Monday
27 May 2019

വനഭൂമി സംരക്ഷണത്തിന് നിശ്ചയദാര്‍ഢ്യത്തോടെ. . . .

By: Web Desk | Friday 22 February 2019 10:30 PM IST


യു വിക്രമന്‍

സംസ്ഥാനത്തെ വനഭൂമി സംരക്ഷിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ് ആയിരം ദിനം പിന്നിട്ട ഇടതുജനാധിപത്യമുന്നണി ഗവണ്‍മെന്റ.് കഴിഞ്ഞ രണ്ടു ദശാബ്ദകാലത്ത് 57,130 ഹെക്ടര്‍ നഷ്ടപ്പെട്ട വനഭൂമി വനവല്‍ക്കരണത്തിലൂടെ വളര്‍ത്തിയെടുത്തു.

ഭക്ഷ്യസുരക്ഷയ്ക്കും മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ക്കും വനം അത്യന്താപേക്ഷിതമാണ്. ഭാവിയിലെ വനങ്ങള്‍ ഭക്ഷണം, തടി, ഊര്‍ജം, പാര്‍പ്പിടം, കാലിത്തീറ്റ, തൊഴില്‍, വരുമാനം എന്നിവ പ്രദാനം ചെയ്യുക വഴി വിവിധ ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ നൈസര്‍ഗികത വര്‍ധിപ്പിക്കാനും ജീവിതം അഭിവൃദ്ധിപ്പെടുത്താനും ജൈവവൈവിധ്യം സംരക്ഷിക്കാനും സഹായകമാകുന്നു. വനപരിപാലനത്തില്‍ ‘ഫോറസ്റ്റ് ഹെല്‍ത്ത്’ അഥവാ വനാരോഗ്യം എന്ന സങ്കല്‍പ്പം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലഭ്യമായ വനമേഖലയുടെയും, വനമേഖലയ്ക്ക് പുറത്തുള്ള വൃക്ഷങ്ങളുടെയും വനപ്രദേശങ്ങളുടെയും ശാസ്ത്രീയമായ അവലോകനം കാലാനുസൃതമായി നടപ്പിലാക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പശ്ചിമഘട്ട മലനിരകള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിതവനങ്ങള്‍ മുതല്‍ ഹിമാലയന്‍ പര്‍വതനിരകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടികള്‍ വരെയുള്ള വിവിധ വനമേഖല പ്രദേശങ്ങളാണ് രാജ്യത്തുള്ളത്. ഇവയ്ക്കിടയില്‍ ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍, ആര്‍ദ്രനിത്യഹരിത വനങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, ഉപഉഷ്ണമേഖല പ്രദേശങ്ങളിലുള്ള പൈന്‍ വനങ്ങള്‍ എന്നിവയും നമ്മുടെ രാജ്യത്തുണ്ട്. ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് 2017 പ്രകാരം 802088 ച.കി.മീ ആണ് രാജ്യത്തെ മൊത്തം വനമേഖലാപ്രദേശം. അതായത് മൊത്തം ഭൂപ്രകൃതിയുടെ 24.30 ശതമാനം. ഇതില്‍ 93,815 ച.കി.മീ വൃക്ഷാവരണവും (ട്രീകവര്‍) 7,08,273 ച.കി.മീ വനാവരണവുമാണ് (ഫോറസ്റ്റ് കവര്‍). 98,158 ച.കി.മി നിബിഡവനവും, 3,08,318 ചി.കി.മി താരതമ്യേന നിബിഡവനവും, 3,01,797 ച.കി.മി തുറന്ന വനപ്രദേശവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ആകെ വനാവരണം.

നമ്മുടെ സംസ്ഥാനത്തെ വനങ്ങളെയും, വൃക്ഷസമ്പത്തിനെയും രണ്ടായി തരം തിരിക്കാം(എ). സര്‍ക്കാര്‍ അധീനതയിലും നിയന്ത്രണത്തിലുമുള്ള വനങ്ങള്‍ (ബി). വനപ്രദേശത്തിന് പുറത്തുള്ള വൃക്ഷങ്ങള്‍, സംസ്ഥാനത്ത് സംരക്ഷിതവനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് 11,309 ച.കി.മീ ആണ്, അതായത് മൊത്തം ഭൂവിസ്തൃതിയുടെ 29.1 ശതമാനം. ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ 2017 കണക്കെടുപ്പ് പ്രകാരം, തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി 20321 ച.കി.മീ ആണ്. അതായത് സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 52 ശതമാനം. 2017 ലെ ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിലെ കണക്കുകള്‍ 2015 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ സംരക്ഷിത വനമേഖലയിലെ ആകെ വനാവരണത്തില്‍ തുറന്ന വനപ്രദേശങ്ങളുടെയും താരതമ്യേന നിബിഡ വനപ്രദേശങ്ങളുടെയും വിസ്തൃതിയില്‍ കുറവ് വന്നിട്ടുണ്ട് എന്ന് കാണാം. എന്നാല്‍ നിബിഡവനപ്രദേശങ്ങളുടെ വിസ്തൃതിയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടള്ളു(ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്, 2017,2015).

സംസ്ഥാനത്ത് ഏറ്റവുമധികം വനമേഖലയുള്ള ജില്ല ഇടുക്കിയാണ് (3,139 ച.കി.മീ) തുടര്‍ന്ന് പത്തനംതിട്ടയും (1,830 ച.കി.മീ) പാലക്കാടും (1,826 ച.കി.മീ) ജില്ലകളാണ്. 2017 ലെ എഫ്‌സിഐ കണക്കുകള്‍ 2015 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 9 ജില്ലകളില്‍ വനാവരണം വര്‍ധിച്ചതായി കാണാം. ഇവ എറണാകുളം, കണ്ണൂര്‍, കാസര്‍ഗോട്, കോട്ടയം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളാണ്. വനാവരണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് ആലപ്പുഴ, ഇടുക്കി, കൊല്ലം, വയനാട് ജില്ലകളിലാണ്. മാറ്റമില്ലാത്തത് തിരുവനന്തപുരം ജില്ലയില്‍.
ജൈവവൈവിധ്യ സംരക്ഷണത്തിനും ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പിനും വേണ്ടിയാണ് വിവിധ പദ്ധതികളിലൂടെ പ്രകൃതിദത്തവനങ്ങള്‍ പരിപാലിക്കപ്പെടുന്നത്. വനാതിര്‍ത്തികളുടെ സര്‍വെ,വനസംരക്ഷണം, നശിച്ചുപോയ വനത്തിനു പകരം വനംവച്ചുപിടിപ്പിക്കല്‍ എന്നിവയായിരുന്നു 2017-18 ലെ പ്രധാന പ്രവൃത്തികള്‍. വനാതിര്‍ത്തി വേര്‍തിരിക്കുന്നതിന്റെ ഭാഗമായി 12,697 കി.മീ നീളത്തില്‍ കല്ലുകള്‍ കൊണ്ട് അതിര്‍ത്തി തിരിക്കുകയും, 2 കി.മി നീളത്തില്‍ കല്‍ഭിത്തി നിര്‍മ്മിക്കുകയും ചെയ്തു. നശിച്ചുപോയ വനത്തിനുപകരം വനം വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി 7.1 ഹെക്ടര്‍ പ്രദേശത്ത് പുതുതായി മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും, 228.52 കി.മീ കാട്ടുതീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കാട്ടുതീയില്‍ നിന്നുള്ള സംരക്ഷണ പ്രവൃത്തികളുടെ ഭാഗമായി 4470.10 കി.മീ നീളത്തില്‍ കാട്ടുതീ നിയന്ത്രണ രേഖകള്‍ നിര്‍മിക്കുകയും. 81,352 വാച്ചര്‍മാരെ നിയമിക്കുകയും ചെയ്തു.
സംസ്ഥാനത്ത് മുന്‍കാലങ്ങളിള്‍ തോട്ടവിളകളില്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നത് തേക്കിനായിരുന്നു. തേക്കിനുള്ള മുന്തിയ ഗുണഗണങ്ങള്‍ കാരണം ഇത് ഏറ്റവും പ്രിയപ്പെട്ട തോട്ടവിളയായി തുടര്‍ന്നുപോരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം വര്‍ധിച്ചതോടുകൂടി കട്ടികുറഞ്ഞ തടികള്‍ വച്ചുപിടിപ്പിക്കുന്നത് വര്‍ധിച്ചു. വന്‍മരതോട്ടങ്ങള്‍ക്കുള്ള ആവശ്യകത പരിഹരിക്കുന്നതിനായി 2017-18 കാലയളവില്‍ ഈടുള്ള തടിയിനങ്ങള്‍ 411.38 ഹെക്ടര്‍ പ്രദേശത്ത് വളര്‍ത്തിയെടുക്കുകയും 638.36 ഹെക്ടര്‍ പ്രദേശത്ത് പരിപാലിക്കുകയും ചെയ്തു. 2016-17 കാലയളവില്‍ ഇത് യഥാക്രമം 763.06 ഹെക്ടറും 2499.48 ഹെക്ടറും ആയിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിന് വേണ്ട തോട്ടങ്ങള്‍ 838.20 ഹെക്ടറില്‍ പുതുതായി നട്ടു പിടിപ്പിക്കുകയും, 667.05 ഹെക്ടര്‍ പ്രദേശത്ത് പരിപാലിക്കുകയും ചെയ്തു. 2016-17 കാലയളവില്‍ ഇത് യഥാക്രമം 967.9 ഹെക്ടറും 1280.78 ഹെക്ടറും ആയിരുന്നു. ഈ കാലയളവില്‍ തടിയിതര വനഉല്പന്നങ്ങള്‍ പുതുതായി 210.08 ഹെക്ടറില്‍ വച്ചു പിടിപ്പിക്കുകയും,1125.69 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്യുകയുണ്ടായി. 2016-17 കാലയളവില്‍ ഇത് യഥാക്രമം 124.9 ഹെക്ടറും 544.4 ഹെക്ടറും ആയിരുന്നു.

വന്യജീവികളുടെയും മനുഷ്യരുടേയും ആവശ്യങ്ങള്‍ അതിലംഘിക്കുമ്പോഴാണ് മനുഷ്യമൃഗ സംഘര്‍ഷം ഉണ്ടാകുന്നത്. ഇതുമൂലം മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഒരു പോലെ നാശനഷ്ടം സംഭവിക്കുന്നു. ജനസംഖ്യയിലുള്ള വര്‍ധനവും, വനമേഖലാപ്രദേശങ്ങള്‍ക്കുമേലുള്ള അധിക സമ്മര്‍ദവും മൂലമാണ് മനുഷ്യമൃഗ ഏറ്റുമുട്ടലും തല്‍ഫലമായുള്ള സംഘര്‍ഷവും വര്‍ധിക്കുന്നത്. മനുഷ്യര്‍ക്കുണ്ടാകുന്ന മുറിവുകള്‍, കൃഷിനാശം, കന്നുകാലി നഷ്ടം, വീടുകള്‍ക്കും വസ്തുക്കള്‍ക്കുമുള്ള കേടുപാടുകള്‍ എന്നിങ്ങനെ പലവിധത്തിലാണ് മനുഷ്യമൃഗ സംഘര്‍ഷം പ്രതിഫലിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് മനുഷ്യ മൃഗസംഘര്‍ഷം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-18 കാലയളവില്‍ മനുഷ്യ മൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് 7,229 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി 10.18 കോടി രൂപ വിതരണം ചെയ്തു.
കേരളത്തിന്റെ വനാതിര്‍ത്തിയില്‍ മനുഷ്യ മൃഗസംഘര്‍ഷങ്ങള്‍ വളരെ സാധാരണമാണ്. ഏകദേശം 6000 കി. മീറ്ററോളം ദൂരത്തില്‍ മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ കാണപ്പെടുന്നു. മനുഷ്യനും ആനയും, മനുഷ്യനും കാട്ടുപന്നിയും, മനുഷ്യനും കുരങ്ങും, മനുഷ്യനും കരടിയും, മനുഷ്യനും പാമ്പുകളും എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍. മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍ ഛിന്നഭിന്നമായതും വനനശീകരണവും കൃഷിയിലും ഭൂവിനിയോഗത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വൃതിയാനം തുടങ്ങിയവയാണ് ഈ സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങള്‍.

സ്വീകരിച്ച നടപടികള്‍

കേരള വനം വന്യജീവി വകുപ്പ് മനുഷ്യ മൃഗസംഘര്‍ഷങ്ങള്‍ കുറയ്ക്കുവാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സൗരോര്‍ജ വേലി നിര്‍മാണം (2,093.60 കിമീ), ആനക്കിടങ്ങുകളുടെ നിര്‍മാണം (618,40 കി.മീ) ആനയുടെ ആക്രമണം തടയാനുള്ള സംരക്ഷണ ഭിത്തികള്‍ (177.01 കി.മീ), കല്ലുകൊണ്ടുള്ള കിടങ്ങുകളുടെ നിര്‍മാണം (6.30 കി.മീ) വേലി നിര്‍മാണം (26.67 കി.മീ).കയ്യാല നിര്‍മ്മാണം(248.82) എന്നിവയാണ് 2017-2018 ല്‍ നടത്തിയ പ്രധാന മുന്‍കരുതല്‍ നടപടികള്‍.

വനമേഖലയെ ആശ്രയിച്ചു കഴിയുന്ന വിഭാഗങ്ങളുടെ വനാവകാശം അംഗീകരിക്കുക എന്നതാണ് വനാവകാശനിയമം 2006 ലക്ഷ്യമിടുന്നത്. വനവാസികളായ പട്ടികവര്‍ഗ്ഗക്കാരുടെ വ്യക്തിഗത അവകാശങ്ങളും, സാമൂഹിക അവകാശങ്ങളും വനാവകാശ നിയമം അംഗീകരിക്കുന്നു. ഇതിലൂടെ ഇവര്‍ക്ക് ജൈവൈവിധ്യം സംരക്ഷിക്കുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും, പാരിസ്ഥിതികസന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ഉത്തരവാദിത്വവും അധികാരവും വനാവകാശനിയമം അനുവദിക്കുന്നു. വ്യക്തിഗതാവകാശങ്ങള്‍, സാമൂഹികാവകാശങ്ങള്‍ എന്നീ ഇനങ്ങളില്‍ യഥാക്രമം 25,327 ഉം 164 ഉം റൈറ്റിലുകള്‍ വിതരണം ചെയ്തു. വികസന അവകാശങ്ങളില്‍ 460 പരാതികളില്‍ തീര്‍പ്പ് കല്‍പിച്ചു.

വനവിഭവങ്ങളുടെ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് തടി ഉല്‍പന്നങ്ങല്‍, ചന്ദനമരം, തേന്‍ എന്നീ വനവിഭവങ്ങളാണ്. 2016-17 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18 കാലയളവില്‍ തടിയുടെ ഉല്‍പാദനം 31,134.51 ക്യൂബിക് മീറ്ററായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ചന്ദനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2016-17 ല്‍ 52,102.35 കി. ഗ്രാം ലഭിച്ചിടത്ത് 2017-18 ല്‍ 810169.02 കി. ഗ്രാം ആയി കൂടുകയുണ്ടായി. എന്നാല്‍ തേനിന്റെ ഉല്‍പാദനം 60,390.05 കി.ഗ്രാമില്‍ നിന്നും 41729 കി.ഗ്രാമായി 2017-18 കാലയളവില്‍ കുറഞ്ഞു.

വനവിഭവങ്ങളുടെ ഉല്‍പാദനത്തില്‍ നേരിയ ഉയര്‍ച്ച ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15 ല്‍ 269.43 കോടി രൂപയായിരുന്നു തടിയില്‍ നിന്നും ലഭിച്ച വരുമാനം. ഇത് 2015-16 ല്‍ 240.89 കോടി രൂപയായും. 2017-18 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 5.52 ശതമാനം വര്‍ധനവോടെ 234.55 കോടി രൂപയായും വര്‍ധിച്ചു.

സംസ്ഥാനത്തെ മൊത്തം മൂല്യവര്‍ധനവില്‍ വനമേഖലയുടെ പങ്ക് 2016-17 ല്‍ 0.98 ശതമാനമായിരുന്നത്, 2017-18 ആയപ്പോള്‍ 0.92 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ പ്രാഥമിക മേഖലയുടെ വിഹിതം 2016-17 ല്‍ 9.71 ശതമാനമായിരുന്നത്, 2017-18 ല്‍ 9.52 ശതമാനമായി കുറഞ്ഞു.

ലോകത്തിലെ പ്രധാനപ്പെട്ട 32 ജൈവ വൈവിധ്യ പ്രദേശങ്ങളില്‍പ്പെടുന്നവയാണ് കേരളത്തിലെ വനമേഖല. മെച്ചപ്പെട്ട ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ, സാമ്പത്തികവും, പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലാടിസ്ഥനത്തില്‍ ലഘൂകരിക്കുവാന്‍ സാധിക്കും. ദേശീയ ഉദ്യാനങ്ങള്‍, വന്യമൃഗസങ്കേതങ്ങള്‍, സാമൂഹിക സംരക്ഷിത മേഖല എന്നിവ ഉള്‍പ്പെടുന്ന 3211.737 ച.കി.മീ വിസ്തൃതിയുള്ള സംരക്ഷിത മേഖലയാണ് സംസ്ഥാനത്തുള്ളത്. ഇത് കേരളത്തിലെ വനമേഖലയുടെ 28 ശതമാനം വരും.

നമ്മുടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ പച്ചപ്പ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകേരളം പദ്ധതി ആരംഭിച്ചത്. സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൈകള്‍ സൗജന്യമായി നല്‍കിയും, പൊതുസ്ഥലങ്ങളില്‍ ചെടികള്‍ നട്ടു പിടിപ്പിച്ചുമാണ് പ്രസ്തുത ലക്ഷ്യം കൈവരിക്കാനുദ്ദേശിക്കുന്നത്. വനഭൂമി സംരക്ഷിക്കാനും നമ്മുടെ നാടിന്റെ പച്ചപ്പ് വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.