February 1, 2023 Wednesday

ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുക; പ്രതിരോധ ചെലവുകൾ കുറയ്ക്കുക

കാനം രാജേന്ദ്രൻ
April 11, 2020 5:30 am

മഹാമാരിയുടെ ഈ കാലഘട്ടം മറ്റെല്ലാം മാറ്റിവച്ച് ആരോഗ്യകാര്യങ്ങളെപ്പറ്റി ചർച്ചചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. സ്വന്തം ആരോഗ്യത്തെക്കുറിച്ച് വ്യക്തിക്കുണ്ടാവുന്ന ഉത്കണ്ഠയിൽ നിന്ന് രാഷ്ട്രത്തലവൻമാരൊന്നാകെ ആരോഗ്യമേഖലയെപ്പറ്റി ഗൗരവതരമായി ആലോചിക്കുന്ന സ്ഥിതിവിശേഷത്തിലേക്കെത്തിയിരിക്കുന്നു. തങ്ങൾ സെയ്ഫ്‌ സോണിലല്ല എന്ന് വമ്പൻ രാഷ്ട്രങ്ങൾ പോലും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇവിടെ നമ്മുടെ കൊച്ചുകേരളം സെയ്ഫ് സോണായി നിലയുറപ്പിക്കുന്നത് ഏറെ അഭിമാനകരമാണ്. കോവിഡ് മരണനിരക്ക് ആഗോളതലത്തിൽ 5.7 ശതമാനമാണ്. ഇന്ത്യയിൽ അത് 2.8 ശതമാനമാകുമ്പോൾ കേരളത്തിൽ മരണ നിരക്ക് 0.58 ശതമാനം മാത്രമാണ് എന്നത് ഏറെ ആശ്വാസകരമാണ്. വമ്പൻ രാജ്യങ്ങൾക്കു സാധിക്കാൻ കഴിയാത്തത് നമുക്കായതിന്റെ പിന്നിൽ കേരളം പതിറ്റാണ്ടുകളായി ഉയർത്തിപ്പിടിക്കുന്ന നിലപാടിന്റെ കരുത്തും ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുമുണ്ട്. സാധാരണക്കാർക്ക് സൗജന്യചികിത്സ നൽകാൻ തിരുവനന്തപുരത്തെ തൈക്കാട്ട് രാജഭരണകാലത്ത് സ്ഥാപിച്ച ധർമ്മാശുപത്രിയിൽ നിന്ന് തുടങ്ങുന്നതാണ് നമ്മുടെ പൊതുജനാരോഗ്യപ്രവർത്തനം. പൊതുജനങ്ങൾക്ക് മുഖ്യ പരിഗണന നൽകുന്നതിന് കൃത്യമായ നിലപാടുകളോടെ ഫലപ്രദമായ ഇടപെടലുകൾ തീർത്ത 57 ലെ ഇഎംഎസ് ഗവൺമെന്റു മുതലിങ്ങോട്ട് ആരോഗ്യമേഖലക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല.

അച്യുതമേനോൻ ഗവൺമെന്റാണ് ഇക്കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ തീർത്തത്. പഞ്ചായത്തുകൾ തോറും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ആർസിസി, ശ്രീചിത്ര, മരുന്ന് നിർമ്മാണത്തിന് പൊതുമേഖലയിൽ കെഎസ്ഡിപിയടക്കം എണ്ണം പറഞ്ഞ മുന്നേറ്റങ്ങളാണ് ആരോഗ്യമേഖലയിൽ അക്കാലത്തുണ്ടായത്. ടി വി തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും ജനപക്ഷ നിലപാടിന്റെയും പ്രതിഫലനമായിരുന്നു കെഎസ്ഡിപി എന്നതും സ്മരണീയമാണ്. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും ആരോഗ്യ സംവിധാനവും എക്കാലവും കേരളത്തിലെ സാധാരണക്കാരന്റെ സുരക്ഷിത കേന്ദ്രങ്ങളാണ്. കേരളത്തിലെ കോവിഡ് രോഗികളെയെല്ലാം ചികിത്സിക്കുന്നത് നമ്മുടെ സ്വന്തം പൊതുജനാരോഗ്യ മേഖലയും അവിടുത്തെ അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകരുമാണ് എന്നതും ഓർക്കുക. നമ്മുടെ അഭിമാനസ്തംഭമായ ശ്രീചിത്ര, കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ്, എമർജൻസി വെന്റിലേറ്റർ, രോഗികളുടെ സ്രവങ്ങൾ സുരക്ഷിതമായി നശിപ്പിക്കാൻ കഴിയുന്ന അക്വിലോസോർബ്, ഐസൊലേഷൻ പാഡ്, വെന്റിലേറ്ററിനു പകരമായുള്ള ബബിൾ ഹെൽമറ്റ് എന്നിവ വികസിപ്പിച്ചെടുത്തതായി വാർത്തയുണ്ടായിരുന്നു. ഇത് ഏറെ സന്തോഷം നൽകുന്നതാണ്. 500 രൂപയിൽ താഴെ ചെലവിൽ 15 മിനിറ്റിനകം കോവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന കിറ്റ് രാജീവ്ഗാന്ധി സെന്ററും വികസിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതെല്ലാം നമുക്ക് അഭിമാനത്തിന് വക നൽകുന്നതാണ്.

ഇതിനായി യത്നിച്ച എല്ലാപേരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. 1957മുതൽ കേരളം ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകി വന്നു. ബജറ്റുകളുടെ പ്രമുഖ പങ്ക് ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കായിരുന്നു. ആരോഗ്യ മേഖലയിൽ വമ്പൻ വളർച്ചയാണ് അതുമൂലം ഉണ്ടായത്. എൺപതുകൾ വരെയും തുടർന്ന ആ സ്ഥിതിക്ക് മാറ്റമുണ്ടായത് ആഗോളവല്ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു. ആരോഗ്യമേഖലയെ കയ്യൊഴിഞ്ഞ ആഗോളവല്ക്കരണ നയങ്ങൾ തെറ്റായിരുന്നു എന്ന് എല്ലാവർക്കും ഇപ്പോൾ ബാധ്യപ്പെടുന്നുണ്ട്. അതിനായി കൊറോണയും പതിനായിരങ്ങളുടെ മരണവും വേണ്ടി വന്നു. നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നയങ്ങൾ തിരുത്തണമെന്ന് — നാം പറഞ്ഞേ മതിയാവു. പണമുള്ളവർക്കുമാത്രം ചികിത്സ എന്ന മുദ്രാവാക്യവുമായി ആരോഗ്യവ്യവസായവും മരുന്നു മാഫിയകളും സ്വകാര്യഇൻഷുറൻസ് കമ്പനികളും തഴച്ചു വളരുന്ന സാമ്രാജ്യത്വ ആഗോളവല്ക്കരണത്തിന്റെ കാലത്ത് അതിന്റെ തലതൊട്ടപ്പനായ ട്രംപും ഈ നയങ്ങളെ പഞ്ചപുച്ഛമടക്കി അനുസരിക്കുന്ന മോഡിയും വരെ ഏറെ തിരുത്താനുണ്ടെന്ന് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആരോഗ്യം മൗലിക അവകാശമാണെന്നും പറയുന്നത്.

ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയർത്താൻ ഉതകുന്ന നയങ്ങളും പരിപാടികളും ഉണ്ടാവണം. അതാണ് കേരളം ഇപ്പോൾ കാഴ്ചവെക്കുന്നത്. സ്വന്തം ജനതയുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന നൽകാൻ രാജ്യത്തിന്റെ ഭരണാധികാരികൾ തയ്യാറായേ മതിയാവൂ. അത് വാചകകസർത്തിലും റേഡിയോ ഭാഷണങ്ങളിലുമല്ല, ബഡ്ജറ്റിലും തുടർന്നുള്ള പ്രവർത്തിയിലും പ്രതിഫലിക്കണം. നിർമ്മലാ സീതാരാമൻ കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രതിരോധത്തിന് നീക്കിവച്ചിരിക്കുന്നത് 4,47,378 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 40,367 കോടി വർധനവുമുണ്ട്. എന്നാൽ ആരോഗ്യമേഖലയ്ക്ക് നീക്കി വച്ചിരിക്കുന്നതാവട്ടെ 69,000 കോടി രൂപയും. സർക്കാരിന്റെ താല്പര്യം പ്രതിഫലിപ്പിക്കുന്ന കണക്കാണിത്. ആയുധങ്ങൾ കുന്നുകൂട്ടാനായി യുദ്ധഭീതി പരത്തുകയും പ്രതിരോധത്തിനും സുരക്ഷിതത്വത്തിനുമെന്ന പേരിൽ കോടികൾ ചെലവഴിക്കുകയും ചെയ്യുന്ന രീതികൾക്ക് വിട പറഞ്ഞേ മതിയാവൂ. ആയുധ വ്യാപാരത്തിന്റെ അഴിമതിക്കണ്ണികൾ മുറിച്ച് പൊതുജനാരോഗ്യത്തിന്റെ കണ്ണികളെ ബലപ്പെടുത്തുവാൻ കരുത്തുറ്റ ഇടപെടലുകൾ രാജ്യവും ജനതയും ആവശ്യപ്പെടുന്നുണ്ട്. ജനതക്കായി, ആരോഗ്യത്തിനായി, രാജ്യത്തിനായി നമുക്ക് കണ്ണികളാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.