കെ അനിമോന്‍

(ജനറല്‍ സെക്രട്ടറി, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെ‍ഡറേഷന്‍)

January 28, 2021, 5:30 am

തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി അഭിമാനകരം

Janayugom Online

രാജ്യത്തെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികള്‍ക്കും ക്ഷേമനിധി നടപ്പിലാക്കുവാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് എടുത്ത തീരുമാനം ഏറെ സന്തോഷകരവും അതിലേറെ അഭിമാനകരവുമാണ്.

പദ്ധതിപ്രവര്‍ത്തനം രാജ്യത്ത് ആരംഭിച്ചിട്ട് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2006 ഫെബ്രുവരി രണ്ടിന് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ആദ്യം പ്രവൃത്തി ആരംഭിച്ചത്. ഇപ്പോള്‍ ഫെബ്രുവരി രണ്ടിനെ തൊഴിലുറപ്പുദിനമായി ആചരിക്കപ്പെടുകയാണ്. കേരള ഗവണ്മെന്റ് തൊഴിലുറപ്പുദിനമായ ഫെബ്രുവരി രണ്ടിന് ക്ഷേമനിധി പ്രഖ്യാപിക്കുമെന്ന് കരുതുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നശേഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്ര­ഖ്യാപിച്ചത്. രാജ്യത്തുതന്നെ മാതൃകയായി തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിച്ച സംസ്ഥാനം കേരളമാണ്. മറ്റൊരു സംസ്ഥാനത്തും ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നില്ല.

100 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്കാണ് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിയിരുന്നത്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ രൂപീകൃതമായ 2011 മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സ് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം നടത്തിവന്നിരുന്നു. ഫെഡറേഷന്‍ നിരന്തരമായി കേന്ദ്ര‑സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിവേദനം നല്കിയിരുന്നു. രണ്ടുതവണ പാര്‍ലമെന്റിന് മുന്നില്‍ ഫെഡറേഷന്‍ നടത്തിയ സമരത്തിന്റെ പ്രധാനപ്പെട്ട ആവശ്യം ഫെസ്റ്റിവല്‍ അലവന്‍സും ക്ഷേമനിധിയുമായിരുന്നു. ഇത് രണ്ടും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഏറെ അഭിമാനകരമാണ്.

100 ദിവസത്തെ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കുണ്ടായിരുന്ന 1000 രൂപ അവലന്‍സ് എന്നത് 75 ദിവസത്തെ തൊഴിലെടുക്കുന്നവര്‍ക്കും അലവന്‍സ് നല്‍കുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ കേരളത്തിലെ പദ്ധതിപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ശരാശരി തൊഴില്‍ദിനങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ 48 ദിവസമായിരുന്നുവെങ്കില്‍ കേരളത്തില്‍ 55.75 ദിവസമായിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ദേശീയ ശരാശരി 45ഉം കേരളത്തില്‍ 51ഉം ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ എട്ട് കോടി രണ്ട് ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞിടത്ത് നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ഏഴ് കോടി 77 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും രണ്ടുമാസക്കാലം അവശേഷിക്കുകയുമാണ്. ലോക്ഡൗണ്‍മൂലം നിരവധി ആളുകളാണ് തൊഴില്‍ നഷ്ടപ്പെട്ട് തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചത്.

മറ്റു സ്ഥലങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം വീടുകളിലേക്ക് തിരികെയെത്തിയ നല്ലൊരു ശതമാനം തൊഴിലാളികളും ഇന്ന് ഈ പദ്ധതിയെ ആശ്രയിക്കുകയാണ്. ഒരു കോടി 30 ലക്ഷത്തോളം കുടുംബങ്ങളാണ് പദ്ധതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം പുതിയതായി പദ്ധതിയില്‍ അംഗത്വം എടുത്തത്. കൂടുതല്‍ തൊഴിലാളികള്‍ പദ്ധതിയിലേക്ക് വന്നുചേരുമ്പോള്‍ അധികജാഗ്രത ആവശ്യമാണ്. എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കുവാന്‍ കഴിയുംവിധമുള്ള പദ്ധതികളുടെ അഭാവം നിലവിലുണ്ട്. ശരാശരി 50 ദിവസത്തില്‍ താഴെയാണ് ദേശീയാടിസ്ഥാനത്തില്‍ തൊഴില്‍ ലഭ്യമാക്കുവാന്‍ കഴിയുന്നത്. ഈ പോരായ്മ ആവശ്യാനുസരണം ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും തയ്യാറാക്കാത്തതുമൂലമാണ്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആക്ഷന്‍ പ്ലാനും ലേബര്‍ ബജറ്റും ഉണ്ടാകുന്നതോടൊപ്പം പുതിയ തൊഴില്‍ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ജനോപകാരപ്രദമായി പദ്ധതിയെ മാറ്റാന്‍ കൂടി കഴിയണം.

കേന്ദ്ര ഗവണ്‍മെന്റ് അത്തരത്തിലുള്ള യാതൊരുവിധ ഇടപെടലുകളും ഈ പദ്ധതിയില്‍ നടത്തുന്നില്ല. 15 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ പദ്ധതിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കാത്തത് കേന്ദ്ര ഗവണ്മെന്റിന് ഈ പദ്ധതിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളോടുള്ള അവഗണനയാണ്. നിലവിലെ രാജ്യത്തെ ശരാശരി വേതനം 200/35 രൂപയാണ്. യാതൊരുവിധ ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്കുന്നില്ല. 14.35 കോടി തൊഴിലാളികള്‍ തൊഴിലെടുക്കുന്ന ഈ മേഖലയില്‍ മെച്ചപ്പെട്ട വേതനവ്യവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു തൊഴിലുറപ്പുതൊഴിലാളികളും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയും ആവശ്യപ്പെട്ടുകൊണ്ടും ക്ഷേമനിധി വളരെ പെട്ടെന്ന് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജനുവരി 27 മുതല്‍ ‘നേതൃസംഗമയാത്ര’ നടത്തുകയാണ്.

വടക്കന്‍ മേഖലയില്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, മുന്‍ എംപിയും തെക്കന്‍ മേഖലയില്‍ ജനറല്‍ സെക്രട്ടറി കെ അനിമോനും നയിക്കുന്ന ജാഥകളാണ് നടക്കുന്നത്. വേതനം 700 ആയി വര്‍ധിപ്പിക്കുക, തൊഴില്‍ദിനങ്ങള്‍ 250 ആയി ഉയര്‍ത്തുക, ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക, ഇഎസ്ഐ അനുവദിക്കുക, അപകട ഇന്‍ഷുറന്‍സ് അഞ്ച് ലക്ഷമായി ഉയര്‍ത്തുക, 50 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുക, പദ്ധതി നഗരപ്രദേശങ്ങളില്‍കൂടി വ്യാപിപ്പിക്കുക, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കുക, തൊഴിലും വേതനവും സമയബന്ധിതമായി നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.