December 5, 2022 Monday

കർഷക ദ്രോഹ ഓർഡിനൻസുകൾക്കെതിരെ കിസാൻസഭ

ജെ വേണുഗോപാലൻ നായര്‍
പ്രസിഡന്റ്; കിസാന്‍സഭ സംസ്ഥാന കമ്മിറ്റി
September 19, 2020 5:30 am

ജെ വേണുഗോപാലൻ നായര്‍

2017 ജൂൺ മാസത്തിൽ മധ്യപ്രദേശിലെ കർഷകർ തങ്ങൾ അധ്വാനിച്ച് വിളയിച്ചെടുത്ത കാര്‍ഷിക വിളകള്‍ക്ക് ഉല്പാദന ചെലവെങ്കിലും കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് മൻസൂർ ജില്ലാ ഭരണകൂട ആസ്ഥാനത്തിനു മുന്നിൽ ഉരുളക്കിഴങ്ങും, ഉളളിയും ചുമന്നുകൊണ്ടു വന്ന് തളളി സമരം നടത്തുകയുണ്ടായി. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ കർഷകർക്കുനേരെ വെടിയുതിർക്കുകയും നിസഹായരായ ആറു കർഷകർ അവിടെ പിടഞ്ഞു മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യയൊട്ടാകെ കർഷക സംഘടനകളുടെ വമ്പിച്ച പ്രതിഷേധം ഉയർന്നുവന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്ത് ഇരുന്നൂറോളം കർഷക സംഘടനകൾ യോഗം ചേർന്ന് രൂപം കൊടുത്തതാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി).

ഒരു ക്യാമ്പയിൻ കമ്മിറ്റിയെന്ന നിലയിൽ എഐകെഎസ്‌സിസിയുടെ നേത്യത്വത്തിൽ ദേശവ്യാപകമായി ദേശീയ കാർഷിക കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കാനും, ദേശീയ കടാശ്വാസ നിയമം പാസ്സാക്കാനും, ഉല്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും വേണ്ടി നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച കിസാൻ മുക്തിയാത്രയുടെ സമാപനത്തിൽ ഡൽഹിയിൽ കിസാൻ പാർലമെന്റ് സംഘടിപ്പിച്ച് രണ്ട് മാത്യകാ നിയമങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ച് പാർലമെന്റിൽ സമർപ്പിച്ചു. ഈ ക്യാമ്പയിൻ കമ്മിറ്റിയുടെ ഭാഗമായി കേരളത്തിൽ നേരത്തെ രൂപം കൊണ്ട് പ്രവർത്തിക്കുന്ന സംയുക്ത കർഷക സമിതി ഈ സമരങ്ങളെല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ചു വരുന്നു. കിസാൻസഭ ഈ ക്യാമ്പയിനുകളിലെല്ലാം മുഖ്യ പങ്കാളിത്തം വഹിക്കുന്നു.

ഈ സാഹചര്യത്തിലാണ് കോവിഡ് 19 ന്റെ മറവിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പത്രസമ്മേളനത്തിലൂടെ പെരുമ്പറ കൊട്ടി പ്രഖ്യാപിച്ച പാക്കേജുകളിലൂടെ ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതി ചെയ്യുമെന്നും അതിന്റെ തുടർച്ചയായി കർഷക വിരുദ്ധമായ മൂന്ന് ഓർഡിനൻസുകൾ അംഗീകരിക്കുമെന്നും അറിയിച്ചത്. ഈ ഓർഡിനൻസുകൾക്കെതിരെ എഐകെഎസ്‌സിസി ആഹ്വാനം ചെയ്ത സമരം 2020 സെപ്റ്റംബർ 14 ന് കിസാൻസഭ അടക്കം ഇന്ത്യയിൽ എല്ലാ കർഷക സംഘടനകളും പങ്കെടുത്തുകൊണ്ട് ലക്ഷക്കണക്കിന് കർഷകർ അണിചേര്‍ന്ന പ്രക്ഷോഭമായി മാറി, കേരളത്തിൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ സമരം നടന്നത്. ഈ ഓർഡിനൻസുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സഭാസമ്മേളനത്തിൽ നിയമമായി അവതരിപ്പിച്ചിരിക്കുകയാണ്. ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമായിരിക്കെ ഈ ഓർഡിനൻസുകളെല്ലാം ഭരണഘടനാവിരുദ്ധവും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന അഭിപ്രായം കിസാൻ സഭയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരിന് നേരത്തേ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. ആ മെമ്മോറാണ്ടത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

2020 ലെ കർഷക (ശാക്തീകരണവും സംരക്ഷണവും വില ഉറപ്പാക്കലിനും, കാർഷിക സേവനങ്ങൾക്കുമായുള്ള ഉടമ്പടി/കരാർ ഓർഡിനൻസ് (2020 നമ്പർ 11)

ഭൂപരിഷ്കരണം നടപ്പാക്കിയ കേരളത്തിൽ ഭൂരിപക്ഷവും നാമമാത്ര ഇടത്തരം കർഷകരാണ്. ശരാശരി കൃഷിഭൂമിയുടെ വിസ്തീർണ്ണം വെറും 0.18 ഹെക്ടർ മാത്രമാണ്. ഇറക്കുമതിയുടെ ദുരിതം പേറുന്ന കർഷകർ കൃഷിയിൽ പിടിച്ചുനിൽക്കാൻ സാഹസപ്പെടുമ്പോഴാണ് കരാർ കൃഷിയുടെ വേഷത്തിൽ കോർപ്പറേറ്റുകളെ കടന്നു കയറാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കൽക്കരി ഖനികളും പെട്രോളിയം ഉല്പാദനവും വിമാനത്താവളങ്ങളും കയ്യടക്കിയ കോർപ്പറേറ്റുകൾക്ക് ലാഭക്കൊതിയോടെ കാർഷികമേഖലയെയും കൈയടക്കാൻ ഇത് വഴിയൊരുക്കും. കേരള സർക്കാർ ഇതിനെ ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇന്ത്യാ ഗവൺമെന്റ് 2018 ൽ മോഡൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആന്റ് ലൈവ് സ്റ്റോക്ക് കോൺട്രാക്ട് ഫാമിംഗ് ആക്ട് എന്നൊരു മോഡൽ ആക്ട് തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചു നിയമമാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഇത് നിരാകരിക്കുകയും കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല എന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. പലസംസ്ഥാനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. അതിനു ശേഷമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഓർഡിനൻസ് പാസ്സാക്കിയിരിക്കുന്നത്. ഇത് കോർപ്പറേറ്റ് ചൂഷണത്തിനു വേണ്ടി മാത്രമാണ്.

(എ) ഗ്രേഡ് അനുസരിച്ചു വില നിശ്ചയിക്കാമെന്നും സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള സേവനങ്ങൾ കരാറിലേർപ്പെടുന്ന കമ്പനികൾ നൽകുമെന്നും വിഭാവന ചെയ്യുന്ന ഓർഡിനൻസ് നമുക്കാവശ്യമില്ലാത്ത സാങ്കേതിക വിദ്യകൾ നമ്മുടെ മണ്ണിൽ കൊണ്ടുവരാൻ പോവുകയാണ്, സംസ്ഥാനത്തിന് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ വരുകയും ചെയ്യും. ഗ്രേഡ് അനുസരിച്ച് വില നിശ്ചയിക്കുമ്പോൾ കർഷകരുടെ ഉല്പന്നങ്ങൾക്ക് (മുമ്പ് കേരളത്തിൽ ഉല്പാദിപ്പിച്ച കൊക്കോയ്ക്ക് സംഭവിച്ച പോലെ) കുറഞ്ഞ ഗ്രേഡ് ആണെന്ന പേരിൽ വിലകുറച്ച് കർഷകരെ ദ്രോഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.

(ബി) തർക്കപരിഹാരം കൺസിലിയേഷൻ ബോർഡ്, സബ്ഡിവിഷണൽ മജിസ്ട്രേട്ട്, ജില്ലാ കളക്ടറുടെ നേത്യത്വത്തിലുളള അപ്പലേറ്റ് അതോറിട്ടി എന്നീ സംവിധാനങ്ങൾ പറയുന്നുണ്ടെങ്കിലും ചെറുകിട നാമമാത്ര കർഷകർക്ക് കോർപ്പറേറ്റ് കമ്പനികളുമായി നിയമ പോരാട്ടം നടത്തി വിജയിക്കാൻ സാധിക്കുന്നതല്ല.

(സി) ഫാം സർവ്വീസുകൾക്ക് പ്രതിഫലം നിശ്ചയിച്ചു കരാറിലേർപ്പെടേണ്ടി വരും. അങ്ങനെ വന്നാൽ സർക്കാരിപ്പോൾ നൽകിവരുന്ന സർവ്വീസുകളിൽ നിന്നും കർഷകർ ഒറ്റപ്പെടും. കോർപ്പറേറ്റ് ലോകത്തിനു വേണ്ട രൂപത്തിലുള്ള സംവിധാനം രൂപപ്പെടുകയും ചെറുകിട നാമമാത്ര കർഷകർ പുറംതള്ളപ്പെടുകയും ചെയ്യും.

(ഡി) കേരളത്തിൽ ത്രിതല പഞ്ചായത്തു സംവിധാനം ശക്തമാണ്. ഗ്രാമങ്ങളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് കൃഷി ഭവനുകൾ ഏറ്റവും വലിയ സംഭാവനയും ഇടപെടലും നടത്തുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇത്തരം ശാക്തീകരണ പ്രവർത്തനങ്ങളില്ല. ഈ സംവിധാനങ്ങളിലൂടെ മുമ്പോട്ടു പോകലാണ് കേരളത്തിന് അഭികാമ്യം,

(2) 2020 ലെ കർഷകരുടെ ഉല്പന്നങ്ങളുടെ വ്യാപാരവും, വാണിജ്യവും വർധിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും) ഓർഡിനൻസ്. ഈ ഓർഡിനൻസ്

കാർഷിക മേഖലയിൽ സ്വകാര്യ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുദ്ദേശിച്ചാണ്. കേരളം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) നിയമം നിലവിലില്ല. 1960 ലും 1970 ലുമായി എപിഎംസി ആക്ട് നിലവിൽ വന്നു. കേരളത്തിൽ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യം സർക്കാരുകൾ കണ്ടിരുന്നില്ല. കേന്ദ്ര സർക്കാർ 2003 ൽ ആദ്യമായി ഒരു മോഡൽ മാർക്കറ്റിംഗ് ആക്ട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്കയച്ചു. എന്നാൽ അതും കേരളം അംഗീകരിച്ചില്ല. വീണ്ടും 2017 ൽ കേന്ദ്ര സർക്കാർ മാതൃകാ കാർഷികോല്പന്ന കന്നുകാലി വിപണന നിയമം തയ്യാറാക്കി സംസ്ഥാനങ്ങൾക്കയച്ചു. ഇതും കേരളം പരിഗണിച്ചിട്ടില്ല.

ഈ ആക്ട് നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉല്പന്നങ്ങൾ കർഷകർക്ക് നോട്ടിഫൈഡ് മാർക്കറ്റിൽ മാത്രമേ വിൽക്കാൻ കഴിയുന്നുള്ളൂ എന്നാണ് മനസിലാക്കുന്നത്. കൂടാതെ ഈ മാർക്കറ്റുകളിൽ തോന്നും പോലെ നികുതി ചുമത്തുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാൻ കൊണ്ടുവന്ന നിയമം അംഗീകൃത ഇടനിലക്കാർ തന്നെ കർഷകരെ ദ്രോഹിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ഈ സമ്പ്രദായം കേരളത്തിൽ ഉണ്ടാകാത്തതുകൊണ്ട് സഹകരണ മാർക്കറ്റിംഗ് സംഘങ്ങളും, കൃഷി വകുപ്പും, തദ്ദേശ ഭരണസ്ഥാപനങ്ങൾ വഴിയുളള മാർക്കറ്റുകളും സ്ഥാപിക്കപ്പെടുകയും കർഷകന് ആദായകരമായ വിലയും, സർക്കാർ നടപ്പിലാക്കിയിട്ടുളള താങ്ങുവിലയും പ്രയോജനപ്പെടുന്നുണ്ട്. നെൽകൃഷി ഇതിനുദാഹരണമാണ്. ഇക്കാരണങ്ങളാൽ കേന്ദ്ര ഓർഡിനൻസുകൾ വഴി സംസ്ഥാനത്തിനു മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തെ ചെറുക്കാൻ വേണ്ടി ഇവ കേരളത്തിൽ നടപ്പിലാക്കാൻ പാടുള്ളതല്ല. മാത്രവുമല്ല കേരളത്തിന്റെ മുഖ്യ വിളകളായ നാണ്യവിളകളൊന്നും തന്നെ ഈ നിയമത്തിന്റെ പരിധിയിൽ പരാമർശിക്കപ്പെടുന്നുമില്ല.

അവശ്യസാധന നിയമ ഭേദഗതി ഓർഡിനൻസ്

കോവിഡ് പാക്കേജ് പ്രഖ്യാപനത്തിനിടയിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവശ്യ സാധന നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. കർഷകന്റെ ഉല്പന്നം ഇന്ത്യയിലെവിടെയും കൊണ്ടുപോയി വിൽക്കാം എന്ന് പ്രഖ്യാപനവും നടത്തി. ഇത് നെസ്ലേ, വാൾമാർട്ട് തുടങ്ങിയ കോർപ്പറേറ്റ് ഭീമന്മാർക്ക് കാർഷികോല്പന്നങ്ങൾ ഒരു സംസ്ഥാനത്തു നിന്നും വാങ്ങികൂട്ടി കർഷകരെയും ഉപഭോക്താക്കളെയും ഒരു പോലെ കൊള്ളയടിക്കാൻ വാതിൽ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ ഭേദഗതിയിലൂടെ ഉല്പന്നങ്ങൾ വില താഴ്ത്തി വാങ്ങി എത്രയെങ്കിലും അളവ് ഗോഡൗണുകളിൽ സൂക്ഷിക്കാൻ അനുവാദം നൽകിയിരിക്കുകയാണ്. ഇത് പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിയമ വിധേയമാക്കുന്നതിന് തുല്യമാണ്. 1955 ൽ പാസ്സാക്കി നടപ്പിലാക്കിയ നിയമമാണ് അവശ്യസാധന നിയമം. ഉളളി, ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ ഭക്ഷ്യ എണ്ണ എന്നിവയ്ക്കെല്ലാം ഏർപ്പെടുത്തിയിരുന്ന സംഭരണ നിയന്ത്രണങ്ങൾ എടുത്തു കളയുകയും അമിതമായി വില ഉയർന്നാൽ സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാൻ കഴിയുന്ന വിപണി ഇടപെടലിനുള്ള അധികാരം ഇല്ലാതാവുകയുമാണ്. ഇതോടെ പൂഴ്ത്തി വയ്പ്പും, കരിഞ്ചന്തയും നിയമ വിധേയമാവും. വലിയ തോതിൽ വിലക്കയറ്റത്തിനും കോർപ്പറേറ്റ് കൊളളയ്ക്കുമായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.