നമ്മുടെ ആരോഗ്യത്തിനായി ഒത്തൊരുമിക്കാം

Web Desk
Posted on May 09, 2019, 10:34 pm

ആരോഗ്യ ജാഗ്രത 2019 മെയ് 11, 12 തീയതികളില്‍ മഹാശുചീകരണ യജ്ഞം

പകര്‍ച്ചവ്യാധി നിയന്ത്രണവും ശുചിത്വപരിപാലനവും ഓരോ പൗരന്റേയും ഉത്തരവാദിത്വമായി ഏറ്റെടുത്താല്‍ മാത്രമേ നമുക്ക് കേരളത്തെ മഹാവിപത്തുകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയും ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളും കാരണം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെടാറുണ്ട്. നല്ല ജനസാന്ദ്രതയുള്ളതും ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ സംസ്ഥാനമാണ് കേരളം. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ അനുഭവവും അതാണ്. പ്രാണിജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പല ഭാഗത്തായി ഉണ്ടായിട്ടുണ്ട്. ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, ചെള്ളുപനി, കുരങ്ങുപനി, മലേറിയ, മഞ്ഞപ്പിത്തം, ഡിഫ്ത്തീരിയ തുടങ്ങി ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണമായി മാറാവുന്ന രോഗങ്ങളാണ് നമ്മെ പിടികൂടുന്നത്. ഇതിനിടയില്‍ അപൂര്‍വമായാണെങ്കിലും നിപ, വെസ്റ്റ് നൈല്‍ ഫീവര്‍ തുടങ്ങിയവയും നമ്മെ ആക്രമിച്ചിട്ടുണ്ട്. പരിസര ശുചീകരണവും രോഗകാരികളായ സൂക്ഷ്മജീവികളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. വിപുലമായ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വളരെ അത്യാവശ്യമാണ്.
പകര്‍ച്ചവ്യാധി മരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയാണ് ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍. 2018 ജനുവരിയിലാണ് സമഗ്രമായ ആരോഗ്യ ജാഗ്രത പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിന് മുന്‍പും മഴക്കാല പൂര്‍വ ശുചീകരണവും ഉറവിട നശീകരണവും നടത്താറുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടായില്ല. വൈറസുകളെ വഹിക്കുന്ന കൊതുകുകള്‍ വളര്‍ന്ന് വരാനും ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ വ്യാപിക്കാനും ചെറിയ കാലയളവ് മതിയാകും. അതിനാല്‍ വര്‍ഷം മുഴുവനും നാം കരുതലോടെയിരിക്കണം. ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ പ്രധാന സന്ദേശം പ്രതിദിനം പ്രതിരോധം എന്നതാണ്. 2018ല്‍ ഈ ക്യാമ്പയിന്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഓഖി, പ്രളയം, നിപ രോഗബാധ തുടങ്ങിയവ നമുക്ക് മുന്നില്‍ വീണ്ടും വലിയ വെല്ലുവിളിയായി. നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ഊര്‍ജസ്വലമായി നടത്താന്‍ കഴിഞ്ഞതുകൊണ്ടാണ് മേല്‍പ്പറഞ്ഞ ദുരന്തങ്ങളുടെ ഭാഗമായി ആരോഗ്യ മേഖല നേരിടേണ്ടിവരുമായിരുന്ന കടുത്ത പകര്‍ച്ചവ്യാധി ബാധയെ നമുക്ക് ചെറുക്കാന്‍ കഴിഞ്ഞത്. ഇത്തവണത്തെ മഴക്കാലം ആരംഭിക്കുന്നതോടെ വീണ്ടും പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകുമോ എന്ന് നാം ഭയപ്പെടുന്നുണ്ട്. 2019ലെ ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സൂചിപ്പിച്ചത് മുന്‍ വര്‍ഷത്തെക്കാള്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം എന്നാണ്. ഇതിനായി വിവിധ വകുപ്പുകളുടെ തലവന്‍മാരെ പങ്കെടുപ്പിച്ച് ഒരു യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയുണ്ടായി.
ആരോഗ്യ ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഓരോ പഞ്ചായത്തിലേയും വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികള്‍ സജീവമാക്കുക എന്നതാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യങ്ങള്‍ കൃത്യമായും പാലിക്കണം. വാര്‍ഡുകളില്‍ 25 വീടുകള്‍ക്ക് ഒരു ആരോഗ്യ സേന (ശുചിത്വ സ്‌ക്വാഡ്) എന്ന നിലയില്‍ രൂപീകരിക്കണം. ആരോഗ്യ സേന അംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, തോട്ടങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശിക്കുകയും അവയുടെ മാപ്പ് തയാറാക്കുകയും കൊതുകിന്റെ ഉറവിട നശീകരണം, മാലിന്യ സംസ്‌കരണം, ശുദ്ധജല ലഭ്യത, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കുകയും വേണം. പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും വേണം. കൊതുക് ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. തീരദേശ മേഖലകള്‍, ആദിവാസി മേഖലകള്‍, ചേരി പ്രദേശങ്ങള്‍, ആക്രി കടകള്‍, തൊഴിലാളികള്‍ കൂട്ടമായി പാര്‍ക്കുന്ന ഇടങ്ങള്‍, ടയര്‍ റിപ്പയറിംഗ് സെന്ററുകള്‍, ഗ്യാരേജുകള്‍, ജലം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ തുടങ്ങിയ എല്ലായിടത്തും ശ്രദ്ധ വേണം. തോട്ടങ്ങള്‍ പ്രത്യേക നിരീഷണ വിധേയമാക്കുകയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തോട്ടമുടമകളെ വിളിച്ചുവരുത്തി കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും വേണം.
വിവിധ വകുപ്പുകളുടെ ഏകോപനം വഴി പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍, വാഹനങ്ങള്‍, മനുഷ്യവിഭശേഷി എന്നിവ ഉറപ്പാക്കണം. ആരോഗ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഓരോ ദിവസവും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുകയും ഓരോ ആഴ്ചയും വാര്‍ഡുതല സമിതി ചേര്‍ന്ന് അവലോകനം നടത്തി പഞ്ചായത്തിലേക്കും ആരോഗ്യ സ്ഥാപനങ്ങളിലേക്കും വിവരം റിപ്പോര്‍ട്ട് ചെയ്യുകയും വേണം. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കും സ്വന്തം വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരം വൃത്തിഹീനമായി ഇടുന്നവര്‍ക്കെതിരെ പബ്ലിക് ഹെല്‍ത്ത് ആക്ട് അനുസരിച്ചും പഞ്ചായത്തീരാജനുസരിച്ചും നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അവകാശമുണ്ടെന്ന കാര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം.
മഴക്കാലപൂര്‍വ ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്നതോടൊപ്പം വിവിധ പകര്‍ച്ചവ്യാധികളെ നേരിടേണ്ടതിന് ആശുപത്രികളേയും സജ്ജമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രി മാത്രമല്ല സ്വകാര്യ ആശുപത്രികളും ഈ പ്രവര്‍ത്തനത്തില്‍ ഒരേപോലെ പങ്കാളികളാകണം. ഇതിനുവേണ്ടി സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളിലേയും ആശുപത്രികളിലേയും സൂപ്രണ്ടുമാരുടേയും മറ്റു ഭാരവാഹികളുടേയും യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുകയും രോഗ വിവരങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഏകീകൃത നെറ്റുവര്‍ക്കിംഗ് സംവിധാനം സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പകര്‍ച്ച വ്യാധികളുടെ കണക്ക് മാത്രമാണ് നമുക്ക് ലഭ്യമാകാറ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വകാര്യ ആശുപത്രികളില്‍ നിന്ന് കണക്കുകള്‍ ശേഖരിക്കുന്നതിനും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.
കണക്കുകളുടെ എണ്ണം കൂടുന്നതിനല്ല അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ വരുമ്പോള്‍ അശ്രദ്ധയുടെ ഭാഗമായി മരണകാരണമായി മാറുന്നതിലാണ് നമുക്ക് ഉല്‍ക്കണ്ഠയുണ്ടാകേണ്ടത്. ആയതിനാല്‍ രോഗലക്ഷണം കാണുമ്പോള്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയെ സമീപിക്കാനും ചികിത്സ തേടാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും തയാറാകണം.
ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിശീലന പരിപാടികളാണ് പ്രൈമറി തലം മുതല്‍ സംസ്ഥാനതലം വരെ നടന്നുവരുന്നത്. ഓരോ ആശുപത്രിയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയും പരിസരവും പൂര്‍ണമായും വൃത്തിയായി സൂക്ഷിക്കണം. ജീവനക്കാരുടെ എണ്ണം കുറവുള്ള ഇടങ്ങളില്‍ ആശുപത്രി വികസന സമിതി വഴി നിയമിച്ചും പൊതുജനങ്ങളുടെ സന്നദ്ധ സേവനം വഴിയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. രോഗികളും അവരുടെ ബന്ധുക്കളും ജീവനക്കാരോടൊപ്പം ആശുപത്രിക്കകത്ത് ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ സഹകരിക്കണം. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടങ്ങളില്‍ മാത്രം അവ നിക്ഷേപിക്കുകയും അവര്‍ ശുചിത്വ ശീലങ്ങള്‍ നിര്‍ബന്ധമായും പിന്‍തുടരുകയും വേണം. രോഗിയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ കൂട്ടത്തോടെ വരുന്ന സ്വഭാവം കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഇത് ചിലപ്പോള്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നതിനും ആശുപത്രിയില്‍ അണുബാധയുണ്ടാകുന്നതിനും കാരണമായേക്കാം. ആയതിനാല്‍ സന്ദര്‍ശന സമയം കൃത്യമായി പാലിക്കാനും അനാവശ്യമായി കൂട്ടത്തോടെ ആശുപത്രിയില്‍ ചെല്ലാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിസഭായോഗത്തില്‍ വച്ച് മന്ത്രിമാര്‍ക്ക് ഓരോ ജില്ലയുടെ ചുമതല നല്‍കി. അവരുടെ നേതൃത്വത്തില്‍ മെയ് മൂന്ന്, നാല് തീയതികളില്‍ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി മഹാശുചീകണ യജ്ഞം നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം പ്ലാന്‍ ചെയ്യണം. സ്‌കൂളുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഉത്തരവാദിത്തമേറ്റെടുക്കണം. ജലസ്രോതസുകളും മറ്റും മാലിന്യമുക്തമെന്ന് ഉറപ്പു വരുത്തണം. ഇടയ്ക്കിടെ ഡ്രൈ ഡേ ആചരിക്കണം. ഓരോ വാര്‍ഡും ഇതിന് ഉത്തരവാദിത്തമേറ്റെടുത്താല്‍ കേരളത്തില്‍ നിന്നും പകര്‍ച്ച വ്യാധികളെ തുരത്തിയോടിക്കാന്‍ നമുക്ക് സാധിക്കും. പകര്‍ച്ച വ്യാധികള്‍ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.