12 June 2024, Wednesday

സാംസ്കാരികലോകം ഒന്നുറക്കെ ശബ്ദിച്ചിരുന്നെങ്കിൽ

ടി കെ പ്രഭാകരകുമാർ
September 2, 2021 5:00 am

ഭീകരവാദവും ഫാസിസവും ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് കലാകാരൻമാരെയും എഴുത്തുകാരെയുമാണ്. ഏതൊരു നാടിനെയും സാംസ്കാരികവും ബൗദ്ധികവുമായ ഉന്നതിയിലെത്തിക്കാൻ മറ്റേതൊരു വിഭാഗത്തെക്കാളും സാധിക്കുക കലാകാരൻമാർക്കും എഴുത്തുകാർക്കുമാണ്. അതുകൊണ്ടാണ് ഈ വിഭാഗത്തിൽപ്പെടുന്നവരെ ഇല്ലാതാക്കാൻ മതങ്ങളുടെ പേരിൽ അധികാരം കയ്യാളുന്നവർ കാലങ്ങളായി ശ്രമിക്കുന്നത്. അത് അഫ്ഗാനിസ്ഥാനിലായാലും സിറിയയിലായാലും പാകിസ്ഥാനിലായാലും ഇ­ന്ത്യയിലായാലും ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്നത് ഭീകരവാദികളായാലും ഫാസിസ്റ്റുകളായാലും ഏകാധിപതികളായാലും ഉൻമൂലനം ചെയ്യപ്പെടേണ്ടവരായി അവർ കരുതുന്നവരിൽ പ്രഥമസ്ഥാനം നൽകുന്നത് കലയുടെയും സാഹിത്യത്തിന്റെയും മാധ്യമപ്രവർത്തനത്തിന്റെ­യും മേഖലകളിലുള്ളവരെയാണ്. ഇന്ത്യയിൽ ഇപ്പോൾ ഭരണം നടത്തുന്ന ഫാസിസ്റ്റ്ഭരണകൂടത്തിനും വർഗീയതയ്ക്കുമെതിരെ എഴുത്തിലൂടെ നിരന്തരം പോരാടിയിരുന്ന ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവം ആവിഷ്കാരസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരുടെ മനസില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടാക്കിയത്.

തങ്ങൾക്ക് താല്പര്യമുള്ള വിഷയം മാത്രമേ എഴുതാവൂവെന്നും തങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രമേ എടുക്കാവൂവെന്നും ശഠിക്കുന്ന അസഹിഷ്ണുതാമനോഭാവം മുമ്പ്തന്നെ ഉണ്ടായിരുന്നുവെങ്കിലും ഫാസിസത്തിന് ഇന്ത്യയിൽ അധികാരം ലഭ്യമായതോടെ ഇത്തരം പ്രവണതകൾ കൂടുതൽ അക്രമാസക്തമാകുകയായിരുന്നു. ഒരു ദേവതയുടെ ചിത്രം വരച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ വധഭീഷണി നേരിടേണ്ടി വന്ന വിഖ്യാതനായ ചിത്രകാരൻ എം എഫ് ഹുസൈന് പ്രാണരക്ഷാർഥം ഇന്ത്യ വിടേണ്ടിവന്ന സാഹചര്യം വിസ്മരിക്കാൻ സാധിക്കില്ല. ആശയപ്രകാശനങ്ങളിൽ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പോലുള്ള മതതീവ്രവാദസംഘടനകൾ ആളുകളെ കൊല്ലുന്ന സംഭവങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ഇതുപോലെ എത്രയോ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ടാണ് ഇന്ത്യയിലെ കലാരംഗവും സാഹിത്യമേഖലയുമൊക്കെ കടന്നുപോകുന്നത്. ലോകത്ത് എവിടെ നിന്നായാലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഭീഷണികൾ ഉയരുമ്പോഴൊക്കെയും ഇന്ത്യയിലെ സാംസ്കാരികമേഖലയിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നും സമീപദിവസങ്ങളിലായി കേട്ടുകൊണ്ടിരിക്കുന്ന കലാകാരവംശഹത്യക്കെതിരെ വേ­ണ്ടരീതിയിൽ നമ്മുടെ സാംസ്കാരികമേഖലയിൽ നിന്നും പ്രതിഷേധം ഉണ്ടാകുന്നില്ലെന്നത് അസ്വസ്ഥതയുളവാക്കുന്ന യാഥാർത്ഥ്യമാണ്.

കലയെയും എഴുത്തിനെയും സാഹിത്യത്തെയും സ്നേഹിക്കുകയും ജീവശ്വാസമായി കൊണ്ടുനടക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം സഹിക്കാനോ പൊറുക്കാനോ കഴിയാത്ത ക്രൂരതകളാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ ബഗ്ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവെച്ചുകൊലപ്പെടുത്തിയത്. രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനായ ഫവാദ് ചെയ്ത താലിബാന്റെ കാഴ്ചപ്പാടിലുള്ള കുറ്റം അദ്ദേഹം ഒരുപാട്ടുകാരനായിപ്പോയി എന്നതുമാത്രമാണ്. താലിബാൻ ഭരണത്തിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ വേട്ടയാടാനും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനും ആരംഭിച്ചത്. അഫ്ഗാൻ ഭരണം പിടിച്ചടക്കുന്നതിന് മുമ്പ് താലിബാൻ ഭീകരർ അവിടത്തെ പ്രമുഖ ഹാസ്യതാരത്തെ വെടിവെച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. സിനിമയ്ക്കും സംഗീതത്തിനും ചിത്രകലയ്ക്കും കായികവിനോദങ്ങൾക്കുമൊക്കെ നിരോധനമേർപ്പെടുത്തി ജനങ്ങളുടെ സകല സന്തോഷങ്ങളും വിനോദോപാധികളും റദ്ദാക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് താലിബാൻ നടത്തിക്കൊണ്ടിരിക്കുന്നത്.

മാധ്യമപ്രവർത്തനം പോലും നിരോധനത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞു. അതല്ലെങ്കിൽ തങ്ങൾക്ക് അനുകൂലമായ വാർത്തകൾ മാത്രം പുറംലോകത്തെ അറിയിക്കുന്ന മാധ്യമപ്രവർത്തനം മാത്രമേ അനുവദിക്കൂവെന്ന നിലപാടിലാണ് താലിബാൻ ഭരണകൂടം. തോക്കേന്തിയ താലിബാൻ ഭീകരരുടെ നിരീക്ഷണവലയത്തിൽ ഇരുന്ന് ഭയവിഹ്വലനായി വാർത്ത വായിക്കുന്ന ആളുടെ വീഡിയോ നവമാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്. താലിബാനെതിരെ എഴുതുകയോ വാർത്ത വായിക്കുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാണെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ എല്ലാ സാധ്യതകളും ഇല്ലായ്മ ചെയ്തുകൊണ്ടുള്ള താലിബാന്റെ നയങ്ങൾക്കെതിരെ സാംസ്കാരികലോകത്തിന്റെ എല്ലാകോണുകളിൽ നിന്നും പ്രതിഷേധമുണ്ടാകുമെന്ന് കരുതിയെങ്കിലും ഫലം നിരാശാജനകംതന്നെയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി എഴുതിയും പറഞ്ഞും പാടിയും ചിത്രംവരച്ചുമൊക്കെ എക്കാലത്തും സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിരുന്ന കൊച്ചുകേരളത്തിലെ പുകൾപെറ്റ പല എഴുത്തുകാരും കലാകാരൻമാരും കവികളുമൊക്കെ താലിബാൻവിഷയത്തിൽ നടത്തുന്നത് വല്ലാത്തൊരു ഒളിച്ചുകളിയാണ്.

കേരളത്തിൽ താലിബാൻ അനുകൂലികളായ സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ച് തൂലികചലിപ്പിക്കുന്ന ചില എഴുത്തുകാരും കലാകാരൻമാരും സാംസ്കാരികമേഖലയുടെ തലപ്പത്തുള്ളതിനാൽ മൗനം പാലിക്കാതെ നിർവാഹമില്ലെന്ന തരത്തിലുള്ള അവരുടെ നിസഹായത മനസിലാകുന്നുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണവും മനുഷ്യഹത്യയും ഏത് ഭാഗത്തുനിന്നായാലും അതിനെ എതിർക്കാൻ ചങ്കൂറ്റംകാണിക്കുന്ന എഴുത്തുകാരും കലാകാരൻമാരും കേരളത്തിലുണ്ട്. ഒറ്റപ്പെട്ടതിനാൽ അവരുടെ ശബ്ദം കൂട്ടായ പ്രതിരോധമായി മാറുന്നില്ല. കാരണം സാംസ്കാരികകേരളത്തിന് മാതൃകയും മാർഗദർശനവുമാകേണ്ട പല പ്രമുഖരും ഒന്നും മിണ്ടാനാകാതെ മാറിനിൽക്കുകയാണ്. ഇവരുടെ നിസംഗതയും ബോധപൂർവമുള്ള മൗനവും സെലക്ടീവ് പ്രതികരണം എന്ന സാംസ്കാരിക ദുശ്ശീലത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. നരേന്ദ്ര ധബോൽക്കറും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോൾ ഈ കൊലപാതകങ്ങളുടെ പേരിൽ ആഹ്ലാദം പ്രകടിപ്പിച്ച കേരളത്തിലെ സംഘപരിവാർ പ്രവർത്തകരുടെ മനോനിലയും അഫ്ഗാനിൽ നടക്കുന്ന കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും ന്യായമാണെന്ന് പ്രചരിപ്പിക്കുന്ന ഇവിടത്തെ താലിബാൻ ആരാധകരുടെ മനോനിലയും തമ്മിൽ ഒരു വ്യത്യാസവുമില്ല.

ഇവിടെയാണ് മതവും രാഷ്ട്രീയവും നോക്കാതെ എല്ലാ മനുഷ്യാവകാശലംഘനങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യനിഷേധങ്ങൾക്കുമെതിരെ പൊരുതുകയെന്ന ദൗത്യം എഴുത്തുകാരും കലാകാരൻമാരും ഏറ്റെടുക്കേണ്ടത്. തികട്ടി വരുന്ന പ്രതികരണങ്ങൾ ചില സൗകര്യങ്ങളെയും സ്ഥാനങ്ങളെയും പരിത്യജിക്കേണ്ടിവരുമോയെന്ന ആശങ്ക കാരണം തൊണ്ടക്കുഴിയിൽ വച്ചുതന്നെ കൊല്ലേണ്ടിവരുന്ന ദുരവസ്ഥയെയാണ് പല സാംസ്കാരികപ്രവർത്തകരും അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു സമീപനം സമൂഹത്തെ നേർവഴിക്ക് നയിക്കുകയെന്ന ലക്ഷ്യത്തിന് വലിയൊരു തടസമായി മാറുന്നതാണ്. സാംസ്കാരികമേഖലയെ ഗ്രസിച്ചിരിക്കുന്ന അപചയവും അവസരവാദവും മുതലാക്കുന്നത് കേരളത്തിലെ ഹിന്ദുത്വവർഗീയശക്തികളാണ്. അവർക്ക് മുതലെടുക്കാനും വർഗീയധ്രുവീകരണം നടത്താനുമുള്ള അവസരത്തെ പ്രതിരോധിക്കണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ സംഘപരിവാർ ഫാസിസത്തെയെന്നപോലെ മതതീവ്രവാദത്തെയും ആശയപരമായി എതിർക്കാനുള്ള ആർജവം സാംസ്കാരികനായകർക്കുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.