തമലം വിജയൻ

February 03, 2021, 5:30 am

വെെദ്യുതി ആവശ്യകതയും; സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളും

Janayugom Online

2019 ഏപ്രില്‍ മാസത്തിലായിരുന്നു സംസ്ഥാനത്തെ വെെദ്യുതി ഉപഭോഗം 88.1 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതും ശേഷി 4316 മെഗാവാട്ട് വേണ്ടിവന്നതും. ഇത്രയും വലിയ ആവശ്യകത കേരളത്തിലെ ഇതുവരെയുള്ള വെെദ്യുതി ഉപഭോഗത്തില്‍ ഏറ്റവും ഉയര്‍ന്ന ആവശ്യകതയുടെ അളവായിരുന്നു. വര്‍ധിച്ച ഉപഭോഗം ഉളവായിട്ടും ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഈ രംഗത്തെ ഫലപ്രദമായ ഇടപെടലുകളും വര്‍ധിച്ച ഉപഭോഗം മുന്നില്‍ കണ്ടുകൊണ്ട് വേനല്‍കാലത്തേക്ക് ആവശ്യമുള്ള അധിക വെെദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബി  നടത്തിയ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും വിദഗ്ധമായ ഊര്‍ജ്ജ മാനേജ്മെന്റും തന്നെയായിരുന്നു.

കഴിഞ്ഞ നാലരവര്‍ഷക്കാലം ഈ സര്‍ക്കാര്‍ വെെദ്യുതി ഉല്പാദനം വര്‍ധിപ്പിക്കുന്നതിലേക്കായി മുടങ്ങിക്കിടന്ന ജലവെെദ്യുത പദ്ധതികള്‍ പുനരാരംഭിക്കുകയും ധാരാളം പദ്ധതികള്‍ പുതുതായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന വെെദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പരിഗണനയിലുള്ള മറ്റു ജലവെെദ്യുത പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. ആഭ്യന്തര വെെദ്യുതോല്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമേ ദീര്‍ഘകാല കരാറിലൂടെ കുറഞ്ഞനിരക്കിലുള്ള വെെദ്യുതി ലഭ്യമാക്കുകയുമാണ്.

ആഭ്യന്തര വെെദ്യുതോല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 311.4285 മെഗാവാട്ട് ശേഷിയുടെ പദ്ധതികളാണ് കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നും 259.2785 മെഗാവാട്ടും, 12.6 മെഗാവാട്ട് ശേഷിയുള്ള ജല വെെദ്യുത പദ്ധതികള്‍ കെഎസ്ഇബിഎല്‍ നേരിട്ടും 12.55 മെഗാവാട്ട് ശേഷിയുള്ള ജലവെെദ്യുത പദ്ധതികള്‍ സ്വകാര്യ സംരംഭകര്‍ മുഖേനെയും കൂടാതെ കാറ്റില്‍ നിന്നും 27 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും ഉള്‍പ്പെടുന്നു. 193.5 മെഗാവാട്ട് ശേഷിയുള്ള 10 ജലവെെദ്യുത പദ്ധതികള്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2015 മുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം വെെദ്യുത പദ്ധതി 60 മെഗാവാട്ട്, തോട്ടിയാര്‍ ജലവെെദ്യുത പദ്ധതി 40 മെഗാവാട്ട്, ചാത്തന്‍കോട്ടയുടെ ചെറുകിട ജലവെെദ്യുത പദ്ധതി ആറ് മെഗാവാട്ട് എന്നിവ പുനരാരംഭിക്കുകയുണ്ടായി. 7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പഴശ്ശിസാഗര്‍, ചിന്നാര്‍ 24 മെഗാവാട്ട്, പെരുവണ്ണാമൂഴി ആറ് മെഗാവാട്ട്, അപ്പര്‍ കല്ലാര്‍ രണ്ട് മെഗാവാട്ട് തുടങ്ങിയ ചെറുകിട ജലവെെദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു. 2021-ഓടുകൂടി കേരളത്തിന്റെ വെെദ്യുതി ശൃംഖലയില്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം കൂട്ടി സൗര എന്ന പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്നു. ഇതിനുപുറമേ 150 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്റുകളും കായംകുളം എന്‍ടിപിസി പദ്ധതിയോടു ചേര്‍ന്ന് 92 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ നിലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 50 മെഗാവാട്ട് ശേഷിയുള്ള വെസ്റ്റ് കല്ലട ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്റിന്റെ ആരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഇടുക്കി ജലവെെദ്യുത പദ്ധതിയുടെ ജലസംഭരണിയിലും 300 മെഗാവാട്ടിന്റെയും, ബാണാസുരസാഗര്‍ ജലസംഭരണിയില്‍ 100 മെഗാവാട്ടിന്റെയും ഫ്ലോട്ടിംഗ് സോളാര്‍ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 18.96 മെഗാവാട്ട് ശേഷിയുള്ള വിവിധ സോളാര്‍ പ്രോജക്ടുകള്‍ — സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ്, വെെദ്യുതിബോര്‍ഡ് കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും ബ്രഹ്മപുരം, അഗളി, കഞ്ചിക്കോട് എന്നിവിടങ്ങളിലെ കെഎസ്ഇബിഎല്‍ന്റെ അധീനതയിലുള്ള സ്ഥലത്ത് എട്ട് മെഗാവാട്ടിന്റെ സൗരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിന്റെയും നടപടികള്‍ സ്വീകരിച്ചുവരുന്നു. ആഭ്യന്തര വെെദ്യുതോല്പാദനത്തിനു പുറമേ ഇപ്പോള്‍ സംസ്ഥാനത്തിനു പുറത്തുള്ള സ്വതന്ത്ര ഉല്പാദകരില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ 1215 മെഗാവാട്ട് വെെദ്യുതിയും കേന്ദ്ര വെെദ്യുതി നിലയങ്ങളില്‍ നിന്നും 1741 മെഗാവാട്ട് വെെദ്യുതിയും ലഭ്യമാകുന്നതിനുള്ള ദീര്‍ഘകാല കരാറുകളിലും കെഎസ്ഇബിഎല്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വര്‍ധിത ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത് 50 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജം പെെവാളികയില്‍ നിന്നും, 50 മെഗാവാട്ട് സൗരോര്‍ജ്ജം ഐആര്‍ഇഡിഎയില്‍ നിന്നും, 16 മെഗാവാട്ട് കാറ്റില്‍ നിന്നും ഉള്ള വെെദ്യുതി ഇനോക്സ് റിന്യൂവബിള്‍ ലിമിറ്റഡില്‍ നിന്നും ഒരു മെഗാവാട്ട് സോളാര്‍ വെെദ്യുതി കൊശമറ്റം ഫെെനാന്‍സ് ലിമിറ്റഡില്‍ നിന്നും എട്ട് മെഗാവാട്ട് പത്താന്‍കയം എസ്എച്ച്ഇപിയില്‍ നിന്നും 50 കിലോവാട്ട് ദേവ്യര്‍ മെെക്രോ എച്ച്ഇപിയില്‍ നിന്നും ഉള്ള ഊര്‍ജ്ജ ഉല്പാദകരുമായി വെെദ്യുതി വാങ്ങല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വെെദ്യുതിയുടെ ആവശ്യം ഉയര്‍ന്ന തോതിലാകുമ്പോള്‍ അതിനനുസരിച്ച് വെെദ്യുതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ സമയാസമയം ഉണ്ടായത് നാടിന്റെ സമസ്ത മേഖലയിലെയും വികസനത്തിന് മുതല്‍ക്കൂട്ടുതന്നെയാണ്. വെെദ്യുതി ലഭ്യമാക്കുന്നതോടൊപ്പം വെെദ്യുതി വിതരണനഷ്ടം ചരിത്രത്തില്‍ ആദ്യമായി 10 ശതമാനത്തിനു താഴെ 9.07 ശതമാനമായി കുറയ്ക്കുവാന്‍ സാധിച്ചത് വെെദ്യുതി മേഖലയിലെ ഒരു വലിയ നേട്ടം തന്നെയാണ്. (കെഇഒഎഫിന്റെ സംസ്ഥാന കമ്മിറ്റി വെെസ് പ്രസിഡന്റാണ് ലേഖകന്‍)