26 March 2024, Tuesday

നിയമം തന്നെ രാജ്യദ്രോഹമായാല്‍ പൗരന് നീതി ലഭിക്കുന്നതെങ്ങനെ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 22, 2021 4:45 am

2021 ഓഗസ്റ്റ് 29ന് രാജ്യത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. സുപ്രീം കോടതിയുടെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധേയമായൊരു പ്രസംഗത്തിലെ ഏതാനും പരാമര്‍ശങ്ങളായിരുന്നു ഈ വാര്‍ത്തയുടെ ഉള്ളടക്കം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങളുടെ കൂട്ടത്തില്‍ ആദ്യം ലേഖകന്റെ ശ്രദ്ധയില്‍ വന്നത് ‘ദി ഹിന്ദു’ ദിനപത്രത്തിലേതാണ്. വാര്‍ത്തയുടെ പ്രധാന തലവാചകം “ജനാധിപത്യവും സത്യവും ഒന്നിച്ചുപോകണം” എന്നും ഉപതലവാചകം “സത്യം തുറന്നു പറയാന്‍ കഴിയുമെങ്കില്‍, ഏകാധിപത്യത്തെ ഒഴിവാക്കാം” എന്നുമായിരുന്നു. അധികാരത്തിലിരിക്കുന്നത് ആരുതന്നെ ആയിരുന്നാലും അത് ഒരു ‘സാമ്രാജ്യത്വശക്തി‘യായിരുന്നാലും ’ സര്‍വാധികാരങ്ങളുള്ള ഒരു ഭരണകൂട’മായിരുന്നാലും സത്യം തുറന്നുപറയപ്പെടേണ്ടത് അനിവാര്യമാണ്.  ജനാധിപത്യം നിലനില്ക്കണമെങ്കില്‍ സത്യം പുലരേണ്ടത് ഒഴിച്ചുകൂടാത്തതുമാണ്.

ഈ കാര്യത്തില്‍ അധികാര സ്ഥാനത്തിരിക്കുന്നവരെ ബോധവാന്മാരാക്കേണ്ട ചുമതല ഓരോ പൗരനിലും നിക്ഷിപ്തവുമാണ് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വെട്ടിത്തുറന്ന് അഭിപ്രായപ്പെട്ടത് ന്യൂഡല്‍ഹിയില്‍ നടന്ന ആറാമത് എം സി ഛഗ്ല അനുസ്മരണ പ്രഭാഷണത്തിന്റെ ഭാഗമായിട്ടാണെന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിനും ഏതാനും ചില സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ബിജെപി ഇതര സര്‍ക്കാരുകള്‍ക്കും എതിരായിട്ടാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഭരണകൂടത്തിന്റെ നുണകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിനും പൊതുസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും തയ്യാറാവണം. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തെറ്റായ ചെയ്തികളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശം ഉറപ്പാക്കാനായാല്‍ ജനാധിപത്യം വിജയിച്ചിരിക്കുന്നു എന്ന് അവകാശപ്പെടാനും കഴിയും. ഇത്തരമൊരു പശ്ചാത്തലം കണക്കില്‍പ്പെടുത്താത്തതിനാലാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഒരു ‘ട്രൂത്ത് കമ്മിഷന്‍’ ആയി പ്രവര്‍ത്തനം നടത്തിവരുന്നത് എന്ന് അവകാശപ്പെടാനും ജസ്റ്റിസ് ചന്ദ്രചൂഡ് തയ്യാറായി.

 


ഇതുകൂടി വായിക്കു: സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല


 

അതേസമയം ഏകാധിപത്യ സര്‍ക്കാരുകള്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ നിരന്തരം കള്ളങ്ങളെ ആശ്രയിക്കുകയും അവയ്ക്ക് വ്യാപകമായ പ്രചരണം നല്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധയില്‍പ്പെടുകയോ ആരെങ്കിലും അത് പെടുത്തുകയോ ചെയ്താല്‍ അതിനെതിരെ അതിശക്തമായ നടപടികളെടുക്കുന്നതിന് ബഹുമാനപ്പെട്ട നീതിപീഠത്തിന്റെ കൃത്യവും ശക്തവുമായ ഇടപെടല്‍ ഉണ്ടാകുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഭരണാധികാരികള്‍ ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നൊരു സ്ഥിതിവിശേഷമാണ് ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നിലവിലിരിക്കുന്നത്. സ്വാതന്ത്ര്യം നേടി​യതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രത്തിലെ മോഡി സര്‍ക്കാര്‍ സ്വതന്ത്ര ഭാരതത്തെ ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പൗരാവകാശങ്ങളുടെയും ഒരു കശാപ്പുശാലയാക്കി മാറ്റുന്ന പ്രക്രിയയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

പെന്റഗണ്‍ രേഖകള്‍ പുറത്തുവരുന്നതുവരെ വിയറ്റ്നാം യുദ്ധത്തില്‍ യു എസ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ പങ്കെന്തെന്ന് പൊതുജനം അറിഞ്ഞിരുന്നില്ല. പെഗാസസിന്റെ കാര്യത്തില്‍ മോഡി സര്‍ക്കാര്‍ നടത്തിവരുന്ന ഒളിച്ചുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നാളിതുവരെയുള്ള സമീപനം ഒരു പരിധിവരെ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്, സംശയമില്ല! എന്നാല്‍, ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്നത് ഇന്നും അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരിക്കുന്നതുപോലെ സത്യം എന്നത് ഒന്നു മാത്രമേയുള്ളു. വ്യക്തികള്‍ തമ്മില്‍ ഇതിന് വേര്‍തിരിവില്ല. എന്നാല്‍, ഇന്ത്യന്‍ സമൂഹത്തില്‍ കാണപ്പെടുന്ന അസുഖകരമായൊരു പ്രവണത സത്യത്തോടുള്ള സമീപനത്തില്‍ വസ്തുനിഷ്ഠത അനിവാര്യമാണെന്നിരിക്കെ പലപ്പോഴും വ്യക്തിതാല്പര്യങ്ങള്‍ ഇതില്‍ കടന്നുവരാറുണ്ടെന്നതും ഒരു വസ്തുതയായി അംഗീകരിക്കാതെ തരമില്ല. ശരി എന്നതിനോടുള്ള നമ്മുടെ സമീപനത്തിലും ഇത്തരം വേര്‍തിരിവുകള്‍ കാണുന്നു എന്നത് ആശങ്കാജനകമാണെന്നതിലും തര്‍ക്കമില്ല.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വെട്ടിത്തുറന്നുള്ള വാക്കുകള്‍ വഴിയുള്ള അഭിപ്രായ പ്രകടനം ഉദ്ദേശിച്ച ഫലം ചെയ്യുമോ എന്നറിയില്ല. സാമൂഹിക, സാമ്പത്തിക, സാമുദായിക, മതവിശ്വാസ മേഖലകളില്‍ ആകത്തന്നെ ആഗോളതലത്തില്‍ ഭിന്നതകളും വൈജാത്യങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലുകളും മൂര്‍ച്ഛിച്ചുവന്നപ്പോള്‍ പോലും സ്വതന്ത്ര ഭാരതത്തിന് അപൂര്‍വ ഘട്ടങ്ങളിലൊഴികെ നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന ഡല്‍ഹിയിലെ സിഖ് വിരുദ്ധ കലാപവും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി നടന്ന ബിജെപി നേതാവ് അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയ്ക്കിടെയും ബാബറി മസ്‌ജിദ് തകര്‍ത്തതിനുശേഷവും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ നടന്ന ഹിന്ദു-മുസ്‌ലിം സംഘട്ടനങ്ങളും നമുക്ക് നാണക്കേടുണ്ടാക്കിയിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുകളും ഹിന്ദു വിരുദ്ധതയുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് നടന്ന വ്യാപകമായ നരഹത്യകളും ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയ യാഥാര്‍ത്ഥ്യം ഒട്ടും മറച്ചുവച്ചിട്ട് കാര്യമില്ല. ഈ ഗുജറാത്ത് കൂട്ടക്കൊലയ്ക്കുശേഷം കുറേക്കാലത്തേക്ക്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്ക് അമേരിക്കയിലേക്കുള്ള യാത്രാവിസപോലും റദ്ദാക്കപ്പെട്ടിരുന്നു. ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുന്നവരെ ദേശവിരുദ്ധരും ഭീകരവാദികളുമായി ചിത്രീകരിക്കുകയും അവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം നല്കുകയുമാണ് സംഘപരിവാര്‍ ആവശ്യപ്പെടുന്നത്. മോഡി സര്‍ക്കാരാണെങ്കില്‍ ഇതെല്ലാം പ്രോത്സാഹിപ്പിക്കുകയുമാണ്.

 


ഇതുകൂടി വായിക്കു: സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍


 

ഒരവസരത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജസ്റ്റിസുമാര്‍ — രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചരിത്രപ്രസിദ്ധമായ മാധ്യമ കൂടിക്കാഴ്ചയില്‍ രാജ്യത്ത് നിലവിലുള്ള ഭരണകൂടം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനു തങ്ങളുടെ ഇടപെടലുകള്‍ വഴി തടസം സൃഷ്ടിക്കുകയാണെന്നും നീതിനിര്‍വഹണം തന്മൂലം കാലതാമസം നേരിടുകയാണെന്നും സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും പരസ്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നതാണ്. ഇതുകൊണ്ടൊന്നും നീതിനിര്‍വഹണത്തില്‍ ഉടനടി ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി അന്നൊന്നും അനുഭവപ്പെട്ടിരുന്നുമില്ല. ഇതിലേറെ അത്ഭുതാവഹവും രസകരവുമായി തോന്നിയത് ഈ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌യും തന്റെ മുന്‍ഗാമികളുടെ പാതതന്നെ തുടരുകയാണുണ്ടായതെന്നും മാത്രമല്ല, ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഗോഗോയ് ഒരു സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായ കാര്യവും ചരിത്രത്തിന്റെ ഭാഗമാണിപ്പോള്‍. ഈ ആരോപണത്തെപ്പറ്റി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയുടെ അധ്യക്ഷസ്ഥാനത്ത് കുറ്റാരോപിതനായ വ്യക്തിതന്നെയായിരുന്നു എന്നതും രസകരമായി തോന്നുന്നു. സ്വാഭാവികമായും എന്തെല്ലാമോ അണിയറ നീക്കങ്ങള്‍ക്ക് ശേഷം പീഡന പരാതി എങ്ങോ പോയി മറയുകയും ചെയ്തു. ഇതിനേക്കാളധികം അത്ഭുതകരമായി അനുഭവപ്പെട്ടത് നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കങ്ങളും സാമാന്യ മര്യാദകളും ലംഘിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച് മൂന്നു മാസങ്ങള്‍‍ക്കകം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ബിജെപിയുടെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്ത അത്യപൂര്‍വ സംഭവവും നടന്നത് ഇന്ത്യ എന്ന ഈ ജനാധിപത്യ രാജ്യത്താണ് എന്നതാണ്. താമസിയാതെ അദ്ദേഹം കേന്ദ്രമന്ത്രിസഭയിലെത്തിയാലും ആശ്ചര്യപ്പെടേണ്ടതില്ല. അതിനിടെ ഈ നോമിനേഷനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ ഗതി എന്തെന്ന് അറിയാന്‍ കഴിയുന്നുമില്ല.

ഈവിധത്തിലൊരു അനുഭവ പരമ്പരയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന്റെ നാം നേരത്തെ പരിശോധിച്ച വാക്കുകള്‍ എത്രമാത്രം ഫലപ്രാപ്തിയിലെത്തുമെന്നത് തീര്‍ത്തും സംശയകരമാണെന്ന് കരുതേണ്ടിവരുന്നു. പൗരന്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ വിമര്‍ശന ദൃഷ്ടിയോടെ പരിശോധനാവിധേയമാക്കുകയും അവന് ഭരണകൂടം നിഷേധിക്കുന്ന അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ധൈര്യപൂര്‍വം രംഗത്തുവരുകയും ചെയ്യട്ടെ, കോടതി അവന് സംരക്ഷണവും നല്കും എന്നൊക്കെ പറഞ്ഞുകേള്‍ക്കുക ഇമ്പം പകര്‍ന്നു നല്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്നം ജനാധിപത്യ വിശ്വാസികളായ പൗരന്മാര്‍ ഭരണകൂടത്തിന്റെ കള്ളത്തരം തുറന്നുകാട്ടാതിരിക്കുന്നതോ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരായി വിമര്‍ശനം നടത്താതിരിക്കുന്നതുമല്ല. അതിനായി തുനിഞ്ഞിറങ്ങുന്നവരെ നിശബ്ദരാക്കാന്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികള്‍ മുതല്‍ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങള്‍വരെ രംഗത്തിറങ്ങുന്നു എന്നതാണ്.

 


ഇതുകൂടി വായിക്കു: നീതിന്യായ വ്യവസ്ഥയുടെ പരിമിതിയും നീതിനിഷേധവും


 

ജനങ്ങള്‍ക്ക് ഭരണകൂട നടപടികളോട് നീരസം തുറന്നു പ്രകടമാക്കാന്‍ സ്വാതന്ത്ര്യമില്ലെന്നതാണ് ഇതിലൂടെയൊക്കെ വെളിവാക്കപ്പെടുന്നതും.  ഏതായാലും ഒരു കാര്യം വ്യക്തമാണ്. ജസ്റ്റിസ് ചന്ദ്രചൂഡ് കൃത്യമായി ചൂണ്ടിക്കാട്ടിയതുപോലെ, നേരുപറയുന്ന പൗരന്മാരാണ്, അധികാരം നിലനിര്‍ത്തുന്നതിനായി കള്ളം നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളല്ല, ജനാധിപത്യവ്യവസ്ഥയേയും ഭരണഘടനയേയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ആ പൗരന്മാരെ കുടുക്കുന്നത് യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ വിനിയോഗിച്ചാണ് എന്നതിനാല്‍, ജുഡീഷ്യറിക്ക് ഇതില്‍ ഫലപ്രദമായി ഇടപെടാനോ, കുടുക്കിലായവരെ രക്ഷിക്കാനോ അവര്‍ക്കു സംരക്ഷണം നല്കാനോ നിയമം തന്നെ പ്രതിബന്ധമായി നില്‍ക്കുന്ന വിചിത്രമായൊരു പ്രതിസന്ധിയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരമൊരു നിസ്സഹായതയില്‍ നിന്നും ഒഴിവാകാന്‍ സ്വയം തിരുത്തല്‍ നടപടികള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് സുപ്രീം കോടതി തന്നെയാണ്. അതുണ്ടാകുമോ എന്നതിനുള്ള ലക്ഷണങ്ങള്‍ കാണുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.