മൂല്യമുയര്‍ത്തേണ്ടുന്ന ഉന്നത വിദ്യാഭ്യാസം

Web Desk
Posted on September 21, 2019, 10:35 pm

പ്രൊഫ. മോഹന്‍ദാസ്

ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ആനുകാലികത്തില്‍ പഠനം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, നവീനമായ ഒരു പരിഷ്‌കരണ പ്രവര്‍ത്തനമെങ്കിലും കണ്ടെത്തുക പ്രയാസമേറിയ കാര്യമാണെന്നതാണ് വസ്തുത. കാവിവല്‍ക്കരണ പ്രക്രിയ ഭാരത ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഒരു തീരാവ്യാധിപോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നതുതന്നെ അബദ്ധമെന്ന് പറയേണ്ടിവരും.

സാംസ്‌കാരിക വിദ്യാഭ്യാസമേഖല നൂറ്റാണ്ടുകള്‍ പിറകിലേക്ക് അറിഞ്ഞോ, അറിയാതെയോ വലിച്ചിഴക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് രാജ്യത്തുള്ളത്. ഫാസിസത്തിന്റെ മേമ്പൊടി ചേര്‍ത്ത് വികസന, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, നമുക്ക് നഷ്ടപ്പെടുന്നത് ഇനിയൊരു നൂറ് വര്‍ഷക്കാലം കഴിഞ്ഞാലും, തിരികെ ലഭിക്കുന്നതിന് സാധ്യതയില്ലാത്തതാണെന്ന തിരിച്ചറിവ്, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, വിദ്യാഭ്യാസരംഗത്തെ വിചക്ഷണന്മാരും, ബോധപൂര്‍വം വിസ്മരിക്കുന്നതോ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ മിഴികള്‍ പൂട്ടി, മിണ്ടാതിരിക്കുന്നതോ എന്ന് സംശയിക്കേണ്ട സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

രാമായണത്തിലെ ആകാശ വിമാനത്തിലേക്കും, വാനരപ്പടയുടെ ശാസ്ത്രവിജ്ഞാനത്തിലേക്കും ആണ്ടണ്ടധുനിക ഭാരതീയരെ കൊണ്ടുപോകുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇന്ന് രാജ്യത്തുടനീളം നടക്കുന്നത് എന്ന് നിഷ്പക്ഷമതികള്‍ ആരും സമ്മതിക്കും. ഫാസിസത്തിന്റെ വിത്തുകള്‍. ഇന്ത്യയിലുടനീളം വിതച്ച് സത്യത്തെ തമസ്‌കരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഉചിതമായ പ്രതികരണങ്ങളുടെയും പ്രകടമായ പ്രതിഷേധങ്ങളുടെയും അഭാവത്തില്‍ വിദ്യാഭ്യാസ ആര്‍ജവത്തിനായി വളര്‍ന്നുവരുന്ന തലമുറ തെറ്റിദ്ധരിക്കപ്പെടുവാനും തദ്വാര സാംസ്‌കാരിക പൈതൃകത്തിന്റെ അജ്ഞതയിലേക്ക് വഴുതിവീഴുവാനും ഇടയായേക്കും.

ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തില്‍ പുതിയതായി പറയുവാനോ, ചര്‍ച്ച ചെയ്യുവാനോ ഒന്നുംതന്നെയില്ലാത്ത, ഒരുതരം ശൂന്യതയാണ് അനുഭവപ്പെടുന്നത്. ഈ മേഖലയിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും സമാന സ്വഭാവത്തോടെയുള്ളതാണെന്ന് തോന്നുന്നില്ല. ഇണ്ടവ രണ്ടും വൈവിധ്യത്തിലധിഷ്ഠിതമായ രണ്ട് വിഭാഗമാണെന്നതില്‍ തര്‍ക്കമില്ല. അറിവിന്റെ മെത്‌ഡോളജിയെക്കുറിച്ചോ, തിയറിയെക്കുറിച്ചോ, മൂല്യത്തെക്കുറിച്ചോ, വ്യാപ്തിയെക്കുറിച്ചോ, ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. എന്നാണ്ടല്‍ ഈ മേഖലയില്‍ നടപ്പില്‍ വരുത്തേണ്ട, മുന്‍പറഞ്ഞ ഘടകങ്ങളുടെ പ്രായോഗികതയിലാണ് ആര്‍ക്കും സംശയം ഉയരുന്നത്. ഇവയുടെ നടത്തിപ്പിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം! അവിടെയാണ് വിദ്യാഭ്യാസമേഖല പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതും, വെല്ലുവിളികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതും. ഉന്നത വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്ന മാറ്റം എന്താണെന്നും ഈ മേഖല നേരിടുന്ന സങ്കീര്‍ണവും പ്രധാനപ്പെട്ടതുമായ വെല്ലുവിളികള്‍ എന്തെല്ലാമാണെന്നും വ്യക്തമായ ദിശാബോധത്തോടെ ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്ന ആരെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തുവാന്‍ നമുക്കാവില്ല. ഫാസിസത്തിന്റെ ഉരുക്കുചക്രങ്ങളില്‍ ചമതഞ്ഞരയുമെന്ന ഭീതിമൂലമോ രാഷ്ട്രീയ പക്ഷപാതിത്ത്വത്തിന്റെ അതിപ്രസരത്താലോ, അജ്ഞതയും മൗനവും നടിക്കുന്നവരായ ‘ജീനിയസുകള്‍’ നമുക്കിടയിലുണ്ടെന്നതും സത്യമാണ്. പ്രവര്‍ത്തിന്മുഖ പ്രവര്‍ത്തികളാണ് യഥാര്‍ഥത്തില്‍ ഇന്ന് ഇന്ത്യന്‍ വിദ്യാഭ്യാസരംഗം ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. നിശ്ചലമായി കിടക്കുന്ന തടാകംപോലെയായി മാറിയിരിക്കുന്നു ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖല.

ഈ അവസരത്തില്‍ നമ്മുടെ വിദ്യാഭ്യാസമേഖല നേരിടുന്നത് ഗുരുതരമായ അനവധി പ്രശ്‌നങ്ങളാണ്. വിദ്യാഭ്യാസമേഖലയുടെ പ്രാപ്തി, ഫ്‌ളെക്‌സിബിലിറ്റി, ഗുണമേന്‍മ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളില്‍പ്പെട്ട് നേരായ ദിശാബോധം ലഭിക്കാതെ, മുന്നോട്ടു നീങ്ങാനാകാതെ, ഇരുളില്‍ തപ്പിത്തടയുകയാണ് നമ്മുടെ വിദ്യാഭ്യാസം. പ്രശ്‌നങ്ങള്‍ ഇതൊക്കെയാണെങ്കിലും, ഒറ്റ ദിവസംകൊണ്ടോ, കുറേ മാസങ്ങള്‍കൊണ്ടോ പരിഹരിക്കപ്പെടാവുന്നവയല്ല ഇത്. ഇതിന് പറ്റിയ ഒറ്റമൂലിയോ, മാന്ത്രിക വിദ്യകളോ നമ്മുടെ കയ്യിലില്ല എന്ന വാസ്തവവും നാം മനസിലാക്കേണ്ടതുണ്ട്.

പരിഹാരക്രിയകള്‍ക്കാവശ്യമായതെല്ലാം, എവിടെ നിന്നെല്ലാം ലഭിക്കാമോ, അവയെല്ലാം രണ്ടു കയ്യും നീട്ടി നാം സ്വീകരിക്കേണ്ടതുണ്ട്. ആശയപരതയില്‍ ഊന്നിനില്‍ക്കുന്നതിനു പകരം, പ്രായോഗികവും, സത്യസന്ധവും ആയ ആശയസ്വീകരണവും, പ്രവര്‍ത്തിന്മുഖ പരിവര്‍ത്തന പ്രവര്‍ത്തനവും ഏറ്റവും അത്യാവശ്യമായ ഒരു കാലഘട്ടമാണ് ഇന്ന്. ആഭ്യന്തര വിദ്യാര്‍ഥിസമൂഹത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന വ്യാപ്തിയോ അതോടൊപ്പം ആവശ്യക്കാര്‍ക്കെല്ലാം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളോ, വിദ്യാഭ്യാസമേഖല വലിയ നേട്ടങ്ങള്‍ കൈവരിച്ചു എന്ന് അവകാശപ്പെടുന്ന നമുക്ക് സജ്ജമാക്കുവാന്‍ സാധിച്ചുവോ എന്ന ഒരു ആത്മവിമര്‍ശനം ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. മുന്നൂറ്റി അന്‍പതോളം സര്‍വകലാശാലകളിലായി രാജ്യത്താകമാനം ഒരു വലിയ അളവില്‍ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് നടക്കുന്നുണ്ടെങ്കിലും ഇനിയും സാര്‍വത്രിക വിദ്യാഭ്യാസ അവകാശം ലഭിക്കാത്തവര്‍ ഒട്ടനവധി നമ്മുടെ നാട്ടിലുണ്ട്. വേണ്ടത്ര ചോയ്‌സ് കുട്ടികള്‍ക്ക് നല്‍കാതെ തികച്ചും സങ്കുചിതമായതും അതികൃത്യതയുള്ളതും ഒട്ടും വഴങ്ങാത്തതുമായ ഒരു ബിരുദപഠന സമ്പ്രദായമാണ് ഇന്ന് നാം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

പഴയകാലത്ത് ‘തുച്ഛവരുമാനമായിരുന്നു അധ്യാപകര്‍ക്കെങ്കിലും പ്രതിബദ്ധത അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയായിരുന്നു. വരുമാനമോ, ശമ്പളമോ ആയിരുന്നില്ല അന്നത്തെ അധ്യാപകരെ നയിച്ചിരുന്നത്.

സമൂഹത്തിന് പ്രയോജനപ്പെടുന്ന, സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവതയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതില്‍നിന്നൊക്കെ എത്രയോ മാറിപോയിരിക്കുന്നു ഇന്നത്തെ അധ്യാപക സമൂഹത്തിന്റെ മനോഭാവം. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുവാന്‍ തയാറായിട്ടും ഒരു യഥാര്‍ഥ അധ്യാപകനെ കണ്ടെത്തുവാന്‍ നമുക്ക് സാധിക്കുന്നില്ല.
വിദ്യാഭ്യാസമല്ല, പരാജയപ്പെടുന്നതെന്നും, വിദ്യാലയങ്ങളാണ് ഈ മൂല്യച്യുതിക്ക് ഉത്തരവാദികളെന്നും ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും നമുക്കിടയിലുണ്ട്. വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസത്തെ വിട്ടുനല്‍കുന്നത് വിദ്യാഭ്യാസത്തിന്റെ ദിശാബോധത്തിന് നിരക്കുന്നില്ല എന്നാണ് ഇക്കൂട്ടരുടെ വാദഗതി. അനുകൂല സാഹചര്യങ്ങളും സൗകര്യപ്രദമായ ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കൊടുത്താലും വിദ്യാഭ്യാസത്തെ പൂര്‍ണമായും വിദ്യാലയങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു രീതി അഭികാമ്യമല്ല എന്നാണ് പല ചിന്തകന്‍മാരുടെയും അഭിപ്രായം.

അടച്ചിട്ട നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് ആര്‍ജ്ജിക്കാവുന്ന അറിവിന് അതിന്റേതായ പരിമിതികള്‍ ഉണ്ട് എന്ന് നാം മനസിലാക്കേണ്ടതുണ്ട്. എന്നു കരുതി വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലുള്ള പങ്കിനെ കുറച്ചുകാണുവാന്‍ കഴിയുകയില്ല. നവീന വിജ്ഞാന വിസ്‌ഫോടനത്തോടൊപ്പം ഒരു പുതിയ മനോഭാവം മനുഷ്യനില്‍ സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസത്തിന് കഴിയുന്നില്ല എന്ന ഒരു വിമര്‍ശനം ഈയിടെയായി ഉയര്‍ന്നുവരുന്നുണ്ട്. ഇതില്‍ സത്യത്തിന്റെ കണികകള്‍ കാണുകയും ചെയ്യാം. വിജ്ഞാനം ജ്ഞാനത്തില്‍ പര്യവസാനിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്.

ഇന്ത്യയിലും വിദ്യാഭ്യാസമേഖല മേല്‍പറഞ്ഞ അവസ്ഥയില്‍ നിന്നും ഒട്ടും ഭിന്നമല്ല. നമ്മുടെ വിദ്യാഭ്യാസം ഒരു പരിധിവരെ ഭൗതികസൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നുണ്ട് എങ്കിലും, അക്കാദമിക നിലവാരത്തില്‍ ഒട്ടും ആശാസ്യമായ നിലയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യയും മറ്റ് രാജ്യങ്ങളിലെപോലെ മികച്ച ഒരു സാമ്പത്തിക ശക്തിയായി ഉയരുന്നതിന് ഉതകുന്ന വിധത്തിലുള്ള വിദ്യാഭ്യാസം യുവാക്കള്‍ക്ക് നല്‍കുവാന്‍ പര്യാപ്തമായിട്ടില്ല. ഈ ഒരു രംഗത്തേക്ക് നാം എന്ന് എത്തിച്ചേരുമെന്നുള്ളത് ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. ഇതിലേക്ക് കടന്നുവരുന്നതിനുള്ള പ്രാഥമികമായ ആവശ്യകത എന്നു പറയുന്നത് വിദ്യാഭ്യാസ മേഖല നല്‍കുന്ന കാലിക പ്രസക്തിയും, എക്‌സലന്‍സും ഉറച്ച അടിത്തറയുമാണ്. ഈ ഘട്ടത്തിലാണ് അധ്യാപകരുടെ പരിശീലനത്തിന്റെയും ഗവേഷണപ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യമേറുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്രയൊക്കെ സ്ഥാപിക്കപ്പെട്ടിട്ടും അവയുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടായിട്ടും ഇന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ കാണുന്ന വിദ്യാര്‍ത്ഥികളുടെ നീണ്ട നിര തന്നെ ഈ മേഖലയിലെ കപ്പാസിറ്റി കുറവിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലാണ് ഏറ്റവും വലിയ ‘ക്യൂ’ കാണുന്നത്. ഈ സ്ഥാപനങ്ങള്‍ എല്ലാം ഒരുപോലെ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് എന്ന് കരുതിയാലും, ഇത്തരം സ്ഥാപനങ്ങള്‍ പണ്ടേ നേടിയെടുത്തിട്ടുള്ള ‘ഗുഡ് വില്‍’ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള ശക്തി വര്‍ധിപ്പിക്കേണ്ടത് നാടിന് അത്യാവശ്യമായിരിക്കുന്നു. ദേശീയ നോളഡ്ജ് കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു കാലഘട്ടത്തില്‍ കുറഞ്ഞത് അന്‍പത് സര്‍വകലാശാലകളെങ്കിലും സ്ഥാപിക്കപ്പെട്ടെങ്കില്‍ മാത്രമേ ആവശ്യക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. ഇതിനൊക്കെ ആവശ്യമായി വരുന്ന ഫണ്ട് കണ്ടെത്തി നല്‍കേണ്ടതും അവ സുതാര്യമായി ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പിക്കേണ്ടതും ഭരണകൂടങ്ങളുടെ ചുമതലയാണ്. ഇന്ന് വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കപ്പെടുന്ന തുക തുലോം തുച്ഛമാണ്. മൊത്തം ജിഡിപിയുടെ 0. 7 ശതമാനം മാത്രമാണ് ഇന്ന് വിദ്യാഭ്യാസ മേഖലക്കായി മാറ്റിവയ്ക്കപ്പെടുന്നത്. ഈ തുക തികച്ചും അപര്യാപ്തമാണ് എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ സര്‍ക്കാരുകളെ മാത്രം ആശ്രയിക്കുന്നതും ആശാസ്യമായിരിക്കില്ല. അലുംമിനി പോലുള്ള സംഘടനകളും തനതായ ഫണ്ട് ശേഖരണത്തിന് പ്രാപ്തിയുള്ള വിദ്യാലയങ്ങളും വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് അതിലൂടെയും, സാമ്പത്തിക ഉറവിടം വ്യാപ്തമാക്കുവാന്‍ കഴിയുമ്പോഴാണ് ഫണ്ടിന്റെ അപര്യാപ്തത കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളു. അത്തരത്തില്‍ സാമ്പത്തിക സ്വയംപര്യാപ്തത നേടുമ്പോള്‍, മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുവാന്‍ കഴിയുംവിധം സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ കഴിയും.

വരുംനാളുകളിലെ വെല്ലുവിളി എന്നു പറയുന്നത് ഉയര്‍ന്ന ഗുണനിലവാരത്തിന്റെയും വൈശിഷ്ട്യത്തിന്റെയും നൈപുണിയുടെയും സ്ഥാപനങ്ങളായി വിദ്യാലയങ്ങളെ എങ്ങനെ വളര്‍ത്താം എന്നുള്ളതാണ്. വരും കാലഘട്ടങ്ങള്‍ ആവശ്യപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള ശേഷിയും വഴക്കവും നേടിയെടുക്കുന്നതിന് സഹായിക്കുന്ന സ്ഥാപനങ്ങളായി വിദ്യാലയങ്ങള്‍ വളരേണ്ടതുണ്ട്. ഇവിടെ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം വിശ്വാസ്യത സ്വയം പടുത്തുയര്‍ത്തുക എന്നതാണ്. ഇന്ന് വിദ്യാഭ്യാസം കൂടുതലും വിപണിവല്‍ക്കരിക്കപ്പെടുകയാണ്.
വെറും ഇടപാടുകാരെയോ, ഉപഭോക്താക്കളെ പോലെയോ അവനവന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

സര്‍വകലാശാലകളും കോളജുകളും വ്യവസായസ്ഥാപനങ്ങളുമായി കൈകോര്‍ത്തുകൊണ്ടുള്ള ഒരു നവീന സംസ്‌കാരത്തിന് രൂപംനല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും. ഇതിനൊക്കെ സര്‍വകലാശാലകളും കോളജുകളും ഘടനാപരമായ മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. ഇത്തരത്തിലൊക്കെ പുനഃസംഘാടനവും പുനര്‍നിര്‍മിതിയും ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തുവാന്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ മുന്നോട്ടുവരികയാണ് ഇന്നത്തെ ആവശ്യം.