25 April 2024, Thursday

ഹരിത: മുസ്‌ലിം ലീഗിന്റേത് ആശയപ്രതിസന്ധി

അഡ്വ കെ കെ സമദ്
September 3, 2021 5:00 am

മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടന എംഎസ്എഫിന്റെ വനിതാ വിഭാഗമായ “ഹരിത”യുടെ നേതാക്കന്മാർക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നടത്തിയ ലൈംഗിക ചുവയോടെയുള്ള പരാമർശങ്ങൾക്കെതിരെ ഹരിതാ നേതാക്കൾ മുസ്‌ലിം ലീഗ് നേതൃത്വത്തെയും തുടർന്ന് സംസ്ഥാന വനിതാ കമ്മിഷനെയും സമീപിച്ചതും മുസ്‌ലിം ലീഗ് നേതൃത്വം വിഷയം കൈകാര്യം ചെയ്തതും സമകാലിക കേരളത്തിലെ സജീവ ചർച്ചയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന് അകത്ത് വിദ്യാർത്ഥി നേതാക്കൾ പരസ്പരം ഉണ്ടായ “കേവല” വിഷയം മുസ്‌ലിം ലീഗ് നേതൃത്വം കൈകാര്യം ചെയ്ത് വികൃതമായതല്ല, മറിച്ച് ഇത് വെളിവാക്കുന്നത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി ലിംഗ നീതി വിഷയത്തിൽ നേരിടുന്ന ആശയ പ്രതിസന്ധിയാണ്.

1906ൽ രൂപീകൃതമായ സർവേന്ത്യ ലീഗിന്റെ നേതൃനിരയിൽപോലും ഉപാധ്യക്ഷയായിരുന്ന ഫാത്തിമ ജിന്ന മുതൽ ശക്തരായ മുസ്‌ലിം വനിതാ നേതാക്കളുടെ പ്രാതിനിധ്യവും സാന്നിധ്യവും ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. (സർവേന്ത്യാ ലീഗിന്റെ പാരമ്പര്യം അംഗീകരിക്കുന്ന കാര്യത്തിൽ ലീഗിന് അകത്ത് തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.) എന്നാൽ വിഭജനാന്തരം 1948 മാർച്ച് 10 ന് മദ്രാസിൽ വെച്ച് രൂപീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതൃത്വ നിരകളിലും കമ്മിറ്റികളിലും സ്ത്രീസാന്നിധ്യം ബോധപൂർവം ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. പേര് ‘ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്’ എന്നാണെങ്കിലും സജീവമായ പ്രവർത്തന മേഖല കേരളമാണല്ലോ. ലീഗിന്റെ കേരള സംസ്ഥാന സെക്രട്ടേറിയറ്റിൽ മൂന്ന് വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് പെൺഭാഷയെ ലീഗ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ തെളിവാണ്. എംഎസ്എഫിന്റെയോ യൂത്ത് ലീഗിന്റെയോ സംസ്ഥാന സമിതികളിൽ നാളിതുവരെ പെൺപേര് കേട്ടിട്ടേ ഇല്ല.

വിദ്യാർത്ഥിനികൾ അടുത്ത് ഇരിക്കുന്നത് ഭയന്നായിരിക്കും എംഎസ്എഫിന് സമാന്തരമായി ഹരിത രൂപീകരിച്ചത്. പേരിൽ ജനാധിപത്യ പാർട്ടി എന്ന് പറയുമെങ്കിലും അംഗത്വത്തിലും ഭാരവാഹിത്വത്തിലും തീരുമാനങ്ങളിലും ഒരു ആൺപാർട്ടി മാത്രമായാണ് ലീഗ് കാലങ്ങളായി നിലനിൽക്കുന്നത്. മലബാറിലെ ലക്ഷക്കണക്കിന് വരുന്ന മുസ്‌ലിം സ്ത്രീകളെ പാണക്കാട് തങ്ങള്‍മാരുടെ ആത്മീയ മാന്ത്രിക വലയത്തിന് അകത്ത് നിർത്തി അധികാര കേന്ദ്രങ്ങളിലേക്കുള്ള വോട്ട് ബാങ്ക് മാത്രമാക്കി മുസ്‌ലിം ലീഗ് പ്രവർത്തിച്ചുപോരാൻ തുടങ്ങിയിട്ട് ഏറെ കാലമായി. അധികാര കേന്ദ്രങ്ങളിൽ വരുമ്പോഴും ഔദ്യോഗിക കമ്മിറ്റികളിലോ ബോർഡുകളിലോ മുസ്‌ലിം വനിതകൾക്ക് ലീഗ് പ്രാതിനിധ്യം നല്കാറില്ല. ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോർഡിലുമെല്ലാം മുസ്‌ലിം വനിതകളുടെ പ്രാതിനിധ്യത്തിന് ഇടതുപക്ഷ മുന്നണിയുടെ ഗവൺമെന്റാണ് മുൻകൈ എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം നിയമാനുസൃതം നടപ്പിലാക്കിയിരുന്നില്ല എങ്കിൽ മുസ്‌ലിം ലീഗിലൂടെ ഒരു മുസ്‌ലിം വനിതയും വീടുകളുടെ ഉമ്മറപ്പടികൾക്കപ്പുറം കാണുമായിരുന്നില്ല. മുസ്‌ലിം ലീഗിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും ഉയരുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ ലീഗ് നേതൃത്വം എക്കാലത്തും ജാള്യതയോടുകൂടി മാത്രമെ നിന്നിട്ടുള്ളു.

പാർട്ടിക്ക് നൽകിയ പരാതി തിരസ്കരിക്കപ്പെട്ടപ്പോഴാണ് ഹരിത നേതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത്. എന്നാൽ ഹരിത നേതാക്കളോട് വനിതാ കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കാനാണ് മുസ്‌ലിം ലീഗ് നേതൃത്വം അന്ത്യശാസനം നൽകിയത്. ഇത് നിരസിച്ചപ്പോഴാണ് ഹാലിളകി ഹരിത സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തനം തന്നെ മരവിപ്പിച്ചത്. ഇടത് പാർട്ടികൾ പാർട്ടിക്കകത്ത് അന്വേഷണ കമ്മിഷനെ നിയമിക്കുമ്പോൾ അതിനെ “പാർട്ടി കോടതി” എന്ന് കളിയാക്കിയിരുന്ന മുസ്‌ലിം ലീഗ് നേതൃത്വം ഹരിതാ നേതൃത്വത്തോട് പറയുന്നത് പാണക്കാട് കോടതിയുടെ വിധിയാണ് നിങ്ങൾക്ക് ബാധകം എന്നാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉപയോഗിച്ച ഭാഷ എത്ര മോശമായിരുന്നു എന്ന് ഹരിതാ നേതാക്കളുടെ വാക്കുകൊണ്ട് വ്യക്തമാണ്. ഐസ്ക്രീം കേസിൽ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിക്ക് സംരക്ഷണം ഒരുക്കിയ മുസ്ലിം ലീഗിന് ഇതൊന്നും ഗുരുതരകുറ്റമായി ഒരുപക്ഷേ തോന്നാൻ ഇടയില്ല. പെൺ ശബ്ദത്തോട് മുസ്‌ലിം ലീഗ് നേതൃത്വം കാണിക്കുന്ന ഈ അസഹിഷ്ണുതയും അതൃപ്തിയും യഥാർത്ഥത്തിൽ സ്ത്രീശാക്തീകരണ വിഷയത്തിലെ ലീഗിന്റെ ദാർശനികമായ പ്രതിസന്ധി തന്നെയാണ് വ്യക്തമാക്കുന്നത്.

കേരളീയ മുസ്‌ലിം സമൂഹത്തിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല എന്നത് ഉൾപ്പെടെയുള്ള യാഥാസ്ഥിക നിലപാടുകൾ മുറുകെ പിടിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സമസ്തയുടെ പോഷക സംഘടനകളായ എസ്‌കെഎസ്എസ്എഫ്, എസ്‌വൈഎസ് തുടങ്ങിയ സംഘടനകളുടെയെല്ലാം ഭാരവാഹിത്വവും നേതൃത്വവും വഹിക്കുന്നത് പാണക്കാട് കുടുംബാംഗങ്ങൾ തന്നെയാണ്. സമസ്ത മുഷാവറയിലും (കൂടിയാലോചന സമിതി) പാണക്കാട് തങ്ങൾമാർ അംഗങ്ങളാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാടുകൾക്ക് വിരുദ്ധമായ ലിംഗനീതി വിഷയത്തിൽ മുസ്‌ലിം ലീഗിന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയില്ല എന്നുള്ളത് ഇതുകൊണ്ട് തന്നെ സുവ്യക്തമാണ്. 1996 ൽ ഖമറുന്നീസ അൻവറിനെ കോഴിക്കോട് നിയമസഭാ സീറ്റിൽ നിന്ന് മത്സരിപ്പിച്ചതിന് ശേഷം ഒരു മുസ്‌ലിം വനിതയെ നിയമസഭാ സ്ഥാനാർത്ഥിയാക്കാൻ 25 വർഷം ലീഗിന് കാത്തിരിക്കേണ്ടിവന്നു. എന്നാൽ നൂർബിനാ റഷീദിനെ 2021 ൽ നിയമസഭാ സ്ഥാനാർത്ഥിയായി ലീഗ് പ്രഖാപിച്ചപ്പോൾ സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അന്ന് നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു.

“സംവരണ സീറ്റുകളല്ലാത്ത പൊതു മണ്ഡലങ്ങളിൽ നിന്നും മുസ്‌ലിം സ്ത്രീകളെ മത്സരിപ്പിക്കരുത്” എന്നാണ് 2021 മാർച്ചിൽ എസ്‌വൈഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞത്. ലീഗ് നേതൃത്വവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വവും ഒന്നായിരിക്കുന്നിടത്തോളം കാലം ഈ പ്രതിസന്ധി ലീഗിൽ തുടരുക തന്നെ ചെയ്യും. എന്നാൽ പുരോഗമന വാദികളും ഉല്പതിഷ്ണുക്കളുമാണ് എന്ന് നടിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി അടുപ്പവും സമവായവും മുസ്‌ലിം ലീഗ് സൂക്ഷിച്ചുവരുന്നുമുണ്ട്. പ്രബുദ്ധരായ കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഒരേസമയം ഇരട്ട മുഖവുമായാണ് ഇത്തരം വിഷയങ്ങളിൽ ലീഗ് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയെപ്പോലെ സ്ത്രീഭൂരിപക്ഷമുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഈ ആൺകോയ്മ വാദവുമായി മുന്നോട്ട് പോവുന്ന രാഷ്ട്രീയ പ്രസ്ഥാനം യഥാർത്ഥത്തിൽ ഒരു നാണക്കേട് തന്നെയാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം ഹരിത വിഷയത്തിൽ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെടുന്നത് ഈ ആശയക്കുഴപ്പം മൂലമാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റിൽ നിന്ന് തുടങ്ങുന്ന ഈ ആശയ പ്രതിസന്ധിക്ക് സമീപ കാലത്തൊന്നും ലീഗിന് പരിഹാരം കാണാൻ ആവുമെന്ന് തോന്നുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.