചുള്ള അന്വേഷണത്തിന് പകരം നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തത്. കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ മുഹമ്മദ് മുഹ്സിനാണ് ഇങ്ങനെ സ്ഥലം മാറ്റത്തിനിരയായത്. ഏപ്രിൽ 24 ന് സാമ്പൽപൂരിലെ വോട്ടെടുപ്പ് പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസം സ്ഥലം മാറ്റം പിൻവലിക്കുകയും ചെയ്തു. കമ്മിഷന്റെ സുതാര്യതയില്ലായ്മയും പക്ഷപാതിത്വവും വ്യക്തമാക്കുന്ന നടപടിയായിരുന്നു ഇത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏത് ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തിയാലും യന്ത്രത്തിൽ താമരയ്ക്ക് പതിഞ്ഞ സംഭവങ്ങൾ നിരവധിയായിരുന്നു.

കേരളത്തിൽ പോലും അത്തരത്തിലുള്ള അര ഡസനോളം സംഭവങ്ങളുണ്ടായി. യന്ത്രത്തകരാർ കണ്ടെത്തിയ എല്ലായിടത്തും ബിജെപി ചിഹ്നത്തിനാണ് വോട്ട് പതിഞ്ഞതെന്നത് യാദൃച്ഛികമാണെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. കേരളം പോലെ പ്രബുദ്ധതയേറിയ സംസ്ഥാനത്തുപോലും ഇത്തരം പിശകുകൾ കണ്ടെത്തിയെങ്കിൽ ചിഹ്നമോ സ്ഥാനാർത്ഥികളുടെ പേരോ ഒന്നുമറിയാത്ത, കൃത്യമായ പോളിങ് ഏജന്റുമാർപോലുമില്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ബൂത്തുകളിൽ പാവപ്പെട്ടവർ ചെയ്ത വോട്ടുകൾ അവർ ഉദ്ദേശിച്ചവർക്കാണ് പതിഞ്ഞതെന്ന് എത്രത്തോളം വിശ്വസിക്കാനാവുമെന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ചില കേന്ദ്രങ്ങളിലെങ്കിലും വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യമുണ്ടായത്. പക്ഷേ അത് അംഗീകരിക്കുന്നതിന് കമ്മിഷൻ സന്നദ്ധമായില്ല. വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുകൾ സാധ്യമാണെന്ന് സാങ്കേതിക മേഖലയിലെ നിരവധി പേർ ആവർത്തിച്ചിട്ടുണ്ട്. ഒരേ കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കാവുന്ന വിധത്തിലോ ചിഹ്നങ്ങൾ ക്രമീകരിക്കുമ്പോൾ ബട്ടണുകൾ ഒന്നിൽതന്നെ പതിയുന്ന വിധത്തിലോ സജ്ജീകരിക്കാവുന്നതാണെന്നായിരുന്നു അവരുടെ വാദം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുകയും ചെയ്യും.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും കമ്മിഷനുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളും ദുരൂഹതകളുമുണ്ടായി. ഏറ്റവും പ്രധാനപ്പെട്ടത് ബിജെപിയുടെ പ്രകടനപത്രികയായിരുന്നു. ബിജെപിയെ ജയിപ്പിക്കുകയാണെങ്കിൽ കോവിഡ് വാക്സിൻ സൗജന്യമായി നല്കുമെന്ന പ്രഖ്യാപനമാണ് വിവാദത്തിനിടയാക്കിയത്. ഇതിന് രണ്ടു തലങ്ങളുണ്ടായിരുന്നു. ഒന്ന് കണ്ടെത്തിയിട്ടില്ലാത്ത വാക്സിൻ ഒരു സംസ്ഥാനത്തു മാത്രമായി സൗജന്യമായി നല്കുമെന്ന് വാഗ്ദാനം നല്കുന്നത് പക്ഷപാതപരവും അതുകൊണ്ടുതന്നെ ചട്ടലംഘനവുമാണ്. രണ്ടാമത്തേത് കേന്ദ്ര ധനമന്ത്രി നേരിട്ടാണ് ഇത്തരമൊരു വാഗ്ദാനം നല്കിയത് എന്നതായിരുന്നു. അധികാര ദുർവിനിയോഗമാണ് ഇതെന്നും ചട്ടലംഘനത്തിന്റെ പരിധിയിൽ വരുമെന്നും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ പോലും പ്രതികരിക്കുന്ന സ്ഥിതിയുണ്ടായി. പക്ഷേ ഇവിടെയും ചട്ടലംഘനമില്ലെന്ന് കണ്ടെത്തുകയാണ് കമ്മിഷൻ ചെയ്തത്. അതേസമയം ഒരു സ്ഥാനാർത്ഥിക്കെതിരെ പരാമർശം നടത്തിയെന്ന ബിജെപി പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് കമൽനാഥിനെ കോൺഗ്രസ് പ്രചാരക പദവിയിൽ നിന്ന് വിലക്കുന്നതിന് ഒരു മടിയും കാട്ടിയതുമില്ല. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വിലക്ക് നീക്കപ്പെട്ടത്.

ബിഹാർ വോട്ടെണ്ണൽ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പല നടപടികളും സംശയത്തിന്റെ മുൾമുനയിൽ നിർത്താവുന്നവ ആയിരുന്നു. രാവിലെ സാധാരണപോലെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ മഹാസഖ്യം മുന്നിലെന്ന വാർത്തകൾ ഇടതടവില്ലാതെ പുറത്തുവരുന്നു. സുഗമമായി മുന്നോട്ടുപോയ വോട്ടെണ്ണൽ പ്രക്രിയ പതിനൊന്നു മണിയോടെ പെട്ടെന്ന് മന്ദഗതിയിലാവുന്നു. അസാധാരണമെന്ന നിലയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കമ്മിഷൻ വാർത്താ കുറിപ്പിറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ വോട്ടെണ്ണൽ വൈകുമെന്നും ഫലപ്രഖ്യാപനം രാത്രിയോടെയേ ഉണ്ടാകൂ എന്നുമായിരുന്നു പത്രക്കുറിപ്പിലെ സാരം. അതനുസരിച്ച് വോട്ടെണ്ണൽ സാവധാനത്തിലാവുകയും പലയിടങ്ങളിലും ഫലം മാറിമറിയുകയും ചെയ്യുന്നു. വോട്ടെണ്ണൽ പൂർത്തിയായ ചില മണ്ഡലങ്ങളിൽ പ്രഖ്യാപനം വൈകിപ്പിക്കുന്നു. ബിജെപിക്കാർ കുറഞ്ഞ വോട്ടുകൾക്ക് തോറ്റ മണ്ഡലങ്ങളിൽ വീണ്ടും വോട്ടെണ്ണുന്നു. കുറഞ്ഞ വോട്ടുകൾക്ക് ബിജെപി ജയിച്ച മണ്ഡലങ്ങളിലാകട്ടെ ഉടൻ പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം കമ്മിഷന്റെ സുതാര്യതയേയും നിഷ്പക്ഷതയേയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. ഇവിടെ കോവിഡ് എന്ന മഹാമാരിയെ ക്രമക്കേടിനുള്ള ഉപാധിയാക്കി എന്നുള്ള സംശയവും ഉന്നയിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വിവിധ സ്ഥാനാർത്ഥികൾ പരാതി നല്കിയെങ്കിലും അവ പരിഗണിക്കാതെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു. ഇതേതുടർന്ന് ഒരു ഡസനിലധികം പരാതികൾ ഇതിനകം തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ബിഹാർ വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം നടന്ന അഭിപ്രായ സർവേയിൽ 12 ഓളം മാധ്യമങ്ങൾ നല്കിയ റിപ്പോർട്ടുകളിൽ മഹാസഖ്യത്തിനാണ് മുൻതൂക്കം പ്രവചിച്ചിരുന്നത്. എല്ലാ അഭിപ്രായസർവേകളും ഒരേ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ച ഒരുസന്ദർഭം കഴിഞ്ഞ ഒരു ദശകത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നുപോലും ഉണ്ടാകാനിടയില്ല. അഭിപ്രായസർവേകൾ ശാസ്ത്രീയമോ വസ്തുനിഷ്ഠമോ അല്ലെങ്കിലും പലപ്പോഴും ഭൂരിപക്ഷം ഫലങ്ങളും ഒരേതരത്തിൽ വരികയും അത് ശരിയാവുകയും ചെയ്യുന്നതായി കണ്ടിരുന്നതാണ്. എന്നാൽ ബിഹാറിൽ എല്ലാ അഭിപ്രായ സർവേകളും ഒരേതരത്തിലുള്ള ഫലം പ്രവചിച്ചിട്ടും അതിന് വിരുദ്ധമായത് സംഭവിച്ചുവെന്നതും അവിശ്വനീയമാണ്. ഇവിടെയാണ് ആദ്യഫല സൂചനകൾ മഹാസഖ്യത്തിന് അനുകൂലമായതും പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻതന്നെ വോട്ടെണ്ണൽ മന്ദഗതിയിലാകുമെന്ന് പറഞ്ഞ് രംഗത്തെത്തുന്നതും. അതനുസരിച്ച് ഫലപ്രഖ്യാപനം അടുത്ത ദിവസം പുലർച്ചെ വരെ നീണ്ടത് കമ്മിഷനെയും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും മൊത്തത്തിൽ ദുരൂഹവും സംശയാസ്പദവുമാക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രകടമായ മറ്റൊരു പോരായ്മയായിരുന്നു പല മണ്ഡലങ്ങളിലും പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയെന്നുള്ളത്. 347 മണ്ഡലങ്ങളിൽ ഇങ്ങനെ സംഭവിച്ചുവെന്നാണ് രണ്ട് സർക്കാരിതര സംഘടനകൾ നല്കിയ പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയിൽ വ്യക്തമായ വിശദീകരണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഇരുസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കുന്നതിനപ്പുറം വിശദമായപരിശോധനകൾ ഉണ്ടായില്ല. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് എന്നീ സംഘടനകൾ അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, നേഹാ റാത്തി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. 347 മണ്ഡലങ്ങളിലായി ഒന്നു മുതൽ 1,01,323 വോട്ടുകളുടെ വ്യത്യാസങ്ങളാണ് ഉണ്ടായത്. പോൾ ചെയ്തതിനെക്കാൾ കൂടുതലായി എണ്ണിയ ആകെ വോട്ടുകളുടെ എണ്ണം 7,39,104 ആയിരുന്നുവെന്ന കൃത്യമായ കണക്കുകൾ സഹിതമായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലത്തെ വിലയിരുത്തിയായിരുന്നു സംഘടനകൾ ഹർജി നല്കിയത്. പക്ഷേ കൂടുതൽ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രിക്കെതിരായ പരാതികളിൽ നടപടി വൈകിപ്പിക്കുന്നതിനോട് വിയോജിച്ച അശോക് ലവാസയ്ക്ക് രാജിവച്ച് പോകേണ്ടിവന്ന സാഹചര്യവും ഉണ്ടായി. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാര്യയെ വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന സ്ഥിതിയുമുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ നിതി ആയോഗ് വിവിധ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലികളെകുറിച്ച് വിവരങ്ങൾ തേടിയതും ചട്ടലംഘനമാണെന്ന ആരോപണമുണ്ടായി. ഇതുസംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും സന്നദ്ധ സംഘടനകളും പരാതി നല്കുകയും ചെയ്തു. എന്നാൽ ഒന്നര മാസത്തിന് ശേഷം മെയ് 12 ന് ഈ നടപടി ചട്ടലംഘനമോ ഭരണയന്ത്രത്തിന്റെ ദുരുപയോഗമോ അല്ലെന്ന് പറഞ്ഞ് തീർപ്പ് കല്പിക്കുകയായിരുന്നു കമ്മിഷൻ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വസതിയിലും ഓഫീസുകളിലും മുന്നറിയിപ്പില്ലാതെ റെയ്ഡ് നടത്തിയ സംഭവത്തെയും കമ്മിഷൻ അവഗണിച്ചു. ഇത്തരമൊരു വേളയിൽ റെയ്ഡ് നടത്തുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചുവേണമെന്ന കമ്മിഷന്റെ മുൻ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഡിഎംകെ നേതാവ് കനിമൊഴി ഉൾപ്പെടെയുള്ളവർക്കെതിരെ റെയ്ഡ്നടന്നതെങ്കിലും കമ്മിഷൻ ഒരു നടപടിയുമെടുത്തില്ല. ഇതെല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പക്ഷപാതപരമായ സമീപനങ്ങളുമാണ്. സുതാര്യമല്ലാത്ത എത്രയോ നടപടികളും കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായി.

ചില ദേശീയ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പുകൾക്ക് നല്കിയ തലക്കെട്ടുകൾ അർത്ഥവത്താണ്. കടിച്ചു മുറിവേല്പിക്കാനുള്ള കഴിവുണ്ട്, പക്ഷേ കടിക്കാൻ ഭയമാണ് എന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് ഇങ്ങനെയാണ്: പല്ലുകൊഴിച്ചു കളഞ്ഞ സിഹം എന്ന്. ഫലത്തിൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ കോടതികൾ, തെരഞ്ഞെടുപ്പ് കമ്മിഷൻ, സിഎജി ഉൾപ്പെടെയുള്ള നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് സംഭവിച്ച അപചയം വല്ലാതെ ഭയപ്പെടുത്തുന്നതാണ്.

(അവസാനിച്ചു)