Web Desk

July 01, 2020, 2:30 am

സൗജന്യ റേഷന്‍കൊണ്ടുമാത്രം ദുരിതകാലത്തെ അതിജീവിക്കാനാവില്ല

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആറാം തവണ, ഇന്നലെ, രാജ്യത്തെ അഭിസംബോധന ചെയ്തു. നവംബര്‍ മാസം വരെ ‘പ്രധാന്‍മന്ത്രി കല്യാണ്‍ അന്നയോജന’ പദ്ധതി പ്രകാരം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനം. ഒരു കുടുംബത്തിന് പ്രതിമാസം അഞ്ചു കിലോ അരി അല്ലെങ്കില്‍ ഗോതമ്പും ഒരു കിലോ പയര്‍ ഇനവുമാണ് അടുത്ത അഞ്ചുമാസത്തേക്ക് നല്കുക. 

അതിനായി ഖജനാവില്‍ നിന്ന് 90,000 കോടി രൂപ ചെലവിടേണ്ടിവരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തീര്‍ച്ചയായും സ്വാഗതാര്‍ഹം തന്നെ. പക്ഷെ മൂന്നുമാസം നീണ്ട അടച്ചുപൂട്ടലും കോവിഡിന് മുമ്പുതന്നെ സ്തംഭനത്തിലായ സമ്പദ്‌വ്യവസ്ഥയും അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയും കൊണ്ട് ദുരിതക്കയത്തിലായ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആശ്വാസം കണ്ടെത്താന്‍ കഴിയില്ല. ‘ഒരു രാഷ്ട്രം, ഒരു റേഷന്‍കാര്‍ഡ്’ എന്ന പ്രഖ്യാപനം പ്രധാനമന്ത്രി അടിക്കടി നിരത്തുന്ന എണ്ണമറ്റ മുദ്രാവാക്യങ്ങള്‍പോലെ കടലാസില്‍ തുടരുന്നിടത്തോളം കോടിക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങളായ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഖ്യാപനം ഫലശൂന്യമാണ്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ‘അന്നയോജന’യുടെ കാര്യത്തിലും ആത്മപ്രശംസ നടത്താന്‍ അദ്ദേഹം മറന്നില്ല. 

യുഎസിലെയും യുകെയിലെയും ജനസംഖ്യയുമായി ഇന്ത്യന്‍ ജനസംഖ്യയെ തുലനം ചെയ്താണ് ഇത്തവണ തന്റെ പദ്ധതിയെ അദ്ദേഹം മഹത്വവല്ക്കരിച്ചത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ രാജ്യത്ത് ഉത്സവകാലത്തിനു തുടക്കമാകുമെന്നും ഉത്സവവേളകളില്‍ ജനങ്ങള്‍ പട്ടിണിയിലാകരുതെന്ന കരുതല്‍ പ്രകടിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. അങ്ങനെ കരുതല്‍ പ്രകടിപ്പിക്കുമ്പോഴും മോഡിയുടെ വര്‍ഗീയ രാഷ്ട്രീയം തികട്ടിവരികയെന്നത് സ്വാഭാവികം മാത്രം! ഭൂരിപക്ഷ മതത്തിന്റെ ഉത്സവങ്ങള്‍ ഓരോന്നും കൃത്യമായി എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി മതന്യൂനപക്ഷങ്ങളുടെ വിശേഷ ദിവസങ്ങള്‍ വിസ്മരിച്ചത് മനഃപൂര്‍വമായിരിക്കില്ല. അത് അദ്ദേഹത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ബഹിര്‍സ്ഫുരണമായി മാത്രം കണ്ടാല്‍ മതിയാവും.

അടച്ചുപൂട്ടലിന്റെ കാലത്ത് രോഗപ്പകര്‍ച്ചവരാതെ ജനങ്ങള്‍ കാട്ടിയിരുന്ന കരുതല്‍ തുടര്‍ന്ന് ഉണ്ടാവാത്തതില്‍ മോഡി തന്റെ പ്രസംഗത്തില്‍ ഖിന്നനായി. അടച്ചുപൂട്ടലിനെ തുടര്‍ന്ന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അശരണരായ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ കൂട്ടപലായനത്തെപ്പറ്റിയും അവര്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെപ്പറ്റിയും മരണങ്ങളെപ്പറ്റിയും മോഡി യാതൊരു പരാമര്‍ശത്തിനും മുതിര്‍ന്നില്ലെന്നത് ജനങ്ങളെ തെല്ലും അത്ഭുതപ്പെടുത്തില്ല. തൊഴിലില്ലായ്മയും പട്ടിണിയുമാണ് ജനങ്ങളെ പുറത്തിറങ്ങാനും രോഗപ്പകര്‍ച്ചയുടെ ഭീഷണിപോലും വകവയ്ക്കാതെ സാധാരണ രീതിയില്‍ പെരുമാറാനും നിര്‍ബന്ധിതമാക്കുന്നത്.

ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും പശ്ചിമബംഗാളിലെയും മറ്റും ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ കോവിഡ് മരണങ്ങളുടെ ഇന്ത്യന്‍ തലസ്ഥാനമായി മാറിയ മുംബൈയിലേക്ക് തിരിച്ചൊഴുകുന്ന കാഴ്ച സ്വയം അടച്ചുപൂട്ടി സുരക്ഷിതനായിരിക്കുന്ന പ്രധാനമന്ത്രി കണ്ടിരിക്കണമെന്നില്ല. ദിനംപ്രതി പതിനയ്യായിരത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് മരണഭയം വകവയ്ക്കാതെ മുംബൈ നഗരത്തിലേക്ക് തിരിച്ചെത്തുന്നതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരും റയില്‍വേയും‍ കണക്കാക്കുന്നത്. പ്രധാനമന്ത്രി ആ യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പട്ടിണിയെക്കാള്‍‍ ഭേദം കൊറോണയാണെന്ന് ആ തൊഴിലാളികള്‍ വേദനയോടെ തിരിച്ചറിയുന്നു. 

ദശലക്ഷക്കണക്കിനു വരുന്ന ആ ഹതഭാഗ്യരെപ്പറ്റി പരാമര്‍ശിക്കാന്‍ പ്രധാനമന്ത്രി തന്റെ കോവിഡ് കാലത്തെ രാഷ്ട്രത്തോടുളള ആറാമത്തെ പ്രസംഗത്തിലും സമയം കണ്ടെത്തിയില്ല. രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെയും നികുതി കൃത്യമായി നല്കുന്ന അനുസരണയുള്ള പൗരന്മാരെയും പ്രകീര്‍ത്തിച്ച മോഡി രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സംഭാവന നല്കുന്ന ഗണ്യമായ ഒരു ജനവിഭാഗത്തെയാണ് അവഗണിച്ചിരിക്കുന്നത്. നികുതി നല്കുന്നതിനെപ്പറ്റി പറയുന്ന പ്രധാനമന്ത്രി പൗരന്മാര്‍ അത് സന്മനസോടെ നല്കുന്നതാണെന്നു കരുതരുത്. ഫലത്തില്‍ മോഡി സര്‍ക്കാര്‍ ജനങ്ങളെ ഇന്ധന നികുതിയുടെ പേരില്‍ പിടിച്ചുപറിക്ക് ഇരകളാക്കുകയാണ് ചെയ്തത്.

രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂര്‍ദ്ധന്യത്തിലേക്കാണ് നീങ്ങുന്നത്. പലയിടത്തും സമൂഹവ്യാപനം തന്നെ ആരംഭിച്ചു കഴിഞ്ഞു. ആ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ കൂടിയാണ് സൗജന്യ റേഷനെങ്കിലും പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി
നിര്‍ബന്ധിതനായിരിക്കുന്നത്. കോവിഡിനൊപ്പം രൂക്ഷതയാര്‍ജിച്ച അതിര്‍ത്തി പ്രശ്നവും സമ്പദ്ഘടനയില്‍ കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കുക. അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഇനി തുറക്കാനാവാത്തവിധം സ്തംഭനത്തിലായ സംരംഭങ്ങള്‍ക്ക് പുതുജീവന്‍ പകരാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സമ്പദ്ഘടനയെ ചലിപ്പിക്കാനും ഗവണ്‍മെന്റ് ഇടപെടല്‍ കൂടിയേതീരു. ഇതിനകം നല്കിയ നാമമാത്ര ധനസഹായത്തിന്റെ പട്ടിക നിരത്തി മേനിപറയുന്നത് അവസാനിപ്പിച്ച് ദുരിതത്തിലായ ജനവിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. അക്കാര്യത്തില്‍ നരേന്ദ്രമോഡി തന്റെ ഉറ്റസുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന്റെ മാതൃക പിന്തുടരുന്നതിനെ ആരും എതിര്‍ക്കില്ല.

ENGLISH SUMMARY:janayugom arti­cle about Free ration alone can­not sur­vive in the time of distress