ഡിമോണറ്റെെസേഷന്‍ നാലുവര്‍ഷം പിന്നിടുമ്പോള്‍

പ്രൊഫ. കെ അരവിന്ദാക്ഷന്‍
Posted on November 21, 2020, 3:28 am

പ്രൊഫ. കെ അരവിന്ദാക്ഷന്‍

നാലുവര്‍ഷം മുമ്പാണ് നവംബർ എട്ടിന് നരേന്ദ്രമോഡി തികച്ചും അപ്രതീക്ഷിതവും നാടകീയവുമായൊരു പ്രഖ്യാപനത്തിലൂടെ തന്റെ ‘വിപ്ലവ’കരമായ ഡിമോണറ്റെെസേഷന്‍ രാജ്യത്ത് നടപ്പാക്കുന്നത്. 2016 നവംബര്‍ എട്ടിന് സ്വീകരിച്ച ഈ തീരുമാനത്തിലൂടെ 500, 1000 രൂപ മുഖവിലയുള്ള കറന്‍സി നോട്ടുകളെല്ലാം ഒറ്റയടിക്ക് പ്രചരണത്തില്‍ നിന്നും പിന്‍വലിക്കപ്പെടുകയായിരുന്നു. ഇവയ്ക്കുപകരം 500 രൂപയുടെ പുതിയ കറന്‍സി നോട്ടുകള്‍ക്കു പുറമെ 2,000 രൂപയുടെനോട്ടുകള്‍ പുതുതായി പ്രചാരത്തിലെത്തുകയും ചെയ്തു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോഡി ഇന്ത്യന്‍ ജനതയ്ക്ക് സുപ്രധാനമായൊരു വാഗ്ദാനം നല്കുകയുണ്ടായി. താന്‍ അധികാരത്തിലെത്തി നൂറുദിവസങ്ങള്‍ക്കകം വിദേശബാങ്കുകളിലും രഹസ്യനിക്ഷേപ കേന്ദ്രങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരുടേയും കള്ളപ്പണം പിടിച്ചെടുത്ത് ഇവിടെ കൊണ്ടുവരുമെന്നും അതിലൂടെ ഓരോ ഇന്ത്യന്‍ കുടുംബത്തിന്റെയും ബാങ്ക് നിക്ഷേപങ്ങളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും എന്നുമായിരുന്നു അത്. ഈ വാഗ്ദാനം ഇന്നും എവിടെ എത്തിനില്ക്കുന്നു എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. പൊതുവേദികളിലെയോ, അക്കാദമിക് വേദികളിലെയോ ചര്‍ച്ചകളിലും വിവാദങ്ങളിലും ഈ വിഷയം പരോക്ഷമായിപോലും പരാമര്‍ശിക്കപ്പെടുന്നുമില്ല.

ഡിമോണറ്റെെസേഷന്റെ ഗതിയും സമാനമായ നിലയിലാണിന്ന്. എന്നാല്‍, ഒരു കാര്യം വ്യക്തമാണ്. നാടകീയമായി പ്രധാനമന്ത്രി തന്നെ നടത്തിയ ഈ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ഏതൊരാള്‍ക്കും നല്കുക നിരാശാജനകമായൊരു അനുഭവമായിരിക്കും. അസാധുവാക്കല്‍ പ്രഖ്യാപനം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം മോഡി തന്നെ സ്വന്തം നിലയില്‍ ഗോവയിലെ ഒരു യോഗത്തില്‍ മറ്റൊരു നാടകീയമായ രംഗം കൂടി അവതരിപ്പിച്ചിരുന്നു. തന്റെ കീശയിലുണ്ടായിരുന്ന കെെലേസ് കയ്യിലെടുത്ത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത കണ്ണീര്‍ ഒപ്പിക്കൊണ്ട് മറ്റൊരു പ്രഖ്യാപനം കൂടി അദ്ദേഹം അന്ന് നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡിമോണറ്റെെസേഷനെത്തുടര്‍ന്ന് വരുന്ന തൊണ്ണൂറു ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുള്ള മുഴുവന്‍ കള്ളപ്പണവും പുറത്തു കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്ന പക്ഷം തന്നെ വേണമെങ്കില്‍ വകവരുത്താന്‍ പോലും ഇന്ത്യന്‍ ജനതയ്ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നായിരുന്നു മോഡിയുടെ ഭാഷ്യം.

എന്നാല്‍, നാലുവര്‍ഷം പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷവും, ഡിമോണറ്റെെസേഷന്‍ എന്ന ‘സാഹസം’ ഒരു വിവാദ വിഷയം എന്നതിലപ്പുറം തീര്‍ത്തും അവഗണിക്കപ്പെട്ടിരിക്കുന്നൊരു അവസ്ഥയിലാണ് ഇന്നും. ഇതാണ് യാഥാര്‍ത്ഥ്യമെങ്കിലും നരേന്ദ്രമോഡി ഇപ്പോഴും തന്റെ ട്വീറ്റുകളില്‍ സ്വന്തം തീരുമാനം വന്‍ വിജയമായിരുന്നു എന്ന് ആവര്‍ത്തിക്കുകയാണ്. നോട്ട് അസാധുവാക്കലിന്റെ നാലാം വാര്‍ഷികവേളയിലും അതായത് 2020 നവംബര്‍ 9ന് തന്റെ ഈ അവകാശവാദത്തില്‍ അദ്ദേഹം ഉറച്ചുനില്ക്കുകയായിരുന്നു. ഡിമോണറ്റെെസേഷന്‍ വിജയം നേടിയത് മൂന്ന് വ്യത്യസ്ത മേഖലകളിലാണെന്ന് ആണയിട്ടുപറയാനും മോഡി തയ്യാറായി. ഒന്ന്, കള്ളപ്പണത്തിന്റെ പ്രചാരം കുറയ്ക്കുക; രണ്ട്, നികുതി ഒടു‌‌ക്കുന്നതില്‍ കൃത്യത പാലിക്കുക; മൂന്ന്, പണം ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക: ധനമന്ത്രി നിര്‍മ്മലാ സീതാരാമനോ, ആര്‍ബിഐയുടെ ഉന്നതന്മാരില്‍ ആരെങ്കിലുമോ, ഈ വിഷയത്തില്‍ പ്രതികരണത്തിന് തുനിഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സുബ്രഹ്മണ്യന്‍ അടക്കമുള്ള ഏതാനും ഉദ്യോഗസ്ഥന്മാര്‍ മോഡിയുടെ അവകാശവാദത്തെ ശരിവയ്ക്കാതിരുന്നില്ല.

ഡിമോണറ്റെെസേഷന്റെ ലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത് കള്ളപ്പണം- സ്വദേശിയും വിദേശിയും അടക്കം- വെളുപ്പിക്കുക; ആവിധത്തില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ സാമ്പത്തിക നിക്ഷേപ മേഖലയ്ക്ക് ലഭ്യമാക്കുക എന്നിവ ഉള്‍പ്പെട്ടിരുന്നു എന്നത് നേരാണ്. അതേസമയം തന്നെ സമ്പദ്‌വ്യവസ്ഥയുടെ മാനേജ്മെന്റില്‍ ഔപചാരികത ഉറപ്പാക്കുകയും സാമ്പത്തിക കെെമാറ്റ ഇടപാടുകളില്‍ ഡിജിറ്റെെസേഷന്‍ സാര്‍വത്രികമാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളും ഇവയോടൊപ്പം മോഡിയുടെ തീരുമാനത്തിലുണ്ടായിരുന്നു എന്ന് പിന്നീടുള്ള ഘട്ടങ്ങളിലാണ് വെളിവാക്കപ്പെടുന്നതെന്നും നമുക്കറിയാം. കള്ളപ്പണം തുടച്ചുനീക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെ മുഖംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ഡിജിറ്റെെസേഷനില്‍ കെെവയ്ക്കാന്‍ ശ്രമം നടന്നതെന്ന് വ്യക്തമായ കാര്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഏതാനും പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവെെ), ആധാര്‍, മൊബെെല്‍ വ്യാപനം എന്നീ മൂന്നു മന്ത്രങ്ങള്‍ക്കു പുറമെ യുണെെറ്റഡ് പേയ്‌മെ‌ന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) എന്ന കെെമാറ്റ തന്ത്രവും ഇതിന്റെ ഭാഗങ്ങളായി രൂപമെടുത്തതാണ്.

കെെമാറ്റങ്ങളുടെ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക എന്നതായിരുന്നു ഇതുവഴി നേടാന്‍ ഉദ്ദേശിച്ചതും. ഈ രണ്ടു പ്രക്രിയകളും തമ്മില്‍ നിലവിലുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള നീക്കം നടക്കുന്നത്, ഡിമോണറ്റെെസേഷന്‍ എന്ന നയത്തിന്റെ കള്ളപ്പണം പിടിച്ചെടുക്കല്‍‍ എന്ന പ്രഖ്യാപിത ലക്ഷ്യം നേടാനായില്ലെന്ന ധാരണ വ്യക്തമായതോടെയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഡിമോണറ്റെെസേഷന്‍ ഡിജിറ്റെെസേഷന്റെ ആദ്യ ലക്ഷ്യം തന്നെ ആയിരുന്നോ? ഇവ രണ്ടും ഒരു പാക്കേജെന്ന നിലയിലായിരുന്നോ രൂപകല്പന ചെയ്തത്? ഈ രണ്ടു പ്രക്രിയകളും വേര്‍തിരിച്ചു കാണുകയും വിലയിരുത്തുകയും അല്ലേ കരണീയം? ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യവും സത്യസന്ധവുമായ പ്രതികരണങ്ങള്‍ ഔദ്യോഗികമായി ഇനിയും ലഭ്യമല്ല. ഔദ്യോഗിക സാധൂകരണത്തിനാധാരമായ സ്ഥിതിവിവര കണക്കുകളും ലഭ്യമല്ല.

ഡിജിറ്റല്‍ കെെമാറ്റ ഇടപാടുകള്‍ ഒരുവിധം തൃപ്തികരമായ വേഗതയില്‍ നടന്നുവരുന്നുണ്ടെങ്കിലും മൊബെെല്‍ ഇടപാടുകളുടെ വ്യാപനം ഡിമോണറ്റെെസേഷന് മുമ്പുള്ള നിലവാരത്തില്‍ തന്നെ ഒരു പരിധിവരെ തുടരുകയാണെന്ന് പറയേണ്ടിവരുന്നു. പ്രചാരത്തിലുള്ള കറന്‍സിയുടെ തോത് നോക്കുക. 2015–16ല്‍ ജിഡിപിയുടെ ശതമാനമെന്ന നിലയില്‍ ഇത് 12.1 ആയിരുന്നത് 2016–17 ധനകാര്യ വര്‍ഷത്തില്‍ താണുപോവുകയാണുണ്ടായത്. അതേ സമയം ആര്‍ബിഐയുടെ കണക്കുകൂട്ടലനുസരിച്ച് 2018–19ല്‍ ഇത് 11.2 ശതമാനം വരെയായി അല്പമായെങ്കിലും മെച്ചപ്പെടുകയായിരുന്നു. ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ കാര്യവിവരമുള്ളവരും നിഷ്പക്ഷമതികളുമായ ധനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഡിജിറ്റെെസേഷനിലേക്കുള്ള മാറ്റത്തിന്റെ മെല്ലെപ്പോക്ക് പ്രവണത ഒരു മുന്നറിയിപ്പായി കാണണമെന്നാണ്. ഡിമോണറ്റെെസേഷനിലൂടെ ഉപഭോക്താക്കളുടെ കെെമാറ്റ പ്രക്രിയയുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതുതന്നെ മൗഢ്യമായിരിക്കുമെന്നാണ്. അഥവാ ഇനി എന്തെങ്കിലും മാറ്റമുണ്ടായാല്‍ തന്നെയും അതിന് ശാശ്വത സ്വഭാവമുണ്ടായിരിക്കുകയുമില്ല. ഡിമോണറ്റെെസേഷനെ തുടര്‍ന്ന് നമ്മുടെ അനുഭവം നല്കുന്ന പാഠവും മറ്റൊന്നല്ല.

ഇനി നമുക്കു നികുതിബാധ്യതയില്‍ നിന്നും കരുതിക്കൂട്ടി ഒഴിഞ്ഞുമാറാനുള്ള‑ടാക്സ്ഇവേഷന്‍-കാര്യമെടുക്കാം. മോഡി ഡിമോണറ്റെെസേഷന് അനുകൂലമായ വാദഗതികളായി നിരത്തുന്നത് ടാക്സ് ഇവേഷന്‍ ഇല്ലാതാക്കാനും, സുതാര്യത ഉറപ്പാക്കാനും കള്ളപ്പണത്തിന് തടയിടാനും തന്റെ ‘ധീരമായ’ നടപടി സഹായകമായി എന്നൊക്കെയാണല്ലോ. നികുതി പിരിവില്‍ വര്‍ധനവുണ്ടായി എന്നത് നേരാണ്. ഡിമോണറ്റെെസേഷനെ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളില്‍ അതിനു തൊട്ടു മുമ്പുള്ളതിനെ അപേക്ഷിച്ച് ഇതായിരുന്നു അനുഭവം. എന്നാല്‍, 2012–13 ആയതോടെ കാര്യങ്ങള്‍ പഴയ സ്ഥിതിയിലായി. തന്മൂലം കേന്ദ്രസര്‍ക്കാരിന്റെ ധനപ്രതിസന്ധി മൂര്‍ച്ഛിക്കാനും ഇടയായി. നികുതിവല വിപുലമാക്കാന്‍, ഡിമോണറ്റെെസേഷന്‍ വിജയിച്ചോ എന്നറിയാന്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായോ എന്ന് നോക്കിയാല്‍ മതിയാകുമല്ലൊ. ധനമന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 2020 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 2018–19 വര്‍ഷത്തേക്ക് 5.8 കോടി വരുമാന നികുതി ദായകരാണ് റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നതെന്നു കാണുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയിലേറെ വരുമാനമുള്ള 1.46 കോടി വ്യക്തികള്‍ മാത്രമാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ധന അത്ര വലിയ കാര്യമൊന്നുമല്ല. മാത്രമല്ല, ഈ നേട്ടം തന്നെ ഡിമോണറ്റെെസേഷന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്നതും ശരിയല്ല. നികുതി ചുമത്തുന്ന നടപടി വരുമാന സ്രോതസുകളില്‍ തന്നെ ഏര്‍പ്പെടുത്തുക, വന്‍തോതില്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരിക, ആധാര്‍ കാര്‍ഡ് എല്ലാവിധ പണം ഇടപാടുകള്‍ക്കും കര്‍ശനമാക്കുക തുടങ്ങിയ നടപടികളും ഇത്തരം പ്രവണതയ്ക്കുള്ള ആക്കം കൂട്ടിയിരുന്നു.

ഇതിനെല്ലാം പുറമെ, ശ്രദ്ധിക്കപ്പെടേണ്ട പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. കള്ളപ്പണ സമ്പാദനത്തിന് താല്ക്കാലികമായൊരു ക്ഷതമേറ്റിട്ടുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍ കള്ളപ്പണമെന്നത് വെറുമൊരു നിശ്ചിത തുകയോ, സ്റ്റോക്കോ, അല്ലാ അത് ഒരു ഒഴുക്കാണ്. അത് തുടര്‍ച്ചയായൊരു പ്രക്രിയയാണെന്നതാണ് വസ്തുത. ഇടയ്ക്കിടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, അതിന് പൂര്‍ണവിരാമമിടുക സാധ്യമാവില്ല. ഡിമോണറ്റെെസേഷന് ശേഷം ആദ്യഘട്ടത്തില്‍ ഇതിന്റെ ഒരു ഭാഗം മാത്രമാണ് ബാങ്കുകളിലേക്കെത്തിയത്. ഈ തുകയും എത്രയാണെന്ന് ആര്‍ബിഐയും ധനമന്ത്രാലയവും വെളിവാക്കിയിട്ടുമില്ല. സമ്പദ്‌വ്യവസ്ഥയില്‍ ഇനിയും എത്ര തുക അവശേഷിക്കുന്നുണ്ടെന്ന കാര്യത്തിലും യാതൊരുവിധ വ്യക്തതയുമില്ല. രാഷ്ട്രീയ രംഗത്തുള്ള പ്രതിയോഗികളെ ഒതുക്കാന്‍ വരുമാന നികുതി വകുപ്പും, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും റയ്ഡുകള്‍ നടത്തുക പതിവാക്കിയിട്ടുണ്ടെങ്കിലും ഇതേത്തുടര്‍ന്ന് എത്രമാത്രം കള്ളപ്പണം കണ്ടെത്താനായി എന്നൊന്നും കൃത്യമായി വെളിപ്പെടുത്തിയതായി അറിയില്ല. ഇതേപ്പറ്റി ഔദ്യോഗികമായി അറിയിപ്പുകളും വരുന്നില്ല. ആകപ്പാടെ ഒരു ‘പുകമറ’ മാത്രമാണ് അവശേഷിക്കുന്നത്.

ഡിമോണറ്റെെസേഷനെതിരായ വാദഗതികള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം കാണപ്പെടുന്നത്. അവ വ്യക്തവുമാണ്. സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനത്തുള്ള അനൗപചാരിക മേഖല ഏറെക്കുറെ തകര്‍ന്നുപോയ സ്ഥിതിയിലാണ്. ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്, തൊട്ടുപിന്നാലെ നിലവില്‍ വന്ന ചരക്കു-സേവന നികുതി വ്യവസ്ഥയുമായിരുന്നു. കൂനിന്മേല്‍ കുരു എന്നു പറയുന്നതുപോലെ കോവിഡ് അനന്തര ലോക്ഡൗണ്‍ കൂടിയായതോടെ വിഷമവൃത്തം പൂര്‍ത്തിയാവുകയും ചെയ്തു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, നിലവിലുള്ളവയില്‍ കുത്തനെയുള്ള ഇടിവുമുണ്ടായി. ക്രയശേഷിയും ഉപഭോഗവും കുത്തനെ തകര്‍ന്നുപോയി. ചുരുക്കത്തില്‍ ഡിമോണറ്റെെസേഷന്റെ അനുകൂലഫലങ്ങളെ പതിന്മടങ്ങ് കവച്ചുവയ്ക്കുന്ന പ്രതികൂല ഫലങ്ങളാണ് പിന്നിട്ട നാലു വര്‍ഷക്കാലയളവില്‍ നമുക്ക് അനുഭവപ്പെട്ടത്.